കൂന് നിവര്‍ന്നുനിവര്‍ന്ന് നെുനീളത്തിലായി…
മരഞ്ചാടി മന്ദിരത്തിലേക്ക് ഒതുങ്ങി…
ഇതാണെല്ലോ ഡാര്‍വിന്റെ പരിണാമസിദ്ധാന്തം. ഇനിയും തുടരുകയാണ് പരിണാമം.
ഹോമോസാപ്പിയന്‍സ് മെക്കാനോസാപ്പിയന്‍സായി പരിണമിച്ചുകൊണ്ടിരിക്കുന്നു. ഈ പരിണാമം സ്ത്രീകളിലാണ് പ്രകടം. അവരാണത് ആദ്യം മനസ്സിലാക്കിയതും. ഉദാഹരണമായി അവളുടെ കഥതന്നെ പറയാം.
അവള്‍ക്കിപ്പോള്‍ പ്രായം മുപ്പതുകഴിഞ്ഞു. പരമ്പരാഗതശൈലിയില്‍പ്പറഞ്ഞാല്‍ ആയുസ്സിന്റെ മൂന്നിലൊന്നോ പകുതിതന്നെയോ പിന്നിട്ടിരിക്കുന്നു.ജനിച്ചു,വളര്‍ന്നു,പഠിച്ചു,വിവാഹിതയായി – എല്ലാം ചുറ്റിനും സംഭവിക്കുന്നതുപോലെ അവളിലും സംഭവിച്ചു. പക്ഷേ കുറച്ചുനാളായി അവൾ അത് ശ്രദ്ധിക്കുന്നുവത്രേ…. തോന്നലാണോ?! അല്ല…. പലപ്പോഴും അനുഭവപ്പെടുന്നുണ്ട്. ആരോട് പറയാൻ? പറഞ്ഞാൽത്തന്നെ ഭ്രാന്തെന്ന് പുച്ഛിക്കുമല്ലോ. അവസാനം എന്നോടുപറഞ്ഞു. ശ്രദ്ധിച്ചപ്പോൾ ശരിയാണെന്ന് എനിക്കും തോന്നി. ഞാൻ, എന്റെ ഉള്ളിലേക്കും കണ്മുന്നിൽപ്പെട്ട ഓരോ പെണ്ണിന്റെയും ജീവിതത്തിലേക്കും ചൂഴ്ന്നു നോക്കി. ശരിയാണ് മെക്കാനോസാപ്പിയനിസം സംഭവിച്ചുകൊണ്ടിരിക്കുന്നു.
വികാരങ്ങളില്ലെന്നതാണ് അവൾ ഉന്നയിച്ച പ്രധാന പ്രശ്നം. ചിരി, കരച്ചിൽ, ദേഷ്യം, സ്നേഹം തുടങ്ങിയവ വരുന്നുവെങ്കിലും അവ നിസ്സംഗതയിലാണ് നിൽക്കുന്നത്. വൈരുദ്ധ്യമാണിത്; പക്ഷേ, യാഥാർത്ഥ്യവും. മനുഷ്യചോദനയുടെ ഭാഗമായി പലതും സംഭവിക്കുന്നു. പ്രത്യുല്പാദനംപോലും. ഒന്നും ആകർഷിക്കുകയോ മുറിപ്പെടുത്തുകയോ ചെയ്യുന്നില്ലത്രേ. ഒരമ്മയായ അവളുടെ വാക്കുകളിൽ നിസ്സംഗതയുടെ ക്രൂരത ഞാൻ കണ്ടു. ശരിയാണ് യന്ത്രവല്കൃതലോകത്ത് ജീവിക്കുന്ന മനുഷ്യനും ഏതൊക്കെയോ ചെയ്യപ്പെട്ട പ്രോഗ്രാമുകളിലൂടെ ജീവിക്കുന്നു. അവളത് വിവരിച്ചത് സ്വന്തം ജീവിതചര്യ പറഞ്ഞുകൊണ്ടാണ്.
