വഴിയോർമ്മകൾ … വഴിയടയാളങ്ങൾ …

 

“ആ ദിവ്യ നാമം അയ്യപ്പാ … ഞങ്ങൾക്കാനന്ദ ദായക …”
ദൂരെ നിന്നും ആ പാട്ടു കേട്ടു കൊണ്ടുള്ള നടത്തത്തിനു പതിവിലും ധൃതിയായിരുന്നു. പോകുന്ന വഴികളും കാഴ്ചകളും മുനിഞ്ഞു കത്തുന്ന ബൾബിന്റെ വെട്ടം പോലെ .. തെല്ലു മാഞ്ഞും തെളിഞ്ഞും കാണുന്നു.
കൈകൾ ആരോ പിടിച്ചിട്ടുണ്ട് .ഓ ..അത് സലാം ക്ക യാണ് .അതോ അങ്ങേരു തോളത്തെടുത്തിരിക്കുകയാണോ.. .? അരണ്ട വെളിച്ചത്തിൽ മനസ്സിലാകുന്നില്ല. ചിലപ്പോൾ ആ യാത്രയിൽ രണ്ടും നടന്നിരിക്കാം..
ആ പാട്ടാകട്ടെ പിന്നെയും കാലങ്ങളോളം കേട്ടതിനാൽ ഒരിക്കലും മാഞ്ഞുപോകയുമില്ല. ആ കാലഘട്ടങ്ങളിൽ വഴിയാത്രികരായിരുന്ന ആർക്കും ..

ഓർമ്മകളുടെ ഓരം ചേർന്നുള്ള ചില വഴിയാത്രകളുണ്ട്. കടന്നുവന്ന വഴികളേറെയും പിഴുതുമാറ്റപ്പെടുകയോ തുടച്ചുനീക്കപ്പെടുകയോ ചെയ്തുകഴിഞ്ഞ ഇന്നിന് അവയിലൂടെയുള്ള യാത്ര ഇനി അസാധ്യമാണെന്നിരിക്കെ, വഴിയോരങ്ങളിലൂടെ നീങ്ങുന്നത് ഓവുചാലിലൂടൊഴുകുന്ന അവശിഷ്ടങ്ങൾ തേടിയാണ്. പക്ഷേ നീരൊഴുക്കിനിപ്പോൾ വഴികൾക്കു നടുവിലൂടെ ഒഴുകാനാണ് ഇഷ്ടം. ഓവുചാലുകൾ എന്നേ അപ്രത്യക്ഷമായിരിക്കുന്നു . അരികുപറ്റിയൊഴുകിയിരുന്ന അവയ്ക്കു പകരമിപ്പോൾ മുകളിലേക്കുയരാനുള്ള വെമ്പലിലാണ് ഓരോ മഴത്തുള്ളികളും. ഉയർന്നുപൊങ്ങിക്കൊണ്ടവ കെട്ടിടങ്ങളുടെയും വീടുകളുടെയും മുകളിൽ പുതിയ അടയാളങ്ങൾ സ്ഥാപിച്ചു മടങ്ങുന്നു. റെക്കോർഡുകൾ ഭേദിക്കാൻ വെമ്പുന്ന അത്‍ലറ്റിനെപ്പോലെ അവ ഓരോ സീസണിലും പുതിയ ഉയരങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുന്നു .
പഴമയുടെ നാസാരന്ധ്രങ്ങളിൽ ഓവുചാലുകളും കുളങ്ങളും തോടുകളും അവയുടെ ഗന്ധമുയർത്തുന്നു .പണ്ടെങ്ങോ കൊയ്ത്തു പാട്ടിന്റെ ഈണങ്ങൾ മുഴങ്ങിയിരുന്ന ഇടങ്ങളിൽ നിന്നും പാലായനം ചെയ്യുന്ന ഇരുകാലിക്കൂട്ടങ്ങൾ. ആഡംബര വസതികൾക്കു മുകളിലേക്ക് പുതിയ അടയാളങ്ങൾ തീർത്തുകൊണ്ട് അലയടിക്കുന്ന കാലവർഷ കുസൃതികൾ…

