ഒരു മയക്കുമരുന്നു വേട്ട

images-18

പതിവ് നൈറ്റ് പട്രോളിനിടെയാണ് കുട്ടപ്പൻ എസ്.ഐ. തികച്ചും അപ്രതീക്ഷിതമായി അത് കണ്ട് പിടിച്ചത്. നഗരത്തോട് ചേർന്ന് കാടു പിടിച്ചു കിടക്കുന്ന സ്ഥലത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്ന കുറെ സിറിഞ്ചുകൾ.. സംശയിക്കേണ്ട കാര്യമൊന്നുമില്ല, ഇത് സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ഏതോ സംഘത്തിന്റെ പണിയാണ്. എസ്.പിയെ ഉടൻ വിളിച്ചു പറയണം. നഗരത്തിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നുവെന്ന് കുറെ നാളുകളായി പരാതിയുള്ളതാണ്. പലതരത്തിൽ തിരക്കിയെങ്കിലും ഫലമുണ്ടായില്ല. അപ്പോഴാണ് ഈശ്വരനായിട്ട് തൊണ്ടി മുന്നിൽ കൊണ്ടു വന്നിരിക്കുന്നത്. എസ് ഐ അദ്ദേഹം സന്തോഷംകൊണ്ട് വീർപ്പു മുട്ടി. ചിലപ്പോൾ ഇതു കാരണമാകാം ഒരു പ്രമോഷൻ തരപ്പെടുന്നത്.
എസ്.പിയെ അറിയിച്ചു കഴിഞ്ഞാണ് ചാനലുകാരെയും പത്രക്കാരെയുമൊക്കെ അറിയിച്ചതെങ്കിലും ആദ്യം വന്നത് ചാനലുകാരാണ്.

ക്യാമറ ശരിയാക്കി സിറിഞ്ചിന്റെ വിവിധ വശങ്ങൾ പകർത്തുമ്പോഴാണ് ചാനലിൽ നിന്നും റിപ്പോർട്ടർക്ക് വിളി വന്നത്….’’പറയൂ, ഇപ്പോൾ അവിടെ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.? ഹലോ,ഇവിടെ പറയുന്നത് അവിടെ കേൾക്കാമെങ്കിൽ വ്യക്തമായി പറയൂ, എന്താണ് അവിടെ പ്രശ്നം..’’ ‘’ഹലോ.പറയുന്നത് കേൾക്കുന്നുണ്ട്, ഇവിടെ ഇപ്പോൾ പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ല, ഇവിടെ നിന്നും കണ്ടെടുത്ത സിറിഞ്ചുകളുടെ അടുത്താണ് ഇപ്പോൾ ഞങ്ങളുള്ളത്. എസ്.പിയും സംഘവും വരുന്നത് പ്രതീക്ഷിച്ചാണ് ഞങ്ങൾ നിൽക്കുന്നത്..’’ ചാനലിന്റെ സ്വന്തം ഫോട്ടോഗ്രാഫറോടൊപ്പം നിൽക്കുകയായിരുന്ന സ്വന്തം റിപ്പോർട്ടർ പറഞ്ഞു.

‘’നിങ്ങൾ അവിടെത്തന്നെ നിൽക്കുക. ഞാൻ ഇടക്ക് തിരിച്ചു വരാം. ഇപ്പോൾ ഞങ്ങൾ ഇവിടെ ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത് ‘’മയക്കുമരുന്നിന്റെ പിടിയിലായ നഗരം’’ എന്ന വിഷയമാണ്. രണ്ടുപേരെ സ്റ്റുഡിയോവിലും രണ്ടു പേരെ വെയ്റ്റിംഗ് ഷെഡ്ഡിലും ചർച്ചയ്ക്കായി പിടിച്ചിരിത്തിയിട്ടുണ്ട്… നിങ്ങളും അവിടെ നിന്ന് കിട്ടുന്ന വിവരങ്ങൾ അപ്പപ്പോൾ അറിയിച്ചു കൊണ്ടിരിക്കുക..’’ വാർത്താ അവതാരകൻ വിവരിച്ചു കൊണ്ടിക്കുന്നതിനിടയിൽ എസ്.പി.വന്നു. കാടും പരിസരവും വിഹഗ വീക്ഷണം നടത്തിയിട്ട് എസ്’.പി, എസ്’.ഐയെ വിളിച്ചു. എല്ലാവരുടെയും മുന്നിൽ വെച്ച് അഭിനന്ദിക്കാനാണെന്ന് കരുതി എസ്.ഐ.വേഗം സ്ഥലത്തെത്തി.
’എടോ,പോലീസുകാരനായിപ്പോയി എന്നു വെച്ച് തലയിലൊന്നും വേണ്ട എന്ന് അർഥമില്ല..താൻ എന്തോന്ന് കണ്ടു പിടിച്ചിട്ടാ ഈ പാതിരായ്ക്ക് ആളെ വിളിച്ചു ബുദ്ധിമുട്ടിച്ചത്..?’’ അപ്രതീക്ഷിതമായി എസ്.ഐയുടെ ക്ഷോഭം കണ്ട് കാര്യമറിയാതെ എസ്.ഐ.അമ്പരന്നു. ’’തൊണ്ടി കണ്ടെടുക്കാനുള്ള ധൃതിക്കിടയിൽ അടുത്തുള്ള കെട്ടിടവും ബോർഡും കൂടെ ഒന്നു നോക്കാമായിരുന്നു.’’ എസ്.പി.പറഞ്ഞപ്പോഴാണ് എസ്.ഐ അടുത്ത കെട്ടിടത്തിനു മുന്നിലെ ബോർഡ് വായിച്ചത്.. ‘’ഷൈലോക്ക് മെമ്മോറിയൽ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ..’’
പ്രമോഷൻ കിട്ടിയില്ലെങ്കിലും വേണ്ടില്ല, സസ്പെൻഷൻ കിട്ടാതിരുന്നാൽ മതിയായിരുന്നു എന്ന് മാത്രമേ അപ്പോൾ എസ്.ഐ അദ്ദേഹം പ്രാർഥിച്ചുള്ളൂ……

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleജന്മദേശം
Next articleകാര്‍ട്ടൂണ്‍
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here