രാവിലെ 4.30 ന് അലാറം അടിക്കുമ്പോൾ ഉണർന്നാൽ പ്രഭാതകൃത്യങ്ങൾക്ക് ശേഷം മുൻവശത്തെ മുറിയിൽ ഒരു തുണിവിരിച്ച് അല്പസമയം കണ്ണടച്ചിരിക്കും. അവിടെ പ്രാർത്ഥനയോ ധ്യാനമോ അതോ മയക്കമോ സംഭവിക്കുന്നതെന്നറിയില്ല. നിശ്ചിതസമയത്ത് ഇത് താനെ അവസാനിപ്പിച്ച് അടുക്കളയിലേക്ക് പ്രവേശിക്കുന്നു. പാല് കാച്ചുന്നു, ചായ എടുക്കുന്നു, വെള്ളം തിളപ്പിക്കുന്നു, അരിയിടുന്നു, കുക്കര്‍ ഒന്നുകൂവിയാല്‍ തീകുറച്ച്,ചൂലെടുത്ത് പുറത്തേക്ക്. തിരിച്ചുവന്ന് കൂട്ടാനും പലഹാരവും ഉണ്ടാക്കുന്നു. രാവിലെ അടുക്കള കളമണിയുന്ന നിലമാണ് – ശ്രദ്ധ, ഏകാഗ്രത, നിറക്കൂട്ടൊരുക്കൽ, അതിരുകള്‍ക്കപ്പുറം നിറയുന്ന മാലിന്യങ്ങൾ, കഴുകുവാനുള്ള പാത്രങ്ങൾ…. അങ്ങനെയങ്ങനെ. വയ്പുപണി കഴിയുമ്പോൾ ഉണരാത്ത വരെ ഉണർത്തും, ദേഷ്യപ്പെടും. പക്ഷേ, അതിന് പഴയ പവറില്ലത്രേ. പിന്നെ കുളി, ഒരുങ്ങിപ്പുറപ്പാട്. അങ്ങനെ ജോലിസ്ഥലത്തെത്തുന്നു. ഒരു ജോലിക്കായി പല പണികൾ ചെയ്ത് വൈകുന്നേരമാകുന്നു. മടങ്ങി വീട്ടിലെത്തിയാൽ കളംമായ്ക്കൽ ആരംഭിക്കും. അടുത്ത ദിവസത്തെ കളത്തിനായി നിലം ഒരുക്കും. അതിനിടയിൽ കുട്ടിയുടെകൂടെ കളിക്കുന്നു, ജപിക്കുന്നു, വര്‍ത്തമാനംപറയുന്നു. ഭര്‍ത്താവെത്തും, പരസ്പരം മെസ്സേജുകൾ കൈമാറും, രാത്രി ഉറക്കത്തിലേക്ക് – എല്ലാം ശരീരത്തിലെ അവയവങ്ങള്‍ ചെയ്യുന്ന പ്രോഗ്രാമ്ഡ് പണികൾതന്നെ. സാമീപ്യം, സ്പർശം ഒന്നും മിന്നൽപ്പിണരുകൾ സൃഷ്ടിക്കുന്നില്ല. അതാണവൾ പറഞ്ഞത് മനുഷ്യ ചോദനയുടെ ഭാഗമായതെല്ലാം യാന്ത്രികമായിമാത്രം നടക്കുന്നുവെന്ന്. മനസ്സ് – ഇന്നുവരെ കാണാത്ത ആ വസ്തു, പെൻ ഹോമോസാപ്പിയന്‍സിന് നഷ്ടപ്പെട്ട് അവൾ മെക്കാനോസാപ്പിയന്‍സായി പരിണമിച്ചുകൊണ്ടിരിക്കുന്നു.
വികാരങ്ങൾ ഇല്ലാതായപ്പോൾ, മനസ്സ് മറനീക്കാഞ്ഞപ്പോൾ ശരീരഭാഷയും മാറിയത്രേ. ശരിയാണ്. ചലനങ്ങളിൽ, ചേഷ്ടകളിൽ എല്ലാം പ്രവൃത്തിയുടെ കണക്കുകളാണ് പ്രതിഫലിക്കുന്നത്. കാലാട്ടുന്നില്ല, നഖം കടിക്കുന്നില്ല, വിരലുകൾ ചുണ്ടത്തിരുന്ന് ചിന്തിക്കുന്നില്ല, തലമുടികൾക്കിടയിൽ വിരലുകൾ പ്രതിവിധികൾ തിരയുന്നില്ല; ഭരതന്റെ സ്ഥായിഭാവങ്ങളല്ലാതെ, വിഭാവാനുഭാവ വ്യഭിചാരികളാൽ രസം നിഷ്പന്നമാകുന്നില്ല. ശരീരം വടിവൊത്ത ചലനങ്ങളിലേക്ക് മാറി. അവയവങ്ങൾ പലതും പ്രവർത്തനരേഖ മാറ്റി.
ഇത് അവളുടെ മാത്രം അവസ്ഥയല്ലാട്ടോ. ഞാനുൾപ്പെടെ പലരിലും ഇത് കാണുന്നു. ജീവനുള്ള യന്ത്രശരീരം. തലച്ചോറുകൊണ്ടുമാത്രം ജീവിക്കുന്നു. മനുഷ്യൻ തന്റെ പതിപ്പിനെ മുന്നേ രൂപപ്പെടുത്തിയിരുന്നല്ലോ, റോബോട്ടുകളായി. ഇവിടെയിതാ ചരിത്രമാകാനൊരുങ്ങി കുറേ യന്ത്രപ്പെണ്ണുങ്ങൾ…. നെടുനീളത്തിൽനിന്നും ചര്യയനുസരിച്ച്, തൊഴിലനുസരിച്ച് മൂശയിലിട്ട് ഉരുവംകൊള്ളുന്ന പല പല രൂപങ്ങൾ, പ്രോഗ്രാമ്ഡ് ജീവിതം നയിക്കുന്നവർ… പരിണാമം… പരിണാമം ഒരു മെക്കാനോസാപ്പിയനിസം!
Click this button or press Ctrl+G to toggle between Malayalam and English