പെയ്തുതോരാത്ത മഴ, ബാല്യത്തിന്റെ വഴിയടയാളങ്ങൾ തെറ്റിച്ചുകൊണ്ട് പതിച്ചുകൊണ്ടേയിരിക്കുന്നു. ഓ മറന്നു .. സലാം ക്ക .. വീട്ടിൽ വിരുന്നുവന്നതാണ് . നാലുവയസ്സുകാരനെയും കൂട്ടി ആ വഴിയോരങ്ങളിലൂടെ ഇറങ്ങിയതാണ്. ആ പാട്ടുകേൾക്കുന്ന ഇടമാണ് ലക്‌ഷ്യം “അയ്യനയ്യപ്പ സ്വാമിയേ …” ഗാനം തുടരുകയാണ് . പുതിയ നിക്കറൊക്കെയിട്ട് വലിയ സന്തോഷത്തിലാണവനെ കാണപ്പെടുന്നത് .
മുന്നിൽ ഒരു വലിയ കെട്ടിടം . പാട്ടുയരുന്നത് അവിടെനിന്നുമാണ് .ഒരു വലിയ നർത്തകിയുടെ ചിത്രം .ചിത്രമോ അതോ കൊത്തിവച്ചശില്പമോ ..? തെളിച്ചമില്ലാത്ത കാഴ്ച്ചകൾ വ്യക്തത വരുത്താതെ ഒഴിഞ്ഞുമാറുന്നു . ഇറങ്ങുന്നിടത്തെ ആ പോസ്റ്ററിലെ പേര് വായിക്കാൻ തക്ക അക്ഷരജ്ഞാനം അവനുണ്ടായിരുന്നില്ല. പക്ഷെ മുഖങ്ങളിൽ ഒന്ന് അവനിഷ്ടപ്പെട്ട ആ നടന്റേതായിരുന്നു. പിരിച്ചുവച്ച മീശയുമായി പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന മോഹൻലാലിൻറെ മുഖം നോക്കി യിരിക്കുമ്പോഴേക്കും സലാംക്ക ടിക്കറ്റുമായി വന്നു . രണ്ടോ മൂന്നോ രൂപയായിരുന്നിരിക്കണം അതിന്.ചിലപ്പോൾ അതിലും കുറവാകാം .
അകത്തേക്ക് കയറുന്നതിനു പകരം അവനെയും കൊണ്ട് ഗൈറ്റിനുപുറത്തേക്കാണ് അദ്ദേഹം പോകുന്നത് . അമ്പരന്നു കൊണ്ട് നിരാശയിൽ നടന്ന അവനു മുന്നിൽ വെള്ളച്ചായയും ഒരു കേക്കിന്റെ കഷ്ണവും നിരത്തപ്പെട്ടു . ചായക്കടയുടെ ആ ബെഞ്ചിൽ ഇരുന്നുകൊണ്ട് മുന്നിൽ നീണ്ടു കിടക്കുന്ന ആ സിനിമാടാകീസിനെ സാകൂതം വീക്ഷിച്ചു .

‘നിൻ കഴൽ തൊടും..മണ്തരികളും …’ പുതിയ പാട്ടാണിപ്പോൾ കേൾക്കുന്നത് . നമ്മൾ കാണാൻ പോകുന്ന സിനിമയിലെ പാട്ടാണിതെന്നു സലാംക്ക പറയുന്നുണ്ടായിരുന്നു . സിനിമ തുടങ്ങാനാവുമ്പോൾ പാട്ടിന്റെ ശബ്ദം കുറയുന്നത് വീടിനടുത്ത കൊട്ടകയിൽ നിന്നും കേട്ട് സുപരിചിതമായതിനാൽ പെട്ടെന്നു തന്നെ അതിനുള്ളിൽ എത്താൻ മനസ്സ് വെമ്പി. പുറമെ നിന്നല്ലാതെ ഒരു സിനിമാകൊട്ടകയുടെ ഉൾവശം ഇതുവരെ കാണാത്ത ഒരുവന്റെ ജിജ്ഞാസയും, താനും സിനിമ കണ്ടു എന്ന് കൂട്ടുകാരോട് വീമ്പിളക്കാനുള്ള ത്വരയും എല്ലാം അവനു വെള്ളച്ചായ ഒറ്റവലിക്ക് കുടിക്കാനും അതുവഴി വായ പൊള്ളിക്കാനും ഇട നൽകി.

രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു ആ രണ്ടുകൂട്ടുകാരും. മരണത്തിലും അവർ ഒന്നിച്ചുവെന്ന സ്ഥിരം മാധ്യമ വായ്ത്താരിയിൽ നിന്നും മാറ്റിപ്പിടിക്കേണ്ട കാര്യമില്ലാത്ത വാർത്ത തന്നെ. അവന്റെ അച്ഛൻ ചോര വാരിക്കൊണ്ട് അലറുന്ന കാഴ്ച നടുക്കമുളവാക്കുന്നതായിരുന്നു . ആളുകൾ അങ്ങോട്ടൊഴുകിയെത്തി .റോഡപകടങ്ങളും എന്തിനേറെ വണ്ടികൾപോലും വളരെ കുറവായിരുന്നിട്ടും എന്തേ ഇങ്ങനെ സംഭവിച്ചു ..? അങ്ങാടിയിലുള്ള അവന്റെ വീട്ടിലേക്കു വന്ന ആളുകളെ നിയന്ത്രിക്കാൻ കുടുംബവും കൂട്ടുകാരും പാടുപെട്ടു. പീടികമുറിത്തിണ്ണകളിലും റോഡിലും ജനം നിറഞ്ഞുതുളുമ്പി . റോഡിനിരുവശങ്ങളിലെയും അരികുചാലുകൾ അവന്റെ നിണം പോലെ പരന്നൊഴുകി .

സമാനമായ അപകടമായിരുന്നു തീയേറ്ററിനുള്ളിൽ സണ്ണിക്കും സംഭവിച്ചത്. നഷ്ടപ്രണയത്തിന്റെയും സൗഹൃദത്തിന്റെയും അകക്കാമ്പിലെത്താൻ കഴിയില്ലെങ്കിലും ഇരുളുനിറഞ്ഞ ആ വലിയ മുറിക്കകം ആസ്വദിക്കുകയായിരുന്നു അവൻ. സ്‌ക്രീനിനരികിൽ ചുവന്ന ഇരുമ്പുബക്കറ്റുകളും അതിൽ നിറഞ്ഞിരിക്കുന്ന മണലുകളും വാതിലിനരികിൽ ചുവന്ന ലൈറ്റുകളിൽ എന്തൊക്കെയോ എഴുതിവച്ചിരിക്കുന്നതും പുറകിൽ നിന്നുവരുന്ന വെളിച്ചവുമെല്ലാം പുതുമകൾ നിറഞ്ഞ കണ്ണുകളോടെ കണ്ടു .അതിനിടയിലെപ്പോഴോ അവന്റെ പ്രിയപ്പെട്ട മോഹൻലാൽ ആക്‌സിഡന്റിൽ മരണമടയുന്നത് കാണുന്നത്. നന്ദനും ദേവിയും സണ്ണിയും വിനോദും താരയുമെല്ലാം ഇരുളിൽ മുന്നിലൂടൊഴുകി, കൂടെ മനോഹരമായ പാട്ടുകളും . വരുംകാല സിനിമക്കാഴ്ചകൾക്കു തുടക്കമേകിക്കൊണ്ട് പ്രിയ ടാക്കീസിന്റെ പുറത്തേക്കിറങ്ങുമ്പോൾ സെക്കന്റ് ഷോയുടെ പാട്ടു വിട്ടിരുന്നു . വീണ്ടും ഇടവഴികളിലേക്കിറങ്ങി .മെഴുകുതിരി പിടിച്ചുകൊണ്ടു സലാംക്കയും ഉറക്കം തൂങ്ങിക്കൊണ്ടവനും .

കൂട്ടുകാരുടെ മരണം നാടിനെയാകെ ദുഃഖപൂരിതമാക്കി. അങ്ങാടിയുടെ മധ്യത്തിലുള്ള അവരുടെ പീടികക്കെട്ടിടങ്ങൾ കുറെ ദിവസങ്ങൾ അടഞ്ഞു കിടന്നു. ചാരുകസേരയിൽ നിന്നും എഴുന്നേൽക്കാതെ അവന്റെ അച്ഛൻ കുറേദിവസങ്ങൾ തള്ളി നീക്കി .
പറമ്പിലാകെ തേങ്ങകളും തെങ്ങോലകളും വീണു കിടന്നു. അവിടേക്കു വിരുന്നു വന്ന ദേശാടനക്കിളികൾ ആരെയോ തിരഞ്ഞു നാലുപാടും നോക്കി കൊക്കുരുമ്മി എന്തൊക്കെയോ പരസ്പരം പറഞ്ഞു.

