മഴ

 

 

 

 

 

 

 

 

മനുവിന്റെ പ്രാർഥനകൾ വിഫലമാക്കിക്കൊണ്ട് മഴ കോരിച്ചൊരിഞ്ഞുകൊണ്ടിരുന്നു. ബസ്സിന്റെ്റെ ഷട്ടറുകൾ ഓരോന്നായി താഴേക്ക് ഊർന്നിറങ്ങി. ഇടക്ക് ഷട്ടറുകൾ അൽപം ഉയർത്തി പുറത്തേയ്ക്ക് നോക്കികൊണ്ടിരിക്കുന്നതിനിടക്കാണ് പുറകിൽ നിന്ന് ഒരു കൈ മനുവിൻ്റെ തോളിൽ വന്ന് വീണത്. അച്ഛന്റെ സുഹൃത്ത് സാബു ചേട്ടനാണ്.

“മോൻ പുറത്തേക്ക് പോകുവാന്ന് അച്ഛൻ പറഞ്ഞിരുന്നു . എന്നാ പോകുന്നേ?” അയാൾ ചോദിച്ചു.

“നാളെയാ അങ്കിൾ , രാവിലെ വീട്ടിൽ നിന്നിറങ്ങണം”

“എന്നിട്ടാണോ ഈ മഴയത്ത് ഇങ്ങനെ കറങ്ങിനടക്കുന്നേ?” അയാൾ തൻ്റെ കരുതൽ പ്രകടമാക്കി.

” തറവാട്ടിൽ പോയതാ. ഇറങ്ങിയപ്പോൾ അൽപം താമസിച്ചു.” രണ്ടു വിരലുകൾകൊണ്ട് ഷട്ടർ അൽപം ഉയർത്തി പുറത്തേക്ക് നോക്കിയിട്ട് മനു തുടർന്നു,

“സാബു ചേട്ടാ ഞാൻ ഇവിടെ ഇറങ്ങിയേക്കുവാ. സ്റ്റോപ്പെത്തി. പിന്നേ കാണാം”

“ശരി മോനെ, ഇനി വരുമ്പോ കാണാം”. പുഞ്ചിരിക്കുന്ന മുഖവുമായി അയാൾ മനുവിനെ യാത്രയാക്കി. മനു സീറ്റിൽ നിന് എഴുന്നേറ്റ് വാതിലിനരികിലേക്ക് നിങ്ങി. ബസ്സ് നിന്നു അവൻ ബസിൽ നിന്നും ആ മഴയിലേക്ക് കാലെടുത്ത് വച്ചു.ആകാശം നിറഞ്ഞുനിന്ന കാർമേഘകെട്ടുകൾ ഉറഞ്ഞുതുള്ളി പെയ്തിറങ്ങി. രാവിലെ വീട്ടിൽനിന്നിറങ്ങിയപ്പോൾ ആകാശത്ത് സൂര്യൻ ഒറ്റക്കായിരുന്നു. അതുകൊണ്ട് തന്നെ കുടയുടെ കാര്യം ഓർത്തതുമില്ല. മറ്റു വഴികൾ ഏതുമില്ലാതെ മനു റോഡിന് എതിർവശത്തുള്ള ബസ് സ്റ്റോപ്പിലേക്ക് ഓടിക്കയറി.

ബസ്സ്റ്റോപ്പിലേക്ക് നടന്നുകയറിയപ്പോൾ ഓർമ്മകളുടെ കാർമേഘം മനസ്സിൽ വന്നു മൂടുന്നത് അവനറിഞ്ഞു. ഒരു പക്ഷേ ഈ മഴ ഒരു നിമിത്തമാകാം. ഈ നാട്ടിൽ നിന്നും പോകും മുന്നേ ചില ഓർമ്മകളിലൂടെ പിന്നോട്ട് നടത്താനുള്ള ഒരു നിമിത്തം. ഏതോ ഒരു മാന്ത്രിക വലയത്തിൽ അകപെട്ടതുപോലെ മനു ആ മഴയിലേക്കിറങ്ങി തന്റെ വീടിനു നേരെയുള്ള ഇടവഴിയിലൂടെ മുന്നോട്ട് നടന്നു. ഓർമ്മകളുടെ മയക്കത്തിലേക്ക് അവനെ തള്ളിവിടാനുള്ള മരുന്നായി മഴ രൂപം മാറി. ഓർമ്മകൾ കുത്തിയൊലിച്ച് ഒഴുകിക്കൊണ്ടിരുന്ന ആ വഴിയിലൂടെ രണ്ടു വർഷം പിന്നോട്ട്……

