മഴ തന്നെ ജീവിതം

mazha

 

“എന്തൊരു നശിച്ച മഴയായിത്. സാരി മൊത്തം നനഞ്ഞു. ” മഴയെ പഴിച്ചുകൊണ്ടാണ് അവള്‍ വീട്ടിലേക്ക് കയറിവന്നത്.

“അല്ല, നീയല്ലേ രണ്ടുമൂന്നു ദിവസം മുന്‍പേ പറഞ്ഞത് മഴ കാണാന്‍ നല്ല രസമാണെന്ന്‍”.

“അത് പിന്നെ വീട്ടിലിരുന്നുകൊണ്ട് പുറത്തു മഴ പെയ്യുന്നത് കാണാന്‍ നല്ല രസമാണ്. മഴയത്ത് പൊറത്തേടേലും പോകേണ്ടിവന്നാലാ എടങ്ങാറ്. ആകെ നനഞ്ഞ് ചെളിയൊക്കെ തെറിച്ച്, ഹോ വല്ലാത്ത പാടുതന്നെയാ”.

“പിന്നേ മഴ നിനക്കാവശ്യമുള്ളപ്പോള്‍ മാത്രം ആവശ്യമുള്ളയളവില്‍ പെയ്യണോ”.

ഇവള് മാത്രമല്ല എല്ലാ മനുഷ്യരും ഇങ്ങനെ തന്നെയാ. എന്തൊരു കാര്യവും കിട്ടാതിരുന്നാല്‍ കൈയ്യെത്തും ദൂരത്തില്ലാതിരുന്നാല്‍ ‘ഇല്ല, ഇല്ല’ എന്നു പരാതി പറഞ്ഞുകൊണ്ടേയിരിക്കും. ഇനി കിട്ടികൊണ്ടിരുന്നാലോ വേഗമങ്ങട് മടുക്കുകയും ചെയ്യും. അത് സ്നേഹമായാല്‍ പോലും.

ഞാന്‍ സഹതാപപൂര്‍വ്വം മഴയെ നോക്കി. അപ്പോള്‍ പരിഭവത്തോടെ മഴ പറഞ്ഞു.

“ഞാന്‍ ആരേയും ദ്രോഹിക്കുന്നില്ല. എല്ലാവരേയും എന്നും സ്നേഹിക്കുന്നേയുള്ളൂ. നേരിയ മന്ദഹാസത്തോടെ മൂളിപ്പാട്ടും പാടി തഴുകുവാനെത്തുന്ന പ്രണയിനിയായി, കലമ്പികൊണ്ട് ശാസിച്ചു നിങ്ങള്ടെ തെറ്റുതിരുത്തുന്ന അച്ഛനമ്മമാരായി. ചിലപ്പോള്‍ കാറ്റിനെ നേരത്തേ പറഞ്ഞുവിട്ട് എന്‍റെ വരവറിയിച്ചു ശബ്ദകോലാഹലങ്ങളോടെ മിന്നല്‍വെളിച്ചം വീശി പടപുറപ്പാടോടെ പ്രളയമായി എത്തി ദുഃഖതടങ്കലില്‍ നിന്നും നിങ്ങളെ രക്ഷിക്കുന്ന ധീരയോദ്ധാവാം മൃത്യുവായി എല്ലാം നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നേയുള്ളൂ.

ഇപ്പോയെന്നെ കുറ്റം പറയുന്നവര്‍, കുറച്ചു മാസങ്ങള്‍ ഞാനൊന്നു മാറി നിന്നു നോക്കട്ടെ അപ്പോ പറയും ‘എന്തൊരു ചൂടായിത്, ആ മഴയൊന്ന്‍ പെയ്തിരുന്നുവെങ്കിലെന്ന്‍.’ ചൂടിനെ പഴിക്കുമ്പോള്‍ നിങ്ങള്‍ ഓര്‍ക്കാറേയില്ല എന്നും ചൂടും വെളിച്ചവും തരുന്ന സൂര്യന്‍ ഒരുദിവസം ഉദിക്കാതിരുന്നാല്‍ എന്തായിരിക്കും അവസ്ഥയെന്ന്‍”.

