— മീ…ടു–

ആത്മസുഹൃത്തിന്റെ പുസ്തകപ്രകാശന കര്‍മ്മം നിര്‍വഹിച്ച് സ്റ്റേജില്‍ നിന്നും ഇറങ്ങുമ്പോഴാണ് ആ കോള്‍ വന്നത്.

” ആരാ…” കവി ചോദിച്ചു.

” എന്നെ മനസിലായില്ലേ ?” ഒരു സ്ത്രീ ശബ്ദം ഒന്നു നിറുത്തിക്കൊണ്ടു അവള്‍ തുടര്‍ന്നു.

” സ്കൂള്‍ സെന്റോഫിന്റെയന്നു ഹൃദയം കൈമാറുകയാണെന്നു പറഞ്ഞ് എന്നെ കെട്ടിപ്പിടിക്കാന്‍ വന്നതൊക്കെ മറന്നോ…?”

ഒരിടിനാദം പോലെയാണ് അതയാളുടെ കാതില്‍ വന്നു തറച്ചത്. അതിനിടയില്‍ അറിയാതെ കവി വിളിച്ചു.

” സിന്ധൂ…”

മീ ടു ആകാന്‍ വിളീച്ചതാകുമോ? കവിക്കു ശരീരം തളരുന്ന പോലെ തോന്നാന്‍ തുടങ്ങി.

” മറന്നിട്ടില്ല അല്ലേ?”അവളുടെ ചിരിയുടെ പൊരുള്‍ മനസിലാകാതെ അയാള്‍ വിയര്‍ത്തു.

” ആള്‍ വല്യ കവിയൊക്കെ ആയപ്പോ മറന്നിട്ടുണ്ടാകുമെന്നാ കരുതിയത് ഞാന്‍ വിളിച്ചതെ…” അവള്‍ വളരെ സൗമ്യമായിട്ടാണ് വിഷയത്തിലേക്കു കടന്നത്.

” എന്റെ മോള്‍ടെ കല്യാണമാണ് ഈ വരുന്ന ഇരുപതാം തീയതി.കുടുംബക്ഷേത്രത്തില്‍ വച്ചിട്ടാണ് കെട്ട്.നിര്‍ബന്ധമായും വരണം”

” ഓക്കെ..” അതോടൊപ്പം അയാളൊരു നെടുനിശ്വാസം വിട്ടു .

” തിരക്കുള്ള ആളാന്നൊക്കെ അറിയാം വന്നില്ലങ്കിലൊണ്ടല്ലോ?” പിന്നെ ചിരിച്ചു കൊണ്ടാണ് അവളതു ചോദിച്ചത്.

” എല്ലാം വിളിച്ചു പറയുന്ന പുതിയൊരു പരിപാടി ഇറങ്ങിയിട്ടില്ലെ?അതിന്റെ പേരെന്താ? ”

” മീ…ടു” കവിയുടെ തൊണ്ടയിടറി.

” ഞാനതെക്കെയങ്ങ് വിളീച്ചു പറയും” ഫോണ്‍ കട്ടായിട്ടും ആ ചിരി കാതില്‍ കിടന്നു മുഴങ്ങുന്ന പോലെ കവിക്കു തോന്നി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here