പിജി കഴിഞ്ഞ് തിരിച്ചെത്തി രണ്ടാഴ്ച കഴിഞ്ഞ പ്പോഴാണ് അച്ഛന്റെ അധ്യാപക സുഹൃത്ത് ബെന്നി സാർ വീട്ടിൽ വന്നത്. പുറത്തേക്ക് പോകാനുള്ള മനുവിന്റെ ശ്രമങ്ങൾ തുടങ്ങുന്നതിനും മുൻപായിരുന്നു അത്. വീട്ടിലെ വിരസമായ പകലുകളേക്കുറിച്ചുള്ള സംഭാഷണത്തിനിടക്കാണ് സാർ താൻ പ്രിൻസിപ്പാളായ സി ബി എസ് സി സ്കൂളിലേക്ക് ഒരു അവസരം വച്ചു നീട്ടിയത്. വീട്ടിലിരുന്ന് മുഷിഞ്ഞു തുടങ്ങിയ മനു ഇരുകൈയ്യും നീട്ടി ആ അവസരം സ്വീകരിച്ചു. അങ്ങനെയാണ് അടുത്ത തിങ്കളാഴ്ച അവനാ മഴ നനഞ്ഞത്.

സർക്കാർ ജോലിയോ സ്ഥിരവരുമാന മാർഗ്ഗമോ ഒന്നുമല്ലാഞ്ഞിട്ടും ആദ്യമായി ജോലിക്കു പോകുന്നതിന്റെ എല്ലാ അങ്കലാപ്പും, പരിഭ്രമവും മനുവിനും അതിനേക്കാളുപരി വീട്ടുകാർക്കും ഉണ്ടായിരുന്നു. അലക്കിതേച്ച ഷർട്ടും, പാന്റ്സും ധരിച്ച്, അച്ഛന്റെയും അമ്മയുടേയും അനുഗ്രഹവും വാങ്ങിച്ച് അവൻ വീട്ടിൽ നിന്നും ഇറങ്ങി. സന്തോഷത്തോടെയും അഭിമാനത്തോടെയും തന്നെ യാത്രയാക്കുന്ന അച്ഛന്റെയും അമ്മയുടേയും മുഖങ്ങൾ ഒരിക്കൽക്കൂടി മനസ്സിൽ പതിപ്പിച്ചശേഷം അവൻ അവരുടെ കാഴ്ചയിൽ നിന്നും മറഞ്ഞു. വീട്ടിൽ നിന്നും അഞ്ച് മിനുട്ട് നടക്കാനുണ്ട് മെയിന്‍ റോഡിലേക്ക്. അവിടുന്ന് സ്കൂൾ ഉൾപ്പടേയുള്ള പട്ടണഭാഗത്തേക്ക് ബസ്സിൽ വീണ്ടും അഞ്ച് മിനുട്ട്. ഇതെല്ലാം മനസ്സിൽ കണക്കുകൂട്ടി മനു മുന്നോട്ട് നടന്നു. പലവിധ പേടികളും മനസ്സിൽ മിന്നിമറഞ്ഞു. “ഇനി ബസ്സെങ്ങാനും വൈകി വരുമോ ? അതോ ഇല്ലാതെ തന്നെ വരുമോ?” അവൻ ഭയന്നു. ഇല്ലാ. ഇന്നെന്തായാലും അങ്ങനെയൊന്നും സംഭവിക്കില്ല. സ്വയം ധൈര്യപെടുത്തി അവൻ ബസ്സ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു. .

ഭയപാടുകൾ ഓരോന്നായി ഇല്ലാതാക്കി മുന്നോട്ട് നടക്കുമ്പോഴാണ് ദേഹത്ത് അവിടിവിടെയായി ചെറിയ തണുപ്പനുഭവപെട്ടത്. കാരണമന്വേഷിച്ച് ചുറ്റും തിരിയുന്നതിന് മുന്നേ തന്നെ ഗംഭീര ശബ്ദത്തോടെ മഴ ആർത്തലച്ചെത്തിയിരുന്നു. ഉടനടി കൈ ബാഗിലൂടെ പരതിയെങ്കിലും നിരാശയായിരുന്നു ഫലം. രാവിലെതന്നെ ആകാശം ഇരുണ്ടിരുന്നു. സൂചനകണ്ട് അമ്മ കരുതലോടെ കുട മേശപ്പുറം വരെ എത്തിച്ചിരുന്നു. അവിടുന്ന് അത് ബാഗിനുള്ളിലേക്ക് എത്തിയില്ല. ആദ്യദിനം തന്നെ നനഞ്ഞുകുതിർന്ന് സ്കൂളിലേക്ക് കയറിച്ചെയ്യുന്നതിനേക്കുറിച്ച് അവന് ചിന്തിക്കാനാകുമായിരുന്നില്ല.