ചിന്തകള്‍ അങ്ങനെ കാടു കയറി ഒരു കടിഞ്ഞാണുമില്ലാതെ പോയികൊണ്ടിരിക്കുന്ന സമയത്താണ് എന്‍റെ ആത്മാര്‍ത്ഥ സുഹൃത്തും അയല്‍വാസിയുമായ സന്ദീപ് കയറി വന്നത്. ഞാനും സന്ദീപും പിന്നെ അജിത്തും ഞങ്ങള്‍ മൂന്നു പേരും ഒന്നാം ക്ലാസ് തൊട്ട് പി ജി വരെ ഒരുമിച്ച് പഠിച്ചവരാണ്. കോഴ്സ് കഴിഞ്ഞിട്ട് അഞ്ചാറുവര്‍ഷമായെങ്കിലും ആ സൗഹൃദത്തില്‍ ഒരു പൊടി പോലും പെടാതെ ഞങ്ങള്‍ കാത്തു സൂക്ഷിക്കുന്നുണ്ട്. സന്ദീപിനെ ക്കുറിച്ച് പറയുകയാണെങ്കില്‍, അനശ്വര പ്രണയത്തിന്‍റെ തേരിലേറി സഞ്ചരിക്കുന്ന ഒരു പാവം കാമുകന്‍. മഴയും വെയിലും നിലാവും ഇരുട്ടും എന്നു വേണ്ട പ്രപഞ്ചത്തെ മുഴുവനും ഒരുപോലെ ഇഷ്ടപ്പെടാന്‍ കഴിയുന്നവന്‍. ചിലപ്പോ എല്ലാത്തിലും അവന്‍, അവന്‍റെ പ്രണയിനിയുടെ മുഖം ദര്‍ശിക്കുന്നതുകൊണ്ടാകാം അവനതു സാധിക്കുന്നത്. ജീവിതം അതിസുന്ദരമെന്നു പറഞ്ഞു നടക്കുന്ന ചുരുക്കം ചിലരില്‍ ഒരാള്‍. പക്ഷേ ഇന്നവന്‍റെയീ വരവും മുഖഭാവവുമൊന്നും അത്ര പന്തിയല്ലല്ലോ. അവന്‍റെ കണ്ണുകളിലെ വെളിച്ചം തീര്‍ത്തും മങ്ങിയതുപോലെ. എന്തു പറ്റിയാവോ

“എന്തുപറ്റിയെടാ, നിന്‍റെ കിളി പറന്നുപോയോ” അവന്‍റെ മൂഡ്‌ മാറ്റിയെടുക്കാനായി ഞാനല്പം തമാശ കലര്‍ത്തി ചോദിച്ചു. ഒരു പൊട്ടി കരച്ചിലായിരുന്നു മറുപടി.

“എന്താ, എന്തുപറ്റിയെടാ”

“അവള്‍ക്കു വേറെ കല്യാണമുറപ്പിച്ചു. ഇപ്പോ അവള് പറയ്യ്യാ നമ്മുക്കെല്ലാം മറക്കാമെന്ന്‍. എനിക്ക് അവളില്ലാതെ പറ്റില്ലെടാ. ഞാനെത്ര ആത്മാര്‍ത്ഥമായിട്ടു സ്നേഹിച്ചതാ. ഈ ലോകം ഇത്ര നെറികെട്ടതായി പോയല്ലോ. ഒന്നിനെയും വിശ്വസിക്കാന്‍ കൊള്ളത്തില്ല. അവളില്ലാതെ എനിക്ക് ജീവിക്കണ്ട. ഞാനീ ജീവിതം അവസാനിപ്പിക്കാന്‍ പോവുകയാ”

“നീയൊന്നു സമാധാനമായിട്ടിരി, ജീവിതം അതിസുന്ദരമെന്ന്‍ പറഞ്ഞുനടക്കുന്ന നീ ഒരു പ്രണയം ഇല്ലാതാകുമ്പോഴേക്കും അവസാനിപ്പിക്കാന്‍ തക്കവിധം ജീവിതത്തെ വെറുത്തുവോ. നമ്മുക്ക് എല്ലാത്തിനും പരിഹാരമുണ്ടാക്കാം.

