മൗഢ്യകാലം

art-3129359_960_720
1
രമേശൻ ബീഡി കട്ടിൽ കാലിൽ കുത്തി കെടുത്തി എണീറ്റു. ഇന്നിത് അഞ്ചാം തവണ ആണ് അയാൾ ഇപ്രകാരം എണീക്കുന്നത്. അതോ ആറോ? രാവിലെ പാലറ്റിൽ തേച്ചു വെച്ച നിറങ്ങൾ ഉണങ്ങി തുടങ്ങി. ക്യാൻവാസ് കൃഷ്ണമണി ഇല്ലാത്ത കണ്ണ് പോലെ അസ്വസ്ഥപ്പെടുത്തുന്നു.
കളർ തൊടാത്ത ബ്രഷ് കൊണ്ട് അയാൾ ക്യാൻവാസിൽ ഒരു ഗുണന ചിഹ്നം വരച്ചു. തൊട്ടു താഴെ ഒരെണ്ണം കൂടി വരച്ചു…. പിന്നെ വളഞ്ഞു പുളഞ്ഞ ഒരു വര വരച്ചു…. ഒരു വട്ടം വരച്ചു….
ദിവസം മൂന്നാലായി ഈ കാത്തിരിപ്പ് തുടങ്ങിയിട്ട് . ഇങ്ങനെ ഇതിനു മുൻപ് ഒരിക്കലും ഉണ്ടായിട്ടില്ല! പാലറ്റിൽ എടുത്ത കളറിൽ ബ്രഷ് തൊട്ടു കഴിഞ്ഞാൽ അമ്പലകുളത്തിൽ ഊളിയിട്ട് മുങ്ങുന്ന പോലെ ഒരു പോക്കായിരുന്നു. അക്കര പറ്റിയെ ശ്വാസം എടുക്കൂ. ഇതിപ്പോ ഇത്രയും ദിവസം ആയിട്ടും ബ്രഷ് നനഞ്ഞിട്ടില്ല! രമേശൻ ബ്രഷ് മുറിയുടെ മൂലയ്ക്ക് വലിച്ചെറിഞ്ഞു. അത് അവിടെ അടുക്കില്ലാതെ വെച്ചിരുന്ന ഒരു കൂട്ടം പൊടി പിടിച്ച പെയിന്റിങ്ങുകളുടെ അടിയിലൂടെ പോയി ഭിത്തിയിൽ ഇടിച്ച് അവിടെ കിടന്നു. അയാൾ മേശയ്ക്കിട്ടൊരു ചവിട്ടും കൊടുത്തു. അതിന്റെ മോളിൽ ഇരുന്ന കുടിവെള്ളം വെച്ചിരുന്ന ജഗ്ഗ് താഴെ വീണ് വലിയ ശബ്ദത്തോടെ പൊങ്ങി താണ് കോമ്പസ്സ് വട്ടത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ഉരുണ്ടു.
“……എന്തുവാ ബഹളം….??” അകത്തെ മുറിയിൽ കിടന്നിരുന്ന അമ്മ പതുക്കെ എണീറ്റ്  ആ മുറിയുടെ വാതിൽക്കൽ വന്ന് താടിക്ക് കൈ കൊടുത്തു നിന്നു.
“എന്തുവാ കുഞ്ഞേ നിന്റെ പ്രശ്നം……ഇതിപ്പോ കുറച്ചു ദിവസം ആയല്ലോ??!!”
“പോ…………..!!” രമേശൻ കട്ടിലിന് അടിയിൽ നിന്ന് ഒരു മുഷിഞ്ഞ ഷർട്ട് വലിച്ചെടുത്ത്  ബട്ടൺ ഇടാതെ ഇട്ടു കൊണ്ട് പുറത്തിറങ്ങി പോയി.
2
“സിനിമാ കൊട്ടകയിൽ കറന്റ് പോയത് പോലെ …..” രമേശൻ കലുങ്കിന് മുകളിൽ ഇരുന്നു കൊണ്ട് താഴെ കനാലിന്റെ മുകളിലെ പായലിൽ  കാലെത്തിച്ചു തൊട്ടു. അയാളുടെ മുഖം വിളറി വരണ്ടിരുന്നു. ബീഡിക്കറ പുരണ്ട കീഴ്ചുണ്ട് അങ്ങിങ്ങ് വിണ്ടു കീറിയിരിക്കുന്നു.
“പെട്ടെന്ന് ചുറ്റും കൂരിരുട്ട് . കൊല്ലുന്ന നിശബ്ദത! മനസ്സ് ശൂന്യം! …..ഇങ്ങനെ ഒരിക്കലും ഉണ്ടായിട്ടില്ല! ബ്രഷിൽ ഒന്നും വരുന്നില്ല. ഞാൻ ചത്ത് പോകും താമസിയാതെ!
“ഒരു മനുഷ്യന് ഒരു ജന്മത്തിൽ ഇത്ര അളവ് ടാലന്റ് എന്നൊക്കെ റേഷൻ ഉണ്ടായിരിക്കും ചിലപ്പോ…. തീപ്പെട്ടി പോലെ….
എന്റെ കൊള്ളിയെല്ലാം ഞാൻ കത്തിച്ചു തീർത്തു കാണും!”
രവി ചിരിച്ചു കൊണ്ട് രമേശന്റെ തോളത്ത് ഇടിച്ചു. “കിട്ടുന്നെ കിട്ടുന്നെ തിന്നു തീർത്താൽ…പിന്നെയും ദൈവം തന്നു കൊള്ളും എന്ന നിയമത്തിന് അപ്പൊ ഒരു വിലയും ഇല്ലേ??”
“ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ആദ്യമായിട്ട് ഡിപ്രഷൻ ഉണ്ടാകുന്നത്. അച്ഛൻ മരിച്ച സമയത്ത്. അഞ്ചാറ് മാസം ഞാൻ ആരോടും മിണ്ടാറില്ലാരുന്നു. അക്കാലത്താണ് വരയ്ക്കാനുള്ള കഴിവ് തിരിച്ചറിയുന്നത്. അത്  ജീവിതത്തിലോട്ട് തിരിച്ചു പിടിച്ചു കേറ്റി. രണ്ടാമത്തെ ഡിപ്രഷൻ കോളെജിന്ന് ഇറങ്ങി രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ. വിജയലക്ഷ്മിയെ ഒരിക്കലും കിട്ടാൻ പോണില്ല എന്ന് മനസ്സിലായ അന്ന്. അതോടെ പുറം ലോകവും ആയിട്ടുള്ള സകല ബന്ധങ്ങളും അവസാനിച്ചു. വര.. വര..വര….അവളെ ഓർക്കാതിരിക്കാൻ പ്രാന്ത് പിടിച്ചുള്ള വര! നിർത്തിയാൽ ഓർത്തെങ്കിലോ എന്ന് പേടിച്ചുള്ള വര! കഴിഞ്ഞ അഞ്ചാറ് വർഷത്തിനിടയ്ക്ക് ഈ നാട്ടിൽ എന്തൊക്കെ നടന്നു എന്ന് ചോദിച്ചാൽ എനിക്ക് ഒന്ന് പോലും അറിയില്ല! പലപ്പോഴും രാത്രി ആണോ പകൽ ആണോന്ന് പോലും അറിഞ്ഞിട്ടില്ല! അമ്മ ഉള്ളോണ്ട് പട്ടിണി കിടന്നില്ല!”
“വിജയലക്ഷ്മിക്ക് ഇപ്പൊ പിള്ളേര് രണ്ടായി …..രവി പറഞ്ഞു. “ഒരു ഒന്നൊന്നര മാസത്തിന് മുൻപ് തൈപ്പൂയത്തിന് ഹരിപ്പാട് വെച്ച് ഞാൻ ഒന്ന് കണ്ടിരുന്നു.”

