മിഷ – ഒരു റഷ്യൻ ഓർമ

 

 

 

 

 

 

മിഷ. കേബിൾടിവിയോ മൊബൈൽ ഫോണോ ഒന്നുമില്ലാത്തിരുന്ന കുട്ടിക്കാലത്ത്
ബാലരമയ്ക്കും പൂമ്പാറ്റയ്ക്കും അപ്പുറത്തെ ലോകത്തേയ്ക്കുള്ള വാതിലായിരുന്നു അച്ഛൻ വരുത്തിത്തന്നിരുന്ന മിഷ എന്ന കുട്ടികളുടെ മാസിക. അന്നത്തെ സോവിയറ്റ് യൂണിയനിലെ മോസ്‌കോയിൽ നിന്നായിരുന്നു പ്രസിദ്ധീകരണം. കവർ പേജിൽ ഇടതു വശത്ത് ഒരു പെൺകുട്ടിയുടെയും വലതു വശത്ത് മിഷ എന്ന കരടിയുടെയും ചിത്രം. വളരെ വലിയ പേജുകൾ. തിളക്കമുള്ള, ഒരു പ്രത്യേക മണമുള്ള പേപ്പർ. അക്കാലത്തെ കുട്ടിമാസികകളിൽ കാണാത്തത്രയും നിറങ്ങൾ. ഇതു വരെ കണ്ടിട്ടില്ലാത്ത തരം വരകൾ. റഷ്യൻ കഥകൾ. ഏതൊക്കെയോ നാടുകളിലെ കുട്ടികൾ വരച്ച ചിത്രങ്ങൾ. അവരുടെ, അതു വരെ കേട്ടിട്ടില്ലാത്ത തരം പേരുകൾ. തൂലികാസുഹൃത്തുക്കളുടെ വിശേഷങ്ങൾ, ഹോബികൾ. ശാസ്ത്രലോകത്തെ വാർത്തകൾ.

അങ്ങനെ ഓരോ മാസത്തെയും മിഷയോടൊപ്പം പല രാജ്യങ്ങളിലെയും കുട്ടികൾ അന്നത്തെ ഞങ്ങളുടെ കൊച്ചു വീട്ടിലേയ്ക്ക് ബഹളം വെച്ച് ഓടി വന്നു. എന്റെ ആ ഇത്തിരിലോകത്തെ കളിക്കൂട്ടുകാരുടെ പേരുകൾ എനിക്കു തോന്നും പോലെ ഞാൻ വായിച്ചെടുത്തു. അവർ വരയ്ക്കും പോലെ വരയ്ക്കാനും എഴുതുമ്പോലെ എഴുതാനും ശ്രമിച്ചു. ഒരിക്കലും കാണാത്ത ലോകങ്ങളിലിരുന്ന് ഞങ്ങൾ ഒരേ കഥകളിലെ മാനിനും മയിലിനും ഒപ്പം ഓടിനടന്നു. രാജകൊട്ടാരങ്ങളിൽ നൃത്തം ചെയ്തു. ദുർമന്ത്രവാദികളെ തോൽപ്പിച്ചു. ഓരോ മാസവും അവരുടെ വരവിനായി കാത്തിരുന്നു.

എല്ലാമൊന്നും മനസ്സിലായില്ലെങ്കിലും ഓരോ പേജും കണ്ണു നിറയെ കണ്ടു കൊണ്ടിരിക്കാൻ വലിയ ഇഷ്ടമായിരുന്നു. പറ്റുന്ന പോലെയൊക്കെ കൊച്ചുകഥകളും വിശേഷങ്ങളും തപ്പിപ്പിടിച്ചു വായിക്കും. വായനയെക്കാൾ കൂടുതൽ ഓരോ ചിത്രത്തിലേയ്ക്കും കുട്ടികളുടെ പേരിലേയ്ക്കും നോക്കിയുള്ള കണ്ണും മിഴിച്ചിരിപ്പായിരുന്നു. അവരൊക്കെ എവിടെയായിരിക്കും? അവരുടെ സ്ക്കൂൾ എങ്ങനത്തെ ആയിരിക്കും? എന്ത്‌ തരം ഉടുപ്പുകൾ ആയിരിക്കും? ചിലരുടെ പേരുകൾ നാക്കിനു വഴങ്ങില്ല. അതൊക്കെ അവർ എങ്ങനെയാവും പറയുന്നത്? അങ്ങനെയങ്ങനെ..

ഒരിക്കൽ അച്ഛൻ പറഞ്ഞു മിഷ ഇനി വരില്ലെന്ന്. സോവിയറ്റ് യൂണിയൻ പിരിയുന്നുവത്രേ. പിരിഞ്ഞു പോയാലെന്താ, അവർക്ക് ആർക്കെങ്കിലും മിഷ ഇറക്കിക്കൂടെ? എന്ത്‌ സംഭവിച്ചു എന്ന് കാര്യമായി മനസ്സിലായില്ലെങ്കിലും എന്റെ കാണാക്കൂട്ടുകാരിനി വരില്ലെന്നു മാത്രം മനസിലായി. അവരും അതറിഞ്ഞ് അന്ന് സങ്കടപ്പെട്ടിട്ടുണ്ടാവും. പിന്നെ മുതിർന്നപ്പോൾ അതൊക്കെ മറന്നിട്ടുണ്ടാവും. പിന്നീട് തിരക്കിൽ നിന്ന് തിരക്കിലേയ്ക്ക് ഓടുന്നതിനിടെ എപ്പോഴെങ്കിലും പഴയ പുസ്തകങ്ങൾക്കിടയിൽ നിന്ന് മിഷ തല നീട്ടുന്നത് കണ്ടിട്ടുണ്ടാവും. അപ്പോൾ അവർ പല ലോകങ്ങളിലിരുന്ന് പഴയ നാളുകളിലേയ്ക്ക് ഒന്നെത്തിനോക്കിയിട്ടുണ്ടാവും. പഴയ കാണാക്കൂട്ടുകാരെ തിരഞ്ഞിട്ടുണ്ടാവും. മിഷയുടെ നിറം മങ്ങിയ താളുകളിലെ രാജകുമാരനും മന്ത്രവാദിയും നിറം മങ്ങാത്ത അവരുടെ ഓർമകളിൽ നിന്ന് വീണ്ടും ഇറങ്ങിവന്നിട്ടുണ്ടാവും. ആ മായക്കാഴ്ചകളിൽ മയങ്ങി അവരുടെ പുറകെ ഒരല്പ ദൂരം ആ പഴയ കുട്ടികൾ പോയെന്നിരിക്കും. പിന്നെ എന്തോ ഓർത്തെന്നപോലെ പതിയെ തിരിച്ചു നടന്നിട്ടുണ്ടാവും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English