വീട്ടിലേക്ക് തിരികെ നടക്കാനുറച്ച് തിരിഞ്ഞപ്പോഴാണ് ഒരു കുടയുമായി അവൾ മുന്നിൽ വന്നു നിന്നത്. മനുവിനെ കണ്ടമാത്രയിൽ അവൾ നിന്നു. വേഗം കുടയിലേക്ക് കയറാൻ അവൾ പറഞ്ഞു. മറ്റൊന്നും ആലോചിക്കാതെയും പറയാതെയും അവൻ വേഗം ആ കുടക്കീഴിലേക്ക് കയറി നിന്നു. പിന്നീട് പലവട്ടം അതിനു പിന്നിലെ യുക്തിയേക്കുറിച്ച് അവൻ തലപുകച്ചെങ്കിലും ഉത്തരം അന്യമായിരുന്നു.

മനുവിന്റെ വീട്ടിൽ നിന്നും അരകിലോമീറ്റർ മാറിയാണ് രേഷ്മയുടെ വീട്. പക്ഷേ അവർ അന്നുവരെ കണ്ടുപരിചയം മാത്രമുള്ളവർ ആയിരുന്നു. ഓർമ്മിക്കതക്ക ഒരു സംഭാഷണം പോലും അവർക്കിടയിൽ ഉണ്ടായതായി അവൻ ഓർക്കുന്നില്ല. എങ്കിലും അന്ന് ആ മഴയത്ത് തന്റെ കുടക്കീഴിലേക്ക് അവൾ അവനെ ക്ഷണിച്ചു. അവൻ ആ ക്ഷണം സ്വീകരിച്ചു.

നഗരത്തിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജോലിക്കാരി ആയിരുന്നു അവൾ. ദിവസവും അവന്റെ വീടിനു മുന്നിലൂടെ ആയിരുന്നു അവൾ കടന്നു പൊയ്കൊണ്ടിരുന്നത്. അവൻ അത് ശ്രദ്ധിച്ചിരുന്നിലെന്ന് മാത്രം.

“മനു പഠിപ്പൊക്കെ കഴിഞ്ഞ് തിരിച്ചെത്തിയത് ഞാനറിഞ്ഞിരുന്നു. ഇന്നിതെങ്ങോട്ടാ രാവിലെ ഒരു യാത്ര ?” കുടക്കീഴിലെ മൂകതക്ക് വിരാമമിട്ടു കൊണ്ട് അവൾ ചോദിച്ചു.

” വീട്ടിലിരുന്ന് മടുത്ത് തുടങ്ങിയിരുന്നു. അച്ഛന്റെ സുഹൃത്തൊരാൾ ടൗണിൽ ഒരു സ്കൂളിലെ പ്രിൻസിപ്പാളാ. സാർ ആ സ്കൂളിൽ തൽകാലത്തേക്ക് ഒരു ജോലി തരപെടുത്തിയിട്ടുണ്ട്. ഇന്നെന്റെ ആദ്യ ദിവസമാണ്. ” നിശബ്ദതയുടെ അസ്വസ്ഥത നീങ്ങിയ സന്തോഷത്തിൽ അവൻ മറുപടി നൽകി.

” അതു കൊള്ളാലോ . എന്നിട്ടാണ് മഴയും നനഞ്ഞ് ഈ വഴിയരികിൽ നിന്നു പോയത്. ആട്ടേ ഏതു സ്കൂളിലാ ?”

” സെന്റ് ജോൺസ് “

” ആഹാ നമ്മൾ അടുത്താണല്ലോ. സ്കൂളിന്റെ ഇത്തിരി മാറിയിരിക്കുന്ന ഒരു കെട്ടിടമില്ലേ. ഒരു മുന്നുനില കെട്ടിടം. അവിടെ ഒരു ഫിനാൻസുണ്ട്. അവിടാ എനിക്ക് ജോലി. സ്ഥിരമായിട്ടല്ല കേട്ടോ. പി എസ് സിക്ക് പഠിക്കുന്നുണ്ട്, അതിനിടക്ക് ഒരു വരുമാനവും ആകുമല്ലോ.” അവൾ പറഞ്ഞു നിർത്തി.

സംസാരത്തിനിടക്ക് നടന്നുതീർത്ത ദൂരത്തെ പറ്റി അവർ അറിഞ്ഞില്ല. ഒടുവിൽ ബസ്സ്റ്റോപ്പെത്തി. അവിടെവച്ചും അവർ സംസാരം തുടർന്നു. അങ്ങനെ ആ സംഭാഷത്തിനിടക്കാണ് അവരിരുവരും മടങ്ങിവരുന്ന സമയവും ഏകദേശം ഒന്നാണെന്ന് അവർ മനസ്സിലാക്കി. ബസ്സ് വന്നു നിന്നപ്പോൾ വൈകിട്ട് കാണാം എന്നു പറഞ്ഞാണ് അവൾ വണ്ടിയിലേക്ക് കയറിയത്. അതു വെറും ഭംഗിവാക്കാണെന്നു കരുതിയാണ് അവനും ആ ബസ്സിലേക്ക് കയറിയത്. സ്കൂളിലെ ആദ്യ ദിനമത്രയും മനുവിന്റെ ചിന്തകൾ ജോലിയേക്കുറിച്ചൊന്നും ആയിരുന്നില്ല. മറിച്ച് ആ മഴയേയും രേഷ്മയേയും കുറിച്ചായിരുന്നു.

