ഞാൻ അവധൂതൻ
ഒരു സ്വപ്നസഞ്ചാരി
ഇടവേളകളിൽ അർത്ഥികളെ
വിദ്യ അഭ്യസിപ്പിക്കുമായിരുന്നു
ഓരോ പാഠമുറികളും
പുതിയ അർഥങ്ങളായുറഞ്ഞു തുള്ളി
എപ്പോഴോമടുപ്പിൽ അഭിരമിച്ചു മടുപ്പുകുഞ്ഞുങ്ങളെ പ്രസവിച്ചു മടുപ്പിനെ നിർവചിച്ചു മടുത്ത, എല്ലാം മടുത്തഒ രു അവധൂതൻ!
ഇനി പഠനം,
നാല് ചുവരുകൾക്കപ്പുറത്തേക്കും
അന്വേഷണരൂപത്തിൽ
ആകാംക്ഷച്ചിറകിൽ
പഥികഭാവത്തിൽ
പുതു നിറവുകളുടെ
ഉറവ് തേടി
ഭൂമിയുടെ അറ്റത്തേ
ചക്രവാളത്തിന്റെ തിട്ടയ്ക്കരികെ
മൺവിളക്കുമായ്
കാത്തിരിക്കണ ആത്മാവ്
കുടിയിരിക്കണ കുടിലിനെക്കുറിച്ച് പഠനം.
തിരയുന്നതോ
ചിന്തകളെ,
പണ്ടെന്നോ കുടിലിന്റെ
ഈശാനകോണിലൊളിപ്പിച്ച
അക്ഷരക്കൂട്ടങ്ങളെ,
മയിൽപ്പീലിത്തുണ്ടുകളെ,
മതിവരാത്ത കാമനകളെ,
അകാരത്തിൽ തുടങ്ങി
അകാലത്തിലൊടുങ്ങുന്ന
ഭ്രാന്തൻ ജല്പനങ്ങളെ,
ചികഞ്ഞു കൊണ്ടേയിരിക്കുന്നു…
ഇപ്പോൾ
സ്വപ്നം എന്നെക്കണ്ടുതുടങ്ങിയിരിക്കുന്നു
ഞാൻ അനവധൂതൻ!
Click this button or press Ctrl+G to toggle between Malayalam and English