ഡി. യേശുദാസ്
കുന്നിൻ ചരിവിറങ്ങി
വയൽ വരമ്പിലൂടെ
അപ്പാസ്സുരാജൻ ചിരിച്ചോണ്ടു വരുന്നു.
സ്ക്കൂൾ മുറ്റം:
ചത്തതും ജീവിച്ചതും കളി.
അവനെക്കൂട്ടുന്നില്ല.
അടിപിടി
അപ്പാസ്സെന്നെ ഇടിച്ചു പഞ്ചറാക്കുന്നു.
അപ്പാസ്സു ചിരിക്കുന്നു, മന്ദമായി.
അവനു ഭ്രാന്തു വന്നുവത്രേ.
എവിടെയോ ഒരു പ്രണയിനിയുണ്ടായിരുന്നുവത്രേ.
മർദ്ദനമേറ്റോർമക്കേടുകളിൽ വഴുക്കിയത്,
വിഷാദത്തിൻ കയത്തിലേക്ക്
മിണ്ടാട്ടമില്ലാതെ രാജൻ
അവന്റപ്പനു തോക്കുണ്ടായിരുന്നു.
പേര് വെടിമണിയൻ.
-വേട്ടക്കാരൻ, തടിയൻ, മീശക്കൊമ്പൻ
അപ്പനൊപ്പം ഗമയിൽ നടക്കുമവൻ
ഞങ്ങളൊക്കെ പേടിച്ചുതൂറുമായിരുന്നു.
വെടിയൊച്ച കേട്ട് കൊക്കുകൾ
ആകാശത്തിലേക്കു പറക്കുന്നത് കാണണം,
ആരോ ചരടിൽക്കോർത്ത്
ഒറ്റപ്പൊക്കു പൊക്കിയപോലെ!
ഒടുവിലൊന്നു ചരടറ്റു വീഴും.
അപ്പാസ്സിന്റപ്പൻ കെട്ടിത്തൂങ്ങിയാണു മരിച്ചത്.
ഹെമിങ്ങ്വേയെപ്പോലൊരു വെടിയുണ്ട
കരുതിവച്ചില്ല.
മരണം അപ്പാസ്സിനെ
നിഷ്കളങ്കതയാൽ പുതപ്പിക്കുന്നതിനു മുമ്പ്
കുഞ്ഞുന്നാളിലെ ഓമനത്തത്തോടെ നടന്നു വന്ന്
മണക്കാലക്കവലയിൽ വച്ചു ചോദിച്ച ചായയും
ഒരു കടം തന്നെ.
( ” ഞാൻ വായിച്ചറിയാൻ നിനക്ക്” എന്ന
കവിതാ സമാഹാരത്തിൽ നിന്ന് )