ആലപ്പുഴ ജില്ലയുടെ ഏതാണ്ട് മദ്ധ്യഭാഗത്ത് ആലപ്പുഴ തണ്ണീർമുക്കം റോഡിൽ പുരാതന പെരുമകളുടെ തിളക്കമാർന്ന ഓർമ്മകളും പേറി നിൽക്കുന്നു എന്റെ നാടായ മണ്ണഞ്ചേരി..കിഴക്ക് വേമ്പനാട് കായലും പടിഞ്ഞാറ് നാഷണൽ ഹൈവേ 47 ഉം അതിർത്തിയായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു,പഴയ ചരിത്രം നോക്കുമ്പോൾ എന്തു കൊണ്ടും അനുയോജ്യമാണ് ഈ പേര്,മണ്ണിനോട് പടവെട്ടി ജീവിച്ച അദ്ധ്വാന ശീലരുടെ നാടായിരുന്നു.
തെങ്ങും തേങ്ങയും കൊപ്രയും മണ്ണഞ്ചേരിയുടെ ജീവ വായുവായിരുന്നു.നാട്ടിലുള്ളതും മറ്റു സ്ഥലങ്ങളിൽ നിന്ന് കൊണ്ടുവരുന്നതുമായ തേങ്ങ വെട്ടി കൊപ്രയാക്കി വള്ളത്തിൽ കയറ്റി വിപണനം നടത്തുകയായിരുന്നു പ്രധാന തൊഴിൽ മേഖല. അതുമായി ബന്ധപ്പെട്ട് നിരവധി കുടുംബങ്ങൾ ജീവിച്ചു വന്നു.അതിനോട് അനുബന്ധമായി കയർ പിരിയും തടുക്ക് നെയ്ത്തും എത്രയോ കുടുംബങ്ങളുടെ ഉപജീവന മാർഗ്ഗമായി. ഇപ്പോഴും മണ്ണഞ്ചേരി ഉൾപ്പെടുന്ന ആലപ്പുഴ പ്രധാനമായി അറിയപ്പെടുന്നത് കയറിന്റെ നാട് എന്നാണല്ലോ. പ്രിയകവി വയലാർ പാടിയതു പോലെ ‘’കയറു പിരിക്കും തൊഴിലാളിക്കൊരു കഥയുണ്ടുജ്ജ്വല സമര കഥ, അതു പറയുമ്പോൾ എന്നുടെ നാവിന്നഭിമാനത്താൽ പുളയുന്നു..’’
അത്ര വിദൂരമല്ലാത്ത നാളുകളിലാണ് തേങ്ങാക്കച്ചവടം മണ്ണഞ്ചേരിയിൽ നിന്ന് പതിയെ അപ്രത്യക്ഷമാകാൻ തുടങ്ങിയത്. എങ്കിലും മണ്ണഞ്ചേരിയുടെ ഭാഗമായ പൊന്നാട് ഗ്രാമത്തിൽ ഇപ്പോഴും തേങ്ങ വെട്ടുന്ന അട്ടിക്കളങ്ങൾ കാണാം. കൊപ്രയുടെയും തേങ്ങയുടെയും ഉന്മത്തമായ ഗന്ധം നിറഞ്ഞു നിന്ന ഒരു ബാല്യം ഇപ്പോഴും ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്നു. എപ്പോഴും സജീവമായിരുന്ന അട്ടിക്കളങ്ങളും കായലോരത്ത് മൽസ്യ ബന്ധനം നടത്തി ജീവിതം പുലർത്തി വന്ന തൊഴിലാളികളുമായിരുന്നു മണ്ണഞ്ചേരിയുടെ ജീവ ധാര. പഴയ പാരമ്പര്യത്തിന്റെ ഓർമ്മ പുതുക്കാനെന്ന മട്ടിൽ നാമമാത്രമായിരിക്കുന്നു ഇപ്പോൾ കൊപ്രാക്കളങ്ങളൂം കക്ക വാരലുമൊക്കെ. റിസോട്ടുകളുടെ നീരാളിപ്പിടുത്തത്തിൽ കായൽ പോലും അന്യമായിക്കൊണ്ടിരിക്കുന്നു.
പഴയ കാലത്ത് സൈക്കിൾ പോലും അപൂർവ്വമായ വഹനമായിരുന്നു. റോഡ് പോയിട്ട് നടക്കാൻ നല്ലൊരു വഴിയെങ്കിലുമുണ്ടായിട്ട് വേണ്ടേ വാഹനങ്ങൾ സ്വപ്നമെങ്കിലും കാണാൻ. കായലും തോടുകളും വള്ളങ്ങളും മാത്രമായിരുന്നു അത്ര വിദൂരമല്ലാത്ത കാലം വരെ ഞങ്ങളുടെയൊക്കെ സ്വപ്നത്തിലും യാഥാർത്ഥ്യത്തിലും ഉണ്ടായിരുന്നത്. മഴ ശക്തമായാൽ വഴിയും തോടും തിരിച്ചറിയാൻ കഴിയില്ല. പല വഴികളിലൂടെയും നീന്തി വേണമായിരുന്നു വീട്ടിലെത്താൻ. ഇന്നാകട്ടെ, തോടുകൾ പലതും നികത്തപ്പെട്ടു. പല സ്ഥലത്തും നല്ല റോഡുകൾ വന്നു. എന്റെ കുടുംബ വീടായ ഈരയിൽ ഉൾപ്പെടെ എവിടെ വേണമെങ്കിലും വാഹനത്തിൽ വന്നിറങ്ങാം.
