പാർവ്വതി എന്ന പാറുക്കുട്ടി താഴത്തു വീട്ടിലെ മുത്തമകളായി പിറന്ന ശേഷമാണവളുടെ അച്ഛനുമമ്മയും പുതിയ വീട്ടിൽ താമസം തുടങ്ങിയത്. ഒരു ചിത്രശലഭത്തെപ്പോലായിരുന്നു അവളുടെ കളിചിരികൾ. ആർക്കും ഓമനത്തം തോന്നുന്ന ഒരുകൊച്ചു പനിനീർ മൊട്ടായിരുന്നു അവൾ.
കണ്ണിൽ കാണുന്നതെല്ലാം കൗതുകമായി തോന്നുന്ന…….
അരികിൽ ചേർത്തു നിർത്തുന്ന എല്ലാവരോടും ഉള്ളിൽ സ്നേഹം തോന്നുന്ന 3 വയസു പ്രായത്തിലാണ് ആദ്യമായി അവൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നത്. പതിവുപോലെ അമ്മവീട്ടിലെത്തിയതായിരുന്നു അവൾ, അവിടെ അയൽപക്കത്തുള്ള രണ്ടു ചേട്ടായിമാരെ അവൾക്കൊരുപാടിഷ്ടവുമായിരുന്നു.
നാരങ്ങാ മിട്ടായിയുടെ മധുരം വിളമ്പിയവർ.
എന്നാൽ അന്നേദിവസം ഇരുവീട്ടുകാരും തമ്മിലുള്ള അടുപ്പം മുതലെടുത്തു അതിലെ മൂത്തചേട്ടായി അവരുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയതെന്തിനായിരുന്നു. അന്ന് അയാൾ അവളെ കൊണ്ട് ചെയ്യിച്ച കാര്യങ്ങളുടെ ആഴവും വ്യാപ്തിയും അവൾ അറിഞ്ഞില്ല. അതുകൊണ്ടു തന്നെ അത്തരം ലൈംഗിക ചൂഷണങ്ങൾ അവളെ അന്ന് മുറിപ്പെടുത്തിയില്ല. വളർന്നപ്പോൾ അവൾ തിരിച്ചറിഞ്ഞു തന്റെ ഇതളുകൾ ആദ്യം പിഴുതെടുത്തത് താൻ “ചേട്ടായി” എന്നുവിളിച്ച ആ മനുഷ്യനായിരുന്നു എന്ന്.
അമ്മയുടെയും അച്ഛന്റെയും ഒപ്പം അവൾ മിടുക്കിയായി വളർന്നു. അവൾക്കൊരു കുഞ്ഞനിയനുമുണ്ടായി. സ്കൂളിലെ ഉത്സാഹിയായ വിദ്യാർത്ഥിയായിരുന്നു അവൾ. അധ്യാപകർക്ക് പ്രിയപ്പെട്ടവൾ, ക്ലാസ്സിലെ ഒന്നാം സ്ഥാനക്കാരി. പക്ഷെ കാലം കാത്തുവച്ചതു മറ്റൊന്നായിരുന്നു,
തന്റെ സമ്മതമില്ലാതെ തന്റെ ശരീരത്തിൽ ഒരാൾ നടത്തുന്ന കടന്നു കയറ്റം തെറ്റാണെന്നു അവൾ മനസിലാക്കിയത് ഒൻപതാം വയസ്സിലാണ്.
പത്താം ക്ലാസ്സിൽ തോറ്റിട്ടും ജയിക്കാനായി തന്റെ വീട്ടിൽ വന്നുനിന്നു പഠിക്കുന്ന സഹോദര സ്ഥാനീയനായ മനുവേട്ടൻ തറവാട്ട് വീട്ടിലെ ചെമ്മണ്ണ് കട്ടകൊണ്ടുകെട്ടിപൊക്കിയ നാലു ചുവരുകൾക്കുള്ളിവെച്ചു ചെയ്തത്, ചെയ്ച്ചത്…………..
ഉച്ചയുയർത്താതിരിക്കാൻ കൊല്ലുമെന്നു ഭീക്ഷണി, ഭയന്ന് സ്വയം വാ പൊത്തിപ്പിടിച്ചു.
