മെലിഞ്ഞ പുഴ

89b23aed7de501d975f48c6d9a4eb6dc

മെലിഞ്ഞ പുഴ
…………………….
വയറൊട്ടി
അങ്ങിങ്ങായി വെള്ളാരം കല്ലുകൾ
വെളിച്ചമായി മിന്നുന്ന
മെലിഞ്ഞൊട്ടിയ പുഴയ്ക്കും
സന്തോഷകരമായ ഒരു ബാല്യവും
സാഹസികമായൊരു കൗമാരവും
ശക്തമായൊരു യുവത്വവുമുണ്ടായിരുന്നു.

ബാല്യം
…………
കൊച്ചു കുട്ടികളുടെ
ആർപ്പുവിളികൾക്കായി
നെഞ്ചിൽ ഊഞ്ഞാലൊരുക്കി
കാലവർഷം മുറുക്കിത്തുപ്പിയ
ചുവന്ന നീരുമായി
കരകളെ ആശ്ലേഷിച്ചു
കുതിച്ചുപാഞ്ഞിരുന്നു.

കൗമാരം
……………..
കുസൃതികൾ കുറഞ്ഞെങ്കിലും
സാഹസികമായി
പരന്നൊഴുകി
പാറക്കെട്ടുകളിൽ
പ്രണയ ചുംബനങ്ങൾ അർപ്പിച്ചു
മണൽക്കൊലുസുകൾ കിലുക്കി
നാണം കുണുങ്ങി ഒഴുകിയിരുന്നു

യൗവ്വനം
…………..
ചുട്ടുപൊള്ളുന്ന പകലുകളിലും
സൂര്യന്റെ പ്രതിബിംബത്തിനു
നെഞ്ചിൽ വിരുന്നൊരുക്കി
കൈവഴികൾ ജനിപ്പിച്ചു
ഓളങ്ങളില്ലാതെ
പരന്നൊഴുകിയിരുന്നു.
വിസർജ്യങ്ങൾ
സ്വന്തം മടിത്തട്ടിൽ ഏറ്റുവാങ്ങി
മനുഷ്യജന്മങ്ങളെ ശുദ്ധീകരിച്ചു
സ്വയം അശുദ്ധയായി മാറി.
ഒളിഞ്ഞുനോട്ടങ്ങളും
കുത്തുവാക്കുകളും
പരിഭവങ്ങളില്ലാതെ
ഏറ്റുവാങ്ങി നിർവ്വികാരയായി
ഒഴുകിപ്പരന്ന കാലം.

വാർധക്യം
……………..
കൈ വഴികൾ
പുതിയ ജീവിതങ്ങൾ കെട്ടിപ്പടുത്തപ്പോൾ
വെള്ളം ലഭിക്കാതെ
മെലിഞ്ഞു തുടങ്ങി
ഒഴുകാൻ ശക്തിയില്ലാതെ
മണ്ണിനെ കെട്ടിപ്പിടിച്ചു
കാലാവധിയും കാത്തിരിക്കുന്നു.
വെയിൽതട്ടിത്തിളങ്ങുന്ന
വെള്ളാരം കല്ലുകൾ
പ്രായം വിളിച്ചോതുന്നു.
പിന്നിട്ട വഴികളിലേക്ക്
പിന്നെയും പിന്നെയും തിരിഞ്ഞു നോക്കി
കാലം തീർത്ത തുടലുകളിൽ
ബന്ധനസ്ഥയായി
കണ്ണീർ വറ്റി കാത്തിരിക്കുന്നു..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here