അന്നു വൈകിട്ടു മാത്രമായിരുന്നില്ല, പിന്നീടങ്ങോട്ട് കുറേ കാലം രാവിലേയും വൈകിട്ടും അവരുടെ യാത്രകൾ ഒരുമിച്ചായിരുന്നു. സൗഹൃദത്തിൽ തഴച്ചു വളർന്ന ഒട്ടനേകം സംഭാഷണങ്ങൾ അവർക്കിടയിൽ ഉടലെടുത്തു. രേഷ്മയുടെ ഊർജസ്വലതയും, പ്രസരിപ്പും മനുവിനെ അവളിലേക്ക് കൂടുതൽ ആകർഷിച്ചു. മനു വൈകിയിറങ്ങിയ ദിവസങ്ങളിൽ രേഷ്മ അവന്റെ ഉമ്മറത്ത് അവനായി കാത്തിരുന്നു. പക്ഷേ, ഇതിനെല്ലാം അപ്പുറം തന്റെ മനസ്സ് പതിയെ സൗഹൃദത്തിന്റെ ചില്ലയിൽ നിന്നും പ്രണയത്തിന്റെ ചില്ലയിലേക്ക് ചേക്കേറുന്നത് തെല്ലാശങ്കയോടെ അവനറിഞ്ഞു.

സൗഹൃദത്തിന്റെ സ്വാതന്ത്ര്യത്തിൽ നിന്ന് പ്രണയത്തിന്റെ ചില്ലുകൂട്ടിലേക്ക് അവന്റെ മനസ്സ് കടന്നുപോയ മാറ്റം പേടിയുടേതായി. അവർ ഒരുമിച്ചുള്ള സമയങ്ങളിൽ പലതും മനുവിന് ആധിയുടേതായി. നെഞ്ചിൽ ഭാരമുള്ള ഒരു കരിങ്കല്ലെടുത്ത് കെട്ടിവച്ചിരിക്കുന്ന പോലെ അവന്റെ മനസ്സ് ഭാരപെട്ടു. തുറന്നുപറച്ചിലിനായി അവൻ പലവട്ടം തയ്യാറെടുപ്പുകൾ നടത്തി. പലപോഴും ഭയമെന്ന ഭൂതം അവനെ വഞ്ചിച്ചു. അവളുടെ സൗഹൃദം എന്ന വലിയ ആഡംബരം അവനെ പ്രലോഭിപ്പിച്ചു. തയ്യാറെടുപ്പുകൾ വിഫലമായി ക്കൊണ്ടിരുന്നു.

അങ്ങനെയിരിക്കെ ഒരു രാവിലെ അവരുടെ പതിവുകളിൽ ചെറിയ മാറ്റം വന്നു. മഴയുണ്ടായിരുന്നതിനാൽ കുടയുമായി മനു തന്റെ വീടിന്റെ പടിക്കൽ രേഷ്മക്കായി കാത്തിരുന്നു. അതിനു മുൻപ് ഒരിക്കൽപോലും മനുവിന് അവൾക്കായി കാത്തു നിൽക്കണ്ടി വന്നിട്ടില്ല. അധികം താമസിയാതെ രേഷ്മ വന്നു. വന്നപ്പോഴാകട്ടെ അവളുടെ മുഖം പെയ്യുന്ന കാർമേഘകെട്ടിനെ ഓർമ്മിപ്പിച്ചു. താൻ ആരാധിച്ചിരുന്ന ആ മുഖത്തിന്റെ പ്രഭ ഇന്നിലെന്ന് മനസ്സിലാക്കാൻ അവനു പ്രയാസമുണ്ടായില്ല. പെട്ടന്നുള്ള മാറ്റത്തിന്റെ കാരണമറിയാൻ അവന് ആകാംഷ തോന്നിയെങ്കിലും, മൗനത്തിന്റെ പക്ഷം പിടിക്കാനാണ് അവൻ തീരുമാനിച്ചത്. പക്ഷേ ഏറെ നേരം ആകംഷയുടെ കെട്ടുപൊട്ടിക്കാതിരിക്കാൻ അവനായില്ല. അധികം ആലോചിക്കാതെ അവൻ അവളോട് മുഖത്തെ ഭാവമാറ്റത്തിന്റെ കാരണമാരാഞ്ഞു. അൽപം കൂടി മുന്നോട്ട് പോയ ശേഷമാണ് അവന് മറുപടി കിട്ടിയത്.

