മീനാക്ഷി അറിയരുത്
‘ ഈ വര്‍ഷത്തെ ഓണം ബംബര്‍ എനിക്കു ലഭിച്ചാല്‍…എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ഖണ്ഡിക എഴുതാന്‍ ആവശ്യപ്പെട്ടതിനു ശേഷം ലേഖനവുമായി ബന്ധപ്പെട്ടു നല്‍കേണ്ട അടുത്ത പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ആലോചനയില്‍ മുഴുകിയിരിക്കുമ്പോഴാണ് അയല്പക്കത്തെ ആറുമുഖന്‍ ഒരു കൊടുങ്കാറ്റു പോലെ ക്ലാസിലേക്കു കടന്നു വന്നത്.
” മാഷേ, മാഷ് വേഗം വീട്ടിലേക്കു ചെല്ലണം ” കിതപ്പിനിടയില്‍ അവന്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു.
” എന്താ ആറുമുഖാ , മീനാക്ഷിയുടെ അച്ഛനു വല്ലതും?”
ഞാന്‍ പരിഭ്രമത്തോടെ തിരക്കി.
” ഏയ് ചേച്ചീടെ അച്ഛനു കുഴപ്പമൊന്നും ഇല്ല മാഷുടെ വീട്ടില്‍ ധനലക്ഷ്മി വന്നിരിക്കുന്നു ”
” ഇതു പറയാനാണോ നീയിങ്ങനെ ഓടിക്കിതച്ചു വന്നത്? ആ കുട്ടിയോടു ഞായറാഴ്ച വന്നാല്‍ മതിയെന്നാണല്ലോ ഞാന്‍ പറഞ്ഞിരുന്നത്. അല്ലെങ്കിലും ഈ എല്‍ ഐ സി ഏജന്റുമാരെ കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലെന്നായിരിക്കുന്നു ”
ഞാന്‍ ആറുമുഖനെ രൂക്ഷമായി നോക്കിക്കൊണ്ടു പറഞ്ഞു.
” അയ്യോ മാഷേ ഇത് ആ ധനലക്ഷ്മിയൊന്നുമല്ല സാക്ഷാല്‍ മഹാലക്ഷ്മി ! മാഷിന് ഓണം ബംബറടിച്ചിരിക്കുന്നു ! അമ്പതു ലക്ഷവും കാറും”
ആറുമുഖന്‍ അടിമുടി ചൊറിഞ്ഞുകൊണ്ട് പറഞ്ഞു.
” അതിനു ഞാന്‍ ടിക്കറ്റെടുത്തിട്ടില്ലല്ലോ ആറുമുഖാ പിന്നെങ്ങനെ….? തൊണ്ടയിടറിക്കൊണ്ട് ഞാന്‍ ചോദിച്ചു.
” അതല്ലേ ഈ ഭാഗ്യത്തിന്റെ കളി ഇന്നു രാവിലെ സാറിങ്ങോട്ടു പോന്നതും, ആ ടിക്കറ്റു വില്പ്പനക്കാരന്‍ മായപ്പന്‍ വീട്ടിലെത്തി ചേച്ചിയെകൊണ്ട് ഒരു ടിക്കറ്റെടുപ്പിച്ചു. സാറ് പറഞ്ഞുവിട്ടതാണെന്നു ആണയിട്ടു പറഞ്ഞിട്ടാണ് ചേച്ചി ടിക്കറ്റെടുത്തത്”
ആറുമുഖന്‍ കാഥികനായി മാറുകയാണ്. അപ്പോഴേക്കും മറ്റു ക്ലാസുകളില്‍ നിന്നുള്ള സഹപ്രവര്‍ത്തകരും കാര്യമറിയാനായി ചുറ്റും വന്നു നിന്നു.
” എന്താ മാഷേ മീനാക്ഷി പ്രസവിച്ചോ?” തങ്കമ്മ ടീച്ചര്‍ വാതിക്കല്‍ വച്ചേ വിളിച്ചു ചോദിച്ചു.
” ചേച്ചി പെറ്റിട്ടൊന്നുമില്ല സാറിന്റെ വീട്ടില്‍ മഹാലക്ഷ്മി വന്നിരിക്കുന്നു ” ആറുമുഖന്‍ അവര്‍ക്കു നേരെ തിരിഞ്ഞു .
