മിമി – നാഷി – ഹോയിച്ചി

[1850- 1904 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ലസ് കാഡിയോ ഹാം (Lafcadio Hearn)ഒരു നൂറ്റാണ്ടിന്റെ സാഹിത്യ ചരിത്രത്തില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനായിരുന്നു. ഗ്രീസിലെ ലൂക്കസ്പി ഗ്രീക്ക്-ഐറിഷ് പൈതൃകത്തില്‍ ജനിച്ച് മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട ആ ബാലന്‍ അയര്‍ലഡിലും ഫ്രാന്‍സിലുമാണ് ഒരനാഥനെപ്പോലെ തന്റെ ബാല്യം ചിലവിട്ടത്. പിന്നീട് അമേരിക്കയിലെ സിന്‍സിനാറ്റിയിലും വെസ്റ്റ്‌ഇന്‍ഡീസിലും, ഒടുക്കം ജപ്പാനിലും റിപ്പോര്‍ട്ടര്‍ ജേര്‍ണലിസ്റ്റ് ആയി ജോലിചെയ്തു. അമാനുഷികവും അലൌകികവുമായ വിഷയങ്ങളോടുള്ള ജപ്പാന്‍കാരുടെ  സമീപന രീതികളും അവരുടെ ഐതിഹ്യകഥകളും പുറം ലോകത്തിന്, പ്രത്യേകിച്ച് പാശ്ചാത്യരാജ്യങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ അദ്ദേഹം വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്‌. ‘ചില ചൈനീസ് പ്രേതകഥകള്‍’(1887), ‘ജപ്പാനിലെ പ്രേതഭൂമിയില്‍’(1899) എന്നിവ അദ്ദേഹത്തിന്റെ പ്രസിദ്ധ കൃതികളാണ്. എന്നാല്‍, 1904ല്‍ പ്രസിദ്ധീകരിച്ച ‘ക്വാഡാം’(Kwaidan) എന്ന ജപ്പാന്‍ പ്രേതകഥകള്‍ ആയിരിക്കാം ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളവ. അവയില്‍ തന്നെ, മിമി-നാസിയോ-ഹോയിച്ചി ജപ്പാനിലെ ഒരു ജനപ്രിയ ഐതിഹ്യ കഥയാണ്. വായ്മൊഴിയായി തലമുറകള്‍ താണ്ടി വന്ന് കാലാകാലം കൊണ്ട് നഷ്ടപ്പെട്ടു പോകുമായിരുന്ന ഈ ജപ്പാന്‍ കഥകള്‍ ലസ് കാഡിയോ ഹാം എഴുതിവെച്ച ലോകസാഹിത്യത്തിന്റെ തന്നെ ചരിത്ര താളുകളിലേക്കാണ്.]

ഏകദേശം എഴുനൂറു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഷിമോണോ സേക്കി നദീ തീരത്ത്‌ ഡാന്‍-നോ-റായില്‍ വെച്ചാണ് ഹേയ്ക്ക്, അതായത് റ്റെയാ ഗോത്രവും ജിന്‍സിക, അഥവാ മിനാമോക്ടോ ഗോത്രവും തമ്മിലുള്ള അവസാന പോരാട്ടം നടന്നതും, ഹെയ്ക്കുകള്‍ അതോടുകൂടിയാണ് നാമാവശേഷമായി പോയതും. സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു. അന്നവരുടെ ഭാവി ചക്രവര്‍ത്തി, അല്‍ കോക്ക്ട്ടെന്നോ, വെറും ശിശു മാത്രമായിരുന്നു. യുദ്ധത്തില്‍ ആ കുഞ്ഞും കൊല്ലപ്പെട്ടു. അതിനുശേഷം കഴിഞ്ഞ എഴുന്നൂറു വര്‍ഷങ്ങളായി ആ കടലും കടല്‍ത്തീരവും ഭൂതാവാസമുള്ള ഇടമായിത്തീര്‍ന്നു എന്നാണ് പറയപ്പെടുന്നത്‌ . കടപ്പുറത്ത് ഹെയ്ക്കെ എന്ന വിചിത്ര ഞണ്ടുകളെ കാണാം. മുതുകില്‍ മനുഷ്യമുഖമുള്ള ആ ഞണ്ടുകള്‍ ഹീക്ക് പോരാളികളുടെ പ്രേതങ്ങളാണെന്ന് പറയപ്പെട്ടിരുന്നു. ഇത്തരം പലേ വിചിത്ര സംഭവങ്ങളെക്കുറിച്ചും ഇവിടെ കാണാനും കേള്‍ക്കാനും കഴിയും. ഇരുണ്ട രാത്രികളില്‍ ‍നദീതടമാകെ ആയിരക്കണക്കിന് പ്രേതവിളക്കുകള്‍ തെളിയും, തിരമാലകള്‍ക്ക് മുകളില്‍ ‍അവ തത്തിക്കളിക്കും. മുക്കുവര്‍ അവയെ ഒനി–സീ എന്നാണു വിളിച്ചിരുന്നത്. കാറ്റടിക്കുമ്പോള്‍ ഉള്‍ക്കകടലില്‍ നിന്ന് അലര്‍ച്ചകള്‍ കേള്‍ക്കാം. പടക്കളത്തിലെ പോര്‍ വിളികള്‍ പോലെ.

കഴിഞ്ഞ കാലങ്ങളില്‍ ഹെയ്ക്കെകള്‍ എപ്പോഴും അശാന്തരായിരുന്നുവത്രെ. അവര്‍ ‍രാത്രി ആ വഴി കടന്നുപോകുന്ന കപ്പലുകള്‍ക്ക് മുകളില്‍ ഉയര്‍ന്നു വന്ന് അവയെ മുക്കാന്‍ ശ്രമിക്കും. കടലില്‍ നീന്തുന്നവരെ പിന്തുടര്‍ന്ന് വെള്ളത്തിലേക്കാഴ്ത്താന്‍ ശ്രമിക്കും. ഒടുക്കം, അവയെ പ്രീതിപ്പെടുത്തുവാന്‍ വേണ്ടിയാണ് അക്കാമഗസേക്കിയില്‍ ഡാജി എന്ന ബുദ്ധക്ഷേത്രം സ്ഥാപിച്ചത്. കടപ്പുറത്തിനടുത്തുതന്നെ ഒരു ശ്മശാനവും നിര്‍മ്മിച്ചു. അവിടെ യുദ്ധത്തില്‍ മുങ്ങിപ്പോയ കപ്പലിന്റെയും അതില്‍ മുങ്ങി മരിച്ച ചക്രവര്‍ത്തിയുടെയും പേരുകള്‍ കൊത്തിവെച്ചു. അവരുടെ ആത്മാവിന്റെ നിത്യശാന്തിക്കായി പതിവായി പൂജകളും നടത്തിവന്നു.