രവി വീണ്ടും രമേശന്റെ തോളത്ത് തൊട്ടു. “സാഹചര്യം എന്തായിരുന്നാലും എന്റെ അറിവിലോ ഓർമ്മയിലോ…നമ്മുടെ കോളേജിൽ പഠിച്ച ഞാൻ അടക്കം ഒരു ആർട്ടിസ്റ്റും നിന്നോളം ആഴത്തിൽ പോയിട്ടില്ല. ആരെ കൊണ്ടാ ഇങ്ങനെ പ്രാന്തനാകാൻ പറ്റുക? നീ എവിടാ നിൽക്കുന്നേ എന്ന് എനിക്കൊന്നും കാണാൻ കൂടെ പറ്റുന്നില്ല! അങ്ങനുള്ള ടാലന്റ് ഒരു സുപ്രഭാതത്തിൽ അങ്ങ് ഇല്ലാണ്ടായി പോകുമോ? അങ്ങനാണേൽ പിന്നെ കലയ്ക്ക് എന്ത് അടിസ്ഥാനം ആണുള്ളത്. ഇതിപ്പോ..ഈ….സ്പോർട്സിൽ ഒക്കെ ഉള്ള പോലെ ഒരു തരം ഫോം ഔട്ട് ആണെന്നാണ് എനിക്ക് തോന്നുന്നത്. കുറച്ചു കഴിയുമ്പോ എല്ലാം ശരിയാകും…അല്ലാതെ പിന്നെ…….?? രവി കണ്ണ് മിഴിച്ചു കൊണ്ട് കൈകൾ മലർത്തി.