റോഡിലെ പുതിയ പാലത്തിൽ കൂടി പോകുമ്പോൾ പഴയ കോവണിപ്പാലമായ അമ്പാട്ടു പാലത്തിന്റെ ശേഷിപ്പുകൾ ഇപ്പോഴും കാണാം . പഴയ തലമുറയുടെ ഓർമ്മയുടെ കാൽപ്പാടുകൾ പതിഞ്ഞു കിടക്കുന്ന പാലം. അതിനു മുമ്പുണ്ടായിരുന്ന തടിപ്പാലം പൊളിച്ചപ്പോൾ കുറെ നാൾ പഞ്ചായത്തിന്റെ വക കടത്തുണ്ടായിരുന്നു.. രാത്രി പത്തു മണി വരെ ആയിരുന്നു കടത്ത്. അതിനു ശേഷം വന്നാൽ നീന്തുകയേ മാർഗ്ഗമുള്ളു. കടത്തുകാരൻ രാഘവൻ ചേട്ടൻ കുറച്ചു നാളെ ആയിട്ടുള്ളൂ ഓർമ്മകൾ ബാക്കിയാക്കി കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട്.
തൃക്കയിൽ ക്ഷേത്രവും കിഴക്കേ ജുമാ മസ്ജിദും ടൗൺ ജുമാ മസ്ജിദും ജംഗ്ഷനിൽ തന്നെയുള്ള കൃസ്ത്യൻ ദേവാലയവൂം സൗഹാർദ്ദത്തിന്റെ അതിരുകൾ പോലെ നിൽക്കുന്നു. കായലിന് അധികം ദൂരെയല്ലാതെ തലമുറകളുടെ ജീവിതവും ആത്മാവും ആവാഹിച്ച് കിഴക്കേ പള്ളിയാണ് ഏറ്റവും പഴക്കമുള്ള പള്ളി .
എത്രയോ തലമുറകൾ പഠിച്ചും കളിച്ചും വളർന്ന മണ്ണഞ്ചേരി ഗവർമെന്റ് ഹൈസ്ക്കൂളും മൈതാനവും. അതിനടുത്തു തന്നെയാണ് തൃക്കയിൽ ക്ഷേത്രവും കുളവും. അവിടെയൊക്കെ തലമുറകളുടെ കാൽപ്പാടുകൾ ഇന്നും പതിഞ്ഞു കിടക്കുന്നു. അന്ന് യു.പ്.സ്ക്കൂളായതിനാൽ ഏഴാം ക്ളാസ്സ് കഴിഞ്ഞാൽ പിന്നെ അടുത്തുള്ള ഹൈസ്ക്കൂളുകൾ തിരക്കി നടന്ന് അഡ്മിഷൻ തരപ്പെടുത്തലും രക്ഷകർത്താക്കൾക്ക് ശ്രമകരമായ ഒരു ജോലിയായിരുന്നു. ഇന്ന് അഭിമാനമായി എല്ല സൗകര്യങ്ങളും തികഞ്ഞ ഹൈസ്ക്കൂളായി,പുതിയ കെട്ടിടങ്ങൾ പലതും വന്നു, കിഫ്ബിയുടെ മൂന്നു കോടി പ്രൊജക്റ്റ് കെട്ടിടം ഉൽഘാടനത്തിന് തയ്യാറായിരിക്കുന്നു..
മണ്ണഞ്ചേരിയുടെ കലാ കായിക ലോകത്ത് തിളങ്ങി നിന്ന പലരെയും ഓർക്കാനുണ്ട്. ജിമ്മി ജോർജ്ജ്, ഉദയകുമാർ, മൊയ്തീൻ നൈന തുടങ്ങി പ്രശസ്തരായ പല വോളിബോൾ കളിക്കാരുടെയും കോച്ചായിരുന്ന കലവൂർ ഗോപിനാഥ്, മാപ്പിളപ്പാട്ടുകളുടെ ഇശലുകളിൽ നാടിനെ പ്രശസ്തമാക്കിയ എം.എ.അസീസ്, നാടക സീരിയൽ രംഗത്ത് നിറഞ്ഞു നിന്നിരുന്ന എൻ.എൻ.ഇളയത്, കുമാർജി, പൊന്നാട്, ഓട്ടന്തുള്ളൽ കലാകാരൻ മണ്ണഞ്ചേരി ദാസൻ, ഡാൻസർ രാമകൃഷ്ണൻ, ജനകീയ ഗായിക മേദിനിചേച്ചി…..അതിന്റെ ഇങ്ങേയറ്റത്തെ ഒരു കണ്ണിയാകാൻ കഴിഞ്ഞതിൽ എനിക്കും അഭിമാനമുണ്ട്.
ഇവരിൽ പലരുടെയും എന്റെയും ആദ്യകാല പ്രവർത്തന വേദിയായായിരുന്ന വൈ.എം.എ.ഗ്രന്ഥശാലയുടെ കാര്യം പറയാതെ ഈ ഓർമ്മ പൂർണ്ണമാകില്ല. ആദ്യകാലത്ത് ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ളബ്ബും പിന്നെ ഗ്രന്ഥശാലയായും അഞ്ചു പതിറ്റാണ്ടുകളുടെ തിളക്കവുമായി ഇന്നും മണ്ണഞ്ചേരി ഗ്രാമത്തിൽ തലയുയർത്തി നിൽക്കുന്നു ഈ ഗ്രന്ഥശാല. അങ്ങനെ ഓർമ്മകളുടെ തനിമയും പേറി നിൽക്കുന്നു നൻമകൾ നിറഞ്ഞ എന്റെ ഗ്രാമം.