മഴയോട്

mazhayod

നീ കേള്‍ക്കുന്നില്ലേ,മനസ്സുരുകി

കൊണ്ടുള്ള എന്‍റെ പ്രാര്‍ത്ഥനകള്‍

അറിയുന്നില്ലേ,നിനക്കായി

കാലങ്ങളായുള്ള എന്‍ കാത്തിരിപ്പ്

നിന്നെയൊന്നു കാണാതെ

നിന്‍ സ്പര്‍ശമേല്ക്കാതെ

വരണ്ടുണങ്ങി മാറു പിളര്‍ന്നു

വിലപിക്കും പാവം ധരിത്രി ഞാന്‍

നീയെന്നരികത്തണയുവാന്‍

ഞാനത്രമേല്‍ കൊതിച്ചീടുന്നു

ഖിന്നയാണു ഞാന്‍,സഹിക്കാവുന്നതി-

നപ്പുറമാണെന്നുള്ളിലെ സങ്കടം

നെഞ്ചിലെ ചൂടേറ്റ് വളര്‍ന്ന പൊന്നുമക്കളി-

ന്നെന്നെ കൊല്ലാതെകൊല്ലുന്നു

എന്നുടയാടകള്‍ വലിച്ചുകീറിയെന്‍ നഗ്നമേനിയില്‍

മഴുമുനകളാല്‍ മുറിവേല്‍പ്പിക്കുന്നു

ഒരു ചാറ്റല്‍മഴയായിയെങ്കിലും വന്നു നീ

എന്നെ തലോടി ആശ്വസിപ്പിക്കുക

നിന്നമൃതൂറും പെയ്ത്തിലെന്‍

കദനങ്ങളൊക്കെയും കഴുകിക്കളയുക

മൃദുചുംബനമാം കുങ്കുമം

എന്‍നെറുകയില്‍ ചാര്‍ത്തുക

നിന്‍ സ്പര്‍ശനത്താലെന്‍ മേനി

തളിരിതമാകട്ടെ, മുറിവുകളുണങ്ങട്ടെ

ഈയുളളവളോടെന്തിനിത്ര പരിഭവം

നൊന്തുപെറ്റ മക്കള്‍ നരാധമന്മാര്‍

കാട്ടുന്ന ക്രൂരതയ്ക്കും ശിക്ഷയെനിക്കോ

അവര്‍ക്കുവേണ്ടി ഞാന്‍ മാപ്പിരക്കുന്നു

ചുട്ടുപൊള്ളുമീ വേനല്‍തപത്തില്‍

സൂര്യന്‍റെ രോഷാഗ്നിയേല്‍ക്കാതെ കുട

നിവര്‍ത്തിതന്നിരുന്ന തരുക്കളും ഇന്നില്ല

കേഴുകയാണ് മനംനൊന്തു കേഴുകയാണ് ഞാന്‍

ഒരുവട്ടമെങ്കിലുംനീയെന്‍ ചാരത്തെത്തുക

എന്‍മാറില്‍ പറ്റിച്ചേര്‍ന്നുറങ്ങുന്ന കരിഞ്ഞുണങ്ങിയ

ഉണ്ണിപുല്ക്കൊടികളുടെ ദാഹം മാറ്റാനെങ്കിലും

ഇനിയും നീയെത്താനമാന്തിച്ചാല്‍

ഒരിറ്റു ദാഹനീര്‍ കിട്ടാതെ,കൊടും വരള്‍ച്ചയി-

ലുണങ്ങി ശുഷ്കിച്ച്, സ്വയം ചിതക്കൂട്ടിയാചിതയി-

ലെരിഞ്ഞില്ലാതെയാകും ഞാന്‍.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here