3
“ഇന്നലെ ഞാൻ ഒരു ക്യാൻവാസ് കുത്തി കീറി! ജീവിതത്തിൽ ആദ്യമായിട്ട്! “
രമേശൻ സോഫയിലേക്ക് ഇറങ്ങി ഇരുന്നു. അയാൾ വൃത്തിയുള്ള ഒരു ജുബ്ബ ധരിച്ചിരുന്നു. മുടി ചീകി ഒതുക്കിയിരുന്നു. തൊട്ടു മുന്നിലെ കുഞ്ഞു ടേബിളിൽ ഒരു ബൈബിൾ, രണ്ടു കപ്പ് ചായ, ഒരു ബൗൾ നിറയെ വാഴക്കായ് ഉപ്പേരി, അതിനു മുകളിൽ അഞ്ചാറ് ടൈഗർ ബിസ്ക്കറ്റ്  എന്നിവ ഉണ്ടായിരുന്നു. ടേബിളിന്റെ മുന്നിലെ കസേരകളിൽ ഒന്നിൽ റിട്ടയേഡ് ഫൈൻ ആർട്സ് അധ്യാപകൻ പി ജി സാമുവൽ സാറും അല്പം പിന്നിലെ ഡൈനിങ് ടേബിൾ കസേരയിൽ അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് സാമുവലും ഇരുന്നിരുന്നു.
“ടേക്ക് കെയർ ഓഫ് യുവർ ഗിയർ. ഇറ്റ് വിൽ ടേക്ക് കെയർ ഓഫ് യൂ” എന്ന് പഠിപ്പിച്ചത് സാർ ആണ്. ഒരിക്കലും മറന്നിട്ടില്ല! എന്നിട്ടും കഴിഞ്ഞ ആഴ്ച ഞാൻ ഒരു ബ്രഷ് വലിച്ചെറിഞ്ഞു. ഇന്നലെ ക്യാൻവാസ് കുത്തി കീറി. എനിക്ക് പറ്റുന്നില്ല സാർ. ഇപ്പൊ എനിക്ക് തോന്നുന്നത് ഭാവനയുടെ ലോകം ഒരു സമാന്തര പ്രപഞ്ചം ആണെന്നാണ് . ഒരു റേഡിയോ ട്യൂൺ ചെയ്യുന്ന പോലെ കലാകാരൻ ആ ആവൃത്തിയിൽ പരുവപ്പെടുന്ന നിമിഷം സംപ്രേഷണം നടക്കുന്നു. ബാറ്ററി തീർന്നു പോയ റേഡിയോ എങ്ങനെ ആണ് ട്യൂൺ ചെയ്യപ്പെടുന്നത്?”
” രമേശാ…..ഇരുപത്താറ് വർഷത്തെ എന്റെ അധ്യാപന ജീവിതത്തിൽ നിന്നോളം ഡെഡിക്കേഷൻ ഉള്ള ഒരു വിദ്യാർത്ഥിയെ ഞാൻ കണ്ടിട്ടില്ല! സാമുവൽ സാർ മുന്നോട്ടാഞ്ഞ് ടേബിളിൽ ഇരുന്ന ബൈബിളിന്റെ പുറംചട്ടയിൽ കൈ വെച്ചു. നിന്നെ പറ്റി ഞാൻ സംസാരിച്ചിട്ടില്ലാത്ത ഒരു ബാച്ച് പോലും ഉണ്ടാകില്ല! നീ ഈ കടന്നു പൊയ്ക്കൊണ്ടിരുന്ന അവസ്ഥ എനിക്ക് പരിചയം ഇല്ല! പക്ഷെ അതിൽ കാര്യമില്ല! ശമ്പളം കിട്ടാൻ വേണ്ടി ചെയ്ത ഒരു ജോലി എന്നതല്ലാതെ ഞാൻ അത്ര വലിയ ആര്ടിസ്റ് ഒന്നും അല്ല. എന്നാൽ ഈ “ക്രീയേറ്റീവ് ബ്ലോക്കിലൂടെ” ഒരുപാട് മാസ്റ്റേഴ്സ് കടന്നു പോയിട്ടുള്ളതായിട്ട് വായിച്ചിട്ടുണ്ട്. പിക്കാസോ, വില്യം ബ്ലേയ്ക്ക് , ഒക്കീഫ് …പിന്നെയും ഒരുപാട് പേര്. ചിലരൊക്കെ ശക്തമായി തിരിച്ചു വന്നു. ചിലർ മറ്റു മേഖലകളിലേക്ക് അവരുടെ കഴിവ് വഴി തിരിച്ചു വിട്ടു, അപൂർവ്വം ചിലർ ആത്മഹത്യ ചെയ്തു…..കേട്ട് വിഷമിക്കണ്ടാ…നീ തിരിച്ചു വരും. നിനക്ക് അതിനേ കഴിയൂ….കാരണം ഇപ്പറഞ്ഞ പലർക്കും ഡിപ്രഷനിലേക്കുള്ള വീഴ്ചയ്ക്കിടയിലാണ് കല നഷ്ടപെട്ടത് . നീ അതിൽ നിന്ന് കര കേറിയവൻ ആണ്.
ദൈവം സത്യമായി നീ തിരിച്ചു വരും….!
സാമുവൽ സാർ ‘ദൈവം’ എന്ന വാക്ക് ഉച്ചരിച്ച നിമിഷം പിന്നിൽ ഇരുന്ന അദ്ദേഹത്തിന്റെ ഭാര്യ മുന്നോട്ട് വന്ന് രമേശന് അഭിമുഖമായി സാറിന്റെ കസേരയ്ക്ക് പിന്നിൽ തൊട്ടു കൊണ്ട് നിന്നു. അവർ സാരി തലപ്പ് തലയിലേക്ക് ഇട്ടു.
“ഞങ്ങൾ പ്രാർത്ഥിക്കാം” അവർ പറഞ്ഞു.
“ദൈവം തന്റെ കൃപാവരങ്ങളെയും വിളിയെയും പിൻവലിക്കുന്നതല്ല എന്ന് റോമാ ലേഖനത്തിൽ പറഞ്ഞിട്ടുണ്ട് “


