“പൂവുകൾ പറയുവാൻ കൊതിക്കുന്നത്”: എം.ജി. കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ കവിത

 

എം.ജി. കലോത്സവത്തിൽ മലയാള കവിതാരചനയുടെ വിഷയം
“പൂവുകൾ പറയുവാൻ കൊതിക്കുന്നത്” ആയിരുന്നു.
അരുണിമ എഴുതിയത് ഒന്നാം സ്ഥാനം ലഭിച്ച
അരുണിമ അരുണിന്റെ കവിത വായിക്കാം

ഇത് നിങ്ങൾ
എറണാകുളത്തപ്പൻ മൈതാനിയിലെ
പ്രദർശനശാലകളിൽ തിരിഞ്ഞുനടന്നു വാങ്ങുന്ന ചെടികളിൽ വിരിഞ്ഞ
പൂവുകൾക്ക് പറയുവാനുള്ളതല്ല.
അവ പറയുവാൻ കൊതിയ്ക്കുന്നതുമല്ല.

പിന്നെ?

പോകുന്ന വഴിയിൽ കാണുന്ന
ഇരുനില മുന്നില വീടുകളുടെ മതിൽക്കകത്തു
നിന്നെത്തി നോക്കുന്നവയുടെ കമ്പൊടിച്ചുകൊണ്ട് വന്ന് നട്ടു
വളർത്തിയ ചെടികളിൽ വിരിഞ്ഞ
പൂവുകൾക്ക് പറയുവാനുള്ളതല്ല.
അവ പറയുവാൻ കൊതിയ്ക്കുന്നതുമല്ല.

പിന്നെ?

ഖസാക്കിലെ ജമന്തിപ്പൂവുകളാണോ?
അവ പറയുവാൻ കൊതിയ്ക്കുന്നതാണോ?
അല്ല.

പുന്നയൂർക്കുളത്തെ ആമിയുടെ വളപ്പിലെ
നീർമാതളപ്പൂവുകളാണോ?
അവ പറയുവാൻ കൊതിയ്ക്കുന്നതാണോ?
അല്ലേ അല്ല.

സഖാവിന്റെ പീതപുഷ്പങ്ങളുമല്ല.
അവ പറഞ്ഞു കഴിഞ്ഞതല്ലേ?

പിന്നെ ഇതേത് പൂവുകളാണ്?

പറയാം.

പൂവുകൾ അനേകമുണ്ടീ
പാരിൽ മാനവാ!

വരൂ! നമുക്കൊന്ന് കാടുകയറി വരാം.
കാട്ടുപൂക്കളെ കാണാം.
കറുത്തതാണ്.
പെരുവയറാണ് എല്ലാത്തിനും.
വിശപ്പാണ് വികാരവും.

ഇന്നാളൊരു കാട്ടുപൂവുണ്ടല്ലോ
നാടുകാണാൻ പോയി.

എന്തിന്?

വിശന്നിട്ട്.
പക്ഷേ കാക്കപ്പൂവല്ലേ..
കാട്ടിൽ നിന്നല്ലേ?
കട്ടതിനു നാട്ടുപൂക്കൾ കൊന്നു.
അല്ല മരിച്ചതാ..
ഛെ! ചത്തതാ..

വേറെ ചില പൂവുകളുണ്ട്.
ഒമ്പതുമാസം അശുദ്ധിയടവച്ചു
മൊട്ടുകളെ വിരിയിക്കുന്ന പൂവുകൾ.
മാസത്തിൽ നാലു ദിവസം
പൂജയ്ക്കെടുക്കില്ല അവരെയത്രെ.
പക്ഷെ ഇതളുകൾ കൂട്ടിപ്പിടിച്ച്
കശക്കിയെറിയുവാൻ
അശുദ്ധിയൊന്നും പ്രശ്നമില്ലത്രേ!

വേറെയുമുണ്ടോ പൂവുകൾ?

ഉണ്ടല്ലോ!
ചില വീടുകളുടെ
മൂലകളിൽ ശോഷിച്ചിരിക്കുന്ന
പൂവുകളുണ്ട്.
ആർത്തവക്കറയിനിയും പുരളാത്ത
കാലുകളുള്ള പൂവുകൾ.

അമ്മാവൻ മുൾച്ചെടിയും
അപ്പൂപ്പൻ താടിയും
താരാട്ടുപാടാതെ തലോടി
കരിഞ്ഞുപോയ മൊട്ടുകളാണവയ്ക്ക്.

ആകാശമേൽക്കൂരയിൽ വാഴനാരുകൊണ്ട്
കുടുക്കിട്ട് തൂങ്ങിയാടിയ
പൂവുകളുമുണ്ടത്രേ!

ഇനിയുമുണ്ടോ പൂവുകൾ?

ഉണ്ടല്ലോ!
കേരളത്തിലിപ്പോൾ വസന്തമല്ലേ?
പൂക്കൾ വിടരാത്ത വസന്തം.
വിടരാനനുവദിക്കാത്ത വസന്തം.

താമര വിടരാറില്ല.
കൈപ്പത്തി തരിച്ചില്ല.
അരിവാള് കണ്ടില്ല.

അവയ്‌ക്കൊക്കെ പറയുവാനുള്ളതെന്താണ്?
പറയുവാൻ കൊതിയ്ക്കുന്നതെന്താണ്?

“ഞങ്ങളും ജീവനല്ലേ?
പലർക്കും ജീവിതമല്ലേ?
വിടർന്നോട്ടെ ഞങ്ങളും
കൊഴിഞ്ഞുപോയ്‌ക്കോട്ടെ പതിയെയും.”

അല്ല ഇതൊക്കെ പറയുവാൻ
നീ ആരാണ്?
ഏതാണ്?

ഞാനോ?
ഞാനൊരു “കവിപ്പൂവ്”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English