അല്ലാഹുവിനോട് ഏറ്റവും അടുപ്പമുള്ള മലക്ക് ജിബ്‌രീൽ (അ )നും ഒന്നേകാൽ ലക്ഷത്തോളമുള്ള പ്രവാചകൻമാർക്കും സാധ്യമാകാത്ത ഏഴ് ആകാശങ്ങളിലൂടെയുള്ള സഞ്ചാരവും ദൈവദർശനവും അന്ത്യപ്രവാചകന് (സ ) നൽകപ്പെട്ടതാണ് മിഅ്റാജ്. മുസ്ലിം ആരാധന ക്രമത്തിലെ അനിവാര്യ ഘടകമായ അഞ്ച് നേരങ്ങളിലെ നിസ്കാരമെന്ന കല്പന കിട്ടിയ ദിവ്യമായ കൂടിക്കാഴ്ച!
ദൈവത്തിലേക്കുള്ള അന്തിമ യാത്രയ്ക്ക് മുമ്പ് പ്രവാചക തിരുമേനി അന്വേഷിച്ചിരുന്നതും അനുയായികൾ നിസ്കരിച്ചിരുന്നുവോ എന്നായിരുന്നുവല്ലോ! പാവങ്ങളുടെ ഹജ്ജ് ആണ് വെള്ളിയാഴ് ചകളിലെ ജുമുഅ നിസ്കാരമെന്നപോലെ,സത്യ വിശ്വാസികളുടെ മിഅ്റാജാണത്രെ നിസ്കാരം!
ബൈത്തുൽ മുഖദ്ദസ്ൽവച്ച് ഇരുപത്തിഅഞ്ച് അമ്പിയാക്കൾക്ക് ഇമാമായി നിസ്കരിച്ച്, മസ്ജിദ്ന് സമീപമുള്ള ‘മിഅറാജ് പാറ’യിൽനിന്നായിരുന്നല്ലോ ആകാശയാത്രയുടെ തുടക്കം. ഈ പാറയ്ക്ക് മുകളിൽ വച്ചായിരിക്കുമത്രെ അന്ത്യനാളിന്റെ ആഗമനമറിയിച്ച് ഇസ്രാഫീൽ(അ)ന്റെ കാഹളത്തിലൂടെയുള്ള ഊത്ത് ഉണ്ടാവുക.
എഴുന്നൂറ് വർഷങ്ങൾക്ക് മുമ്പ്, ഇറ്റലിയൻ മഹാകവി ദാന്തെ അലിഗിയേരി (ഒരു സമ്പന്നൻ വിവാഹം കഴിക്കുകയും പിന്നീട് തന്റെ ഇരുപത്തിനാലാം വയസ്സിൽ മരിക്കുകയും ചെയ്ത ബിയാട്രീസ്മായുള്ള പ്രണയ വിരഹത്തിന്റെ സ്മാരകമായി) രചിച്ച ‘ഡിവൈൻ കോമഡി’ എന്ന മഹാകാവ്യ രചനയ്ക്കുള്ള പ്രചോദനം മിഅ്റാജ് ആണെന്ന് പറയപ്പെടുന്നത്പോലെ തന്നെ, വൈജാത്യങ്ങളെക്കാളേറെ സാമ്യങ്ങളുള്ളത്കൊണ്ട്, സ്ഥാപിക്കപ്പെടുന്നതു മാണ്. നരകം, ശുദ്ധീകരണസ്ഥലം, സ്വർഗം – മൂന്ന് സങ്കൽപ ലോകങ്ങളെ വിവരിക്കുന്ന ദാന്തെ ചരിത്ര പുരുഷൻമാരിലൂടെ ആകാശസഞ്ചാരവും നടത്തുകയാണല്ലോ.
