ദർപ്പണം

 

 

ഒരു പ്രഭാതം കൂടി, പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ലാതെ.. നിരര്‍ത്ഥകങ്ങളായ, നിര്‍ജീവങ്ങളായ പ്രഭാതങ്ങള്‍.. അവയെ അവള്‍ വെറുത്തു തുടങ്ങിയിരിക്കുന്നു.

മറുവശത്ത് കമിഴ്ന്നു കിടന്ന്‍ ഉറങ്ങുന്ന ഭര്‍ത്താവിനെ അവള്‍ ഒന്ന് ചെരിഞ്ഞു നോക്കി. വിവാഹം കഴിഞ്ഞ അന്ന് നഷ്ട്ടപെട്ട തന്‍റെ ഇഷ്ടങ്ങളില്‍ ഒന്ന്..

കിടക്കയുടെ അറ്റത്ത്, പിന്നിയ തലമുടി താഴേക്ക് ഞാത്തിയിട്ട്, കമിഴ്ന്നു കിടന്ന് , പരിസരം മറന്നുള്ള സുഖനിദ്ര. തന്‍റെ ആ ഇഷ്ടം അയാള്‍ കവര്‍ന്നിരിക്കുന്നു. കിടക്കയുടെ താഴെ ഓരത്ത് കൂടി ഭര്‍ത്താവിന്‍റെ ഉറക്കത്തിനു ഭംഗം വരാതെ അവള്‍ നിലത്തിറങ്ങി .

 

ജനാല വിരി മാറ്റി, ജനലഴികളില്‍ മുഖം ചേര്‍ത്ത് പുറത്തേക്ക് നോക്കി നില്‍ക്കുകയായിരുന്നു ഊര്‍മിള. ഉച്ചവെയില്‍ കറുത്തചായം കൊണ്ട് മണ്ണില്‍ വരച്ച മിഴിവേകിയ ചിത്രങ്ങള്‍ മാഞ്ഞുതുടങ്ങിയിരിക്കുന്നു. അങ്ങ് മുകളില്‍ മെല്ലെ മെല്ലെ നീങ്ങുന്ന മഴമേഘങ്ങള്‍. ഏതുനിമിഷവും ആ അമ്മമേഘങ്ങളുടെ ഉദരം പിളര്‍ന്നു ഒരായിരം മഴകുഞ്ഞുങ്ങള്‍ മണ്ണിലേക്ക് പതിച്ചേക്കാം. ജനലഴികളില്‍ കൂടി നിസങ്കോചം അകത്തേക്ക് പ്രവേശിച്ച മഴക്കാറ്റ് പ്രണയാതുരനായ കാമുകനെ പോലെ അവളുടെ മുടിയിഴകളെ  തഴുകിയൊതുക്കികൊണ്ടിരുന്നു. വഴിതെറ്റിയ ഏതാനും വെയില്‍ നാളങ്ങള്‍ മാത്രം അപ്പോഴും ദിക്കറിയാതെ അങ്ങിങ്ങ് അലയുന്നുണ്ടായിരുന്നു. നിരത്ത് വക്കത്തു ചെറു വ്യാപാരം നടത്തുന്ന നാടോടികള്‍ സാധനങ്ങള്‍ പെറുക്കിയെടുത്തുകൊണ്ടിരിക്കുന്നു. നിരത്തില്‍ അപ്പോഴും തിരക്കായിരുന്നു.

ഉച്ചഭക്ഷണവും കൈയ്യിലെടുത്തു, ഒരു യാത്രപോലും പറയാതെ ഇറങ്ങിപോകുന്ന ഭര്‍ത്താവിന്‍റെ മടക്കം രാത്രി ഏറെ വൈകിയാണ്, ചിലപ്പോള്‍ വന്നില്ലെന്നും വരാം. “എന്തുകൊണ്ട്?”  ഊര്‍മിള ഒരിക്കലും ചോദിച്ചിരുന്നില്ല. അയാളുടെ അഭാവം അത് അവളും ആഗ്രഹിച്ചിരുന്നുവോ? അയാളുടെ അഭാവത്തെക്കാള്‍ വിരസതയും, ഏകാന്തതയും അയാള്‍ കൂടെ ഉള്ളപ്പോള്‍ ആണെന്ന് അവള്‍ അദ്ഭുതത്തോടെ ഓര്‍ത്തു.

