ജി. ആർ. ഇന്ദുഗോപന്റെ പുസ്തകമായ വാട്ടർ ബോഡിയെപ്പറ്റി അജയ്. പി. മങ്ങാട്ട് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വായിക്കാം.മഴയും ,വായനയും നിറയുന്ന ഒരു കുറിപ്പ്. ചിന്ത പുബ്ലിക്കേഷൻസ് ആണ് പുസ്തകം പുറത്തിറക്കിയിട്ടുള്ളത്.
“മഴ നിർത്താതെ തുടർന്നാൽ ജീവ ഭയം തോന്നുന്ന ഒരിടത്തായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. അങ്ങനെ പാതിരാക്ക് ഒരു ഇടവപ്പാതിയിൽ പുതപ്പുമെടുത്തു വീട് മാറി കിടന്നിട്ടുണ്ട്. ഒരിക്കൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ ചെളിയിൽ പൂണ്ട മൃതദേഹങ്ങൾ നേരിട്ട് കണ്ടതിന്റെ ഷോക്കിൽ ആകണം എന്റെ പപ്പാ പിന്നെ എപ്പോ മഴ കനത്താലും വല്ലാതെ പേടിക്കുമായിരുന്നു. പെരുമഴയിൽ കുന്നുകൾ ഇടിഞ്ഞു വരുന്നതും പുഴ വെള്ളം പൊങ്ങി വീടും പറമ്പും മുങ്ങുന്നതും പതിവായിരുന്നു. പാടക്കരയിലെ വീടുകൾ ഏതു മഴയിലും വെള്ളമെടുക്കും. ഇപ്രകാരം വെള്ളത്താൽ ചുറ്റപ്പെട്ട ഒരു കുട്ടിക്കാലത്തെ കൊണ്ടുവരുന്ന ജി ആർ ഇന്ദുഗോപൻ എഴുതിയ ഒരു പുസ്‌തകം ഉണ്ട് ‘വാട്ടർ ബോഡി: വെള്ളം കൊണ്ടുള്ള ആത്മകഥ’. ഇന്ദുവിന്റെ ഏറ്റവും മനോഹരമായ രചനയാണത്. എഴുത്തുകാരന്റെ ജീവിതത്തിൽ വെള്ളം വരുന്ന കാലങ്ങൾ മാത്രമെടുത്ത ആത്മ കഥ.
ഈർപ്പം ഒരിക്കലുംഇറങ്ങാത്ത മണ്ണും, സൂചിമുനയുടെ ഇടം പോലും വെട്ടത്തിനു കിട്ടാത്ത അവിടത്തെ രാത്രികളും.. പലജീവജാലങ്ങൾക്കൊപ്പം നമ്മുടെ ആ പ്രാരാബ്ധ ജീവിതം ഓർമ വന്നു, ഇന്നലെ പൊങ്ങിയ വെള്ളത്തിൽ.”