അതിനുശേഷം ഹയ്ക്കെകള്‍ താരതമ്യേന ശാന്തരായി കാണപ്പെട്ടിരുന്നെങ്കിലും, ഇടയ്ക്കിടെ വിചിത്രമായ കാര്യങ്ങള്‍ ചെയ്യുന്നത് അവര്‍ പിന്നെയും തുടര്‍ന്നു. അതില്‍ നിന്നകന്നും അവരുടെ ആത്മാക്കള്‍ തികച്ചും സംതൃപ്തരല്ലായിരുന്നു എന്ന് വേണം അനുമാനിക്കുവാന്‍.

നൂറ്റാണ്ടുകള്‍ക്കു മുന്‍പത്തെ ഹോയ്ച്ചി എന്നുപേരുള്ള ഒരു അന്ധഗായകന്‍ അക്കമാസേക്കിയില്‍ ജീവിച്ചിരുന്നു. ബിവ എന്ന സംഗീതോപകരണം വായിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ നൈപുണ്യം വളരെ പ്രസിദ്ധമായിരുന്നു . കുട്ടിക്കാലം മുതല്‍ സംഗീതം അഭ്യസിച്ചിരുന്ന അദ്ദേഹം അക്കാലത്തുതന്നെ തന്റെ ഗുരുക്കന്മാരെപ്പോലും അതിശയിപ്പിച്ചിട്ടുണ്ട്‌. ഹെയ്ക്കെയുടെയും ഗെഞ്ചിയുടെയും കവിതാരൂപത്തിലുള്ള ചരിത്രാഖ്യാനത്തിലൂടെയാണ് അദ്ദേഹം അത്രയും പ്രസിദ്ധി നേടിയത്. ഡാ-നു-റോ യുടെ യുദ്ധഗീതങ്ങള്‍ ആലപിക്കുമ്പോള്‍ ഭൂതഗണങ്ങള്‍ പോലും വികാരാധിക്യത്താല്‍ കണ്ണുനീര്‍ പോഴിക്കാറുണ്ടായിരുന്നുവത്രെ!

തുടക്കത്തില്‍ ഹോയിച്ചി തീര്‍ത്തും ദരിദ്രനായിരുന്നു. എന്നാല്‍ അദ്ദേഹത്തിനു നല്ലൊരു കൂട്ടുകാരനെ കിട്ടി. അമി ഡാജിയുടെ പുരോഹിതന്‍. അദ്ദേഹത്തിനു കവിതയും സംഗീതവും വളരെ ഇഷ്ട്മായിരുന്നു. അടിക്കടി ഹോയിച്ചിയെ പാട്ടു പാടിക്കുവാനായി ദേവാലയത്തിലേക്ക് ക്ഷണിക്കാറുണ്ടായിരുന്ന അദ്ദേഹം കാലക്രമേണ അയാള്‍ക്ക് ‌ അവിടെ താമസിക്കുവാനുള്ള അനുമതിയും നല്കി. ഭക്ഷണത്തിനും താമസത്തിനുമുള്ള പ്രതിഫലമായി, ഒഴിവുള്ളപ്പോഴെല്ലാം പാട്ട് പാടി കേള്‍പ്പിക്കണമെന്നുള്ള നിബന്ധന മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഒരു ഗ്രീഷ്മകാലരാത്രിയില്‍ ഇടവകയിലൊരു മരണം സംഭവിച്ചപ്പോള്‍ അവിടെ ആരാധന നടത്തുവാനായി പുരോഹിതന്റൊ ആവശ്യം വന്നു. അദ്ദേഹം തന്റെ സഹായിയേയും കൂട്ടിയാണ് പോയത്. അങ്ങിനെ അന്ന് ഹോയിച്ചി പള്ളിയില്‍ തനിച്ചായി. വല്ലാത്ത ചൂടായതുകൊണ്ട് അയാള്‍‍ക്ക് ‌ മുറിക്കകത്തിരിക്കുവാന്‍ തോന്നിയില്ല. ഉറക്കറയുടെ പുറത്തുള്ള വരാന്തയില്‍ ഇരുന്നു കുറച്ചു കാറ്റ് കൊള്ളാമെന്നു കരുതി അയാള്‍ അങ്ങോട്ടിറങ്ങി. അവിടെ ഇരുന്നാല്‍ അമിഡാജിയുടെ പുറകിലുള്ള ചെറിയ പൂന്തോട്ടം കാണാം. ഹോയിച്ചി തന്റെ ബിവ മീട്ടിക്കൊണ്ട് പുരോഹിതന്റെ മടങ്ങി വരവും കാത്തിരുന്നു. പാതിരാത്രി കഴിഞ്ഞിട്ടും അദ്ദേഹം തിരിച്ചെത്തിയില്ലെങ്കിലും ഹോയിച്ചിക്ക് മുറിക്കകത്തെ ചൂടുകാരണം പുറത്ത് തന്നെ ഇരിക്കാനാണ് തോന്നിയത്. പിന്നേയും കുറേസമയം കഴിഞ്ഞുകാണും പുറകുവശത്തെ പടിവാതില്‍ തുറന്ന് ആരോ നടന്നടുക്കുന്ന ശബ്ദം. അയാള്‍ പൂന്തോട്ടം മുറിച്ചുകടന്ന് വരാന്ത ലക്ഷ്യമാക്കിയാണ് നീങ്ങിയത്. ഹോയിച്ചിയുടെ മുന്നിലെത്തി ആ കാലടി ശബ്ദം നിലച്ചു. എന്നാല്‍ ‍അത് പുരോഹിതനല്ലെന്നു ഹോയിച്ചിക്ക് അപ്പോള്‍ത്തന്നെ മനസ്സിലായി. ഘനഗംഭീരത്തിലൊരു ശബ്ദം- ഒരു സൈന്യത്തലവന്റെ ആജ്ഞ പോലെ-

“ഹോയിച്ചി!”