ഡോക്ടർ മുഹമ്മദ് ഇഖ്ബലിന്റെ മാസ്റ്റർ പീസ് കൃതി എന്ന് വാഴ്ത്തപ്പെട്ട, ‘ജാവേദ് നാമാ’ എന്ന പേർഷ്യൻ കാവ്യം ദാന്തെയുടെ ‘ഡിവൈൻ കോമഡിക്കുള്ള മറുപടിയായി ഗണിക്കപ്പെടാമെന്ന് അബ്ദുസമദ് സമദാനി ‘അല്ലാമ ഇഖ്ബാൽ’ എന്ന തന്റെ പ്രഥമ വിവർത്തന ഗ്രന്ഥത്തിലൂടെ അഭിപ്രായപ്പെടുന്നുണ്ട്. ഈ കാവ്യം, സോളമൻ രാജാവ് ( സുലൈമാൻ നബി ) ‘സോങ് ഓഫ് സോങ്‌സ്’ (സോളമന്റെ ഗീതങ്ങൾ) എന്ന പേരിൽ തന്റെ പ്രണയ ജീവിതകാലത്തെ കുറിച്ച് എഴുതിയതാണെന്നും പറയപ്പെടുന്നു.
(സുലൈമാൻ നബിയുടെ കാലത്ത് നിർമിക്കപ്പെട്ട ബൈത്തുൽ മുഖദ്ദസ്ന്റെ അടുത്തുള്ള പാറയിൽനിന്നായിരുന്നുവല്ലോ പരിശുദ്ധ നബി ആകാശത്തേക്ക് പോയതും ) മലയാളത്തിൽ ‘ദിവ്യഗീതം’എന്നറിയപ്പെടുന്ന ഈ കാവ്യം ക്രിസ്തുവിനോടുള്ള അമിതമായ പ്രേമമാണെന്ന പുരോഹിതരുടെ വാദവും അതല്ല, മിസ്റ്റിക് കൃതിയാണെന്ന വാദവും നിലനിന്നിരുന്നു.
ബംഗാളിലെ ഭക്ത കവി ജയദേവ കവിയുടെ ‘ഗീതാ ഗോവിന്ദ’ വുമായി സോളമന്റെ ഗീതത്തിന് സാമ്യമുണ്ടെന്ന് പറയപ്പെടുമ്പോൾ, ‘സോളമന്റെ ഗീതങ്ങ’ളും (ദിവ്യഗീതം) ‘ഗീതാഗോവിന്ദ’വും (ദേവഗീത) മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ അഭിപ്രായത്തിൽ ശ്രീകൃഷ്ണന്റെ സ്ഥാനത്ത് ചക്രവർത്തിയും രാധയുടെ സ്ഥാനത്ത് ഇടയ പെൺകുട്ടിയും നായകനും നായികയുമാണെന്നതിൽ കവിഞ്ഞ് ഈ കൃതികൾ തമ്മിൽ ഒരു ബന്ധവുമില്ലെന്നാണ്.
പ്രവാചക തിരുമേനിയുടെ ആകാശ സഞ്ചാരത്തിന് സഹയത്രികനായിരുന്നത് മലക്കുകളിലെ പ്രധാനിയും ദൈവത്തിന്റെ സന്ദേശവാഹകനുമായ ജിബ്‌രീൽ ആയിരുന്നുവെങ്കിൽ, ദാന്തെയുടെ, ബിയട്രീസിനെ തേടിയുള്ള യാത്രയിൽ കൂട്ടിനുള്ളതിൽ പ്രധാനി വിർജിൽ ആണ്. ഒരു ബുദ്ധിമുട്ടിന് രണ്ട് സന്തോഷം എന്ന സൂക്തംപോലെ, ദുഃഖ ത്തിൽനിന്ന് സന്തോഷത്തിലും സാരോപദേശങ്ങ ളിലും ചെന്നെത്തുന്നതാണ് ദാന്തെയുടെ കാവ്യം.
