എം.ജി. സർവ്വകലാശാലക്ക് പേറ്റന്റ്

 

കാർബണിക തന്മാത്രയുടെ രൂപീകരണത്തിന് ഉപയോഗിക്കുന്ന രാസപ്രവർത്തനങ്ങളെ കൂടുതൽ സുഗമവും ലാഭകരവുമാക്കുന്ന പുതിയ തരം ഉൽപ്രേരകം ഗവേഷണത്തിലൂടെ വികസിപ്പിച്ച മഹാത്മാഗാന്ധി സർവ്വകലാശാലക്ക് കേന്ദ്ര സർക്കാരിന്റെ പേറ്റന്റ്.

 

സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിലെ അധ്യാപകൻ ഡോ. എസ്. അനസിന്റെ മേൽനോട്ടത്തിൽ ഡോ. പി.ആർ. ശ്രുതി നടത്തിയ ഗവേഷണഫലമായാണ് ഈ നൂതന ഉത്‌പ്രേരക (കാറ്റലിസ്റ്റ്) ത്തിന്റെ ഉത്പാദനത്തിനും ബൃഹത്തായ ഉപയോഗത്തിനും വഴി തുറക്കുന്ന പേറ്റന്റിന് സർവ്വകലാശാലയെ അർഹമാക്കിയത്. പുനർചംക്രമണം നടത്തി ഒട്ടേറെ രാസപ്രവർത്തനങ്ങൾക്ക് വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന പലേഡിയം അടിസ്ഥാനമായുള്ള നൂതന പോളിമർ സംയോജിത ലോഹ ഉത്‌പ്രേരകമാണ് സർവ്വകലാശാലയിലെ ഗവേഷകർ വികസിപ്പിച്ചത്.

 

നിലവിൽ പലേഡിയം അടിസ്ഥാനമാക്കിയുള്ള ലോഹസംയുക്തങ്ങളാണ് ഉത്‌പ്രേരകങ്ങളായി പ്രധാനമായും ഉപയോഗിച്ചു വരുന്നത്. എന്നാൽ ഈ സംയുക്തങ്ങളുടെ ഉയർന്ന വിലയും ലഭ്യതക്കുറവും മൂലമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സഹായകരമാകുന്നതാണ് പുതിയ കണ്ടുപിടുത്തം.

 

പുനരുപയോഗിക്കാൻ കഴിയുന്നതും പരിസ്ഥിതി സൗഹാർദ്ദപരവുമായ ഇത്തരത്തിലുള്ള ബദൽ ഉത്‌പ്രേരകങ്ങളുടെ വ്യാപകമായ ഉപയോഗസാധ്യതകൾ ഈ രംഗത്തെ ഗവേഷണ പ്രവർത്തനങ്ങൾക്കും ആക്കം കൂട്ടും. ചെലവ് കുറഞ്ഞ മാർഗ്ഗങ്ങളിലൂടെ വളരെ എളുപ്പം നിർമ്മിക്കാനാവുമെന്നതുകൊണ്ടും വലിയ തോതിൽ പുനരുപയോഗക്ഷമതയുള്ളതുകൊണ്ടും ഈ നൂതന ഉത്‌പ്രേരകത്തിന് കാർബണിക രസതന്ത്ര ശാഖയിൽ ഭാവിയിൽ ഒട്ടേറെ സംഭാവനകൾ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. 2019 ലാണ് സർവ്വകലാശാല ബിസിനസ് ഇന്നൊവേഷൻ ആൻഡ് ഇൻക്യുബേഷൻ സെന്റർ മുഖാന്തിരം കേന്ദ്ര പേറ്റന്റ് ഓഫീസിന് അപേക്ഷ സമർപ്പിച്ചത്.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English