ശബ്ദത്തിലെ ഭീഷണി മണത്ത ഹോയിച്ചി വിറയാര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു,

“ആരാണത്? ഞാന്‍ അന്ധനാണ്, എനിക്കങ്ങയെ കാണാന്‍ കഴിയില്ല!”

“ഭയപ്പെടേണ്ടതില്ല”, അപരിചിതന്റെ ശബ്ദം അല്പ്പം മയപ്പെട്ടു.

“ഞാന്‍ ഈ ദേവാലയത്തിനടുത്തുനിന്നുതന്നെയാണ് വരുന്നത്. നിങ്ങള്‍ക്കായൊരു സന്ദേശവും കൊണ്ടുവന്നിട്ടുണ്ട്. എന്റെ യജമാനന്‍ പരിവാരസമേതം അക്കാമാ സേക്കിയിലാണ് താമസിക്കുന്നത്. അദ്ദേഹം ഡാന്‍ -നോ –റാ യുദ്ധം നടന്ന സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ നിങ്ങളെക്കുറിച്ചു കേട്ടു. യുദ്ധക്കഥകള്‍ മനോഹരമായി പാടുവാനുള്ള നിങ്ങളുടെ കഴിവ് പ്രസിദ്ധമാണ്. അദ്ദേഹത്തിന് നിങ്ങളുടെ പാട്ട് കേള്‍ക്കുവാന്‍ ആഗ്രഹമുണ്ട്. അവിടെ പലരും നിങ്ങളെ കാത്തിരിക്കുന്നു, വേഗം തന്നെ ബിവയുമെടുത്തു എന്റെ‍കൂടെ വരിക.”

സമുറായിയുടെ കല്പ്പനകള്‍ ആര്‍ക്കും തന്നെ അനുസരിക്കാതിരിക്കുവാന്‍ കഴിയാത്ത കാലമായിരുന്നു അത്. ഹോയിച്ചി വേഗം തന്നെ തന്റെ ബിവയുമെടുത്ത് പുറപ്പെടുവാന്‍ തയ്യാറായി. ദൂത് കൊണ്ടു വന്ന ആള്‍ ഹോയിച്ചിയെ വളരെ വൈദഗ്ധ്യത്തോടെ മുന്നോട്ട് നയിച്ചു. ഇരുമ്പിന്റെ ഉറപ്പുള്ള കൈകളാണ് തന്നെ പിടിച്ചിരിക്കുന്നത് എന്നുമാത്രം അയാള്‍ മനസ്സിലാക്കി. നടക്കുമ്പോള്‍ ലോഹങ്ങള്‍ കൂട്ടി മുട്ടുന്ന ശബ്ദം…. ഇത് ഒരു ആയുധധാരി ആയിരിക്കണം…ഏതെങ്കിലുംകൊട്ടാരത്തിലെ പാറാവുകാരനോ മറ്റോ.. ആദ്യത്തെ ഭയമൊന്നു മാറിയപ്പോള്‍ താന്‍ ഭാഗ്യവാനാണെന്ന് സങ്കല്പ്പിക്കുവാനാണ് ഹോയിച്ചി ശ്രമിച്ചത്. വളരെ സ്വാധീനവും അധികാരവും മറ്റുമുള്ള ഏതോ ഒരു വലിയ ആളിന്റെ അടുത്തേക്കാണല്ലോ പോകുന്നത്. ചുരുങ്ങിയത് ഒരു ജന്മിയെങ്കിലും ആയിരിക്കും..തനിക്കെന്തെങ്കിലും ഗുണമുണ്ടാവാതിരിക്കില്ല.

കുറച്ചു നടന്നു കഴിഞ്ഞ് ഒരു വലിയ കവാടത്തിനു മുന്‍പില്‍‍ അവരെത്തിനിന്നു. ഹോയിച്ചി ഒന്നമ്പരന്നു. കാരണം, ആ ഭാഗത്ത് അത്തരത്തിലൊന്ന് ഉണ്ടായിരുന്നതായി ഓര്‍ക്കാന്‍‍ അയാള്‍ക്കാ യില്ല. ആകെയുള്ളത് അമിഡാജിയുടെ ബംഗ്ലാവാണ്.

“കൈമോ!”, സമുറായ് വിളിച്ചു – ചങ്ങല അഴിയുന്ന ശബ്ദം.. അവര്‍ രണ്ടുപേരും തുറന്ന വാതിലില്‍ക്കൂടി ഉള്ളില്‍ കടന്നു. ഒരു പൂന്തോട്ടത്തിനകത്തുകൂടി നടന്നു ചെന്നത് മറ്റൊരു പ്രവേശന കവാടത്തിനു മുന്നില്‍.

കൂടെയുള്ള ആള്‍ വിളിച്ചുപറഞ്ഞു:“ഇതാ, ഹോയിച്ചിയെ കൊണ്ടുവന്നിരിക്കുന്നു!”

ഉള്ളില്‍ കാല്പ്പെരുമാറ്റം തിരശ്ശീല അനങ്ങുന്ന ശബ്ദം. പെട്ടെന്ന് തുറന്ന വാതിലിനുള്ളില്‍ നിന്നു സ്ത്രീകള്‍ സംസാരിക്കുന്ന ശബ്ദം പുറത്തുവന്നു. അവരുടെ സംസാര രീതിയില്‍ നിന്ന് അവര്‍ അവിടുത്തെ പരിചാരകളായിരിക്കുമെന്നു ഹോയിച്ചി അനുമാനിച്ചു. എങ്കിലും, താനെവിടെയാണ് എത്തിപ്പെട്ടിരിക്കുന്നത് എന്നറിയാന്‍ അയാള്‍ക്ക് ‌ കടുത്ത ആകാംക്ഷ തോന്നി. കുറേയേറെ കല്പ്പടികള്‍ കയറി അവര്‍ മുകളിലെത്തിയപ്പോള്‍ പാദരക്ഷകള്‍ അഴിച്ചുവെക്കുവാനുള്ള കല്പ്പന വന്നു. അവിടുന്നങ്ങോട്ട് ഒരു സ്ത്രീയുടെ കൈകളാണ് അയാളെ മുന്നോട്ട് നയിച്ചത്. കാല്‍ച്ചുവട്ടില്‍ മിനുസമുള്ള മരപ്പലകകള്‍.. ചുറ്റും അസംഖ്യം ഉരുണ്ടതൂണുകള്‍…വിശാലമായ മുറികള്‍.. എല്ലാം താണ്ടി അവര്‍ ഒരു തുറന്ന ഹാളിന്റെ നടുവിലെത്തിനിന്നു. അവിടെ വലിയൊരു വിദ്വല്‍ സദസ്സ് സന്നിഹിതമായിരിക്കുന്നതായി അയാള്‍ മനസ്സിലാക്കി. വനാന്തരങ്ങളിലെ വൃക്ഷലതാദികള്‍ കാറ്റില്‍ ഇളകിയാടുന്ന ശബ്ദം കണക്കെ, സില്‍ക്കു തുണികള്‍ പരസ്പരം ഉരയുന്ന മര്‍മ്മരം. താഴ്ന്ന ശബ്ദത്തില്‍ ആരൊക്കെയോ സംസാരിക്കുന്നു…ആഡൃത്വം നിറഞ്ഞ സംസാര രീതി.