“മനു, ഞാൻ മനുവിനോട് ഇതുവരെ സൂചിപിക്കാത്ത ഒരു കാര്യമുണ്ട്. അധികം വൈകാതെ ഞാനതു പറഞ്ഞേനെ. ഇങ്ങനെ അതു പറയാനല്ല ഞാനഗ്രഹിച്ചത്. എനിക്ക് ഒരാളെ ഇഷ്മാണ്. പ്ലസ് ടു തൊട്ടേ ഉള്ളതാണ്. അവൻ എന്റെയൊപ്പമാണ് പഠിച്ചേ. ജീവനെന്നാ പേര്. ഇപ്പോ ഒരുവർഷമായിട്ട് അയർലണ്ടിലാ.”

കരിങ്കല്ലു പോലെ നിശ്ചലവും നിർമ്മികാരവുമായിപോയ മുഖവുമായി മനു ഈ മുഖവുര കേട്ടു. യാന്ത്രികമായ ചുവടുകൾ ഒഴിച്ചാൽ അകമേ അവൻ നിശ്ചലമായിപ്പോയിരുന്നു. അവൾ തുടർന്നു.

” മനുവിന് അറിയാമല്ലോ, എന്റെ ഇത്രയും കാലത്തെ ജീവിതം മുഴുവൻ ഇവിടെയായിരുന്നു. ഞാൻ പഠിക്കാനും , പിന്നീട് ജോലി ചെയ്യാനും തിരഞ്ഞെടുത്തത് ഇവിടം തന്നെയാ. എനിക്ക് വേണ്ടെപെട്ടവർ എല്ലാം ഇവിടെയാ എന്റെ നാട്ടിൽ. അങ്ങനെ അല്ലാതെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ജീവൻ മാത്രമാ. പക്ഷേ അവനിവിടം നരകമാണ്. നാടിനോട് തികഞ്ഞ പുച്ഛമാണ് . ഇവിടെ നിന്ന് രക്ഷപെട്ടതിന്റെ കഥയേ അവന് എപ്പോഴും പറയാനുള്ളു. ഞങ്ങൾക്കിടയിൽ ഇടക്കുണ്ടാകാറുള്ള തർക്കങ്ങളുടെ ഏക കാരണം ഇതാ. ആദ്യമൊക്കെ എന്നെ കളിയാക്കാനുള്ള വെറുമൊരു വിഷയം മാത്രമായിരുന്നു ഇത്. പക്ഷെ ഇപ്പോൾ കാര്യങ്ങൾക്ക് ഗൗരവം കൂടി വരുന്നു. അവനവിടെ സെറ്റിൽ ആകണമെന്നാണ് ഇപ്പോ പറയുന്നത്. ഞാനും അങ്ങ് ചെല്ലണമെന്ന്. സാധാരണ ഞാൻ ഇത്തരം ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാറാണ് പതിവ് പക്ഷേ ഇന്ന് രാവിലെ വിളിച്ചപ്പോൾ ഒന്നുകിൽ ഞാൻ അല്ലെങ്കിൽ നിന്റെ നാട് എന്നായിരിക്കുന്നു. എനിക്കിത് താങ്ങാൻ വയ്യ. “

അവളുടെ വാക്കുകൾ ഇടറി. കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അവൻ കണ്ടു. പിന്നീടവരൊന്നും മിണ്ടിയല്ല. ആ നിശബദതയിൽ അവൾ ആശ്വാസം കണ്ടെത്തുമെന്ന് അവന് തോന്നി. അല്ലെങ്കിലും എന്ത് പറഞ്ഞ് സമാധാനിപ്പിക്കണമെന്നോ, എങ്ങനെ അവളോട് സംസാരിക്കണമെന്നോ അവന് നിശ്ചയം ഉണ്ടായിരുന്നില്ല. ആ തോരാ മഴയത്തും അവന് ചൂടനുഭവപെട്ടു.

അന്നത്തെ പകൽ മനുവിന് ഒരു സ്വപനം പോലെ അവ്യക്തമായിരുന്നു. വൈകിട്ട് വണ്ടിയിറങ്ങി നടന്നപ്പോഴും രാവിലത്തെ ആ മൗനം അവരെ പിന്തുടർന്നു. സ്വാന്തനത്തിന്റെ ഒരു വാക്കുപോലും പറയാതെ അന്ന് പിരിയാൻ അവനാകുമായിരുന്നില്ല. ഒരു പുഞ്ചിരി സംഘടിപ്പിക്കാൻ അവൻ ആവത് പണിപെട്ടെങ്കിലും കഴിഞ്ഞില്ല.