യാത്രക്കിടയിൽ പ്രവാചകൻ ഒന്നാം ആകാശത്ത് വച്ച് മനുഷ്യകുലത്തിന്റെ പിതാവായ ആദം നബി യെയും (അ )മറ്റ് ആകാശങ്ങളിൽവച്ച് യഹ്‌യ, ഈസ , യൂസഫ്, ഇദ്രീസ്, ഹാറൂൺ , മൂസ, ഇബ്രാഹിം എന്നീ നബിമാരെയും കാണുമ്പോൾ, ഗതകാ ലങ്ങളിലെ മഹാകവികളെയും തത്വചിന്തകരെയുമൊക്കെയാണ് ദാന്തെ കണ്ട്മുട്ടുന്നത്. മൂസ നബിക്ക് ദൈവ ദർശനം കിട്ടാത്തത്പോലെ, പ്രഥമ ദർശനത്തിൽ, പ്രകാശത്താൽ വലയം ചെയ്യപ്പെട്ടത് കൊണ്ട് ബിയാട്രീസിനെ നല്ലപോലെ കാണാൻ കഴിയാത്തതിൽ ദുഃഖിക്കുന്നുണ്ട്, ദാന്തെ.
സ്വർഗത്തിലേക്ക് പോകുന്നവരെ കണ്ട്, വലത് ഭാഗത്തേക്ക് നോക്കി ചിരിക്കുകയും നരകത്തിലേക്ക് പോകുന്നവരെ കണ്ട്, ഇടത് ഭാത്തേക്ക് നോക്കി കരയുകയും ചെയ്യുന്ന ആദം നബിയെയും(അ )പ്രവാചകർ കാണുന്നുണ്ട്. ദാന്തെയുടെ കാവ്യത്തിലെ വിവരണങ്ങളിലധികവും പാപികളെ അതിക്രൂരമായി പീഡിപ്പിക്കുന്നതിന്റെതാണ്.
പ്രവാചക തിരുമേനിയെ കണ്ടമാത്രയിൽ മരണമടഞ്ഞ മറ്റ് നബിമാർപോലും സ്വാഗതം ചെയ്തു വെന്നിരിക്കെ, ചിരിക്കാത്ത മുഖത്തോടെയിരിക്കുന്ന , നരകവാസികൾ അതിദയനീയമായി ആർത്ത് വിളിച്ച് കരഞ്ഞാലും കരുണയുടെ ഒരു നോട്ടം പോലും നൽകാത്ത നരകം കാക്കുന്ന മലക്കിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ ജിബ്‌രീൽ പറഞ്ഞത്, സൃഷ്‌ടിക്കപ്പെട്ടതിന് ശേഷം പിന്നെ മാലിക് (അ ) എന്ന ആ മലക്ക് ചിരിച്ചിട്ടേയില്ലയെന്നത്രെ ! ഭീകര രൂപവും തലയിൽ മൂന്ന് മുഖവുമുള്ളതും കണ്ണ്കളിൽനിന്ന് രക്തമൊഴുകുന്നതുമായ ലൂസിഫർ, തന്റെ മൂന്ന് വായകളിലൂടെ, ബ്രൂട്ടസ്, യൂദാസ് പോലുള്ളവരെ ചവച്ച്കൊണ്ടേയിരിക്കുന്നതാണ് ദാന്തെ തന്റെ യാത്രയിൽ കാണുന്നത്.
നെഞ്ച് പിളർത്തി ഹൃദയം പുറത്തെടുത്ത് സംസം വെള്ളം കൊണ്ട് പരിശുദ്ധ നബിയെ(സ)ജിബ്‌രീൽ (അ) കൂടുതൽ ശുദ്ധീകരിച്ചശേഷം, “ഇരുട്ടിന്റെയുള്ളിൽ ചന്ദ്രനെ യാത്ര ചെയ്യിപ്പിച്ചത്പോലെ, ഒരു ഹറമിൽനിന്ന് മറ്റൊരു ഹറമിലേക്ക് അല്ലാഹു നിങ്ങളെ കൊണ്ട് പോയില്ലേ” എന്ന പ്രയോഗം പോലെയുള്ള യാത്രയ്ക്ക് ശേഷം, ദൈവദർശനം കൊണ്ട് അനുഗ്രഹിക്കപ്പെടുകയും ചെയ്തു.
ദാന്തെയെ, ഗതകാല വിസ്‌മൃതികളുടെയും നവബോധ സുകൃതങ്ങളുടെയും അരുവികളിൽ കൊണ്ട്പോയി കുളിപ്പിക്കുകയും, ഗോളങ്ങളിലൂടെ യാത്രചെയ്ത്, ഗ്രഹങ്ങളിലെത്തുമ്പോൾ മോക്ഷത്തെ കുറിച്ചും രക്ഷമാർഗ്ഗങ്ങളെ കുറിച്ചും വാചാലയാവുകയും ചെയ്യുന്നു, ബിയാട്രീസ്.