അയാള്‍ക്കായി സജ്ജമാക്കിയിരുന്ന ഒരു പട്ടുമെത്തയില്‍ ഹോയിച്ചി മുട്ടുമടക്കി ഇരുന്നു. തന്റെ ബിവ എടുത്ത് ശ്രുതി മീട്ടി പാടുവാന്‍ അയാള്‍ തയ്യാറെടുത്തു. അപ്പോഴാണ് സ്ത്രീകളില്‍ പ്രധാനി എന്നയാള്‍ ഊഹിച്ച രോജോ അയാളെ സംബോധന ചെയ്തത്.

“ഹേയ്ക്കെയുടെ ചരിത്രമാണ് ബിവയില്‍ പാടിക്കേള്‍ക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നത്.”

പക്ഷേ അതു മുഴുവന്‍ പാടിത്തീരുവാന്‍ പല രാത്രികള്‍ വേണ്ടിവരുമെന്നറിയാമായിരുന്ന ഹോയിച്ചി ചോദിച്ചു.

“ഒരു രാത്രി എല്ലാം പാടി കേള്‍പ്പിക്കുവാന്‍ സമയം അനുവദിക്കാത്തത് കൊണ്ട് ഏതു ഭാഗം കേള്‍ക്കുവാനാണ് താത്പര്യപ്പെടുന്നത് എന്നറിഞ്ഞിരുന്നെങ്കില്‍…”

“എങ്കില്‍, ഡാന്‍-നോ –റാ പോരാട്ടത്തിന്റെ കഥയാകട്ടെ. ആ ദുരന്തമാണല്ലോ ഏറ്റവും ഹൃദയസ്പര്‍ശിയായത്.”

ഹോയിച്ചി തന്റെ മധുര ഗംഭീരമായ ശബ്ദത്തില്‍ ആ കടല്‍ യുദ്ധത്തിന്റെ കദനകഥ ബിവ മീട്ടി പാടുവാന്‍ തുടങ്ങി:

ചുറ്റും മൂളിപ്പറക്കുന്ന കൂരമ്പുകള്‍ക്കിടയില്‍ കൂടി തുഴ എറിഞ്ഞ് തിരമാലകള്‍ മുറിച്ചു മുന്‍പോട്ടു കുതിക്കുന്ന കപ്പല്‍…നാവികരുടെ ആര്‍പ്പുവിളികള്‍…പൊളിഞ്ഞു വീഴുന്ന ഇരുമ്പ് തലപ്പാവുകള്‍….തിരമാലകളിലെക്കെടുത്തെറിയപ്പെടുന്ന ശവശരീരങ്ങള്‍….

കഥാ കഥനത്തിന്റെ അര്‍ദ്ധ വിരാമങ്ങളില്‍ അയാള്‍ കേട്ടു, ഇടത്തും വലത്തും നിന്ന് അടക്കിയ ശബ്ദത്തിലുള്ള പുകഴ്ത്തലുകള്‍:

“ഹോ! എത്ര നന്നായി ഇയാള്‍ ആലപിക്കുന്നു! ഇതുപോലൊന്ന് മുന്‍പൊരിക്കലും കേട്ടിട്ടേ ഇല്ല..
ഹോയിച്ചിയേപ്പോലെ ഒരു പാട്ട് കാരന്‍‍ ഈ സാമ്രാജ്യത്തില്‍ തന്നെ ഇല്ല.”

ഇതുകേട്ട അയാള്‍ക്ക് ‌ ഒരു പുതിയ ഉണര്‍വും ആത്മധൈര്യവും ലഭിച്ചു. അതോടെ പാട്ട് പൂര്‍ വാധികം മധുരതരമായിത്തീര്‍ന്നു! ശ്രോതാക്കളാകട്ടെ, ശ്വാസമടക്കി കേട്ടിരുന്നു.

സ്ത്രീകളുടെയും കുട്ടികളുടെയും ദാരുണ പതനം, ശിശുവായ ചക്രവര്‍ത്തിയെയും എടുത്തുകൊണ്ട് നീ-നോ-മാമാ മരണത്തിലേക്ക് എടുത്തു ചാടിയത്..

കഥ കേട്ടിരുന്നവരില്‍ നിന്ന് ഒരു നീണ്ട വിലാപമുയര്‍ന്നു . പിന്നെ അവര്‍ ഉറക്കെ മുറവിളി കൂട്ടുകയും നിലവിളിക്കുകയും ചെയ്യുന്നത് അയാള്‍ കേട്ടു. താന്‍ തുടങ്ങിവെച്ച കദനകഥാ ശ്രവണത്തിന്റെ അനന്തരഫലം കണ്ട് ആ അന്ധഗായകന്‍ പേടിച്ചുപോയി! സാവധാനം ശബ്ദങ്ങള്‍ കേട്ടടങ്ങിയപ്പോള്‍, റോജോ എന്നയാള്‍ അനുമാനിച്ചിരുന്ന സ്ത്രീയുടെ ശബ്ദം കേട്ടു:

“നിങ്ങള്‍ ഒരനുഗ്രഹീത ഗായകനാണെന്ന് കേട്ടിരുന്നെങ്കിലും, യുദ്ധക്കഥകള്‍ ഇത്ര നന്നായി ആലപിക്കുമെന്നു ആരും പ്രതീക്ഷിച്ചിരുന്നില്ല. നിങ്ങള്‍ക്ക് തക്കതായൊരു പ്രതിഫലം നല്കുവാന്‍ ഞങ്ങളുടെ പ്രഭു ആഗ്രഹിക്കുന്നു. എന്നാല്‍ അതിനുമുന്‍പായി, ആറു രാത്രികളില്‍ കൂടി അദ്ദേഹത്തിനു നിങ്ങളുടെ പാട്ട് കേള്‍ക്കണം. അതുകൊണ്ട് നാളെ രാത്രിയിലും ഇതേ സമയത്ത് ഇവിടെ വരണം. ഇന്ന് വന്ന ആള്‍ തന്നെ നിങ്ങളെ കൂട്ടിക്കൊണ്ടു വരാന്‍ നാളെയും വരും. മറ്റൊരു കാര്യം കൂടി ധരിപ്പിക്കുവാന്‍ എന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അക്കമാസേക്കിയില്‍ ഞങ്ങളുടെ പ്രഭു താമസിക്കുന്നിടത്തോളം കാലം നിങ്ങളുടെ ഈ സന്ദര്‍ശനങ്ങളെക്കുറിച്ച് ആരും അറിയരുത്. അദ്ദേഹം വേഷപ്രഛന്നനായാണ്‌ യാത്ര ചെയ്യുന്നത്. ശരി, ഇനി നിങ്ങള്‍ക്കു പോകാം.”

ഹോയ്ച്ചി നന്ദി പറഞ്ഞു പോകാന്‍ തയ്യാറായി. അങ്ങോട്ട്‌ കൊണ്ടുവന്നതുപോലെത്തന്നെ ഒരു സ്ത്രീയുടെ കൈകള്‍ അയാളെ കവാടം വരെ നയിച്ചു. അവിടെ അയാളെ തിരിച്ച് ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാനുള്ള ആള്‍ കാത്തുനില്പ്പുണ്ടായിരുന്നു.

ഹോയ്ച്ചി തിരിച്ചെത്തിയപ്പോഴേക്കും നേരം ഏതാണ്ട് പുലരാറായി. പുരോഹിതന്‍ വളരെ വൈകി തിരികെ വന്നപ്പോള്‍ ഹോയിച്ചി ഉറങ്ങുകയായിരിക്കുമെന്നു കരുതി അദ്ദേഹം നോക്കാന്‍ പോയിരുന്നില്ല. അതുകൊണ്ട് അയാളുടെ അഭാവം ആരും അറിഞ്ഞില്ല. ഹോയിച്ചി ആരോടും പറയാനും പോയില്ല. പകല്‍ സമയത്ത് എല്ലാം പതിവുപോലെത്തന്നെ നടന്നു.
പിറ്റെന്നും പാതിരാത്രി ആയപ്പോള്‍ സമുറായ് അയാളെ കൂട്ടിക്കൊണ്ടു പോകാനായി എത്തി. കഥ കേള്‍ക്കാന്‍ കാത്തിരുന്നവര്‍ക്കു മുന്‍പില്‍ തലേന്നത്തെപ്പോലെ രാഗസാന്ദ്രമായി അയാള്‍ യുദ്ധകഥകള്‍ പാടി. പക്ഷെ, രണ്ടാം ദിവസം അയാളുടെ അസാന്നിധ്യം ദേവാലയത്തില്‍ ഏവരുടെയും ശ്രദ്ധയില്‍ പെട്ടു. തിരിച്ചെത്തിയപ്പോള്‍ പുരോഹിതന്‍ അയാളെ ആളയച്ചു വിളിപ്പിച്ചു. അദ്ദേഹം കനിവാര്‍ന്ന സ്വരത്തില്‍ പറഞ്ഞു:

“ഞങ്ങള്‍ ഇന്നലെ വളരെ ആശങ്കപ്പെട്ടുപോയി. പ്രിയപ്പെട്ട ഹോയിച്ചി, കണ്ണുകാണാന്‍ കഴിയാത്ത നിങ്ങള്‍ രാത്രി തനിച്ചു പുറത്തു പോകുന്നത് അപകടമാണ്. എന്തിനാണ് ആരോടും പറയാതെ പൊയ്ക്കളഞ്ഞത്? ഞാന്‍ ഒരു സഹായിയെ ഏര്‍പ്പെടുത്തിത്തരുമായിരുന്നല്ലോ; എവിടേക്കാണ് പോയത്?”
ഹോയിച്ചി ഉത്തരം പറയാതെ ഒഴിഞ്ഞുമാറി, “ക്ഷമിക്കു, എനിക്ക് ചില കാര്യങ്ങള്‍ക്ക് പുറത്തു പോകേണ്ടി വന്നു. പകല്‍ സമയത്ത് പോകാന്‍ കഴിയുമായിരുന്നില്ല.”

പുരോഹിതന് ഹോയ്ച്ചിയുടെ ചുരുക്കത്തിലുള്ള മറുപടി കേട്ട് വേദനയെക്കാള്‍ അതിശയമാണ് തോന്നിയത്. ഹോയിച്ചിയുടെ ഈ പെരുമാറ്റം വളരെ അസാധാരണമാണ്, എന്തെങ്കിലും കുഴപ്പമുണ്ടോ എന്നദ്ദേഹം സംശയിച്ചു. മറ്റു ചോദ്യങ്ങളൊന്നും ചോദിച്ചില്ലെങ്കിലും, മേലാല്‍ ഹോയ്ച്ചി രാത്രികാലത്ത് ദേവാലയത്തിനു പുറത്ത് പോവുകയാണെങ്കില്‍ അയാളെ പിന്തുടരുവാന്‍ അദ്ദേഹം ഒരു പരിചാരകനെ ചട്ടം കെട്ടി.

പിറ്റേന്ന് രാത്രി ഹോയിച്ചി ദേവാലയത്തില്‍ നിന്നു പുറത്തു കടന്നപ്പോള്‍ പറഞ്ഞേല്‍പ്പിച്ചിരുന്ന പ്രകാരം പുരോഹിതന്റെ പരിചാരകരും അയാളെ പിന്തുടര്ന്നു . എന്നാല്‍ ആ രാത്രി കൂരാകൂരിട്ടായിരുന്നു, പോരാത്തതിന് നല്ല മഴയും. അവര്‍ പ്രധാന വീഥിയില്‍ എത്തിയപ്പോഴേക്കും ഹോയിച്ചി അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു.തീര്‍ച്ചയായും അയാള്‍ വളരെ വേഗം നടന്നിരിക്കണം – അത് വളരെ വിചിത്രം തന്നെ, അന്ധനായ ഒരാള്‍ … അതും മഴപെയ്തു വെള്ളത്തില്‍ കുഴഞ്ഞു കിടക്കുന്ന വീഥിയില്‍ കൂടി..!