 
“താങ്കളുടെ ഏറ്റവും അടുത്ത സുഹൃത്താണ് ഞാൻ എന്ന് തന്നെ കരുതിക്കോളൂ…സത്യസന്ധമായ മറുപടി തരണം! .ഐ ആം ഹിയർ ടു ഹെല്പ് യൂ.” ഡോക്ടർ രമേശന്റെ കണ്ണിൽ തറച്ചു നോക്കികൊണ്ട് ചോദിച്ചു.
 
 “കഞ്ചാവ് അല്ലെങ്കിൽ അതുപോലെ മറ്റെന്തെങ്കിലും മയക്കു മരുന്ന് ഉപയോഗിക്കാറുണ്ടായിരുന്നോ? 
 
“ഇല്ല ഡോക്ടർ! വരയിൽ തന്നെ എനിക്ക് ആവശ്യമുള്ളതിൽ  കൂടുതൽ ലഹരി ഉണ്ടായിരുന്നു.”
 
“ചിത്രകാരൻ എന്ന നിലയിൽ നിങ്ങൾ ഒരു പെർഫെക്ഷനിസ്റ് ആണോ?”
“അറിയില്ല…..പക്ഷെ വർക്കിന്റെ പൂർണ്ണതയ്ക്ക് വേണ്ടി എന്തും സഹിക്കാൻ തയ്യാറാരുന്നു”
“ഒരു പെയിന്റിംഗ് പൂർത്തിയാക്കി അടുത്തതിലേക്ക് കടക്കാൻ എത്ര നാൾ എടുക്കും?”
“അങ്ങനെ ഇല്ല! പലപ്പോഴും ഒന്ന് തീരുന്നതിന് മുൻപ് തന്നെ അടുത്തത് തുടങ്ങി വെയ്ക്കും”
“എന്തിനാണ് അങ്ങനെ ചെയ്യുന്നത്?”
“ഇല്ലെങ്കിൽ വല്ലാത്ത ഒരു തരം അരക്ഷിതാവസ്ഥ  ഫീൽ ചെയ്യും”
“സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഉണ്ടാരുന്നോ?”
“ഇല്ല !….എന്റെ പെയിന്റിങ്ങുകൾക്ക് മാർക്കറ്റ് ഉണ്ടായിരുന്നു. ഞാനായിട്ട് എക്സിബിഷൻസ് ഒന്നും സംഘടിപ്പിച്ചിട്ടില്ലെങ്കിലും ഇടനിലക്കാര് വഴി പല പ്രദർശനങ്ങളിലും എന്റെ വർക്കുകൾ വെച്ചിട്ടുണ്ട്. അല്ലാതെ തന്നെ കമ്മീഷൻ വ്യവസ്ഥയിൽ വില്പനയ്ക്കും ഇടനില ആളുകൾ ഉണ്ടായിരുന്നു.പിന്നെ വീട്ടിലെ കാര്യങ്ങൾ ഒക്കെ അമ്മ അങ്ങ് നോക്കിയിരുന്നു. പുള്ളിക്കാരി പഴയ യൂ പി സ്കൂൾ മലയാളം അദ്ധ്യാപിക ആരുന്നു. ആ പെൻഷൻ ഉണ്ട്.”
ഡോക്ടർ ഏതാനും ചില ചോദ്യങ്ങൾ കൂടി ചോദിച്ചു. ഒരു നോട്ട് പാഡിൽ കുറെ ഏറെ എഴുതി. ആ എഴുതിയതൊക്കെ ഒരാവർത്തി സമയം എടുത്ത് വീണ്ടും വായിച്ചു.
“നോക്കൂ മിസ്റ്റർ രമേശൻ! നിങ്ങളിൽ ഒരു കുഴപ്പവും ഞാൻ കാണുന്നില്ല!  മനസ്സിലാക്കിയിടത്തോളം നിങ്ങൾ വളരെക്കാലമായി ഒരു ചിട്ടയില്ലാത്ത  ജീവിത ശൈലിയിൽ ആയിരുന്നു. കലയുടെ ലോകം, ഭാവനയുടെ ലോകം, ……ഇങ്ങനെ ഏത് പേരിൽ വിളിച്ചാലും നിങ്ങളുടെ ശരീരം ഇവിടെയും മനസ്സ് അവിടെയും ആയിരുന്നു. ആ അവസ്ഥ മാനസികമായി നിങ്ങൾ ആസ്വദിച്ചിരുന്നെങ്കിൽ കൂടി നിങ്ങളുടെ തലച്ചോറിന് വലിയ ഭാരവും ക്ഷീണവും ഏൽപ്പിച്ചിട്ടുണ്ട്. അവിടെയും ഇവിടെയും ആയിട്ടുള്ള ഈ നിൽപ്പ് തല്ക്കാലം ഒന്ന് അവസാനിപ്പിക്കുക. കുറച്ചു കാലം ഇവിടെ, നിങ്ങളുടെ ശരീരം എവിടെയാണോ ആ ലോകത്തിൽ ഉറച്ചു നിൽക്കുക. ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടോ? ആർട്ടിസ്റ്സ് ബ്ലോക്ക് ഓവർകം ചെയ്യുന്നതിൽ ക്ഷമയുടെ റോൾ വളരെ വലുതാണ്. വരയ്ക്ക് താൽക്കാലികമായ ഒരു അവധി കൊടുക്കുക. എല്ലാം ശരിയായിക്കോളും”
“എല്ലാം ശരി ആകും എന്ന് കരുതി ഞാൻ ഇരിക്കാൻ തുടങ്ങിയിട്ട് അൽപ നാളുകൾ ആയി ഡോക്ടർ! എന്തെങ്കിലും മരുന്നോ….ഗുളികയോ…..അങ്ങനെ എന്തെങ്കിലും……….
“ഹാ…….ഭാവന ഉണരാൻ മരുന്നോ??  എന്താണ് പറയുന്നത് എന്ന് രമേശന് തന്നെ വലിയ നിശ്ചയം ഇല്ല അല്ലെ??”
 
