ഡോ. എൻ. സുബ്രഹ്മണ്യന്റെ ‘അകലങ്ങളിൽ അലിഞ്ഞുപോയവർ എന്ന വ്യതസ്ത കഥാ സമഹാരത്തിന് നോവലിസ്റ്റും കവിയുമായ മനോജ് കുറൂറിന്റെ വായന
‘ഡോ. എൻ. സുബ്രഹ്മണ്യന്റെ ‘അകലങ്ങളിൽ അലിഞ്ഞുപോയവർ’ മനോരോഗവുമായി, മനശ്ശാസ്ത്രവുമായി ബന്ധപ്പെട്ട കഥകളുടെ സമാഹാരമാണ്. ആത്മഹത്യ ചെയ്ത ആറു സാങ്കല്പികകഥാപാത്രങ്ങൾ; അവരെ ആത്മഹത്യയിലേക്കു നയിച്ച മാനസികമായ സാഹചര്യങ്ങളാണു കഥകളിലെ പ്രമേയം.
മനുഷ്യരുടെ മനസ്സ് എത്ര സങ്കീർണമാണ്! യാഥാർത്ഥ്യവും ഭ്രമാത്മകതയും ഇഴചേർന്ന് എന്തൊക്കെ അവസ്ഥകളിലാണ് ഓരോരുത്തരും ചെന്നു ചേരുന്നത്! അവരിൽ ഇരകളും കുറ്റവാളികളുമുണ്ട്. ആത്മഹത്യയുടെ കാരണങ്ങളായി ദാരിദ്ര്യം മുതൽ ലൈംഗികത വരെയുണ്ട്. സാമൂഹിക സാഹചര്യങ്ങൾ മുതൽ ഓരോരുത്തരുടെയും മാനസികമായ സവിശേഷതകൾ വരെ അവയെ നിർണ്ണയിക്കുന്നുമുണ്ട്. ആചാരങ്ങൾ, സദാചാരബോധം തുടങ്ങിയ കാര്യങ്ങളിൽ കർക്കശമായ നിലപാടുകൾ പുലർത്തുന്ന നമ്മുടെ സമൂഹത്തിൽ മറ്റുള്ളവരോടു പങ്കിടാനാവാത്ത പലതുമുണ്ടാകുന്നു. മറ്റൊരാളോടു തുറന്നു സംസാരിക്കുന്നതിനു സാമൂഹികപദവിയുമായി ബന്ധപ്പെട്ട അഭിമാനബോധം ഓരോരുത്തർക്കും തടസ്സമാകുന്നു. മനശ്ശാസ്ത്രജ്ഞരോടും അവർ തുറന്നു സംസാരിക്കാൻ മടികാണിക്കുന്നു. ഉള്ളിൽ കൊണ്ടുനടക്കുന്ന ഭ്രമാത്മകമായ സങ്കല്പങ്ങളും സാഹചര്യങ്ങളും ചേർന്ന് അവരെ ജീവിതത്തിൽനിന്ന്, ഒപ്പം നമുക്കിടയിൽനിന്ന് അകലേക്കു കൊണ്ടുപോവുന്നു.
ആത്മഹത്യയിലേക്കു നയിക്കുന്ന തരത്തിൽ ഓരോരുത്തരുടെയും മനോനില രൂപപ്പെടുകയും വികസിക്കുകയും ചെയ്യുന്നത് ബോധധാരാസമ്പ്രദായത്തിലുള്ള ആഖ്യാനത്തിലൂടെയാണ് മനോരോഗവിദഗ്ദ്ധൻകൂടിയായ കഥാകൃത്ത് വിവരിക്കുന്നത്. നെഞ്ചിടിപ്പോടെയല്ലാതെ ഇതിലെ പല കഥകളും വായിക്കാനാവില്ല. തുറന്ന മനസ്സോടെ ഇവ വായിക്കുന്നത് നമ്മുടെ കാഴ്ചപ്പാടിനെയും വിശാലമാക്കും; മറ്റുള്ളവരെ മനസ്സിലാക്കാനും അവരോടു തുറന്നിടപെടാനുമുള്ള കരുണയും സഹിഷ്ണുതയും നമ്മിലുണ്ടാവേണ്ടതിന്റെ ആവശ്യകത നമ്മെത്തന്നെ ബോധ്യപ്പെടുത്തും. ഒപ്പം നമ്മുടെ സ്വന്തം മനോനിലയെയും സ്വയം ഒന്നു വിശകലനം ചെയ്യാൻ പ്രേരിപ്പിക്കും. നമ്മൾ അടുത്തറിയുന്നവരെയും നമ്മളെത്തന്നെയും ജീവിതത്തിൽ പിടിച്ചു നിർത്താൻ ഇത്തരം പുസ്തകങ്ങൾ സഹായിച്ചേക്കും. ‘അകലങ്ങളിൽ അലിഞ്ഞുപോയവർ’ എന്ന പുസ്തകത്തിന്റെ പ്രസക്തി അതാണ്.
ഗ്രീൻ ബുക്സ് ആണ് ഈ പുസ്തകത്തിന്റെ പ്രസാധകർ.’
@- മനോജ് കുറൂർ
Click this button or press Ctrl+G to toggle between Malayalam and English