കെ ആർ മീരയുടെ പുതിയ നോവൽ

14101413020627krmeera

വയലാർ അവാർഡ് നേടുകയും മലയാളത്തിൽ ബെസ്റ്റ് സെല്ലർ ആവുകയും ചെയ്ത ആരാച്ചാർ എന്ന നോവലിന് ശേഷം കെ ആർ മീര പുതിയ നോവലുമായി എത്തുന്നു സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ എന്ന് പേരിട്ടിരിക്കുന്ന നോവലിനെപ്പറ്റി നോവലിസ്റ്റിന് എന്താണ് പറയാനുള്ളതെന്നു നോക്കാം…

bk_8185

“ആരാച്ചാര്‍ എഴുതിത്തീര്‍ന്ന ശേഷം ഞാന്‍ വലിയൊരു വിഷാദത്തിന്റെ അവസ്ഥയിലായിരുന്നു.എന്തെങ്കിലും പുതുതായി എഴുതിയേതീരു എന്നൊരു തോന്നല്‍ എനിക്കുണ്ടായി. പക്ഷേ, അപ്പോള്‍ ആ സമയത്ത് ഒരു വലിയ വെല്ലുവിളി ഉണ്ടായിരുന്നത് ആരാച്ചാര്‍ പോലെയല്ലാത്ത ഒരു നോവല്‍ എഴുതുന്നതായിരുന്നു. ആരാച്ചാരുടെ കുടുക്കിന്റെ ഹാങ്ഓവര്‍ എനിക്കപ്പോഴും മാറിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വലിയൊരുവെല്ലുവിളിയായിരുന്നു എഴുത്ത്. ആരാച്ചാര്‍ എന്ന നോവല്‍ കൈകാര്യം ചെയ്യുന്ന പ്രമേയത്തില്‍നിന്ന് വ്യത്യസ്തമായ ഒരു പ്രമേയംവേണം. വ്യത്യസ്തമായൊരു ശൈലിവേണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എന്റെ എഴുത്തിന് വലിയൊരു ദോഷമുള്ളത് ആരെങ്കിലും കഠിനമായതോതില്‍ നിര്‍ബന്ധിക്കുമ്പോള്‍ മാത്രമാണ് പെട്ടന്ന് എഴുതിത്തീര്‍ക്കാനാകുന്നത് എന്നതാണ്. ആ സമയത്താണ് എന്റെ പഴയ സഹുപ്രവര്‍ത്തനായിരുന്ന മധുചന്ദ്രന്‍ അദ്ദേഹം പത്രാധിപത്യംവഹിക്കുന്ന വനിതയില്‍ ഒരു തുടര്‍ നോവലെഴുതാന്‍നിര്‍ബന്ധിക്കുന്നത്. ഒരു വനിതാമാസികയ്ക്കു യോജിക്കുന്ന തരത്തില്‍ സ്ത്രീകളുടെ അവസ്ഥ കൈകാര്യം ചെയ്യുന്ന ഒരു നോവല്‍. . ആരാച്ചാരിലെ ചേതനയില്‍നിന്നും തികച്ചും വ്യത്യസ്തമായൊരു കഥ, എന്നാല്‍ അതുരോലൊരു സ്ത്രീതന്നെയാണ് പുതിയ നോവലിലെയും കഥാപാത്രവും. രണ്ടുപേരുടെയും അന്തസത്ത ഒന്നായിരിക്കും.എന്നാല്‍ പ്രേമേയവും അതുകൈകാര്യം ചെയ്യുന്ന രീതിയും വ്യത്യസ്തമായിരിക്കും.ഇങ്ങനെയായിരുന്നു എന്റെ ചിന്ത.