“ഇല്ലെടാ രാജു, അവളില്ലാതെ എനിക്ക് പറ്റില്ല. എനിക്കെനി ജീവിക്കണ്ട”

അവന്‍റെ കണ്ണുകളിലേക്ക് നോക്കിയപ്പോള്‍ എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ. എനിക്കാകെ ഭയമായി. പ്രണയനൈരാശ്യത്താല്‍ അവന്‍റെ സമനില തെറ്റിയിരിക്കയാണെന്ന് എനിക്ക് മനസ്സിലായി. ഞാനവനെ കഴിയാവുന്നതും പറഞ്ഞു സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. അവന്‍ നോര്‍മലായീന്നു എനിക്കു തന്നെ ബോധ്യം വന്ന ശേഷം മാത്രമേ ഞാനവനെ പറഞ്ഞുവിട്ടുള്ളൂ. പിറ്റേന്നു കാലത്ത് മൊബൈല്‍ റിംഗടിക്കുന്നതു കേട്ടാണ് ഞാനുണര്‍ന്നതു തന്നെ. അജിത്താണ്.

“നീയറിഞ്ഞോ” വെപ്രാളത്തോടെയുള്ള അവന്‍റെ ചോദ്യം കേട്ടപ്പോള്‍ ഞാനൊന്നു ഞെട്ടി.

“എന്താടാ, എന്തുപറ്റി”

“നമ്മുടെ സന്ദീപ് ഒരു മണ്ടത്തരം കാണിച്ചു. അവനിന്നലെ രാത്രി വിഷം കഴിച്ചു. ഇപ്പോ സിറ്റി ഹോസ്പിറ്റലില്‍ ഐ. സി. യു വിലാ ഉള്ളത്. കൊറച്ച് ക്രിട്ടിക്കലാ. നീ വേഗം സിറ്റി ഹോസ്പിറ്റലിലോട്ടു വാ”

“ഞാന്‍ സിറ്റി ഹോസ്പിറ്റലിലെത്തുമ്പോള്‍ ഐ. സി. യു വിന്‍റെ വാതില്‍ക്കലില്‍ കരഞ്ഞുകൊണ്ട്‌ നില്‍ക്കുകയാണ് സന്ദീപിന്‍റെ അമ്മയും അനിയത്തിമാരും. അവര് നാലു പെണ്ണുങ്ങള്‍ക്ക്‌ ആകെക്കൂടിയുള്ള ആശ്രയവും പ്രതീക്ഷയുമാണ് സന്ദീപ്. അവരെയെന്തു പറഞ്ഞ് ആശ്വസിപ്പിക്കണം എന്നെനിക്കറിയില്ലായിരുന്നു

“ഞങ്ങള്‍ ഡോക്ടറെ കണ്ടിട്ടു വരാം” അതും പറഞ്ഞ് ഞാനും അജിത്തും കൂടി ഡോക്ടറുടെ മുറി ലക്ഷ്യമാക്കി നടന്നു.

“നിങ്ങളുടെ സുഹൃത്ത് ഇപ്പോഴും ക്രിട്ടിക്കല്‍ കണ്ടീഷനില്‍ തന്നെയാ. 48 മണിക്കൂറ് കഴിഞ്ഞേ എന്തെങ്കിലും പറയ്യാനൊക്കുകയുള്ളൂ. ഞങ്ങള്ടെ കഴിവിന്‍റെ പരമാവധി ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. നല്ലതിനായി നമുക്ക് ദൈവത്തോട് പ്രാര്‍ത്ഥിക്കാം. “ഡോക്ടറുടെ വാക്കുകള്‍ കൂടി കേട്ടപ്പോള്‍ ഞങ്ങളുടെ വെപ്രാളം ഇരട്ടിച്ചു.