” ഒരു തിരഞ്ഞെടുപ്പിന് നിന്നെ സഹായിക്കാനൊന്നും ഞാൻ ആളല്ല. പക്ഷെ തീരുമാനം എന്താണെങ്കിലും അതെടുക്കാനുള്ള സമയം ഇനിയും ആയിട്ടില്ലന്നേ എനിക്ക് പറയാനുള്ളു. പുറത്ത് പഠിക്കുന്ന കുറച്ച് കൂട്ടുകാർ എനിക്കും ഉണ്ട്. ഇവിടെ നിന്ന് പോകുമ്പോഴും അവിടെ എത്തി കുറച്ചു കാലവും സ്വർഗ്ഗത്തിലാണെന്നാണ് അവരും കരുതിയത്. പക്ഷേ, യാഥാര്ത്ഥ്യം അധികം വൈകാതെ അവരെ തേടിയെത്തിയിട്ടും ഉണ്ട്. ജീവനും ആ വഴിയിലാ. അൽപം സമയം കെടുത്താൽ മതി. അവനും സത്യം തിരിച്ചറിയണ്ടിവരും. അന്ന് അവൻ തന്നെ ആ തിരഞ്ഞെടുപ്പ് നടത്തി തരും. നീ ഒന്നു കാത്തിരുന്നാൽ മതി ” അവൻ പറഞ്ഞു നിർത്തി.


വാക്കുകൾക്ക് ഇടർച്ച വരാതെ എങ്ങനെ ഇത്രയും പറഞ്ഞു വെച്ചെന്ന് അവനു മനസ്സിലായില്ല. മനസ്സിൽ ഓർത്തു വച്ചതു തന്നെയാണോ വാക്കായി പുറഞ്ഞു വന്നതെന്നും അവൻ ശ്രദ്ധിച്ചില്ല. മനുവിന്റെ വീടെത്താറായിരുന്നു. രേഷ്മ അവന്റെ മുഖത്ത് നോക്കി നന്ദിയോടെ പുഞ്ചിരിച്ചു. ആ മുഖത്ത് ആശ്വാസത്തിന്റെ തീരത്തെത്തിയ സൂചനയൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ കൂടുതലൊന്നും അവന് ചെയ്യാനാകുമായിരുന്നില്ല. ഭാരിച്ച മനസ്സുമായി അവൻ വീടിന്റെ പടികൾ കയറി.

പിന്നീട് പല ദിവസങ്ങളിലും രേഷ്മയുടെ മനസ്സ് കലുഷിതമായിരുന്നു. അവൾ അവനോട് തുറന്നു സംസാരിച്ചുകൊണ്ടിരുന്നു. വേദനയോടെയെങ്കിലും അവൻ അവർക്കു ചുറ്റും ആശ്വാസ വാക്കുകളുടെ കോട്ട കെട്ടി. പക്ഷേ മനുവിന്റെ ആശ്വാസ വാക്കുകൾ പലതും രേഷ്മയുടെ കാതുകൾ കേൾക്കാതെ പോയി. അവളുടെ സങ്കങ്ങൾക്കു മുന്നിൽ തന്റെ വാക്കുകൾ നിർവീര്യമായി പോകുന്നത് വേദനയോടെ അവൻ അറിഞ്ഞു. വാക്കുകളുടെ ശകതിയിലുള്ള അവന്റെ വിശ്വാസം നഷ്ടപെട്ടു. അതുകൊണ്ട് തന്നെ തന്റെ ഉള്ളിലുള്ളതൊന്നും ഏറ്റുപറയാൻ അവന് ധൈര്യം കിട്ടിയില്ല.

ദിവസങ്ങളും ആഴ്ചകളും പിന്നേയും കടന്നുപോയി. മഴയും വെയിലും മാറി മാറി വന്നു. രേഷ്മയുടെ മുഖഭാവങ്ങളും ആകാശം പോലെ പ്രവചനാതീതമായി തീർന്നു. ഇടക്കൊക്കെ മനുവിന്റെ അടുത്ത് മനസ്സ് തുറക്കുന്നതൊഴിച്ചാൽ എല്ലാം തന്നിലേക്ക് തന്നെ സൂക്ഷിക്കാനാണ് അവൾ താൽപര്യപെട്ടത്. ആ തീരുമാനത്ത മനു ചോദ്യം ചെയ്തില്ലതാനും. എന്നാൽ അതിനൊരു മാറ്റം വന്നത് അവളുടെ ഓഫീസിൽ ജെറിൻ എന്നൊരു ചെറുപ്പക്കാരൻ പുതുതായി എത്തിയപ്പോഴാണ്. അതവൾക്ക് ഒരനുഗ്രഹമായി ഭവിച്ചു. പകൽ നേരത്തേ വിരസമായ ജോലി സമയങ്ങളിൽ അവന്റെ സാമീപ്യം അവൾക്കൊരു ആശ്വാസമായിരുന്നു. അവന്റെ തമാശകളും വിശേഷങ്ങളുമെല്ലാം പതിയെ മനുവിനും പരിചിതമായിക്കൊണ്ടിരുന്നു. രേഷമയുടെ ചിന്തയകൾക്കും പ്രവർത്തികൾക്കും അൽപം കൂടി നിറങ്ങൾ വയ്ക്കുന്നതായി മനുവിന് തോന്നി.

