കാതിനിമ്പം പകരും പാട്ടുകള്‍
ഒത്തിരി പാടാനറിയുന്ന
താളത്തോടെ നൃത്തമാടുന്ന
പ്രിയമെഴും കൂട്ടുകാരി, നീ മഴ
പ്രണയമായ്, കദനമായ്, പ്രളയമായ്
എത്രയോ രൂപഭാവങ്ങളില്‍
പെയ്താടുന്നു നീ
അവനിയാമമ്മയെ അല്പാല്പമായി
കൊന്നുതിന്നുന്ന മക്കളെയൊരു
പാഠം പഠിപ്പിക്കുവാന്‍ സൂര്യന്‍
കഠിനതാപം കൊണ്ടു പ്രഹരിക്കുമ്പോള്‍
ചുട്ടുപൊള്ളുന്ന വേനലില്‍
വെന്തുരുകുന്നഗ്നിയില്‍
ഒരു സാന്ത്വനമായ്, തലോടലായ്
എത്തുന്നുവോ മഴ, നീ ആശ്വാസമഴ
കദനങ്ങളേറെ നിറഞ്ഞു കനത്തു വിങ്ങും
കറുത്തു കരുവാളിച്ച മേഘക്കൂട്ടങ്ങള്‍
ദുഃഖങ്ങളൊക്കെയും നിരാശയും
കണ്ണുനീരായി പെയ്തുതീര്‍ക്കുന്ന
വറുതിക്കറുതിയില്ലാത്താടിമാസത്തില്‍
മഴ , നീ കദനമഴ
ഒരു മൃദുസ്പര്‍ശമായി, ലോലസംഗീതമായി
സ്വപ്നങ്ങളുടെ താളമായി
പ്രണയത്തിന്‍ കനവുകള്‍
പങ്കുവയ്ക്കുവാനുറ്റ തോഴിയായ്
വന്നെത്തുമ്പോള്‍ മഴ, നീ പ്രണയമഴ
ചിങ്ങത്തില്‍ ചിന്നിചിതറി
വല്ലപ്പോഴും വിരുന്നിനെത്തുന്ന അതിഥിപ്പോല്‍
ആവണിപ്പൂക്കളെ തഴുകുവാനെത്തുന്നു നീ
പൂക്കളില്ലാതെ നിരാശനായ് മടങ്ങുന്നുവോ
മഴയെ വരവേല്‍ക്കാനിന്നില്ല
ഇളകിയാടും പച്ചിലക്കാടുകള്‍
പച്ച പുതച്ച പാടങ്ങളും
പുതുമണമുയര്‍ത്താന്‍ മണ്ണുമില്ല
ദേഷ്യമുണ്ട് മേഘങ്ങള്‍ക്കും നീലാകാശത്തിനും
മാനുഷകുലത്തോടൊക്കെയും
അമര്‍ത്തുന്ന രോഷവും ദുഃഖവും
ഇടിമുഴക്കത്തിന്‍ പൊട്ടിത്തെറിയായി
ഉറഞ്ഞുതുള്ളും വെള്ളിവാളായി
ആഞ്ഞുവീശുന്നു തുലാവര്‍ഷവും
കുഞ്ഞുങ്ങള്‍ക്കു തെറ്റിനൊരു
കൊച്ചുശിക്ഷ പോലൊരു പേടിപ്പെടുത്തലായ്
എന്നിട്ടും പഠിക്കുന്നുണ്ടോ നരാധമന്മാര്‍
ചിതക്കൂട്ടുന്നു ചിലര്‍
ആ ചിതയില്‍ കത്തിയെരിയുന്നു ഹരിതസമ്പത്തൊക്കെയും
പ്രകൃതി തന്‍ തേങ്ങലുകളുയരുന്നു
ആ തേങ്ങലുകളില്‍ മാഞ്ഞുമാഞ്ഞില്ലാതാകുന്നു
ജന്മനാടിന്‍ പൈതൃകം
പൃഥി തന്‍ കണ്ണീരുകണ്ടു
മനം നൊന്തു ശപിച്ചീടുന്നു നീലവാനം
ആ ശാപമൊടുവിലൊരു
പെരുമ്മഴയായി, മഹാപ്രളയമായി
സര്‍വ്വവും വിഴുങ്ങുന്ന സര്‍പ്പമായി
സംഹാരതാണ്ഡവമാടുന്നു
അതിലെല്ലാം തകര്‍ന്നു
ഉറ്റവരും ഉടയവരുമില്ലാതെ
വര്‍ണ്ണങ്ങളില്ലാതെ
സ്വപ്നങ്ങളില്ലാതെ
ഒന്നുമവശേഷിക്കാതെ
അലയുമ്പോഴെങ്കിലും
അവസാനിക്കുമോ, മര്‍ത്ത്യ,
നരനായി പിറന്നതിലുള്ള നിന്നഹങ്കാരം