‘സൂര്യനെ അണിഞ്ഞ സ്ത്രീ’ എന്ന ബൈബിളിലെ പ്രയോഗം എക്കാലത്തും എന്നെ മോഹിപ്പിച്ചിട്ടുള്ള ഒന്നായിരുന്നു. ഇത് എഴുതുമ്പോള്‍ എന്റെ വലിയൊരാഗ്രഹം, ഞാന്‍ എങ്ങനെയാണോ ആരാച്ചാരിലൂടെ ഇന്ത്യയിലെ സ്ത്രീകളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്ന ഹിംസയുടെ രണ്ടുതലങ്ങളെയും അവതരിപ്പിച്ചത്. അതുപോലെ കേരളീയമായൊരു പശ്ചാത്തലത്തില്‍ ഈ വിഷയം പുതുതായൊരു പ്രേമേയത്തിലൂടെ ആവിഷ്‌കരിക്കുക എന്നതായിരുന്നു. സൂര്യനെ അണിഞ്ഞ സ്ത്രീ എന്ന ബിബ്ലിക്കന്‍പ്രയോഗം ശീര്‍ഷകമാകുമ്പോള്‍ അതിനുതാഴെവരുന്ന എഴുത്ത് സ്ത്രീയുടെ ലോകത്തിന്റെ സര്‍വ്വതലങ്ങളെയും സ്പര്‍ശിക്കുന്നതാകണമെന്ന വിചാരവും എനിക്കുണ്ടായിരുന്നു. ഈ നോവല്‍ എനിക്കുപറയാനുണ്ടായിരുന്ന കഥയുടെ ഒരംശംമാത്രമാണ്. കൈപ്പത്തിയിലെ അഞ്ചുവിരലുകളില്‍ ഒരു വിരല്‍ മാത്രമാണ് ജെസബെല്ലിന്റെ ഈ കഥ. ബാബറിമസ്ജിദ് പൊളിച്ചതിനുശേഷമുള്ള ആഗോളീകരണത്തിന്റെ കാലഘട്ടത്തില്‍ യൗവ്വനത്തിലെത്തിയ ഒരു സ്ത്രീയെങ്ങനെയാണ് അവളുടെ ചരിത്രത്തെ, അവളുടെ ആവശ്യകതയെ, അവളുടെ വൈകാരിക ജീവിതത്തെ , അവളുടെ ലൈംഗികതയെ നേരിടുന്നത് എന്നതാണ് ഈ കഥയിലൂടെ ഞാന്‍ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നത്.

1980കളുടെ ആദ്യത്തില്‍ ജനിച്ച് യൗവ്വനദശയിലൂടെ കടന്നുപോയ സ്ത്രീജീവിതത്തിന്റെ ആവിഷ്‌കാരം എന്നത് മലയാളസാഹിത്യത്തില്‍ വേണ്ട രീതിയില്‍ ഉണ്ടായിട്ടില്ല. നമ്മുടെ യുവഎഴുത്തുകാര്‍ എന്നു വിശേഷിപ്പിക്കുന്നവര്‍ ആവിഷ്‌കരിച്ചത് പലപ്പോഴും ഈ കാലഘട്ടത്തെയുമല്ല. തൊണ്ണൂറുകള്‍ നമ്മെസംബന്ധിച്ചിടത്തോളം ഉണ്ടാക്കിയ സാമൂഹികവും രാഷ്ട്രീയവും താത്വികവുമായ ആഘാതങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. ബാബറിമസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം ആഗോളീകരണത്തിന്റെ വ്യാപനത്തിന്റെ കാലത്ത് ജീവിതത്തെ അഭിസംബോധനചെയ്യുന്ന ഒരു തലമുറ എങ്ങനെയാണ് ചിന്തിക്കുന്നത്. എങ്ങനെയാണ് സ്വയം വിലയിരുത്തുന്നത്. ഇന്റര്‍നെറ്റിന്റെയും വിവരവിപ്ലവത്തിന്റെയും കാലത്ത് അവര്‍ എങ്ങനെയാണ് ലോകത്തെ നോക്കിക്കാണുന്നത് എന്നത് ഇവിടെ ആവിഷ്‌കരിക്കപ്പെട്ടിട്ടില്ല. അഥവാ അങ്ങനെ ഏതെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മുഖ്യധാരയിലേക്ക് കടന്നുവന്നിട്ടില്ല. ഇതെന്നെ ഏറ്റവുംഅലട്ടുന്ന ഒന്നാണ്. എന്റെയും എന്റെ മകളുടെയും തലമുറ എങ്ങനെയാണ് അവരുടെ പ്രശ്‌നങ്ങളെ നേരിടുന്നത്. മറികടക്കുന്നത്, കീഴടങ്ങുന്നത് എന്നൊക്കെ അന്വേഷിക്കുന്നതും ആവിഷ്‌കരിക്കുന്നതും വളരെ പ്രധാനമാണ്. അതാണ് എന്നെ ഇത്തരത്തിലൊരു പ്രമേയത്തിലേക്ക് എത്തിച്ചത്”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here