ഉച്ച വെയിൽ തല ചുടുന്നുണ്ട്. രമേശൻ അറിയുന്നില്ല! വിയർപ്പ് ചെവി പുറകിലൂടെ ചാല് വെട്ടി ഒഴുകി കഴുത്തിന് പിന്നിലൂടെ താഴോട്ട് ഒലിച്ചു കൊണ്ടിരുന്നു.അര മതിലിൽ കിടന്നുറക്കം തുടങ്ങിയിട്ട് നേരം ഒരുപാടായി. രാവിലത്തെ കഞ്ഞി കുടി കഴിഞ്ഞ് കിടന്നതാണ്. ഇനി ഉച്ച ഊണ് കഴിയുമ്പോൾ മുറ്റത്തെ പറങ്കാവിന്റെ പൊന്തി നിൽക്കുന്ന വലിയ വേരിൽ തല വെച്ച് കിടന്ന് വീണ്ടും ഉറങ്ങും. സന്ധ്യക്ക് വീണ്ടും അരമതിലിൽ. അത്താഴം കഴിയുമ്പോൾ മുറിയിലെ കട്ടിലിൽ. കഴിഞ്ഞ കുറെ നാളുകൾ ആയിട്ട് ഇങ്ങനെയാണ്. സ്വപ്നങ്ങൾ ഒരുപാട് കാണുന്നുണ്ട്. ഇപ്പൊ കാണുന്ന സ്വപ്നത്തിൽ രമേശൻ നിക്കറിട്ട കുട്ടി ആണ്. കപ്പമാവിന്റെ ചാഞ്ഞ കൊമ്പിലൂടെ നിരങ്ങി ഇറങ്ങി കുളത്തിലേക്ക് മറിഞ്ഞു വീഴുന്ന കുട്ടി. വെള്ളം കുടിച്ചു പിടച്ചു മുങ്ങവേ…ഒരു കൈ നീണ്ടു വരുന്നു. പൊക്കി വലിച്ചു കരയിലേക്ക് എറിഞ്ഞു. അച്ഛൻ! 
“രമേശാ……എണീക്ക് ….ഇതെന്തൊരു കിടപ്പാ………….!” അയാൾ കണ്ണ് തുറന്നു. 
“ചോറ് വെളമ്പി വെച്ചിരിക്കുന്നു……” അമ്മ പറഞ്ഞു.
“ഒടുക്കത്തെ വിശപ്പ്…..അയാൾ വയറ്റത്ത് തൊട്ടു”
“മീൻ ഒണ്ടോ??” പതിവില്ലാത്ത ആ ചോദ്യം കേട്ട് അമ്മ നെറ്റി ചുളിച്ചു.
 
അയാൾ ചോറുണ്ണുമ്പോൾ അവർ കൂടെ നിലത്ത് ഇരുന്നു.
 