നേരം പാതിരയായി. കരഞ്ഞു കരഞ്ഞു തളര്‍ന്നു ഒരു മൂലയ്ക്ക് നില്പുണ്ട് സന്ദീപിന്‍റെ അമ്മയും അനിയത്തിമാരും. എന്തു ചെയ്യണമെന്നറിയാതെ വെരുകിനെപോലെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ് ഞാനും അജിത്തും. അപ്പോഴാണ് ഐ. സി. യു വിന്‍റെ വാതില്‍ തുറന്ന്‍ ഒരു നഴ്സ് പുറത്തേക്ക് വന്നത്.

“ആരാ രാജു, പേഷ്യന്‍റിന് ബോധം വന്നിട്ടുണ്ട്. രാജുവിനെ കാണണമെന്ന്‍”

നഴ്സിന്‍റെ കൂടെ ഐ സി യു വിലേക്ക് പ്രവേശിക്കുമ്പോള്‍ എനിക്കാകെ വെപ്രാളമായിരുന്നു. എന്തിനായിരിക്കും അവനെന്നെ കാണണമെന്നു പറഞ്ഞത്. ഞാനടുത്തെത്തിയപ്പോള്‍ പാതിയടഞ്ഞ കണ്ണുകള്‍ പണിപ്പെട്ട് തുറന്ന്‍ അവന്‍ എന്നെയൊന്നു നോക്കി. എന്നിട്ട് അവ്യക്തമായി മുറിച്ചു മുറിച്ചു പറഞ്ഞു.

“എടാ രാജൂ, എനിക്ക് മരിക്കണ്ട, ജീവിക്കണം. അവള് പോണെങ്കില്‍ പോട്ടെ. അവളെക്കാളും എനിക്കിപ്പം പ്രിയം എന്‍റെയീ ജീവിതത്തോടാ. അതെനിക്ക് വേണം. നീ ഡോക്ടറോട് പറ എന്നെ എങ്ങനെയെങ്കിലും രക്ഷിക്കാന്. അല്ലേല് എന്നെ വേറെ ഏതെങ്കിലും നല്ല ആശുപത്രിയിലേക്ക് കൊണ്ടുപോ. “അത്രയും പറഞ്ഞു തീര്‍ന്നതും അവന്‍റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.

“ഇല്ലെടാ, നിനക്കൊന്നും സംഭവിക്കില്ല. ഞാന്‍ ഡോക്ടറോട് സംസാരിച്ചിരുന്നു. രണ്ടുദിവസം കൊണ്ട് റൂമിലേക്ക് മാറാന്‍ പറ്റും.”

അങ്ങനെ പറഞ്ഞ് അവനെ ആശ്വസിപ്പിക്കാനും അങ്ങനെ തന്നെ വിശ്വസിക്കാനുമാണ് എനിക്കപ്പോ തോന്നിയത്. ഞാന്‍ ഐ. സി.യു വില്‍ നിന്നും പുറത്തേക്ക് കടന്നു.

അപ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു. ഞാന്‍ ആശുപത്രി ജനലിലൂടെ മഴയെ തന്നെ കുറെ നേരം നോക്കിനിന്നു. എന്‍റെ മുഖത്തേക്ക് മഴതുള്ളികള്‍ തെറിച്ചപ്പോള്‍ മഴയതിന്‍റെ നീണ്ട കരങ്ങള്‍ നീട്ടി എന്‍റെ കണ്ണുനീര്‍ തുടക്കുന്നത്പോലെയാണ് എനിക്കു തോന്നിയത്. മഴ എന്നെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.

“എന്നെപോലെ തന്നെയാണ് മനുഷ്യനു ജീവിതവും. ജീവിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിന്‍റെ മൂല്യവും സൗന്ദര്യവുമൊന്നും മനസ്സിലാകത്തേയില്ല. അല്പനേരത്തേക്ക് എങ്കിലും ജീവിതം തന്നില്‍ നിന്ന്‍ അകന്നു നില്ക്കുമ്പോഴേ അതിന്‍റെ മഹത്വം അവനറിയുന്നുള്ളൂ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here