ഓരോ തെരുവിലും ഹോയിച്ചി പോകാനിടയുള്ള വീടുകളിലെല്ലാം അവര്‍ കയറി ഇറങ്ങി മുട്ടി വിളിച്ചന്വേഷിച്ചു. ആര്‍ക്കും ഒരു വിവരവും നല്‍കാന്‍ കഴിഞ്ഞില്ല. ഒടുക്കം അവര്‍ തിരികെപ്പോരാനായി ഒരുങ്ങി,ദേവാലയത്തിലേക്കുള്ള പാതയിലേക്ക് തിരിഞ്ഞപ്പോള്‍..അമിതാജിയുടെ ശ്മശാനത്തിനകത്ത് നിന്ന് അതിഗംഭീരമായി ആരോ ബിവ മീട്ടുന്ന ശബ്ദം!

ശ്മശാനങ്ങളില്‍ സാധാരണ കാണാറുള്ള അലൌകികമായ ദീപനാളങ്ങളൊഴിച്ചാല്‍ അവിടം തീര്‍ത്തും കൂരിരുട്ടില്‍ ആണ്ടു കിടക്കുകയാണ്. എങ്കിലും അവര്‍ ശ്മശാനത്തിലേക്ക് കടന്നു. അവിടെ അതാ മഴയില്‍ കുതിന്ന് , ആന്‍സ് ഗുട്ടെന്റെ ശവകുടീരത്തില്‍ ഹോയിച്ചി തനിയേ ഇരു ബിവ മീട്ടി പാടുന്നു! ഡാന്‍-നോ-റാ പോരാട്ടക്കഥകള്‍! അയാളുടെ ഇടവും വലവും മുന്നിലും പിന്നിലും എല്ലാ ശവക്കല്ലറകള്‍ക്കു മുകളിലും കത്തുന്ന മെഴുകുതിരികള്‍ പോലെ പ്രകാശത്തുണ്ടുകള്‍. ഒനീബ്കളുടെ ഇത്ര വലിയ ഒരു സമ്മേളനം ഈ ലോകത്തിലാരും കണ്ടിരിക്കില്ല!

“ഹോയിച്ചിസാന്‍! ഹോയിച്ചിസാന്‍!”അവര്‍ ഉറക്കെ വിളിച്ചു.

“നിങ്ങളെ പ്രേതങ്ങള്‍ വശീകരിച്ചിരിക്കുന്നു, ഹോയിച്ചിസാന്‍!”

എന്നാല്‍ അന്ധഗായകന്‍ സ്വയം മറന്ന് നിര്‍ത്താതെ പാടുകയാണ്, അവരുടെ വിളികളൊന്നും കേട്ട മട്ടില്ല. ബിവയുടെ ശബ്ദ വീചികള്‍ അന്ധകാരത്തില്‍ പൊട്ടി ഒഴുകുന്ന അലകളായി അനിര്‍ഗളം പ്രവഹിച്ചു. അയാള്‍ വന്യമായ ഒരാവേശത്തില്‍ കൂടുതല്‍ ബിവ മീട്ടിപാടിക്കൊണ്ടിരുന്നു.
ഒടുക്കം, അവര്‍ അയാളുടെ ചുമലില്‍ പിടിച്ചു കുലുക്കി ഉണര്‍ത്താന്‍ ശ്രമിച്ചു കൊണ്ട് കാതില്‍ ഉറക്കെ അലറി വിളിച്ചു:

“ഹോയിച്ചി സാന്‍, വേഗം വരൂ, നമുക്കിവിടെ നിന്നു ഈ നിമിഷം പുറത്തുകടക്കണം!”

ഹോയിച്ചി പാട്ട് നിര്‍ത്തി ദേഷ്യത്തോടെ ചോദിച്ചു,

“എന്താണീ കാണിക്കുന്നത്? ഈ ബഹുമാന്യരായ വ്യക്തികളുടെ മുന്നില്‍‍ എന്നെ വിഘ്നപ്പെടുത്തുന്നത് ശരിയല്ല, ഇവര്‍ ഇത് പൊറുക്കുകയില്ല.”

ആ വിജനതയില്‍, വിചിത്രമായ അത്തരമൊരു സന്ദര്‍ഭത്തിലും ഇതുകേട്ട് അവര്‍ക്ക് പൊട്ടിച്ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. തീര്‍ച്ചയായും അയാള്‍ക്ക് ഭൂതാവേശമുണ്ടായിരിക്കുന്നു.
അയാള്‍ പറയുന്നതൊന്നും ശ്രദ്ധിക്കാതെ അവര്‍ അയാളെ ബലമായി എഴുന്നേല്‍പ്പിച്ച് ഒരുവിധം എങ്ങിനെയോ ദേവാലയത്തില്‍ തിരിച്ചെത്തിച്ചു. നനഞ്ഞ തുണിയെല്ലാം മാറ്റിക്കൊടുത്ത് അയാളെ സ്വസ്ഥനാക്കിയ ശേഷം പുരോഹിതന്‍ ഹോയിച്ചിയോട് നടന്ന മുഴുവന്‍ സംഭവങ്ങളും വിവരിക്കുവാന്‍ കല്പ്പി്ച്ചു.

ഹോയിച്ചി കുറേ നേരം മൌനിയായി ഇരുന്നു. എന്നാല്‍ തന്റെ ചെയ്തികള്‍ നല്ലവനായ പുരോഹിതനെ വല്ലാതെ ഉലച്ചുകളഞ്ഞു എന്ന് കണ്ടപ്പോള്‍ അയാള്‍ എല്ലാം പറയുവാന്‍ തയ്യാറായി. സമുറായുടെ ആദ്യസന്ദര്‍ശനം തുടങ്ങി എല്ലാം അയാള്‍ വിവരിച്ചു. അത് മുഴുവന്‍ കേട്ടപ്പോള്‍ പുരോഹിതന്‍ പറഞ്ഞു.

