ഇടവമാസമാണ്.. മൂന്ന് നാല് ദിവസായിട്ട് ഇടതടവില്ലാതെ മഴ തിമിർത്തു പെയ്യുന്നുണ്ട് .. പ്രത്യേകിച്ച് തിരക്കുകളോ തിടുക്കങ്ങളോ ഇല്ലാത്തതുകൊണ്ട് സ്വസ്ഥമായി ജനലോരത്തിരുന്നു മഴ ഭൂമിയിലേക്ക് പെയ്തിറങ്ങുന്നത് കണ്ടാസ്വദിക്കാനാവുന്നുണ്ട്.. മഴനനവിൽ വിറങ്ങലിച്ചു കിടക്കുന്ന ഇറയത്തരികിലിരുന്ന് കഥകൾ വായിക്കാനാവുന്നുണ്ട്.. ആർദ്രമായി ഹൃദയകോവിലിലേക്ക് പെയ്തിറങ്ങുന്ന ചില വരികൾ മഞ്ഞ പടർന്ന എന്റെ ഡയറിയിലേക്ക് കുറിച്ച് വയ്ക്കാനുമാവുന്നുണ്ട്..
സായാഹ്നമാണ്.. പുറത്ത് മഴയങ്ങനെ ആർത്തു പെയ്യുന്നുണ്ട്.. കിളികൾ അതുകൊണ്ടിന്നു നേരത്തെ കൂടണഞ്ഞു എന്ന് തോന്നുന്നു.. മുറ്റത്തറ്റത്ത് , അമ്മയുടെ പൂക്കളെല്ലാം മഴനനവിൽ അലിഞ്ഞുനിൽക്കുന്നു… ഒരുപക്ഷേ അവരാ പരിരംഭണം ആസ്വദിക്കുന്നുമുണ്ടാവും.. !!
ജനലഴികളമർത്തി, ആവേശഭരിതമായി പെയ്തിറങ്ങുന്ന മഴത്തുള്ളികളെ നോക്കി നിന്നപ്പോഴെപ്പോഴോ, വീണ്ടുമൊരു കുട്ടികാലം ഓർമയിൽ തെളിഞ്ഞു.. പണ്ടൊരിക്കൽ നനഞ്ഞു തീർത്ത മഴക്കാലവും!!..പണിതീരാത്ത, ജനല്പാളികളില്ലാത്ത വീടിന്റെ പൂർവവസ്ഥയും, എന്റെ ചിലയുറക്കങ്ങളെയെങ്കിലും തച്ചുടച്ചു , മുഖത്തേക്ക് ഇറ്റിറ്റുവീഴുന്ന ആ രാത്രിമഴയും ഒക്കെ വീണ്ടും കണ്മുന്നിൽ തെളിഞ്ഞു വന്നു.. !! മുറികളൊക്കെ ചോർന്നൊലിച്ചിരുന്നത് കാരണം ആ ദിവസങ്ങളിലെ ഉറക്കം ശിവരാത്രി ഓർമപ്പെടുത്തിയിരുന്നു..വൃത്തിയായി അമ്മ പൊതിഞ്ഞുതന്ന പുസ്തകക്കൂട്ടങ്ങൾ ഒക്കെ ആ ചോർച്ചയിൽ നനഞ്ഞു കുതിർന്നിട്ടുണ്ടാവുമായിരുന്നു.. പഴമയുടെ മണം കെട്ടിനിന്നിരുന്ന മങ്ങിയ പച്ച നിറമുള്ള കൊതുകുവലയ്ക്കുള്ളിൽ അച്ഛനോട് ചേർന്ന് കിടക്കുമ്പോഴൊക്കെയും മനസ്സിൽ നിറയെ ഒരു വീടായിരുന്നു മോഹം.. അതുകൊണ്ടാവണം അന്നൊക്കെ ഞാൻ വരച്ചിരുന്നതും ഒരുപക്ഷേ ആദ്യമായി ഞാൻ വരച്ചതും ഒരു വീടിന്റെ പടങ്ങൾ ആയിരുന്നു.. ചുറ്റിലും കുറേ പൂക്കളുള്ള, ചുവന്ന പൂമരമുള്ള വീട്.. പൂവുകളില്ലാതെ പച്ചപ്പിൽ കുളിച്ചു നിന്നിരുന്ന ആ മരത്തിൽ ചുവപ്പിന്റെ അഴക് വരച്ചു ചേർത്തത് അച്ഛനായിരുന്നു.. ഓർമകളങ്ങനെ മഴനൂലിൽ ഊർന്നിറങ്ങുമ്പോ കൂടുതൽ വ്യക്‌തവുന്നുണ്ട് ആ നിമിഷങ്ങളൊക്കെ.. !!
