ഒരു ഇരവും പകലും നീയ്യെനിക്ക് സമ്മാനിച്ച പ്രണയാർദ്രനിമിഷങ്ങൾ…
പൂനിലാവും പൂന്തെന്നലും നിശാഗന്ധികളും മേളിച്ച നനുത്ത രാവിൽ
ഉറക്കം കൂടുകൂട്ടിയ നിൻ രാജീവനയനങ്ങൾ എന്നെ തിരയുന്നതായി ഞാനറിഞ്ഞു…
കണ്ണുകൾ കോർത്തു കൊണ്ടങ്ങിനെ കഥകൾ കൈമാറുന്നേരം
നിൻ കവിളിണകൾ നാണത്താൽ തുടുത്തുപൊങ്ങി
ചുണ്ടുകളിൽ മൃദുമന്ദഹാസം വിരുന്നു വന്നു
രാതിങ്കൾ ആ മുഖത്ത് ഉദിച്ചുയർന്നു….
രാക്കിളികൾ തൻ മധുര സംഗീതത്തിൽ പരസ്പരം ലയിച്ചിരുന്നു..
എൻ നിനവുകൾ നിൻ നിനവുകളാണെന്നു നാമ്മറിഞ്ഞു
നേരം പുലർന്നിടുമ്പോൾ, ആദിത്യനെത്തി ഒരു വരനെപോലെ
പിന്നെ നീയും…ഒരു വധു കണക്കെ അണിഞ്ഞൊരുങ്ങി എന്റെ ചാരത്തു വന്നിരുന്നു, ഞാനാകെ ആത്മനിർവൃതിയിൽ കുളിച്ചു നിന്നു..
പ്രണയപരവശരാം ക്രൗഞ്ചമിഥുനങ്ങളെ പോൽ
കൊത്തിയും കുറുകിയും ഒരു ജന്മം ജീവിച്ചൊടുങ്ങി നമ്മൾ, ഒരു ദിനം കൊണ്ട്..
ഒരു വേള നീയ്യെനിക്കേകിയ പ്രണയോപഹാരത്തിൻ ചൂട്,
ഈ നെഞ്ചകത്തിൽ ഒരു കനൽ പോലെ എരിഞ്ഞിടും സദാ…
മറക്കാനാവില്ല… ആ ദിനരാത്രങ്ങൾ പ്രിയേ.. എനിക്കൊരിക്കലും
നീ സമ്മാനിച്ച സ്നേഹപ്പൂക്കൾ ഞാനെൻ ഓർമച്ചെപ്പിൽ സൂക്ഷിച്ചീടാം
ഇനിയുമേതെന്നും വേണ്ടെനിക്ക്… ശിഷ്ടകാലം ജീവിപ്പാൻ…
നിന്നോർമകൾതൻ നിലാവുകളിൽ
നിൻ ഗന്ധമൂറും യാമങ്ങളിൽ
ഞാൻ ജീവിച്ചീടാം ഇനിയുള്ള കാലം