“ഹോയിച്ചി, എന്റെ പ്രിയപ്പെട്ട കൂട്ടുകാരാ, നീ ഇപ്പോള്‍ വല്ലാത്ത അപകടത്തിലാണ് വന്നു പെട്ടിരിക്കുന്നത്. എന്നോടിതെല്ലാം നേരത്തെ പറയാതിരുന്നത് വളരെ കഷ്ടമായിപ്പോയി! പാടാനുള്ള നിന്റെ അത്ഭുത സിദ്ധി തന്നെയാണ് നിന്നെ ഇപ്പോള്‍ ഈ വിചിത്രമായ സ്ഥിതിയിലെത്തിച്ചിരിക്കുന്നത്. നീ ഒരുകൊട്ടാരത്തിലും ബംഗ്ലാവിലും ഒന്നുമല്ല, ശ്മശാനത്തിലാണ് ഈ രാത്രികളില്‍ പോയ്ക്കൊണ്ടിരുന്നത്! ഹേയ്‌ക്കെകളുടെ കല്ലറയില്‍! ആന്റി ഓഷിയുടെ സ്മാരകശിലക്കരികിലാണ് നിന്നെ ഞങ്ങള്‍ കണ്ടെത്തിയത്. നീ അവിടെ മഴയും നനഞ്ഞിരിക്കുകയായിരുന്നു,അവിടെ കണ്ടതും കേട്ടതും എല്ലാം വെറും മായയായിരുന്നു. പ്രേതങ്ങള്‍ നിന്നെ അങ്ങോട്ടാകര്‍ഷിച്ചു എന്നതു മാത്രമേ സത്യമുള്ളൂ. എന്നാല്‍, ഒരിക്കല്‍ നീ അവരെ അനുസരിച്ചതുകൊണ്ട് ഇപ്പോള്‍ അവരുടെ അടിമയായിത്തീര്‍ന്നിരിക്കുകയാണ്. ഇനിയും ഇത് തുടരുകയാണെങ്കില്‍ അധികം കഴിയുന്നതിനു മുന്പ്‍ അവര്‍ നിന്നെ വലിച്ചു കീറും. അതാണവരുടെ രീതി. ഇന്നു രാത്രി എനിക്ക് ഒഴിച്ചുകൂടാനാകാത്ത എന്‍റെ ചില ജോലികള്‍ നിര്‍വഹിക്കുവാനായി ഒരിടത്ത് പോകേണ്ടിയിരിക്കുന്നു. അതിനു മുന്‍പായി നിന്റെര ശരീര രക്ഷക്കുവേണ്ടി ഒരുകാര്യം ചെയ്യുവാന്‍ നിശ്ചയിച്ചിട്ടുണ്ട്. വിശുദ്ധ ഗ്രന്ഥത്തിലെ വരികള്‍ നിന്റെ ദേഹം മുഴുവന്‍ എഴുതാന്‍ പോവുകയാണ്.”

പുരോഹിതനും സഹായിയും കൂടി ഹോയിച്ചിയുടെ വസ്ത്രം മുഴുവന്‍ മാറ്റി, ബ്രഷിന്റെ സഹായത്തോടെ എഴുതിത്തുടങ്ങി: നെഞ്ചും പുറവും, തലയും മുഖവും കഴുത്തും, കൈകാലുകളും പാദങ്ങളും-കാലിന്റെ ഉപ്പുറ്റി വരെ- ‘ഹന്നാ സയിന്‍ ജോ’ എന്ന വിശുദ്ധ സൂക്തങ്ങള്‍ എഴുതി നിറച്ചു.

“ഇന്ന് ഞാന്‍ പോയിക്കഴിഞ്ഞാലുടനെ നീ വരാന്തയില്‍ വന്നിരിക്കണം. നിന്നെ വിളിക്കാന്‍ അവര്‍ വരും. എന്തുതന്നെ സംഭവിച്ചാലും ഒരക്ഷരം സംസാരിക്കുകയോ അനങ്ങുകയോ ചെയ്യരുത്. നിശ്ശബ്ദനായി ഒരു ചലനവുമില്ലാതെ ധ്യാനനിരതനായി ഇരിക്കുക. നീ അനങ്ങുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്‌താല്‍ ആ നിമിഷം നിന്നെ അവര്‍ വലിച്ചു കീറും! പേടിക്കരുത്; സഹായത്തിന്‌ ആരേയും വിളിക്കാമെന്ന് കരുതേണ്ട, കാരണം നിന്നെ മറ്റാര്‍ക്കും സഹായിക്കാന്‍ കഴിയില്ല. ഞാന്‍ പറയുന്നത് അക്ഷരം പ്രതി അനുസരിക്കുകയാണെങ്കില്‍ അപകടം ഇതോടെ ഒഴിഞ്ഞുപോകും. പിന്നെ ഒന്നും ഭയപ്പെടാനില്ല.”

പുരോഹിതനും സഹായിയും പോയിക്കഴിഞ്ഞപ്പോള്‍ ഹോയിച്ചി അദ്ദേഹം പറഞ്ഞതുപോലെ വരാന്തയില്‍ വന്നിരുന്നു. ബിവ അരികില്‍ വെച്ചു് ധ്യാനത്തിലെന്നപോലെ തീരെ അനങ്ങാതെത്തന്നെയാണ് അയാള്‍ ഇരുന്നത്. മണിക്കൂറുകള്‍ കഴിഞ്ഞുകാണും, പാതയില്‍ കാലൊച്ചകള്‍ കേട്ടു തുടങ്ങി. ഗേറ്റ് കടന്ന്, തോട്ടവും മുറിച്ചുകടന്ന്, കാലടി ശബ്ദങ്ങള്‍ അയാളുടെ തൊട്ടു മുന്‍പില്‍ വരാന്തയിലെത്തി നിന്നു.

“ഹോയിച്ചി!” ഘനഗംഭീരമാര്‍ന്ന ശബ്ദം! എന്നാല്‍ അന്ധഗായകന്‍ അനങ്ങിയില്ല.

‘ഹോയിച്ചി!” ശബ്ദം പൂര്‍വാധികം ഉയര്‍ന്നു . ഒടുക്കം അതൊരലര്‍ച്ച പോലെയായി, “ഹോയിച്ചി!”
അയാള്‍ കല്ല്‌ കൊത്തി വെച്ചതു പോലെ അനങ്ങാതിരുന്നു.

“ഇയാളെവിടെപ്പോയി? കണ്ടുപിടിക്കണം.”