ഒരു പറിച്ചുനടലിനു ശേഷമുള്ള ആദ്യകാലങ്ങളായിരുന്നു അത്.. ജീവിതത്തിന്റെ അനിവാര്യതകളും ചില ആവശ്യകതകളിലേക്കും അച്ഛനും അമ്മയും ഒപ്പം ഞങ്ങളും ചേക്കേറിയിട്ടേ ഒള്ളുവെന്ന് തോന്നുന്നു…അസ്ഥിരമായ ജോലികളിൽ അച്ഛൻ കഷ്ടപെട്ടിരുന്ന കാലം….അച്ഛൻ ഒരാളുടെ വരുമാനത്തിൽ നിന്ന് വേണം ആ വീട് നിലനിർത്താൻ എന്ന റിയുമായിരുന്നില്ലെനിക്, അല്ലെങ്കിൽ ജീവിതത്തിന്റെ പ്രായോഗികവശങ്ങൾ ഒന്നും അത്രക്ക് എന്നെ ബാധിച്ചിരുന്നില്ല എങ്കിൽപ്പോലും വല്ലാത്തൊരു മോഹമായിരുന്നു ഒരു വീട്…. പിന്നീടെത്രയോ കാലങ്ങൾ കൊണ്ടാണ് ‘ആ’ വീട് ‘ഈ’ വീടായത് എന്നോർക്കുമ്പോൾ കൗതുകം തോന്നാറുണ്ട്..ചിലപ്പോഴെങ്കിലും ഈ വീടു വിട്ട് വേറെ എവിടേക്കെങ്കിലും നമ്മുക്ക് പോവാം ന്ന് പറയാറുണ്ടായിരുന്ന അച്ഛനോട്..കണ്ണുനിറഞ്ഞു സങ്കടത്തോടെ “ഇവളെ വിട്ടോ? “ന്ന് അമ്മ ചോദിക്കുന്നത് കേൾക്കുമ്പോ. പണ്ടൊക്കെ ഓർത്തിരുന്നു അമ്മ ന്ത് ഭ്രാന്താണ് പറയുന്നതെന്ന്.. ഗ്രാമത്തിന്റെ വിശാലതയെക്കൾ. അന്നെന്റെ മനസിനെ ഭ്രമിപ്പിച്ചത് നഗരത്തിന്റെ ആർഭാടവും തിരക്കുകളും ആയിരുന്നു എന്ന് തോന്നുന്നു… കാലത്തിന്റെ ഭ്രമണപഥത്തിൽ എപ്പോഴോ ന്റെ കാഴ്ചപാടുകൾ മാറി.. വൈലോപ്പിള്ളിയും പി. കുഞ്ഞിരാമൻ നായരും പിൻകാലത്ത് പ്രിയ എ. എസ് ഉം ദീപ നിഷാന്തുമൊക്കെ പ്രിയപ്പെട്ട എഴുത്തുകാരായപ്പോ ഗ്രാമവിശുദ്ധിയും അവിടുത്തെ സ്വച്ഛതയും.. എന്റെ വീടും അതിന്റെ പരിണാമകഥകളും ഓർമകളും അമൂല്യമായ നിധിശേഖരങ്ങലുമായി മാറി.. ഒരുപക്ഷേ അതുകൊണ്ടാവണം ഇങ്ങനൊരു ഇടവമാസമഴയിൽ എനിക്ക് ആ പഴയ വീടോർമ്മകളെ ഇത്ര ഭംഗിയായി ഓർമ്മിക്കാൻ കഴിയുന്നതും.. !!