” അതാരാ മീനാക്ഷിയുടെ അനിയത്തിക്കുട്ടിയാ?” തങ്കമ്മ ടീച്ചര്‍ ചോദിച്ചു
” ആ അങ്ങനെയും പറയാം ഇനിയങ്ങോട്ട് മീനാക്ഷിച്ചേച്ചിയുടെ അനിയത്തിക്കുട്ടിയായിത്തന്നെ അവര്‍ക്കവിടെ കഴിയേണ്ടി വരും ”
ആറുമുഖന്‍ അപാരഫോമിലാണ് കാര്യത്തിന്റെ കിടപ്പു മനസിലാകാതെ തങ്കമ്മ ടീച്ചറും മറ്റും മിഴിച്ചു നില്ക്കെ ഞാന്‍ ഇടപെട്ടു.
” എനിക്കു ലോട്ടറി കിട്ടിയെന്നാണ് ഇവന്‍ വിളിച്ചു കൂവുന്നത് ഏതായാലും ഞാനൊന്നു വീടു വരെ ചെല്ലട്ടെ ”
ഓഫീസ് മുറിയില്‍ ചെന്ന് ഹെഡ്മാസ്റ്ററെ വിവരം ധരിപ്പിച്ച് ഞാന്‍ വേഗം വീട്ടിലേക്കു ചെന്നു. എന്റെ തലവെട്ടം കണ്ടതും ഒരു പയ്യന്‍ പടക്കത്തിനു തീ കൊടുത്തതും ഒപ്പം.
അതോടെ എന്റെ എല്ലാ സംശയങ്ങളും തീര്‍ന്നു. ഇനിയിപ്പോള്‍ മൂന്നറ്റാക്കു കഴിഞ്ഞ അച്ഛന്റെയും പൂര്‍ണ്ണ ഗര്‍ഭിണിയായ മീനാക്ഷിയുടേയും ഇപ്പോഴത്തെ അവസ്ഥയെന്തെന്നേ അറിയേണ്ടതുള്ളു.
ഭാഗ്യം കാര്‍ണവര്‍ക്ക് കുഴപ്പമൊന്നുമില്ല. മൂപ്പര്‍ പൂമുഖത്തിരുന്ന് മിഠായി വിതരണം നിര്‍വ വഹിക്കുകയാണ്. അകത്ത് ഫുള്‍ സ്പീഡില്‍ കറങ്ങുന്ന ഫാനിനു കീഴെ മീനാക്ഷി ഇരുന്നു വിയര്‍ക്കുകയാണ്. അയലത്തെ പത്തിരുപതോളം സ്ത്രീകള്‍ അവള്‍ക്കു ചുറ്റും നിന്ന് കൂടിയാട്ടം നടത്തുകയാണ്.
” മീന്നാക്ഷി , നീ ലോട്ടറിയെടുക്കുമ്പോള്‍ വഴിപാടു വല്ലതു നേര്‍ന്നിരുന്നോ?”
എല്ലവരും പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ പതുക്കെ അവളുടെ അടുത്തു ചെന്നിരുന്നു തിരക്കി.
” ഞാനങ്ങനെ ആയിരം നേര്‍ച്ചകളൊന്നും നേര്‍ന്നിട്ടില്ല ” മുഖം കുനിച്ചുകൊണ്ടവള്‍ പറഞ്ഞു.
” അപ്പോള്‍ ഒന്നോ രണ്ടോ നേര്‍ന്നിട്ടുണ്ട് അല്ലേ?” ഞാന്‍ നെഞ്ചിടിപ്പോടെ ചോദിച്ചു.
”പരിഹസിക്കുകയൊന്നും വേണ്ട ഭഗവാന്‍ നമുക്ക് അറിഞ്ഞു തരുമ്പോള്‍ നമ്മള്‍ ഭഗവാനെയും അറിയണം”
” അല്ലെന്നു പറഞ്ഞില്ലല്ലോ നീ നേര്‍ന്നതെന്താണെന്നു പറ സ്വര്‍ണ്ണം കൊണ്ട് തുലാഭാരമോ മറ്റോ…”
” ഇങ്ങനെയുമുണ്ടോ ഒരു മനുഷ്യന്‍ ബാങ്കില്‍ പോലും എടുക്കാത്ത ആ മുഷിഞ്ഞു കീറിയ അമ്പതു രൂപ കൊടുത്തു വാങ്ങിയ ലോട്ടറി കിട്ടിയാല്‍ ഗുരുവായൂരിലെ കൊടിമരം സ്വര്‍ണ്ണം പൊതിയാമെന്ന് ഞാനൊരു നേര്‍ച്ച നേര്‍ന്നിട്ടുണ്ട് അത്ര തന്നെ. ഇനിയിപ്പോള്‍ അതറിയാതെ ഇരുപ്പുറച്ചില്ലെന്നു വേണ്ട”
” ചതിച്ചല്ലോ മീന്നാക്ഷി ഇതിലും ഭേദം നമുക്ക് ലോട്ടറി കിട്ടാതിരിക്കുകയാണ്”
കൊടിമരം സ്വര്‍ണ്ണം പൊതിയാന്‍ വരുന്ന ചെലവിന്റെ ഏകദേശരൂപം അവളെ ധരിപ്പിച്ചുകൊണ്ടു ഞാന്‍ പറഞ്ഞു.