ആത്മഗതം പോലെ പതിഞ്ഞ ശബ്ദത്തിൽ പെട്ടെന്ന് അവർ സംസാരിക്കാൻ തുടങ്ങി. “നീ ജോലിക്ക് ഒന്നും ശ്രമിക്കാത്തത് എന്താ ……കല്യാണം കഴിക്കാത്തത് എന്താ…ന്നൊക്കെ ഒരുപാട് പേര് ചോദിക്കാറുണ്ടാരുന്നു മുൻപ്. ഞാൻ മറുപടി പറയാതായപ്പോ…ചോദ്യങ്ങൾ ഒക്കെ താനേ നിന്നു. 
മറ്റുള്ളോർക്ക് മനസ്സിലാക്കാൻ പാടുള്ള ഒരു സ്വഭാവക്കാരൻ ആണ് നീയെന്ന് നിന്റെ അച്ഛൻ പറയുവാരുന്നു. പക്ഷെ എനിക്കൊരിക്കലും ഒരു പാടും ഉണ്ടായിട്ടില്ല! നീ ഒരു പെയിന്റിംഗ് വരച്ചു തുടങ്ങുമ്പോ തന്നെ തീർന്നു വരുമ്പോ അതിങ്ങനെ ആരിക്കും എന്ന് എനിക്കൊരു ഊഹം കാണും. അതൊന്നും ഒരിക്കലും തെറ്റിയിട്ടില്ല!” 
അവർ ഒരു പ്ലാസ്റ്റിക് ഡബ്ബ രമേശന്റെ മുന്നിലേക്ക് നിരക്കി നീക്കി വെച്ചു. 
 
അയാൾ കഴിപ്പ് നിർത്തി ഇത് എന്ത് എന്ന മട്ടിൽ അമ്മയെ നോക്കി. അവർ തിരിച്ചു നോക്കിയില്ല. 
അയാൾ ഇടം കൈ കൊണ്ട് അത് തുറന്നു. ചുരുട്ടി റബ്ബർ ബാന്റിട്ടു കെട്ടിയ രണ്ടു മൂന്ന് കെട്ട് നൂറിന്റെയും അമ്പതിന്റെയും നോട്ടുകൾ! 
 
“ഒരു യാത്ര പോ……….ഒരു നീണ്ട യാത്ര!” അമ്മ മുഖം ഉയർത്താതെ പറഞ്ഞു.
 
“എങ്ങോട്ട്??”
 
“എങ്ങോട്ടെന്ന് ഒന്നും നോക്കണ്ടാ…..പോകുന്നിടത്തോട്ട് പോ…..
 
ഇടറിയ തൊണ്ട നേരെയാക്കാനെന്ന വണ്ണം ശ്വാസം അകത്തേക്കെടുത്തു കൊണ്ട് അവർ തുടർന്നു.
 
“എന്നെ ഓർത്തു വിഷമിക്കണ്ടാ…ഒരു രണ്ടു മൂന്ന് മാസം കഴിഞ്ഞു വന്നാ മതി. പോ………..!”
 
“എന്തിന്??”
 
“എനിക്ക് വയ്യാ….ഇങ്ങനെ കണ്ടോണ്ടിരിക്കാൻ………………..പോ…!!!!!”
 
അതൊരു അലർച്ച ആരുന്നു. രമേശൻ പേടിച്ചു പോയി. 
തുടർന്ന് മിണ്ടലുകൾ ഒന്നും അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായില്ല. അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല! രാത്രി തെങ്കാശിക്കുള്ള തമിഴ് നാടിന്റെ പച്ച  വണ്ടിയിൽ ടൌൺ ബസ് സ്റ്റാൻഡിൽ നിന്ന് രമേശൻ കേറി. തോളത്ത് പെയിന്റ് അങ്ങിങ് പറ്റിയ നീണ്ട കട്ടിയുള്ള  ഒരു തുണി സഞ്ചി കിടക്കുന്നുണ്ട്. വാട്ടിയ വാഴ ഇലയിൽ ചൂടോടെ പൊതിഞ്ഞ രാത്രി ഭക്ഷണം,ഒരു കുട, ഒരു ചെറിയ കുപ്പി കൈയ്യോന്നി ഇട്ട് കാച്ചിയ എണ്ണ, അതിലും ചെറിയ ഒരു കുപ്പി രാസ്നാദി പൊടി എന്നിവ ഇട്ട ഒരു പ്ലാസ്റ്റിക് കൂട് കയ്യിൽ പിടിച്ചിട്ടും ഉണ്ട്.
 
6
 
മകരം നാലിനാണ് അമ്പലത്തിലെ കൊടിയേറ്റ്. അതിന് ഒരാഴ്ച മുന്നേ പറയെടുപ്പ് തുടങ്ങും. മൊത്തം മൂന്ന് ചെണ്ടക്കാരുണ്ടാകും. അതിൽ ഒന്ന് രവി ആണ്. അച്ഛൻ അപ്പൂപ്പന്മാരായിട്ട് ചെയ്തിരുന്ന തൊഴിൽ ആണ്. ചെണ്ട കോല് പിടിച്ച് തഴമ്പിച്ച അതേ കൈ കൊണ്ട് പിന്നീട് ബ്രഷ് പിടിക്കുമ്പോൾ പലപ്പോഴും വരയൊന്നും വിചാരിച്ച ഇടത്ത് വരാറില്ല! അതിൽ വിഷമിച്ചിട്ട് കാര്യമില്ല! ചെണ്ടക്കാശ് കൊണ്ടാണ് കുടുംബം മുന്നോട്ട് ഓടുന്നത്. അല്ലെങ്കിൽ തന്നെ രമേശനെ പോലെ മാർക്കറ്റ് വാല്യൂ ഒന്നും രവിക്കില്ല. അയാളുടെ ഏറ്റവും മികച്ച കലാ സൃഷ്ടികൾ സിനിമാനടിമാരുടെ രൂപത്തിൽ സ്വർണ്ണ കടക്കാരുടെ മതിൽ പരസ്യങ്ങളിൽ ആണുള്ളത്.
 