“വിരസമായ ഈ ജീവിതത്തില്‍ നിന്നും എന്തുകൊണ്ട് താന്‍ ഒളിച്ചോടുന്നില്ല? അദൃശ്യമായ ഒരു ചങ്ങല തന്നെ ഈ ജീവിതവുമായ് ബന്ധിച്ചിരിക്കുന്നത്‌ പോലെ.”

കോളിംഗ് ബെല്ലിന്‍റെ ശബ്ദം.

“ആരാവും ഈ സമയത്ത്? ദത്തന്‍ ആയിരിക്കില്ല. അയാള്‍ ഈ സമയത്ത് വരാന്‍ സാധ്യതയേ ഇല്ല. അതിഥിയായി ഒരു എട്ടുകാലി പോലും കടന്നു വരാത്ത ഈ വാതില്‍ക്കല്‍….” അവള്‍ ഒട്ടൊരു ഉദ്യോഗത്തോടെ വാതില്‍ തുറന്നു. വാതില്‍ക്കല്‍ കണ്ട മുഖം ഒരു നിമിഷം അവളെ നിശ്ചലയാക്കി..

കൃഷ്ണന്‍..”

ആയാളും അതേ അവസ്ഥയില്‍ തന്നെ ആയിരുന്നു.

മിസ്റ്റര്‍ വർമ്മയുടെ വീടന്വേഷിച്ച്, തന്‍റെ കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തിയ, തന്‍റെ ബാല്യകാല സൗഹൃദം. ഒരു വിവാഹം കൊണ്ട് മുറിച്ചുമാറ്റപ്പെട്ട ഒത്തിരി ബന്ധങ്ങളില്‍ ഒന്ന്.

“ഊര്‍മിള ഏറെ മാറിയിരിക്കുന്നു, തിരിച്ചറിയാനാവാത്ത വിധം.” ദര്‍പ്പണത്തില്‍ പതിയുന്ന തന്‍റെ തന്നെ പ്രതിബിംബം താന്‍ പോലും തിരിച്ചറിയുന്നില്ല എന്ന് അവളോര്‍ത്തു.

കൃഷ്ണന്‍ മിസ്റ്റര്‍ വർമ്മയുടെ വീട്ടിലേക്കു കയറിപോകുന്നത് ജാലകത്തിലൂടെ നോക്കി നില്‍ക്കുകയായിരുന്നു അവള്‍. വർമ്മയുടെ പഞ്ചവര്‍ണ്ണ തത്ത കൂടിനുള്ളില്‍ ശാന്തയായി കാണപ്പെട്ടു. ആകാശത്തേക്ക് നോക്കി അത് നിശ്ചലം ഇരിക്കുന്നു. അതിനെ കൂട്ടിലടച്ച ദിവസം അത് എന്ത് മാത്രം അസ്വസ്ഥയായിരുന്നു. ആ കൂട്ടില്‍നിന്നും ഒരു രക്ഷപ്പെടല്‍ അസാധ്യമാണെന്ന് അത് മനസിലാക്കിയ പോലെ. ആ സാഹചര്യങ്ങളുമായി അത് പോരുത്തപ്പെട്ടത്‌ പോലെ…