ആഴ്ചകൾ പിന്നേയും ഓടിമറഞ്ഞു. രേഷ്മ പഴയ പ്രസന്നതയിലേക്ക് മടങ്ങിവന്നുകൊണ്ടിരുന്നു. ജീവനേക്കുറിച്ചുള്ള സംസാരങ്ങൾ തീരെ ഇല്ലാതെ ആയി. അങ്ങനെയിരിക്കെ ഒരു വൈകുന്നേരം രേഷ്മ ആ ബസ്സിന് വന്നിറങ്ങില്ല. സാധാരണ എന്തെങ്കിലും മറ്റു തിരക്കുകൾ ഉണ്ടെങ്കിൽ അവൾ മുൻകൂട്ടി പറയാറുള്ളതാണ്. ചുരുക്കം ചില ദിവസങ്ങളിൽ ബസ്സിലുള്ള തിരക്കു കാരണം അതിൽ കയറിക്കൂടാൻ പറ്റാതെ പോകാറുണ്ട്. അത്തരത്തിൽ എന്തെങ്കിലും ഇന്നും സംഭവിച്ചിരിക്കാമെന്ന് ബസ്സിലെ തിരക്ക് മുൻ നിർത്തി അവൻ ഊഹിച്ചു. പിറ്റേന്ന് രാവിലെ അവളെ കണ്ടുമുട്ടിയേപ്പോൾ അവൻ തലന്നത്തേ സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. ഓഫീസിൽ നിന്നിറങ്ങാൻ താമസിച്ചതുകൊണ്ട് ബസ്സ് കിട്ടിയില്ലെന്നും ജെറിൻ വീട്ടിൽ കൊണ്ടുചെന്ന് വിട്ടെന്നും അവൾ മറുപടി നൽകി. മറ്റു പല വിശേഷങ്ങളുടെ ഇടക്ക് ഇതും അങ്ങനെ മുങ്ങിപ്പോയി.

പക്ഷേ, പിന്നീടങ്ങോട്ട് പല യാത്രകളിലും മനു തനിച്ചായി. പലപ്പോഴും അവന് കൂട്ടിനായി എത്തിയത് മഴയും കാറ്റുമൊക്കെ ആയിരുന്നു. ആദ്യമൊക്കെ ഈ ഏകാന്തയാത്രകൾ അവനെ വളരെയധികം അസ്വസ്ഥനാക്കി. പക്ഷേ പിന്നിടങ്ങോട്ട് യാഥാർത്ഥ്യങ്ങൾ വികാരങ്ങളെ കീഴ്പെടുത്തി. ഇത്തരം വിഷമതകളെല്ലാം അവൻ മറന്നിരുന്നത് അവധി ദിവസങ്ങളിലായിരുന്നു. മിക്ക ഞായറാഴ്ചകളിലും രേഷ്മ മനുവിന്റെ വീട്ടിൽ ഒരു അതിഥിയായി എത്തി. അവർ ദീർഘനേരം സംഭാഷണങ്ങളിൽ മുഴുകി. പക്ഷേ ഒരിക്കൽ പോലും ജീവനേക്കുറിച്ചോ ജെറിനേക്കുറിച്ചോ അവൾ ഒന്നും പറഞ്ഞില്ല. മനുവൊട്ട് ചോദിച്ചതുമില്ല. അതിന്റെ ആവശ്യവും ഉണ്ടായിരുന്നില്ല. പ്രണയത്തിന്റെ കടലോരത്തു നിന്നും സൗഹ്യദത്തിന്റെ അരുവികരയിലേക്ക് തിരികെ നീന്താൻ ശ്രമിക്കുകയായിരുന്നു അവൻ. പക്ഷേ, ഒഴുക്കിനെതിരെയുള്ള ആ യാത്ര അത്ര എളുപ്പമായിരുന്നില്ല.

