കണ്ടുമുട്ടാതിരിക്കട്ടെ…

 

 

കണ്ടുമുട്ടാതിരിക്കട്ടെ പിന്നെയും ,
കണ്ണിലെന്നും പഴയൊരാ നീ മതി.
കൺതടങ്ങൾ കറുപ്പാൽ വരച്ചെന്റെ ,
ഉൾത്തടങ്ങളെ പൊള്ളിച്ച നീ മതി…

വെള്ളുടുപ്പിൽ വിശുദ്ധ, മാലാഖ,
വിണ്ണിൽ നിന്നങ്ങിറങ്ങി വരുന്നപോൽ
ഓമൽവിദ്യാലയത്തിരുമുറ്റത്തോ- ടിമായവേ ഒളികണ്ണെറിഞ്ഞ നീ …

വാർമുടിച്ചാർത്തു പിന്നിയൊതുക്കിയും
ചുണ്ടിലെ ചിരിത്തുണ്ടാൽ മയക്കിയും
മിണ്ടുവാനായ് മടികൊണ്ട് വീഥിയിൽ
തണ്ടുലഞ്ഞ താർപോലെ നിന്ന നീ…

അന്നൊരിക്കൽ മഴപ്പെയ്ത്തു കാണുവാൻ
അലസമേതോ വരാന്തയിൽ നിൽക്കവേ,
അരികെ വന്നു ചേർന്നു നിന്നെന്റെ-
യകമേ നനയിച്ചകന്നു പോയ നീ …

പിന്നെയെന്നോ മഴയുള്ള നാളിലായ്
ഞാൻ കുറിച്ചിട്ട വരികളെ നോക്കവേ,
ചാരുലജ്ജയാൽ തലതാഴ്ത്തി മെല്ലയെൻ
കരതലം തെല്ലു നുള്ളിനോവിച്ചു നീ …

തമ്മിൽ യാത്ര ചൊല്ലേണ്ട വേളയിൽ,
നമ്മിലൊരു ശോകനിശ്വാസമുയരവേ ,
മൂകസാക്ഷിയായ് നിൽക്കുന്നു ചുവരുകൾ
ചാരിനിന്നൊന്നിൽ പൊട്ടിക്കരഞ്ഞു നീ …

കണ്ണിലിന്നും തെളിയുമിക്കാഴ്ചകൾ
കണ്ടുമുട്ടുമാ നാളിൽ പൊലിഞ്ഞിടാം.
എത്രമേലന്യരാണു നാമെന്നൊരാ
സത്യവും നമ്മളറിയാതറിഞ്ഞിടാം.

ആകയാൽ സഖി കാണാതിരിക്കുക,
പോകുവാൻ ദൂരമേറെയുള്ളൊരിപ്പാതയിൽ .
കരളിലെന്നും കരുതട്ടെ നിന്നെ ഞാൻ
കരിമഷിച്ചാന്തണിഞ്ഞ കൗമാരമായ്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English