വായിലേക്ക് കമഴ്തിയ വെളുത്ത ദ്രാവകത്തിന്റെ ഓർമ്മയിൽ അത്താഴത്തിനു വിളമ്പിയ കഞ്ഞിപോലും പുറത്തക്കു തികട്ടി. അന്നുരാത്രി ഉറങ്ങാൻ അവൾക്കു കഴിഞ്ഞില്ല. അച്ഛമ്മയുടെ കൂടെ കിടക്കുമ്പോളും അയാളുടെ മുഖം അവളെ ഭയപ്പെടുത്തി. വിശന്ന വയറിനേക്കാൾ അവളെ വേദനിപ്പിച്ചത് അയാളുടെ ക്രൂരമായ പ്രവർത്തിയായിരുന്നു. ദിവസങ്ങൾ പലതു കഴിഞ്ഞിട്ടും പലവട്ടം കുളിച്ചിട്ടും അയാളുടെ വൃത്തികെട്ട വിയർപ്പുഗന്ധം പോകാത്തതുപോലെ.
ആരോടെങ്കിലും പറയാൻ അവൾ ഭയന്നു.
ഒരു ജേഷ്ഠന്റെ സ്ഥാനത്തു കണ്ട മനുഷ്യൻ തന്നിൽ ലൈംഗിക സുഖം തേടിയത് അവൾ മനസിലാക്കാഞ്ഞിട്ടല്ല. ആരോട് പറയണം എന്ത് പറയണം..എന്ന ചിന്ത ആ ഒൻപതു വയസ്സുകാരിയെ പിന്നോട്ടു വലിക്കുകയായിരുന്നു.
തന്നെ അവർ കുറ്റപ്പെടുത്തുമോ എന്ന ഭയം. ദിവസം ചെല്ലുംതോറും അവൾ അവളിലേക്കുതന്നെ ഒതുങ്ങാൻ തുടങ്ങി. പഠിത്തത്തിൽ പിന്നിലായി. കലയിലും മറ്റു പരിപാടികളിലും പങ്കെടുക്കാതെയായി.
അങ്ങനെ വര്ഷം ഒന്ന് കഴിഞ്ഞു. കളിക്കിടയിൽ വലതുകണ്ണിനേറ്റ മുറിവ് അവളുടെ ചിറകു പിഴുതെടുക്കാൻ മറ്റൊരു ഒരവസരം സൃക്ഷ്ടിച്ചു. അതിന്റെ ചികിത്സക്കായി ഒരാഴ്ചയോളം അവരുടെ വീട്ടിൽ നിൽക്കേണ്ടതായി വന്നു. അരുതെന്നു പറഞ്ഞിട്ടും അച്ഛനും അമ്മയുംഅതുകേട്ടില്ല. അവരെ കുറ്റം പറയാനൊക്കില്ല അവരുടെമുന്നിൽ അയാൾ വളരെ നല്ലവനും ഉപകാരിയും സത്ഗുണസമ്പന്നനുമാണ്. അയാൾ ആ വീട്ടിലുള്ളപ്പോഴെല്ലാം ആന്റിയുടെ നിഴലായ് നടന്നു അവൾ. ദിവസങ്ങൾ കടന്നുപോയി…….
അന്നൊരു ശനിയാഴ്ചയായിരുന്നു. ഏതോ കറുത്ത് ഭീകരമായ ഒരു കാട്ടിലൂടെ നടക്കുകയാണവൾ അവിടെ മരങ്ങളിലൊന്നും ഇലകളുണ്ടായിരുന്നില്ല.അതിൽ പകരം നീളമുള്ള തടിച്ച വള്ളികൾ. ഭയപ്പെടുത്തുന്ന ശബ്ദങ്ങൾ, “പാറുക്കുട്ടി” ആരോ തന്നെവിളിക്കുന്നതുപോലെ അവൾ തിരിഞ്ഞു നോക്കി. ആ നിമിഷത്തിൽ തന്നെ ആ വള്ളികളെല്ലാം അവളെ ചുറ്റിവരിക്കുകയാണ് അവൾക്കു ശ്വാസം മുട്ടുന്നതുപോലെ അവൾ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. സ്വാപ്നമാണോ…സത്യമാണോ… എന്ന് തിരിച്ചറിവിന് അവൾക്കൊരല്പം സമയം വേണ്ടിവന്നു. ദുഃസ്വപ്നത്തിന്റെ ഭീതിയിൽ ഞെട്ടിയുണർന്നപ്പോൾ അരികിൽ കിടക്കുന്നു താനേറ്റവും വെറുക്കുന്ന മനുഷ്യൻ. അവൾ ഒരു നിലവിളിയോടെ ചാടിയെണീറ്റു. പക്ഷെ, ആ നിലവിളിയെ അയാളുടെ കരങ്ങൾക്കൊണ്ടു തടുത്തു കഴിഞ്ഞിരുന്നു. എങ്ങനെയോ അയാളുടെ കൈതട്ടിമാറ്റി എണീറ്റോടി അടുക്കളയിലെത്തിയപ്പോൾ അവൾ തകർന്നുപോയി, ഒരാശ്രയമെന്നു പ്രതിക്ഷിച്ച ആന്റി അവിടില്ല. തിരിഞ്ഞു നോക്കുമ്പോൾ ലോകത്തിലേറ്റവും വൃത്തികെട്ട ചിരിയുമായി അവൻ അടുക്കളപ്പടിയിൽ നിൽക്കുന്നു. ഓരോ സെക്കൻഡുകൾ കഴിയും തോറും അയാൾ രാക്ഷസ രൂപം കൈക്കൊള്ളുന്നപോലെ തോന്നിച്ചു അവൾക്ക്. അയാൾക്ക് നേരെ കൈകൂപ്പി യാചിക്കാൻ മാത്രമേ ആ പാവം പെൺകുട്ടിക്ക് കഴിഞ്ഞൊള്ളു.
