മീശ തടയാനാവില്ലെന്ന് വിധി. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ എസ്. ഹരീഷിന്റെ പുതിയ നോവല്‍ മീശ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി മതിയായ കാരണങ്ങൾ ഇല്ലാത്തതിനാൽ തള്ളി. ഇന്നലെ കേസ് പരിഗണിച്ച കോടതി എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ കൈകടത്താനാവില്ലെന്ന് വ്യക്തമാക്കി. എഴുത്തുകാരന്റെ കലാസൃഷ്ടിയുടെ ഒരു പ്രത്യേക ഭാഗം മാത്രമെടുത്തല്ല വായിക്കേണ്ടത്. അദ്ദേഹത്തിന്റെ ഭാവനയേയും സൃഷ്ടിവൈഭവത്തേയും ബഹുമാനിക്കണമെന്നും കോടതി നിരീക്ഷിച്ചു.
നോവല്‍ നിരോധിക്കാനാവില്ലെന്ന് നേരത്തെ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി പരാമര്‍ശം നടത്തിയിരുന്നു. പുസ്തകങ്ങള്‍ നിരോധിക്കുന്നത് ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കുമെന്നും അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.നോവലിലെ ചില ഭാഗങ്ങള്‍ സ്ത്രീകളേയും മതവിശ്വാസത്തെയും വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ദില്ലി മലയാളിയായ രാധാകൃഷ്ണന്‍ വരേണിക്കല്‍ ആണ് സഹര്‍ജി സമര്‍പ്പിച്ചത്.