കനത്ത കാലടിശബ്ദം പടവുകള്‍ കയറി വന്ന് അയാളുടെ തൊട്ടരികിലായി നിന്നു. ഹോയിച്ചിക്ക് അയാളുടെ തന്നെ ഹൃദയം മിടിക്കുന്നത്‌ കേള്‍ക്കാമായിരുന്നു, എങ്കിലും അനങ്ങിയില്ല. പിന്നെ കുറച്ചു സമയം ശ്മശാന നിശ്ശബ്ദത. വീണ്ടും ചിലമ്പിച്ച ശബ്ദം അയാളുടെ ചെവിക്കരുകില്‍:

“അതാ ബിവ ഇരിക്കുന്നു, പാട്ടുകാരനെ കാണാനില്ല; രണ്ടു ചെവി ഒഴികെ! അപ്പോള്‍ അതാണയാള്‍ വിളികേള്‍ക്കാത്തത്! അയാള്‍ക്ക് ‌ സംസാരിക്കുവാന്‍ വായയില്ല. ചെവികളൊഴിച്ച് മറ്റൊന്നുമില്ല. ഏതായാലും, ഈ ചെവികള്‍ കൊണ്ടുപോകാം, തെളിവായി കാണിക്കാമല്ലോ. അല്ലെങ്കില്‍ അയാളിപ്പോള്‍ ഇവിടെയില്ല എന്ന് അവരെങ്ങിനെ വിശ്വസിക്കും?”

ആ നിമിഷം അയാള്‍ക്ക് ‌ തന്റെ ചെവികള്‍ പറഞ്ഞുപോകുന്നതുപോലെ അസഹ്യമായ വേദന തോന്നി. ഇരുമ്പുപോലെയുള്ള കയ്യുകള്‍ അയാളുടെ ഇരുചെവികളും വലിച്ചടര്‍ത്തി എടുത്തു! സഹിക്കവയ്യാത്ത ആ വേദന ഒരു ശബ്ദം പോലും പുറത്തു വിടാതെ പല്ലുകടിച്ച് അയാള്‍ സഹിച്ചു. പിന്നെ, കാലടി ശബ്ദം വരാന്തയില്‍ നിന്നിറങ്ങി പൂന്തോട്ടം കടന്നു പോയി. തന്റെ തലയുടെ ഇരുവശങ്ങളിലും നിന്ന് ചുടുചോര കുത്തി ഒലിക്കുന്നതയാള്‍ അറിഞ്ഞു. എന്നാല്‍ അപ്പോഴും തന്റെറ കയ്യോന്നുയര്‍ത്താന്‍ പോലും അയാള്‍ ധൈര്യപ്പെട്ടില്ല.

സുര്യോദയത്തിനു മുന്‍പായി പുരോഹിതന്‍ തിരിച്ചെത്തി. ഉടനെ തന്നെ അദ്ദേഹം പിന്നിലുള്ള വരാന്തയിലേക്ക് ചെന്നു. കാലെടുത്തുവെച്ചത് വഴുവഴുപ്പുള്ള എന്തോ ഒന്നിലായിരുന്നു. കയ്യിലുള്ളവിളക്കുയര്‍ത്തി അതെന്താണെന്ന് നോക്കിയതും അദ്ദേഹം ഞെട്ടിവിറച്ച് ഉറക്കെ നിലവിളിച്ചുപോയി. താന്‍ ചവുട്ടി നില്ക്കുന്നത് ഒരു ചോരക്കളത്തിലാണെന്നു അദ്ദേഹം അറിഞ്ഞു.
ധ്യാനത്തിലിരിക്കുന്ന ഹോയിച്ചിയുടെ ഇരു വശങ്ങളിലുമുള്ള മുറിവുകളില്‍ നിന്നുമാണ് ചോര ഒലിക്കുന്നത്‌ എന്നദ്ദേഹം കണ്ടു.

“ഓ! എന്റെ പാവം ഹോയിച്ചി! എന്താണ് സംഭവിച്ചത്? എങ്ങിനെയാണ് … ?”

അദ്ദേഹത്തിന്റെ ചിരപരിചിത ശബ്ദം കേട്ടതും ഹോയിച്ചി തേങ്ങിക്കരയുവാന്‍ തുടങ്ങി. കരഞ്ഞുകൊണ്ട്,തലേന്നു രാത്രി സംഭവിച്ച കാര്യങ്ങളെല്ലാം അയാള്‍ പറഞ്ഞു.

“അയ്യോ! എന്റെന പാവം ഹോയിച്ചി!” പുരോഹിതന്‍ വ്യസനിച്ചു.

“എല്ലാം എന്റെ തെറ്റാണ് ! ഞാന്‍ ചെയ്ത പാതകം! ദേഹത്ത് മുഴുവനും വിശുദ്ധ വചനങ്ങള്‍ എഴുതിയപ്പോള്‍  നിന്റെ ചെവി അറിയാതെ വിട്ടുപോയി! ഞാന്‍ എന്റെ പുതിയ സഹായിയെയാണ് ആ പണി ഏല്പ്പിച്ചത്. അവന്‍ അത് ശരിക്കും ചെയ്തോ എന്ന് ഞാന്‍ ഉറപ്പുവരുത്തേ ണ്ടതായിരുന്നു. എന്റെ കുറ്റം! വലിയ തെറ്റ്!ഇനി എന്ത് ചെയ്യാനാകും, എത്രയും വേഗം മുറിവുണങ്ങുന്നതിനു വേണ്ടതു ചെയ്യുകയല്ലാതെ!ഇതിലും വലിയൊരപകടം ഇങ്ങിനെ മാറിപ്പോയി എന്ന് കരുതാം. ഇനി ഏതായാലും ആ സന്ദര്‍ശകര്‍ നിങ്ങളെ ഉപദ്രവിക്കുവാന്‍ വരികയില്ല.”

നല്ലൊരു വൈദ്യന്‍ ഹോയിച്ചിയുടെ മുറിവുണക്കിക്കൊടുത്തു. താമസിയാതെ ഹോയിച്ചിയുടെ കഥ നാടു മുഴുവന്‍ പരന്നു, അയാള്‍ പ്രസിദ്ധനായി. അയാളുടെ ആലാപനം കേള്‍ക്കുവാന്‍ ദൂരെ നിന്നുപോലും ആളുകള്‍ അക്കാമാസേക്കിയില്‍ എത്തിച്ചേര്‍ന്നു. അവര്‍ അയാള്‍ക്ക് ‌ ധാരാളം പണം കൊടുത്തു. അങ്ങിനെ അയാള്‍ വലിയ ധനികനായി. പക്ഷേ, അതില്പ്പിന്നെ എല്ലാവരും അയാളെ മിമി നാഷി ഹോയിച്ചി , അഥവാ ചെവിയില്ലാത്ത ഹോയിച്ചി എന്നാണ് വിളിച്ചിരുന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here