” എങ്കില്‍ നമുക്ക് ഈ വീടും പറമ്പും വില്ക്കാം എന്നിട്ടും തികയാതെ വന്നാല്‍ എന്‍ ആര്‍ എ എടുക്കാം ” ഏറെ നേരത്തെ ആലോചനക്കൊടുവില്‍ അവള്‍ പറഞ്ഞു .
” നീ ഇതു പറഞ്ഞില്ലെങ്കിലേ അത്ഭുതമൊള്ളു. തല്ക്കാലം ഇനി പറയുന്നതു കേള്‍ക്കുക. നമ്മള്‍ ഇതാ ഈ നിമിഷം കൊണ്ട് യുക്തിവാദികളാവുകയാണ്. ഈശ്വരന്മാരിലും നേര്‍ച്ചകളിലൊന്നും വിശ്വാസമില്ലാത്ത കറകളഞ്ഞ യുക്തിവാദികള്‍! അടുത്ത മാസം നടക്കാനിരിക്കുന്ന യുക്തിവാദി സംഘത്തിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള കൊടിമര ജാഥയുടെ ചെലവ് നമ്മള്‍ വഹിക്കും അത്രതന്നെ ” ഞാന്‍ രണ്ടും കല്പ്പിച്ച് പറഞ്ഞു.
ഗുരുവായൂരപ്പന് നേര്‍ച്ച നേര്‍ന്നുണ്ടായ മീനാക്ഷി, ഒന്നാം തീയതി എന്നൊന്നുണ്ടങ്കില്‍ ഗുരുവായൂരില്‍ പറന്നെത്തുന്ന മീനാക്ഷി, ഓര്‍മ്മവച്ചതില്‍ പിന്നെ ഗുരുവായൂര്‍ ഏകാദശി മുടക്കിയിട്ടില്ലാത്ത മീനാക്ഷി അവള്‍ എന്നെ ഒറ്റനോട്ടം കൊണ്ട് ദഹിപ്പിക്കുമെന്ന് തന്നെ ഞാന്‍ ഭയപ്പെതാണ്. പക്ഷെ എന്നെ അമ്പരപ്പിച്ചുകൊണ്ട് അവള്‍ നിരുപാധികം എന്നോടു യോജിക്കുകയുണ്ടായി.
ഇപ്പോള്‍ ധര്‍മ്മസങ്കടത്തിലായത് ഈയുള്ളവനാണ്. മീനാക്ഷിയുടെ മനസുമാറുകയും ബംബര്‍ വഴിപാടില്‍ നിന്ന് അവള്‍ പിന്‍തിരിയുകയും ചെയ്താല്‍ ആല്‍ത്തറ ഗണപതിക്ക് ആയിരൊത്തൊന്നു നാളികേരമുടക്കാമെന്ന് ഞാന്‍ നേര്‍ന്നിരുന്നു. അപ്പോഴത്തെ അവസ്ഥയില്‍ അങ്ങനെ നേര്‍ന്നു പോയതാണെന്നു പറഞ്ഞാല്‍ മതിയല്ലോ.
പൂജാമുറിയുടെ വാതില്‍ അടച്ചു പൂട്ടി മീനാക്ഷി യുക്തിവാദിയായി മുന്നില്‍ നില്ക്കുകയാണ് അവള്‍ക്കിപ്പോള്‍ അറിയേണ്ടത് കൊടിമര ജാഥയെക്കുറിച്ചാണ്.
മീനാക്ഷി അറിയാതെ ആയിരൊത്തൊന്നു നാളികേരം ആല്ത്തറ ഗണപതിക്കു മുന്നില്‍ എങ്ങനെ അറിഞ്ഞുടക്കാനാകുമെന്ന ആധിയിലാണ് ഞാനിപ്പോള്‍. അതുകൊണ്ട് നാളീകേര വഴിപാട് മീനാക്ഷിയറിയാതെ നിര്‍വഹിക്കാനിട വരുത്തിയാല്‍ തലമൊട്ടയടിച്ച് മല ചവിട്ടിക്കൊള്ളാമെന്ന് ഒരു നേര്‍ച്ച കൂടി നേര്‍ന്നു . അതെ മീനാക്ഷി അറിയരുത്.
Click this button or press Ctrl+G to toggle between Malayalam and English