മീടു കാന്പയിനിൽ കുടുങ്ങി ചേതൻ ഭഗത്ത്. ഒരു വനിതാ മാധ്യമപ്രവർത്തകയാണ് ചേതനെതിരേ ആരോപണം ഉന്നയിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. ചേതൻ അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടും യുവതി ട്വിറ്ററിൽ പങ്കുവച്ചു.ഇതിനു നിരുപാധികം മാപ്പു പറഞ്ഞു എഴുത്തുകാരൻ രംഗത്തെത്തിയിട്ടുണ്ട്.
ചേതൻ ഭഗത് തന്നോടു പ്രണയാഭ്യർഥന നടത്തുന്നതിന്‍റെയും അതിന് യുവതി നൽകിയ മറുപടിയുമാണ് സ്ക്രീൻ ഷോട്ടിലുള്ളത്. പ്രണയാഭ്യർത്ഥന നടത്തിയ എഴുത്തുകാരനോട് താങ്കൾ മറ്റുള്ളവരെപ്പോലെ ആകരുതെന്നു സ്ത്രീ പറയുന്നുണ്ട്. എന്നാൽ പിന്നാലെ കൂടിയ ചേതൻ ഏറെക്കാലത്തിനു ശേഷമാണ് ഒരു പെൺകുട്ടി തന്നെ ആകർഷിക്കുന്നതെന്ന് വെളിപ്പെടുത്തുന്നുണ്ട്.
പ്രണയാഭ്യർഥനയുടെ ഈ സ്ക്രീൻ ഷോട്ട് ട്വിറ്ററിൽ പങ്കുവച്ചതോടെ കുറ്റം സമ്മതിച്ച് മാപ്പ് അപേക്ഷയുമായി ചേതൻ രംഗത്തെത്തി. സ്ക്രീൻഷോട്ടുകളും ആരോപണവും ശരിയാണെന്നും സൗഹൃദത്തെ തെറ്റിദ്ധരിച്ചു പോയപ്പോൾ സംഭവിച്ചതാണെന്നും ചേതൻ പറഞ്ഞു. തന്‍റെ ഭാര്യയോട് ഇക്കാര്യം ഇപ്പോൾ തുറന്നു പറഞ്ഞെന്നും അവരോട് മാപ്പ് ചോദിക്കുന്നുവെന്നും ചേതൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറയുന്നു.