മഴ കാരണം വെളുപ്പിനെ നാലര വരെ നീണ്ട പറയെടുപ്പ് കഴിഞ്ഞ് കണ്ട വരമ്പത്തു കൂടി വീട്ടിലേക്ക് നടക്കുന്ന നേരത്താണ് രവി ഗ്രാവൽ റോഡിറങ്ങി ഇടവഴിയിലേക്ക് തിരിയുന്ന രമേശനെ കണ്ടത്. മഴക്കാറ് മൂടി ഇരുണ്ട കാറ്റ് വീശുന്നുണ്ടായിരുന്നെങ്കിൽ പോലും ദൂരെ നിന്നുള്ള അവ്യക്തമായ ഒറ്റ നോട്ടത്തിൽ തന്നെ അത് രമേശൻ ആണെന്ന് രവിക്ക് മനസ്സിലായി.
“ഓയ്……………..!!” അയാൾ ചെണ്ട തോളത്തേയ്ക്ക് വലിച്ചു കയറ്റി ഇട്ടു കൊണ്ട് ഇടവഴിയിലേക്ക് ഓടി. 
 
രമേശൻ നിന്നു. അയാൾ തിരിഞ്ഞു നോക്കി.
 
“രവീ……..അയാൾ ഉറക്കെ വിളിച്ചു. ആ വിളിയിൽ സ്നേഹത്തിന്റെ ഒരു മഴ ഉണ്ടായിരുന്നു. 
 
രവി അടുത്ത് വന്ന് നിന്നു. “രമേശാ……………..!!”
 
“ഡാ…….!!”
 
“നീ …………………വരുന്ന വഴിയാണോ??”
 
“അതെ……രമേശൻ കഴുത്തിന് പിന്നിൽ പിടിച്ച് രവിയുടെ തല തന്റെ നെറ്റിയോട് അടുപ്പിച്ചു.
 
ഉള്ളിൽ നിന്ന് തികട്ടി വന്ന ഒരു കരച്ചിൽ രവിയെ നിശ്ശബ്ദനാക്കി. അതൊന്ന് തിരിച്ചിറക്കാൻ അയാൾ അൽപ സമയം എടുത്തു.
 
“നിന്റെ……..നിന്റെ യാത്രയൊക്കെ എങ്ങാനൊണ്ടാരുന്നു?”
 
രമേശൻ വിഷാദം നിറഞ്ഞ ഒരു ചിരി ചിരിക്കാൻ ശ്രമിച്ചു.
“പോയി കിടന്നുറങ്ങീട്ട്…….ഉച്ചയ്ക്ക് വീട്ടിലോട്ട് വാ…രാമേശ്വരത്തൂന്ന് വാങ്ങിച്ച കുറച്ച് സ്രാവ് ഉണങ്ങിയതും മാങ്ങാ വറ്റലും ഉണ്ട്. അമ്മയോട് പച്ചയ്ക്കരച്ച് വെച്ച് തരാൻ പറയാം. നമുക്ക് ഊണ് കഴിഞ്ഞ് സംസാരിക്കാം…!”അയാൾ വീണ്ടും നടക്കാൻ ഒരുങ്ങി.
 
“രമേശാ…….രവി ചെണ്ട നിലത്തു മണ്ണിൽ വെച്ച് കൊണ്ട് തല കുനിച്ചു. “അമ്മ……….പോയി”
 
ഒരു മാസത്തിന് മേലെ ആയി!! നീ എവിടാന്ന് വെച്ചാ……….നേരത്തോടു നേരം കാത്തു. പിന്നെ……..കർമ്മങ്ങൾ ഒക്കെ നിന്റെ സ്ഥാനത്ത് നിന്ന് ഞാൻ ചെയ്തു. അഞ്ചു ദിവസത്തെ ബലി ഉണ്ടാരുന്നു. അത് ………..”
 
ബാക്കി കേൾക്കാൻ രമേശൻ നിന്നില്ല. അയാൾ പിന്തിരിഞ്ഞ് ഓടി. 
 
“നില്ല്……രവി ചെണ്ട തൂക്കിയെടുത്തു കൊണ്ട് പിന്നാലെ പാഞ്ഞു.
 
