മഴയുടെ മണമുള്ള സ്പ്രേ

 

 

 

 

 

സുഗന്ധ തൈലം വില്‍ക്കുന്ന കടയില്‍ കയറി റാക്കിലെ സകല കുപ്പികളും വാസനിച്ചു നോക്കിയിട്ടും അവളുടെ മുഖത്ത് സന്തോഷത്തിന്റെ, സംതൃപ്തിയുടെ മിന്നലാട്ടം വന്ന് എത്തി നോക്കിയില്ല.

കച്ചവടം നടക്കില്ലെന്നു തിരിച്ചറിഞ്ഞ് ഒത്തിരിയേറേ മടുപ്പുകള്‍ അവിടുന്നും ഇവിടുന്നും തോണ്ടിയെടുത്ത് അതു മുഴുവന്‍ മുഖത്തു വരുത്തി സെയിത്സ്മാന്‍ ചെറുക്കന്‍ സ്പ്രേ കുപ്പികള്‍ അതതു സഥാനങ്ങളില്‍ വീണ്ടൂം നിരത്തി വെയ്ക്കുന്നതു കണ്ടപ്പോള്‍ കരുതലോടെ ഉള്‍ഭയത്തോടെ ആരാഞ്ഞു.

” അതേയ് മഴയുടെ മണമുള്ള സ്പ്രേ ഉണ്ടോ?”

ചെറുക്കന്‍ നീരസത്തോടേ അവളുടെ മുഖത്തേക്കു നോക്കി.

‘മഴയുടെ മണമുള്ള സ്പ്രേയോ?’

തടി ഊരി പോകാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇല്ലാത്തത് ചോദിക്കുകയാണ് അവനു കാര്യം പെട്ടന്ന് ഓടിത്തിരിഞ്ഞു. രാവിലെ ഓരോന്നു കയറി വന്നോളും അവന്‍ പറയാതെ പറഞ്ഞു. ഇവള്‍ സമയം മെനെക്കെടുത്താനെത്തിയ സമയം കൊല്ലിയാണോ? പക്ഷെ അവളുടേ ശരീര ഭാഷ കണ്ടിട്ട്, സംസാര രീതി കേട്ടിട്ട് അങ്ങിനെ തോന്നുന്നേയില്ല.

അവള്‍ പോയ ഉടനെ ചെറുക്കന്‍ മറ്റൊരു കടയിലെ സ്നേഹിതനു വിവരങ്ങള്‍ കൈമാറി. അത് മിക്കവാറും കച്ചവടക്കാരുടെ ഒരു ശീലമാണല്ലോ.

വിവരണങ്ങളില്‍ അല്പ്പ സ്വല്പ്പം വെള്ളം ചേര്‍ക്കാനും മറന്നില്ല. വന്നു പോയത് ഒരു സിനിമാ നടി ആയിരുന്നെന്നു അവനങ്ങ് കാച്ചി വിട്ടു. ഒരു സിനിമാ നടിയുടെ അടുത്ത് നിന്ന് സംസാരിക്കാന്‍ അവനു സാധിച്ചു എന്നു വ്യംഗം.

പിള്ളേരുടെ സംസാര ശകലങ്ങള്‍ കൗണ്ടറിലിരുന്ന് ശ്രവിച്ചിരുന്ന കടയുടമയുടെ തല ഉടനെ വര്‍ക്കൗട്ട് ചെയ്തു. അല്ലെങ്കില്‍ പിന്നെന്തു ബിസിനസുകാരന്‍.

അയാള്‍ തന്റെ ഡയറിയെടുത്ത് സ്പ്രേ കമ്പനികളുടേ ഫോണ്‍ നമ്പറുകള്‍ തിരയാന്‍ തുടങ്ങി.

‘ ബള്‍ക്കായി’ തന്നെ ഓര്‍ഡര്‍ ലഭിച്ച കമ്പനി അടുത്ത ഘട്ടത്തിലേക്കു കടന്നു. ആദ്യ പടിയായി മഴയുടെ മണത്തെ പഠിക്കാന്‍ കമ്പനി ഒരു സമതിയെ തന്നെ ചുമതലപ്പെടുത്തി.

മണീക്കൂറുകളുടെ കാലാവധിക്കുള്ളില്‍ റിപ്പോര്‍ട്ട് എംഡിയുടെ മേശപ്പുറത്തെത്തി.

പ്രൈവറ്റ് കമ്പനികളീല്‍ ചുവപ്പുനാടയും പേപ്പര്‍ വെയിറ്റും തടസമാകാറില്ലല്ലോ.

‘ എം ഡി നിരീക്ഷണ പരീക്ഷണ റിപ്പോര്‍ട്ടുകളിലൂടെ കണ്ണോടിച്ചു.

‘ ചെളീക്കുണ്ടില്‍ പതിക്കുന്ന മഴയുടെ മണം ‘

‘ ത്രസിക്കുന്ന യവ്വന ശരീരഭാഗങ്ങള്‍ സ്പര്‍ശിച്ച് നുണഞ്ഞു പതഞ്ഞൊഴുകുന്ന പുഴ ‘

‘കര്‍ഷകന്റെ വിയര്‍പ്പു മണവുമായി ചേര്‍ന്ന് ഭൂമിയിലേക്ക് ഒഴുകിയിറങ്ങുന്ന മഴ’

‘പൊടി മണ്ണാകുന്ന കന്യാത്വത്തിലേക്ക് ആഴ്ന്ന് വന്യതയോടെ പെയ്തിറങ്ങുന്ന മഴ’

നഗരത്തില്‍ മഴയുടെ മണമുള്ള സ്പ്രേ ‘ ലോഞ്ചിംഗ്” ഒരു മഹാ സംഭവം തന്നെയായി മാറി.

പരസ്യത്തിന്റെ സകല സാദ്ധ്യതകളും നവ മാധ്യമശൈലിയോടെ പ്രയോജനപ്പെടുത്താന്‍ കമ്പനി മറന്നില്ല.

മഴയുടെ മണമുള്ള സ്പ്രേ വില്പ്പനക്കു മാത്രമായി കമ്പനി ഔട്ട് ലെറ്റുകള്‍ തുറന്നു.

സുഗന്ധ തൈലക്കുപ്പികള്‍ കടയില്‍ പ്രൗഡിയോടെ ആ പെണ്‍കുട്ടിയുടേ വരവും പ്രതീക്ഷിച്ചിരുന്നു.

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here