മെല്ലെ മെല്ലെ കൃഷ്ണന്‍ പതിവ് സന്ദര്‍ശകനായി. ഊര്‍മിള അയാളുടെ വരവ് കാത്തിരിക്കാന്‍ തുടങ്ങി. ആ വീടിന്‍റെ നാല് ചുമരുക്കള്‍ക്കുള്ളില്‍ നിന്നും അയാള്‍ അവളെ നഗരകാഴ്ചകളിലേക്ക് കൂട്ടികൊണ്ട് പോകാന്‍ തുടങ്ങി. അങ്ങനെ ഒരു സായഹ്നത്തിലാണ് കടല്‍തീരത്തെ തിരക്കിനിടയില്‍ തന്‍റെ ഭര്‍ത്താവിനെ അവള്‍ കാണാനിടയായത്. കൂടെ സുന്ദരിയായ ഒരു യുവതി. അയാളുടെ തോളിലേക്ക് മുഖം ചേര്‍ത്ത് തിരയിലേക്ക് നോക്കിയിരിക്കുന്നു. ആയാളും എത്ര സന്തോഷവാനാണ്. നാളിതുവരെ അവള്‍ കാണാതിരുന്ന അയാളുടെ മനോഹരമായ പുഞ്ചിരി അന്ന്‍ ആദ്യമായി അവള്‍ കാണുകയായിരുന്നു.

അവള്‍ക്ക് അത്ഭുദം തോന്നി.. തന്‍റെ ഭര്‍ത്താവ്, മറ്റൊരു സ്ത്രീയോടൊപ്പം, തനിക്കു ദുഃഖം തോന്നേണ്ടതാണ്, താന്‍ കരയേണ്ടതാണ്, ദ്വേഷ്യപ്പെടെണ്ടതാണ്. പക്ഷെ തനിക്കു തോന്നുത് സന്തോഷമാണ്, ആശ്വാസമാണ്.  തന്‍റെ കാലുകളെ ബന്ധിച്ചിരുന്ന അദൃശ്യമായ ആ ചങ്ങല അഴിഞ്ഞു വീണതുപോലെ. ഒരു വിവാഹം താനൊരിക്കലും ആഗ്രഹിച്ചിരുന്നില്ല. തന്‍റെ കുടുംബത്തിനു വേണ്ടി, തന്‍റെ മൂന്ന് സഹോദരിമാരുടെ ഭാവിക്ക് വേണ്ടി, തന്‍റെ ഇഷ്ടങ്ങളെ ത്യാഗം ചെയ്ത്, തന്‍റെ നാടും വീടും ഉപേക്ഷിച്ച്, ദാത്തനൊപ്പം ഈ നഗരത്തിലേക്ക്..

അന്ന് അവള്‍ തന്റെ ഇഷ്ടങ്ങളിലേക്ക് ഒരു തിരിച്ച് പോക്കിനൊരുങ്ങി. അതിന് അവൾക്കിപ്പോൾ ഒരു കാരണം കിട്ടിയിരിക്കുന്നു. അക്ഷരങ്ങളിൽക്കൂടി ജീവിച്ച് അക്ഷരങ്ങളിൽ മരിക്കാൻ മാത്രം ആഗ്രഹിച്ചിരുന്ന അവൾ ചിന്തകളിൽ പോലും ഇല്ലാതിരുന്ന വിവാഹ ജീവിതത്തിലേക്ക് നടന്ന്‌ കയറുമ്പോൾ ഏറ്റവും കൂടുതൽ അകറ്റി നിർത്തിയതും അക്ഷരങ്ങളെ തന്നെയായിരുന്നു. വിരസമായ ആ ജീവിതത്തോടൊപ്പം അക്ഷരങ്ങളെ കൂടെ കൂട്ടാൻ അവൾ ഒട്ടും തന്നെ താല്പര്യപ്പെട്ടില്ല .

അന്ന് അവൾ ആ കാരണത്തെ കൂട്ട് പിടിച്ച് മുന്നോട്ട് നടന്നു, തന്റെ വിവാഹ ജീവിതത്തെ പിന്നിൽ ഉപേക്ഷിച്ചുകൊണ്ട് തന്നെ.

