പൊന്മയിൽ
സന്ദേശം തീർത്തിരുന്നു
അതിൽ
വർണങ്ങളേഴും
വിരിഞ്ഞിരുന്നൂ.
സൗന്ദര്യസങ്കല്പ
ഭാവങ്ങളാലൊരു
സ്വർഗീയ കാമന
പൂത്തിരുന്നു.
ദേവകളായ് മയിൽ
വാണിരുന്നൂ
വനമേഖലയാകെ
നിറഞ്ഞിരുന്നൂ.
കാടറിയാതെ
തീയാളിപ്പടർന്ന നാൾ
ഖാണ്ഡവമാകെയെരിഞ്ഞ
കാലം
നീലമയൂഖമാ പീലിയഴിച്ചൊരു
ചണ്ഡാലഭിക്ഷുകിയായി മാറി
അവൾ നാടാകെ
പാടി നടന്നു നീറി.
മേലാകെ ചായം പുരട്ടിയ
മേലാളർ
വാരിയെറിഞ്ഞ മണികളെണ്ണി
കൊത്തിപ്പെറുക്കും
മയൂഖമേ നിൻ യോഗമെന്റേതുമല്ലോ
നിൻ സ്വരമെന്റേതുമല്ലോ…
ആടിതളർന്നു
വിഷാദംക്കൊഴിഞ്ഞ
നിൻ പീലി
പെറുക്കിയെൻ
മേലാകെ വർണം
നിറക്കട്ടെ ഞാൻ
മയിൽനൃത്തം
തുടങ്ങട്ടെ ഞാൻ…