ഇക്കര മേയും പയ്യിനു തോന്നി
അക്കരയല്ലോ കേമം.
പാറിയണഞ്ഞൊരു പരുന്തു ചൊല്ലീ
പയ്യേയക്കര നല്ലൂ.
പച്ചപ്പുല്ലു പരക്കേയുണ്ട്
പച്ചമരത്തണലുണ്ട്
തഴുകിയുറക്കാൻ കുളിർ കാറ്റുണ്ട്
തെളിനീരുറവകളുണ്ട്
ചങ്ങാത്തത്തിനു മാനും മയിലും
മഞ്ഞക്കിളികളുമുണ്ട്
പയ്യതു കേട്ടു ഗമിച്ചൂ വേഗം
പരുന്തു മുന്നേ പാറി,
പാടം താണ്ടി മേടുകൾ താണ്ടി
തോട്ടിന്നക്കരെ പൂകി
അക്കരയെത്തിയ പയ്യിന്നുള്ളം
തീക്കനൽ പോലെ തപിച്ചു.
പുല്ലില്ലവിടെ പൂമരമില്ല
കല്ലും കാരച്ചെടിയും
തെളിനീരില്ല വരണ്ട മണ്ണിൽ
തേളുകളും ചെറു പാമ്പും
കുറ്റിക്കാട്ടിൽ മറഞ്ഞിരിക്കും
കുറുക്കനോരി മുഴക്കി
ചീറ്റും പാമ്പുകൾ ചുറ്റും കൂടി
കൊത്താൻപത്തി വിടർത്തി
മുള്ളുമരത്തിൻ കൂട്ടിലിരിപ്പൂ
മോഹിപ്പിച്ച പരുന്ത്…..
ഇക്കര നിൽക്കും പയ്യറിയുന്നു
തൻ കര തന്നെ കേമം!