നിസ്സംഗമായ കുറെ നാളുകൾക്കൊടുവിൽ ആ കെട്ടിടങ്ങൾക്കു മുകളിൽ ഒരു ഫുട്ബാളിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടു. താഴെ പുതുതായി രൂപം കൊണ്ട ആ ക്ലബ്ബിന്റെ പേരും “ജിജോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് “.. ജോജിയും കൂട്ടുകാരൻ ജോർജ്ജും അങ്ങനെ ഓർമ്മത്താളുകളിൽ നിറഞ്ഞുനിന്നു. അവരുടെ ഓർമ്മചിത്രങ്ങൾക്കു മുകളിൽ ആ നാട്ടിലെ യുവത പന്തുതട്ടി. നാടിൻറെ ഹൃദയത്തുടിപ്പുകളിൽ എല്ലാം അവർ നിറഞ്ഞു നിന്നു. ഓരോ കളികളിലെ വിജയങ്ങളിലും അവരുടെ നാമധേയങ്ങൾ ഉച്ചൈസ്തരം
ഉദ്ഘോഷിക്കപ്പെട്ടു. പുതുതായി കുറേ കളിസ്ഥലങ്ങൾ സൃഷ്ടിക്കപ്പെട്ടു .കളിക്കാൻ യുവാക്കൾക്കൊപ്പം കുട്ടികളും കൂടാൻ തുടങ്ങി. അങ്ങനെ കളിയും സിനിമയും എൺപതുകളിലെ വഴികളിലൂടെ ഒഴുകിനടന്നു. കുറെ കളിക്കാരും കളിഭ്രാന്തന്മാരും സൃഷ്ടിക്കപ്പെട്ടു .അതുപോലെ തന്നെ സിനിമ ഭ്രാന്തന്മാരും. ഒഴുക്കോടെ കഥപറഞ്ഞുകൊടുത്തവർ തിരക്കഥാകൃത്തുക്കൾ ആയി. സിനിമയുടെ ജീവൻ ഉൾക്കൊണ്ടുപറഞ്ഞവർ സംവിധായകരും അഭിനയിച്ചു കാണിച്ചവർ നടന്മാരും ആയി മാറിക്കൊണ്ടിരുന്നു . സ്‌കൂളുകളിലും നാട്ടിലും നാടക സംഘങ്ങൾ രൂപപ്പെട്ടു. കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ വേദികളുയരാൻ തുടങ്ങി …

മഴ വീണ്ടും പെയ്യുകയാണ് …
അതാ മുന്നിൽ ഒരു കെട്ടിടം തകർന്നു വീഴാൻ തുടങ്ങുന്നു ..
ഓർമ്മയുണ്ട്. പണ്ടിവിടെ ഒരു തോടുണ്ടായിരുന്നു. ഒന്നര മീറ്ററോളം വീതിയുള്ള ആ തോട്ടിൽ തോർത്തിൽ മീൻപിടിച്ചതും വെള്ളത്തിലൂടെ നടന്നതുമെല്ലാം മായാതെ നിൽക്കുന്ന ഓർമ്മക്കാഴ്ചകളാണല്ലോ.
തോടും വയലുമെല്ലാം ഈ വീടിനു വേണ്ടി വഴിമാറിയിട്ടു വർഷം രണ്ടോ മൂന്നോ കഴിഞ്ഞിരിക്കണം. നോക്കെത്താ ദൂരത്തോളം വയലുകളായിരുന്ന ഇവിടമിപ്പോൾ ഒരു ഹൗസിങ് കോളനിയാണ് ..
ഇപ്പോഴതൊരു വലിയ വെള്ളക്കെട്ടും.
അതിനുമപ്പുറത്തെങ്ങോ ഒരു സിനിമാകൊട്ടക നിന്നിരുന്നിടം തികച്ചും ശൂന്യമായിക്കിടക്കുന്നു. വർഷങ്ങൾക്കു മുമ്പേ തികച്ചും നിശബ്ദമായി പിന്മാറിയ അവിടങ്ങളിൽ എത്രയോ സംഭാഷണങ്ങൾ അലയടിക്കുന്നുണ്ടാകണം. പള്ളികൾക്കു വേണ്ടിയോ ഓഡിറ്റോറിയങ്ങൾക്കു വേണ്ടിയോ നാമാവശേഷമായി ഇടങ്ങളിൽ ഇപ്പോൾ കാടുമൂടിക്കൊണ്ടിരിക്കുന്നു .