കുഴിമാടത്തിന് മുകളിൽ നട്ട വാഴ മഴയത്ത് ചരിഞ്ഞു വീണു കിടക്കുന്നുണ്ട്. അതിന്റെ ഇലകൾ മണ്ണിൽ ആണ്ടിറങ്ങിയിരിക്കുന്നു. പൊട്ടിയ മൺ കുടത്തിന്റെ പാളികൾ ഒരു വശത്ത്. കരിഞ്ഞ ഈർക്കിൽ പന്തങ്ങൾ ആ മൺകൂനയ്ക്കു പുറത്തേക്ക് തള്ളി നിന്നു. രമേശൻ അതിലേക്ക് തളർന്നു വീണു. രവി തൊട്ട് പിന്നിൽ ഉണ്ടായിരുന്നു.  പിടിച്ചെഴുന്നേൽപ്പിക്കാൻ അയാൾക്ക് തോന്നിയില്ല. അയാൾ ചെണ്ട അരമതിലിനു മുകളിൽ കൊണ്ട് വെച്ച് കട്ടള മുകളിൽ നിന്ന് താക്കോൽ എത്തിയെടുത്ത് വാതിൽ തുറന്നുള്ളിലേക്ക് കയറി.
 
 ചുവന്ന പട്ടിൽ പൊതിഞ്ഞ കുടം രവി രമേശന്റെ നേർക്ക് നീട്ടി. അയാൾ എണീറ്റിരുന്നു. മുഖത്തിന്റെ ഒരു പാതി മുഴുവൻ നനഞ്ഞ മണ്ണ് പറ്റിയിരുന്നു. “നീ വന്നിട്ട് ചെയ്യാൻ കുറച്ചു കർമ്മങ്ങള് കൂടി ഉണ്ടാരുന്നു…….അത് നമുക്ക് ഇന്ന് തന്നെ ചെയ്യാം.”
രമേശൻ കുടം മടിയിൽ വെച്ചു.അതിന്റെ മുകളിൽ വെച്ച അയാളുടെ കൈ അനിയന്ത്രിതമായി വിറയ്ക്കുന്നുണ്ടായിരുന്നു. 
“രമേശാ……രവി മുട്ടുകുത്തി നിലത്തിരുന്നു കൊണ്ട് അയാളെ ചേർത്ത് പിടിച്ചു.”അമ്മ………ഒരു എഴുത്ത് എഴുതി വെച്ചിരുന്നു. തലയണയ്ക്ക് അടിയിൽ”
 
രവി വെച്ച് നീട്ടിയ പേപ്പർ രമേശന്റെ കൈ വിറച്ചു കൊണ്ട് ഏറ്റു വാങ്ങി. അയാൾ അത് വിറച്ചു കൊണ്ട് നിവർത്തു. അതിൽ വാർദ്ധക്യത്തിന്റെ വിറ അല്പം പോലും ബാധിച്ചിട്ടില്ലാത്ത, കുഞ്ഞു കുഞ്ഞ്  രേഖാ ചിത്രങ്ങളുടെ ഒരു കൂട്ടം പോലെ വടിവൊത്ത അക്ഷരങ്ങളിൽ ഇപ്രകാരം എഴുതിയിരിക്കുന്നു.
എന്റെ കുഞ്ഞേ,
എന്നോട് ക്ഷമിക്കൂ…എന്റെ കാലം അടുത്തു എന്ന് മനസ്സിലാക്കി കൊണ്ട് തന്നെയാണ് ഞാൻ നിന്നെ യാത്ര പറഞ്ഞയച്ചത് . മരണ സമയത്ത് മക്കൾ അടുത്തുണ്ടാകണം എന്നായിരിക്കും ഈ ലോകത്തിലെ എല്ലാ അമ്മമാരും ആഗ്രഹിക്കുന്നത്. എന്നാൽ ഞാൻ മരിക്കേ നീ എന്റെ അടുത്തുണ്ടാകരുത് എന്നാണ് ഞാൻ പ്രാർത്ഥിച്ചത്. നിനക്ക് നഷ്ടപ്പെട്ടു എന്ന് നീ കരുതുന്ന നിന്റെ കഴിവുകൾ ഒക്കെ ഇപ്പോൾ നീ അനുഭവിക്കുന്ന ഈ നീറുന്ന വേദനയിലൂടെയേ നിനക്ക് തിരിച്ചു പിടിക്കാൻ ആകൂ…. ഇങ്ങനെ അല്ലാതെ മറ്റൊരു തരത്തിലും നിന്നെ വേദനിപ്പിക്കാൻ എനിക്ക് കഴിയില്ല! ഈ വേദന അമ്മ തന്നെ ആണ് എന്ന് വിചാരിക്കുക. അമ്മ എന്നും നിന്റെ കൂടെ തന്നെ ഇരിക്കട്ടെ! അമ്മ വിളിച്ചാൽ വരാത്ത നിറങ്ങളുണ്ടോ? ഉണരാത്ത ഭാവന ഉണ്ടോ?
അമ്മ
 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

  1. കണ്ണ് നനഞ്ഞിട്ടുണ്ട്. ഒരു കഥാകാരനെന്ന നിലയിൽ നീ വിജയിച്ചു എന്ന് തന്നെയാണതിനര്ഥം .

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English