മിന്നു മുയലും ചിന്നന്‍ കുരങ്ങനും

” പണ്ട് പണ്ട് മണിമലയില്‍ മിന്നു മുയലും മക്കളും താമസിച്ചിരുന്നു. ഒരു ദിവസം മിന്നു മുയല്‍ ആഹാരം തേടി പാട്ടും പാടി പ്രാര്‍ത്ഥിച്ചു കൊണ്ട് മലയിലൂടെ നടന്നു.

” കാടിന്റെ മക്കളെ കാത്തു-
രക്ഷിക്കുന്ന വനദേവതെ
ആഹാരം എന്തെങ്കിലും തരു
വിശന്നിട്ടു വയ്യല്ലോ
എന്റെ മക്കള്‍ മാള‍ത്തില്‍‍
വിശന്നിരിക്കയാണ്”

മിന്നു മുയല്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു കൊണ്ടു തേന്മാവിന്റെ ചുവട്ടില്‍ ചെന്നപ്പോള്‍ ഒരു മാമ്പഴം മിന്നു മുയലിന്റെ മുമ്പില്‍ വന്നു വീണൂ. മുയല്‍ സന്തോഷത്തോടെ മാമ്പഴം എഴുത്ത് വനദേവതയോട് നന്ദി പറഞ്ഞു കൊണ്ട് മാളത്തിലേക്കു നടന്നു.

മാളത്തില്‍ ചെന്ന് മക്കളുമൊരുമിച്ച് മാമ്പഴം കഴിക്കാമെന്നു കരുതി നടന്നു അങ്ങനെ പോകുമ്പോള്‍ മലയില്‍ താമസിച്ചിരുന്ന ചിന്നന്‍ കുരങ്ങനെ കണ്ടു.

മിന്നു മുയലിന്റെ കൈയില്‍ മാമ്പഴം ഇരിക്കുന്നതു കണ്ടപ്പോള്‍ ചിന്നന്‍ കുരങ്ങനു കൊതി തോന്നി

എങ്ങനെയെങ്കിലും മിന്നു മുയലിന്റെ കൈയില്‍ നിന്ന് മാമ്പഴം തട്ടി എടുക്കണമെന്നു ചിന്നന്‍ കുരങ്ങന്‍ തീരുമാനിച്ചു. അവന്‍ ലോഹ്യം കൂടി വിളീച്ചു.

” മിന്നു മുയലെ നിന്നെ കണ്ടിട്ട്
എത്ര നാളായി ഓടി വരു
കൂടെ വരു നമുക്ക് മലയില്‍
പാട്ടും പാടി ഓടി ചാടിക്കളിക്കാം ”

ചിന്നന്‍ കുരങ്ങിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ മിന്നു മുയല്‍ പറഞ്ഞു.

”ചിന്നാ പൊന്നാ കളിക്കാന്‍ നേരമില്ല
മക്കള്‍ മാളത്തില്‍ വിശന്നിരിക്കുകയാണ്
മാമ്പഴം കൊണ്ടു പോയി മക്കള്‍ക്ക്
കൊടുക്കട്ടെ എന്നിട്ടു കളിക്കാന്‍ വരാം ”

ഇങ്ങനെ സംസാരിച്ചു നിന്നപ്പോള്‍ ചിന്നന്‍ കുരങ്ങന്‍ മിന്നു മുയലിന്റെ കൈയില്‍ നിന്നു മാമ്പഴം തട്ടി പറിച്ചു കൊണ്ട് ഓടി. മിന്നു മുയല്‍ കരഞ്ഞു കൊണ്ട് ചിന്നന്‍ കുരങ്ങന്റെ പിന്നാലെ ഓടി ചെന്നു. കുരങ്ങന്‍ മാമ്പഴം കൊടുത്തില്ല ഓടി അകന്നു. മിന്നു മുയലിനു പിന്നാലെ എത്താന്‍ കഴിഞ്ഞില്ല. മുയല്‍ കരഞ്ഞു കൊണ്ടു വനദേവദതയെ വിളിച്ചു പ്രാര്‍ത്ഥിച്ചു.

അപ്പോള്‍ ശക്തിയായ കാറ്റു വന്നു മരങ്ങള്‍ ഒടിഞ്ഞു വീണു. അന്നേരം അകലെ നിന്ന് ചിന്നന്‍ കുരങ്ങന്റെ കരച്ചില്‍ കേട്ടു. മിന്നു മുയല്‍ കരച്ചില്‍ കേട്ട സ്ഥലത്തു ചെന്നു നോക്കി.

ഒരു മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് കുരങ്ങന്റെ തലയില്‍ വീണു. കുരങ്ങ് മരണ വേദനയോടെ പിടയുന്നതു കണ്ടു. മാമ്പഴം കുരങ്ങന്റെ അടുത്തു തന്നെ കിടക്കുന്നുണ്ടായിരുന്നു. മിന്നു മുയല്‍ കുരങ്ങന്റെ തല തിരുമ്മി കൊടുത്ത് ആശ്വാസ വാക്കുകള്‍ പറഞ്ഞ് സമാധാനിപ്പിച്ചു.
മുയലിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ കുരങ്ങു പറഞ്ഞു.

‘സുഹൃത്തേ മിന്നു മുയലേ എന്നോടു ക്ഷമിക്കു. ഞാന്‍ നിന്നോടു തെറ്റു ചെയ്തു. അതിനു ദൈവം എനിക്കു തന്ന ശിക്ഷയാണ്. നിന്റെ മാമ്പഴം നീ എടുത്തു കൊള്ളുക. മേലില്‍ ഞാന്‍ ആരുടെയും ഒരു സാധനവും അപഹരിക്കുകയില്ല ‘

മിന്നു മുയല്‍ മാമ്പഴം എടുത്തുകൊണ്ട് മാളത്തിലേക്കു നടന്നു.

നമ്മള്‍ ഒരാളെ ദ്രോഹിച്ചാല്‍ നമ്മളെ ദ്രോഹിക്കാന്‍ ഒരാള്‍ വഴിയില്‍ കാത്തു നില്‍ക്കുന്നുണ്ടാകും എന്നോര്‍ക്കുക അതാണ് പ്രകൃതി നിയമം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here