ആ ആമുഖം എഴുതാഞ്ഞതു നന്നായി: മനോജ് കുറൂർ

 

എസ് ഹരീഷിന്റെ വിവാദമായ നോവലിന് ആമുഖമെഴുതാൻ ഡിസി വിളിച്ച അനുഭവം മനോജ് കുറൂർ പങ്കു വെക്കുന്നു, വായിക്കാം:

എസ് ഹരീഷിന്റെ മീശ പുസ്തകമാക്കാൻ തീരുമാനിച്ചപ്പോൾ ഡിസി ബുക്സിൽനിന്ന് എ. വി. ശ്രീകുമാർ വിളിച്ചിരുന്നു. നോവലിന് ആമുഖമോ അവതാരികയോ ആയി എന്തെങ്കിലും എഴുതണമെന്ന് ആവശ്യപ്പെട്ടപ്പോൾ ‘ഞാനോ!’ എന്നൊരദ്ഭുതം തോന്നി. മുതിർന്ന ഒരെഴുത്തുകാരനോ നല്ലൊരു നിരൂപകനോ ആയി സ്വയം തോന്നാത്തതുകൊണ്ട് അങ്ങനെയെന്തെങ്കിലും ചെയ്യാൻ പരിഭ്രമമാണ്. അതു വേണ്ടിവന്നപ്പോഴൊക്കെ ഏറെ സമയമെടുത്തു വായിച്ച്, കുറിപ്പുകൾ തയ്യാറാക്കി ലേഖനരൂപത്തിലാക്കുകയായിരുന്നു പതിവ്. ഹരീഷിന്റെ എഴുത്ത് ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയിൽ അതു ചെയ്യുന്നതിനു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും അപ്പോൾ വലിയൊരു പ്രതിസന്ധിയിലായി. കുടുംബത്തിലെയും ജോലിസ്ഥലത്തെയും പെട്ടെന്നു ചെയ്തു തീർക്കേണ്ട ചില ജോലികളിൽ പെട്ടുപോയതുകൊണ്ട് സാമാന്യം ദൈർഘ്യമുള്ള ഒരു നോവൽ വായിച്ച് അതിനെപ്പറ്റി എഴുതാനുള്ള സമയം തീരെയില്ലായിരുന്നു. ഇതു താമസിയാതെ വേണം താനും. ഞാൻ എന്റെ നിസ്സഹായാവസ്ഥ പറഞ്ഞു. നോവലിന്റെ മൂന്ന് അധ്യായം മാത്രം വായിച്ച ഒരു വായനക്കാരന്റെ വിചാരങ്ങളും പ്രതീക്ഷയും വായന മുഴുവനാക്കാനാവാത്തതിന്റെ നിരാശയും ഒപ്പം അത്തരത്തിൽ ഒരവസ്ഥയിലേക്കു നയിച്ച സാഹചര്യങ്ങളും അടിസ്ഥാനമാക്കി എന്തെങ്കിലും എഴുതാം എന്ന് ഒടുവിൽ മനസ്സില്ലാമനസ്സോടെ സമ്മതിക്കുകയും ചെയ്തു.

പിറ്റേന്നു ഹരീഷ് എന്നെ വിളിച്ചു. രണ്ടുമൂന്നു ദിവസം മുമ്പു ഞാൻ ഹരീഷിന്റെ വീട്ടിൽ ചെന്നപ്പോൾ തമ്മിൽ കാണാൻ കഴിഞ്ഞിരുന്നില്ല. അതേപ്പറ്റിയൊക്കെയാണു സംസാരിച്ചത്. അപ്പോൾ ഡി സി ബുക്സിൽനിന്നു വിളിച്ച കാര്യം പറഞ്ഞു. നോവലിനെപ്പറ്റി ഞാൻ എഴുതുന്നതിൽ ഹരീഷിനു സന്തോഷമേയുണ്ടായിരുന്നുള്ളു. പക്ഷേ എഴുതുന്ന വിഷയം ഇതാണെന്നു പറഞ്ഞപ്പോൾ ‘അതു വേണോ’ എന്നാണ് ഹരീഷ് ചോദിച്ചത്. നോവൽ മുഴുവൻ വായിച്ച് ഉത്തരവാദിത്വത്തോടേ എഴുതുകയാണു വേണ്ടത്. പക്ഷേ അതു ചെയ്യാനുള്ള പ്രായോഗിക ബുദ്ധിമുട്ടു പറഞ്ഞപ്പോൾ ഹരീഷിനു മനസ്സിലാവുകയും ചെയ്തു. ഫോൺ വയ്ക്കുന്നതിനുമുമ്പ് ഹരീഷ് ഒന്നുകൂടി പറഞ്ഞു: ‘മനോജ്, നോവലിനെപ്പറ്റിയാകുന്നതല്ലേ നല്ലത്? ആറു മാസമൊക്കെയാകുമ്പോൾ ഈ സാഹചര്യങ്ങളും മറ്റും എല്ലാവരും മറക്കും. അപ്പോൾ ഈ ആമുഖത്തിന്റെ പ്രസക്തി ഒന്നാലോചിച്ചുനോക്കൂ.’

ഈ സംസാരം കഴിഞ്ഞയുടൻ ഞാൻ ശ്രീകുമാറിനെ വിളിച്ചു. കുറിപ്പെഴുതാമെന്നും അതു പുസ്തകത്തിലല്ലാതെ മറ്റെവിടെയെങ്കിലും ചേർക്കാമെന്നും പറഞ്ഞു. കാരണം അങ്ങനെയൊരു ആമുഖം ഈ നോവലിന് ആവശ്യമില്ലെന്ന് എനിക്കു തോന്നി. ഹരീഷിന്റെ അത്രയ്ക്ക് ആത്മവിശ്വാസത്തിലുള്ള ശബ്ദം എല്ലാ ആശങ്കകൾക്കും ഉത്തരമായി അനുഭവപ്പെട്ടു. എഴുത്തിനെപ്പറ്റി ഒരെഴുത്താൾക്ക് അങ്ങനെയേ പറയാനാവൂ. അയാളുടെ പ്രയത്നം ഉപരിപ്ലവമായ ചില കാര്യങ്ങളിൽ തളച്ചിടാനുള്ളതല്ല. എഴുത്തിലാണ് അയാളുടെ വിശ്വാസം. എഴുത്തല്ലാതെ അയാൾക്കു മറ്റൊരിടമോ മറ്റേതെങ്കിലും അധികാരമോ ഇല്ല. നോവൽ നോവലായിത്തന്നെ വായിക്കണമെന്നും വായനക്കാർ അതിനെ സ്നേഹിക്കണമെന്നും എഴുതുന്ന മറ്റാരെയും പോലെ അയാൾ ആഗ്രഹിക്കുന്നു.

മീശ ഇന്നു വാങ്ങി. ഹരീഷിന്റെ ആമുഖക്കുറിപ്പു വായിച്ചു. ഒരെഴുത്തുകാരന്റെ ആധികളും പ്രതീക്ഷകളും എഴുത്തിലെ അനിശ്ചിതത്വങ്ങളുമെല്ലാം സഹജമായ നർമ്മം വിടാതെ എഴുതിയിരിക്കുന്നു. എന്റെ ആമുഖം നോവലിനൊപ്പം വരാത്തതിൽ വലിയ ആശ്വാസം തോന്നി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here