ചില സ്വപ്നങ്ങളുണ്ട്..
മൗനത്തിന്‍റെ രുചിയാണവയ്ക്ക്,
പറയാനിനിയുമെത്രയോ ദൂരം
ബാക്കിയുണ്ടെന്നപോലെയവ
ഹൃദയത്തില്‍ ചേര്‍ന്നുകിടക്കും…
പിന്നെ മൗനം നേര്‍ക്കുനേര്‍ നിന്ന് സംസാരിച്ചുതുടങ്ങും,
അപ്പോള്‍ ചുവന്ന മുല്ലകള്‍ പൂവിടും,
റോസകള്‍ കറുത്ത പൂക്കളാല്‍ നിറയും,
നിറങ്ങള്‍ പേരുമാറ്റുകയുമത് പരസ്യപ്പെടുത്തുകയും ചെയ്യും.
നീ, ഞാന്‍ എന്നീ രണ്ടു ധ്രുവങ്ങള്‍
പരസ്പരമൊന്നു ചേരും,
ചിറകുകളുള്ള പര്‍വ്വതങ്ങളെ പ്രസവിക്കും.
വരച്ചതൊക്കെയും യാഥാര്‍ഥ്യങ്ങളാവുന്ന
തൂലികയില്‍ നിന്നു നീയെനിക്കായി ഋതുക്കള്‍ സൃഷ്ടിക്കും
ചുരങ്ങള്‍ കയറിയിറങ്ങി ഞാന്‍ ഭ്രാന്തിലേയ്ക്കോടും
ജീവിതവും,യാഥാര്‍ഥ്യങ്ങളും ഭ്രാന്തുമായ്
കൂട്ടിമുട്ടുന്നിടത്തു നാം സംഗമിക്കും മൂര്‍ച്ഛിച്ചുവീഴും……
പിന്നെ നീ സംസാരിച്ചു തുടങ്ങും
അസംബന്ധങ്ങളുടെയൊരു പ്രഹേളികയാണു
ഞാനെന്നു കുറ്റപ്പെടുത്തും,
ആത്മാവില്ലാത്തവളെന്നു പരിഹസിക്കും,
കഥയില്ലാത്തവളെന്നു ചുണ്ടുകോട്ടും,
കവിതയില്ലാത്തവളെന്നു ഞാന്‍ തിരുത്തും,
ചിറകില്ലാത്തവളെന്നു കളിപറയും,
ചിറകുതേടി വന്നവളെന്ന് ഞാനും
എങ്കിലും അവിടെവച്ചെന്‍റെ പരിചകളൊടിയും
കവചങ്ങള്‍ കണ്ണീരണിയും
നാളുകള്‍ക്കിപ്പുറം മൗനത്തിന്‍റെ
ഭാഷയില്‍ അസംബന്ധങ്ങളാല്‍
ഞാനൊരു കവിതരചിക്കും,
അതിനു പേരില്ലായിരിക്കും….