ലൈബ്രറി കൗൺസിലിന്റെ പുസ്തകമേളയിൽ പുസ്തകം വാങ്ങാൻ ചെന്നപ്പോൾ ഏതോ പബ്ലിഷർ ചോദിച്ചു ..
“എന്താണ് വായനശാലയ്ക്ക് ഇങ്ങനൊരു പേര് .. ജിജോ ..?”
വർഷങ്ങൾക്കു മുമ്പേ ഒരു സിനിമാകൊട്ടകയിൽ ഇരിക്കുമ്പോൾ ദേവി കാറിൽ നന്ദനടുത്തേക്കു പോകുമ്പോഴാണ് , രക്തത്തിൽ കുളിച്ചു കിടക്കുന്ന ബൈക്കും അലമുറയിടുന്ന ജോജിയുടെ അച്ഛനും.
സഫലമാകാത്ത ദേവിയുടെ പ്രണയത്തിനൊടുവിൽ ആ കെട്ടിടത്തിന് മുകളിൽ ഒരു ഫുട്ബോൾ പ്രതിമ പ്രത്യക്ഷപ്പെടുന്നു . സണ്ണിയെപ്പോലെ ഒരു ഗ്രാമം പന്തുതട്ടാൻ തുടങ്ങുന്നു .. അഭിനയിക്കാനും വായിക്കാനും തുടങ്ങുന്നു …
പന്തു തട്ടാൻ മൈതാനമില്ലാത്ത ..
നാടകം നടത്താൻ വയലുകളില്ലാത്ത ..
സിനിമാ കൊട്ടകകൾ ഇല്ലാത്ത …
ഇന്നിനെ ഒന്നോർമ്മപ്പെടുത്താനായി മാത്രം നൽകിയ പേരാണോ ജിജോ..??
അറിയില്ല ..മുനിഞ്ഞു കത്തുന്ന വിളക്കിന്റെ വെളിച്ചത്തിൽ ഭക്ഷണം കഴിക്കാനിരിക്കുന്ന ഞാൻ ഉറക്കം തൂങ്ങുകയായിരുന്നു ..
വായനശാലയിൽ ആരൊക്കെയോ ഇരുന്നു വായിക്കുന്നുണ്ട് ..
മുന്നിലെ മറ്റൊരു സിനിമാ കൊട്ടകയിൽ നിന്നും ” ദുഖിതരെ പീഡിതരെ .. ” എന്ന ഗാനം അവ്യക്തമായി കേൾക്കാം ..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമുഖ്യപ്രസംഗം ഉടനെ തുടങ്ങും…
Next articleഐ.എഫ്.എഫ്.കെ. ഡിസംബര്‍ ആറ്‌ മുതല്‍ 13 വരെ: രജിസ്‌ട്രേഷൻ ഇന്ന് മുതൽ
നിശാന്ത് .കെ മലപ്പുറം ജില്ലയിലെ ചുങ്കത്തറ എന്ന പ്രദേശത്ത് 1982 ഏപ്രിൽ 6 ന് ജനനം.പിതാവ് കൂത്രാടൻ ഉസ്മാൻ ,മാതാവ് സൗദാബി. എഴുത്തിനോട് ചെറുപ്പം മുതലേ അഭിനിവേശം. ബിരുദാനന്തര ബിരുദത്തിനു ശേഷം പാരലൽ കോളേജ് ,പ്രൈവറ് സ്‌കൂൾ തുടങ്ങിയവയിൽ അധ്യാപക ജോലി .ഇപ്പോൾ യൂണിമണി ഫിനാൻഷ്യൽ സെർവീസസിൽ ബ്രാഞ്ച് മാനേജർ ആയി ജോലി ചെയ്യുന്നു. "ഫത്തേ ദർവാസാ ,ജീവിതം മുഴങ്ങുന്നിടം" എന്ന പേരിൽ ഒരു ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഭാര്യ റൈഹാനത്ത് ,മക്കൾ അനഘ ,ആദി

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here