ഒടുവിൽ എല്ലാത്തിനും പരിഹാരമെന്ന നിലക്ക് മനു പുറത്തേക്ക് പോകാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി. ഒരിടക്ക് ഇത്തരം ആഗ്രഹങ്ങളെല്ലാം രേഷ്മയുടെ സാമീപ്യത്തിനായി അവൻ മറന്നു തുടങ്ങിയതായിരുന്നു. പക്ഷേ, ഭൂതകാലത്തിന്റെ അത്തരം പ്രലോഭനങ്ങർക്കിനിയും പ്രസക്തിയില്ലെന്നുള്ള തിരിച്ചറിച്ചറിവ്വ് അവനെ ആഗ്രഹങ്ങളുടെ പാതയിൽ തിരിച്ചെത്തിച്ചു. അധികം വൈകാതെ അവൻ സ്കൂളിലെ ജോലി വേണ്ടെന്ന് വച്ചു. അങ്ങനെ ഒറ്റക്കുള്ള യാത്രകൾക്ക് വിരാമമായി. ഏതാനും മാസങ്ങൾക്ക് ശേഷം കാനഡക്കുള്ള യാത്രക്കാവശ്യമായ കാര്യങ്ങളെല്ലാം ശരിയാക്കി. വീട്ടുകാരെല്ലാം വലിയ തിരക്കിലും, ഉൽസാഹത്തിലുമായിരുന്നു. പക്ഷേ, അവന്റെ മനസ്സു മാത്രം വേറെവിടെയൊക്കെയോ ചുറ്റിത്തിരിഞ്ഞു. അതുകൊണ്ടാണ് പോകുന്നതിന്റെ തലേന്ന് തറവാട്ടിലേക്കെന്ന് പറഞ്ഞവൻ വീട്ടിൽനിന്നിറങ്ങിയത്.

ഓർമ്മകളുടെ മായാലോകത്തു നിന്നും തിരികെ വന്നപ്പോഴേക്കും ഒരു മഴ പെയ്തു തോർന്നിരുന്നു. ഇരുട്ടിന് കട്ടി കൂടി കൂടി വന്നു. ആ ഇടവഴിയിലൂടെ അലസ്സനായി അവൻ നടന്നുനീങ്ങി. മനസ്സപ്പോഴും കലങ്ങിമറിഞ്ഞുകൊണ്ടിരുന്നു.

യാത്രയുടെ വിവരം രേഷ്മ അറിഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച വീട്ടിൽ വന്നപ്പോൾ അവനത് പറഞ്ഞിരുന്നു. അതിശയകരമായ ഭാവമാറ്റങ്ങളെന്നും ആ മുഖത്ത് കണ്ടില്ല. അവന്റെ ആഗ്രഹം സഫലമാകുന്നതിന്റെ സന്തോഷം മാത്രമായിരുന്നു ആ മുഖത്ത്. അന്ന് യാത്ര പറഞ്ഞിറങ്ങിയതാണ്. പോകുന്ന മുന്നേ ഇനി കാണാനാകുമോ എന്നറിയില്ല. പക്ഷേ, ഇപ്പോൾ മനസ്സിൽ ഒരു വിങ്ങൽ. അവളോട് സംസാരിക്കാനും ഉള്ളിലുള്ളത് തുറന്നു പറയാനും അവൻ വെമ്പൽകൊണ്ടു. അഗനി പർവ്വതം പുകയും പോലെ അവന്റെ മനസ്സും പുകഞ്ഞു. തുറന്നു പറച്ചിൽ കാര്യമായ വത്യാസങ്ങളൊന്നും ഉണ്ടാക്കിയില്ലെന്നു വരും. പക്ഷേ ഈ അസ്വസ്ഥതക്ക് അതൊരു പരിഹാരമായേക്കും. അത് അവനെ പ്രലോഭിപ്പിച്ചു. പക്ഷേ പോകും മുന്നേ അവളുടെ മനസ്സിൽ തീവാരിയിടരുതെന്ന ചിന്ത അവനെ പിന്നിലോട്ട് വലിച്ചു.

ചിന്തകളുടേയും സംശയങ്ങളുടേയും നിലയില്ലാ കയത്തിൽ പെട്ടുഴറി ഒടുവിൽ അവൻ വീടിനുമുന്നിൽ എത്തി. മുന്നോട്ട് നീണ്ടു കിടന്ന ഇടവഴി അവളുടെ വീട്ടിലേക്ക് പോകാൻ അവനെ നിർബന്ധിച്ചു. മറിച്ച് വീടിന്റെ പടികൾ രേഷ്മയെ ഓർമ്മയുടെ പുസ്തകത്തിലെ ഒരു അദ്ധ്യായമാക്കും. ഹൃദയമിടിപ്പ് കൂടിവന്നു. ശരീരം വിറച്ചു തുടങ്ങി. കണ്ണുകൾ ഇരുവഴികളിലേയും മാറിമാറി നോക്കി. അവസാനമായി ഒരിക്കൽകൂടി ആ ഇടവഴിയുടെ അകലങ്ങളിലേക്ക് കണ്ണോടിച്ച ശേഷം അവൻ വീടിന്റെ പടികൾ കയറി നടന്നു. കാർമേഘക്കെട്ടുകൾ വന്നു മൂടി. മഴ പിന്നേയും പെയ്തു തുടങ്ങി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here