വര്‍ഷങ്ങളായുള്ള പൊടിപിടിച്ചിരുന്ന തന്‍റെ ആ പഴയ ഡയറി അവള്‍ കണ്ടെടുത്തു. അതിന്‍റെ ഒഴിഞ്ഞ താളുകളില്‍ അന്നുവരെ മനസ്സില്‍ സൂക്ഷിച്ചിരുന്ന അക്ഷരങ്ങളെ പകര്‍ത്തികഴിഞ്ഞപ്പോള്‍ അവള്‍ക്കെന്തെന്നില്ലാത്ത ആശ്വാസം തോന്നി. അന്ന് ദര്‍പ്പണത്തില്‍ കണ്ട തന്‍റെ പ്രതിബിംബത്തില്‍ ആ പഴയ ഊര്‍മിളയെ അവള്‍ തിരിച്ചറിഞ്ഞു.

അവളുടെ അക്ഷരങ്ങള്‍ ഇന്നൊരു പുസ്തകമായിരിക്കുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാസമാഹാരം. എല്ലാത്തിനും സഹായിയായത് കൃഷ്ണനും.  ആദ്യമായി അവളുടെ അക്ഷരങ്ങളില്‍ അച്ചടിമഷി പുരളാന്‍ സഹായിച്ചതും അയാളുടെ സൗഹൃദമായിരുന്നു.

ഇന്ന് സാഹിത്യ ലോകത്ത് അവള്‍ക്കും ഒരു ഇരിപ്പിടം ലഭിക്കുന്ന ദിനം. അവളുടെ അക്ഷരങ്ങളെ അംഗീകരിക്കുന്ന ദിനം, ആദ്യമായ് അവള്‍ക്ക് ഒരു അവാര്‍ഡ്‌ ലഭിക്കുന്ന ദിനം. ദര്‍പ്പണത്തില്‍ പ്രതിഫലിച്ച അവളുടെ പ്രതിച്ഛായ ഇപ്പോള്‍ അവള്‍ക്കു ചിരപരിചിതമായ ആ പഴയ ഊര്‍മിള തന്നെ ആയിരിക്കുന്നു. വളരെ കാലങ്ങള്‍ക്ക് ശേഷം ഇന്ന് എന്തുകൊണ്ടോ അയാളുടെ, ദത്തന്‍റെ ഓര്‍മ്മകള്‍ അവളെ അസ്വസ്ഥയാക്കികൊണ്ടിരുന്നു.

“അയാള്‍ ഒരു പുതിയ ജീവിതം തുടങ്ങിയിട്ടുണ്ടായിരിക്കും, ആ യുവതിയുമൊത്ത്. എന്നേ അടച്ച താളുകള്‍, അത് വീണ്ടും തുറന്നാല്‍ വേദനയല്ലാതെ ഒന്നും ലഭിക്കാനില്ല. തന്‍റെ  ജീവിതത്തിന്‍റെ ഏറ്റവും സുന്ദര നിമിഷങ്ങള്‍, അത് ഏറ്റവും സന്തോഷത്തോടെ തന്നെ കടന്നു പോകണം.”

അവാര്‍ഡ്‌ ദാന ചടങ്ങിനു ശേഷം അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ എത്തിയവരുടെ തിരക്ക്. മാധ്യമങ്ങളുടെ തിരക്ക്. എല്ലാ തിരക്കുകളുമൊഴിഞ്ഞ് മടങ്ങാന്‍ തുടങ്ങുമ്പോഴാണ് അങ്ങ് ദൂരെ ചെമ്പകമരച്ചോട്ടില്‍ ഒരാള്‍ അവളെ തന്നെ നോക്കി നില്‍ക്കുന്നത് അവള്‍ ശ്രദ്ധിച്ചത്. മുടിയിഴകള്‍ നരച്ചു തുടങ്ങിയിരിക്കുന്നു. മുഖത്ത് ഒരു കണ്ണട സ്ഥാനം പിടിച്ചിരിക്കുന്നു. എങ്കിലും ഒറ്റ നോട്ടത്തില്‍ അവള്‍ ആ മുഖം തിരിച്ചറിഞ്ഞു.

