ഓര്‍മ്മ

 

പടികടന്നെത്തുന്നു  പഴയ വിദ്യാലയസ്മരണകള്‍

പണ്ടെന്നോ പിരിഞ്ഞ മിത്രങ്ങളെപ്പോല്‍

ഓ‌ടി  വന്നെന്‍റെ കൈ പിടിക്കുന്നു

ഒന്നു നില്‍ക്കുവെന്നോതുന്നു   കാതില്‍

“മറന്നുവോ “യെന്നരുമയായെന്‍റെ

കണ്ണിലേക്കവര്‍ ഉറ്റു നോക്കുന്നു

 

മനസ്സ് പായുന്നു പതിറ്റാണ്ടുകള്‍ പിറകിലേ-

ക്കവിടെയെന്നാദ്യവിദ്യാലയം ചിരിച്ചു നില്‍ക്കുന്നു

ആദ്യാക്ഷരം കൈവിരല്‍ത്തുമ്പിലുരയുന്ന നൊമ്പരം

കണ്ണില്‍ നനവായ് പടരുന്നു

 

അധികന്യൂനങ്ങള്‍ തമ്മില്‍ കലമ്പുമ്പോള്‍

ഹരണഗുണനങ്ങള്‍ കെട്ടു പിണയുമ്പോള്‍

ഇഴ വിടര്‍ത്തിത്തരുന്നൊരദ്ധ്യാപകര്‍

“നന്നായ് വരുകെ”ന്നു കൈകള്‍ നീട്ടുന്നു

മഹാബോധിവൃക്ഷമായ് തണല്‍ വിടര്‍ത്തുന്നു

 

മറക്കുന്നതെങ്ങനെ ?

ഇന്നുമെന്‍ ഗണിതം പിഴയ്ക്കെ?

ജീവിതരസതന്ത്രവാക്യം പിഴയ്ക്കെ ?

ഈ ചെളിവരമ്പില്‍ കാലിടറി വീഴ്കെ ?

കൈ പിടിക്കാന്‍ , കൈ പിടിച്ചൊന്നുയര്‍ത്തുവാന്‍

ആരുമില്ലാതെ പകച്ചു നില്‍ക്കെ?

 

മറക്കുന്നതെങ്ങനെ ?

ഓര്‍ക്കുവാന്‍ പുതിയതൊന്നുമില്ലാതെ ?

 

ഇരുളില്‍ വെളിച്ചമായ് തിളങ്ങുമാചാര്യരേ,

കളിപ്പന്തു പോല്‍ ദൂരെയേകയായ് പോകിലും

തിരികെയെത്തുവാനായുന്നു ഞാന്‍

എന്‍റെ സൂത്രധാരകര്‍ നിങ്ങളല്ലോ,

മറക്കുന്നതെങ്ങനെ ?

 

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here