തനിക്ക് ദൈവസിംഹസനത്തിലേക്ക് പ്രവേശനമില്ലെന്നും ഇനി മുന്നോട്ട് പോയാൽ തന്റെ ചിറകുകൾ കരിഞ്ഞുപോകുമെന്നും പറഞ്ഞ്കൊണ്ട് പരിശുദ്ധ നബിയെ ദൈവത്തിലേക്കയച്ച് ജിബ് രീൽ തിരിച്ച്പോകുന്നു… ബിയാട്രീസിനെ കണ്ട് മുട്ടാനാകുമ്പോൾ അത് വരെ ദാന്തെയുടെ സഹയാത്രികനായിരുന്ന വിർജിൽ, തനിക്കവിടങ്ങളിലേക്ക് പ്രവേശനാനുമതിയില്ലാത്തത്കൊണ്ട് ദാന്തെയോട് യാത്ര പറഞ്ഞ് പിരിയുന്നു.
മദ്യവർജ്ജനം വിശ്വാസികൾക്ക് നിർബന്ധമാണെ സന്ദേശം നൽകികൊണ്ട് തുടങ്ങുന്ന ദൈവത്തിലേക്കുള്ള യാത്രകഴിഞ്ഞ് വരുന്നത്, അന്തിമ വിജയത്തിന് അനിവാര്യമായ അഞ്ച് നേരത്തെ നിസ്കാ രമെന്ന ഗിഫ്റ്റ്മായും, ബഹുദൈവ വിശ്വാസികളുടെയും അനാഥകളുടെ സ്വത്ത് അപഹരിക്കുന്നവരുടെയും നന്മ ഉപദേശിച്ച് തിന്മ ചെയ്യുന്നവരുടെയും അത്യന്തം അപകടകരമായ അവസ്ഥയും ഹലാൽ, ഹറാം വേർതിരിവ്ന്റെ ആവശ്യകതയും വിശ്വാസികളെ ഓർമ്മപ്പെടുത്തിയുമാണ്.
സത്യമാർഗ്ഗവും ദൈവദർശനവും നേടാൻ തന്നോടൊപ്പം ചേർന്ന് പരിശുദ്ധ മാതാവിനോട് പ്രാർത്ഥിക്കാൻ, ബിയട്രീസ്, വിശുദ്ധ ബെർണാർഡ്ലൂടെ, ദാന്തെയെ ഉപദേശിക്കുകയും ദാന്തെയ്ക്ക് സത്യ ത്തിന്റെ പ്രകാശദർശനവും ഹൃദയ വിമലീകര
ണവും സാധ്യമാവുകയും ചെയ്യുന്നു.
മിഅ്റാജ് ഇല്ലായിരുന്നുവെങ്കിൽ ‘കോമഡി’ രചിക്കപ്പെടുമായിരുന്നില്ലയെന്നും ‘കോമഡി’ ഉണ്ടായിരുന്നില്ലെങ്കിൽ ‘ഡിവൈൻ കോമഡി’യായി
(‘ഡിവൈന കൊമേഡിയ’) പരിണമിക്കില്ലായിരുന്നവെന്നും (ദാന്തെ തന്റെ മഹാകാവ്യത്തിന് നൽകിയിരുന്ന പേര് ‘കോമഡി’ എന്ന് മാത്രമായിരുന്നു. എത്രയോ വർഷങ്ങൾക്ക് ശേഷം മറ്റൊരാൾ ‘ഡിവൈൻ കോമഡി’ എന്നാക്കി മാറ്റുകയായിരുന്നു) അനന്തരമുള്ള അനുകരണ കാവ്യങ്ങളൊന്നും രചിക്കപ്പെടുമായിരുന്നില്ലയെന്നും മനന
വിധേയമാക്കാവുന്നതാണ്.
Click this button or press Ctrl+G to toggle between Malayalam and English