“ദത്തന്‍.”

അവള്‍ സ്വയം അറിയാതെ തന്നെ അയാള്‍ക്കരികിലേക്കു നീങ്ങി.

“അഭിനന്ദനങ്ങള്‍ നേരിട്ടറിയിക്കണമെന്ന് തോന്നി. അതാ കാത്തു നിന്നത്. ”

“വന്നല്ലോ സന്തോഷം.
ഒറ്റയ്ക്കാണോ വന്നത്? കുടുംബത്തെ ഒപ്പം കൂട്ടിയില്ലേ?”

“അമ്മ കിടപ്പിലാണ്. അച്ഛൻ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ”

“ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല. ഒരു തിരിഞ്ഞു നോട്ടം, അത് രണ്ടാൾക്കും ഭാരമാകും എന്ന് കരുതി അറിഞ്ഞുകൊണ്ടുതന്നെ ഒഴുവാക്കുകയായിരുന്നു.
ഭാര്യയെ ഒപ്പം കൂട്ടമായിരുന്നില്ലേ.”

“ഭാര്യയോ?”

“അതെ. അന്ന് കടപ്പുറത്ത് ഒരു യുവതിയെ ഒപ്പം കണ്ടിരുന്നു.”

“ഞാന്‍ ഒരു വിവാഹമേ ചെയ്തുള്ളൂ. ഒരു ഭാര്യയെ ഉണ്ടായിരുന്നുള്ളൂ. ഒരിക്കല്‍ മാത്രമേ സ്നേഹിച്ചിരുന്നുള്ളൂ. വിവാഹം കഴിഞ്ഞ ആദ്യ നാളില്‍ തന്നെ ഞാന്‍ തിരിച്ചറിഞ്ഞു, താന്‍ ഒരു വിവാഹ ജീവിതം ഇഷ്ട്ടപെടുന്നില്ല എന്ന്. താന്‍ സ്നേഹിക്കുന്നത് അക്ഷരങ്ങളെ മാത്രമാണെന്ന്.
തന്‍റെ വഴിയില്‍ ഒരു തടസ്സമാവാതിരിക്കാന്‍, കുറ്റബോധമില്ലാതെ തന്നെ തനിക്കു തന്‍റെ ഇഷ്ടങ്ങളിലേക്ക് തിരികെ പോകാന്‍, എല്ലാം അതിനായി മാത്രം. സ്വയം ഒരു ഇറങ്ങിപ്പോക്ക് അത് എനിക്ക് കഴിയുമായിരുന്നില്ല. അന്നും ,ഇന്നും…”

“പുസ്തകങ്ങള്‍ എല്ലാം ഞാന്‍ വായിക്കാറുണ്ട്. ഇനിയും ഉയരങ്ങളില്‍ എത്തട്ടെ.”

ദൂരേക്ക്‌ നടന്നകലുന്ന ദത്തന്‍റെ ചിത്രത്തെ നീര്‍പാളികള്‍ അവളുടെ മിഴികളില്‍ നിന്ന് മറച്ചുകളഞ്ഞു. സ്നേഹം നീറുന്ന വേദനകൂടി ആണെന്ന് ആ അശ്രുകണങ്ങൾ അവളോട് മെല്ലെ ചൊല്ലിയോ?

അന്ന് ആദ്യമായി അവള്‍ക്കു തോന്നി, ദര്‍പ്പണത്തില്‍ പ്രതിഭലിച്ച തന്‍റെ പ്രതിബിംബം അപൂര്‍ണമാണെന്ന്, എല്ലാ നേട്ടങ്ങള്‍ക്കുമൊടുവില്‍ തന്‍റെ ജീവിതം വലിയൊരു നഷ്ടമാണെന്ന്.

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here