അവളുടെ നെഞ്ചിൽ പെരുമ്പറ മുഴങ്ങി………..
അയാളവളെ വരിഞ്ഞു പിടിച്ചു കട്ടിലിനരികിലെത്തിച്ചു. അയാൾ അവളുടെ കുഞ്ഞുടുപ്പു വലിച്ചഴച്ചു. അവളുടെ പ്രതിരോധമെല്ലാം നിഷ്ഫലമാകുകയായിരുന്നു. പാറുക്കുട്ടി നെഞ്ചുതകർന്നു തന്റെ ഇഷ്ട ദേവനായ കൃഷ്ണനെ വിളിച്ചു കരഞ്ഞു. തന്റെ ശബ്ദം നഷ്ടപെട്ടുപോയോ എന്നവൾ ഭയന്നു. അവളുടെ നിലവിളികൾ തൊണ്ടയിൽ നിന്ന് പുറത്തേക്കു വന്നതേയില്ല.
വാതിലിൽ ശക്തമായ മുട്ടുകേട്ടയാൾ ഞെട്ടി. അവളോട് വേഗം ഉടുപ്പെടുത്തു ധരിക്കാൻ അയാൾ ആജ്ഞാപിച്ചു. അവൾ കണ്ണീരടക്കി വസ്ത്രം ധരിച്ചു, അയാൾ വേഗം പോയി വാതില്തുറന്നു. വാതിൽക്കൽ ഈശ്വരാനുഗ്രഹം പോലെ കണ്ണൻ ചേട്ടൻ, മനുവേട്ടൻ എന്ന് താൻ വിളിക്കുന്ന വൃത്തികെട്ട മനുഷ്യന്റെ കൂട്ടുകാരൻ. കൗരവ സഭയിൽ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട് അപമാനിതയായ ദ്രപതിക്ക് സഹായമേകിയ കൃഷ്ണഭഗവാനെപ്പോലെ,
അവൾ വേഗം വീടിനു പുറത്തിറങ്ങി. കണ്ണൻ ചേട്ടൻ പോയിട്ടും ആന്റി അമ്പലത്തിൽ നിന്ന് വരുന്നത് വരെ അവൾ മുറ്റത്തുതന്നെ സമയം കഴിച്ചുകൂട്ടി. പിന്നീട് സാഹചര്യങ്ങൾ ഒന്നും കിട്ടാഞ്ഞതിനാലാകാം അവൾ ഭയപ്പെട്ടതുപോലെ ഒന്നും സംഭവിച്ചില്ല,
ഇതിനൊക്കെ എങ്ങനെയാണു പ്രതികരിക്കേണ്ടത്? തന്റെ തെറ്റുകൊണ്ടാണോ ഇങ്ങനെ ഒക്കെ സംഭവിച്ചത്? 20 വര്ഷങ്ങള്ക്കു മുന്നേ ഇതേ പറ്റി പറഞ്ഞുതരാനും സഹായിക്കാനും ആരും ഉണ്ടായിരുന്നില്ല സ്കൂളിലും വീട്ടിലും. ഇത്തരത്തിലുള്ള കാര്യങ്ങൾ ആരും സംസാരിക്കാറുമുണ്ടായില്ല. അമ്മയോടോ ആരോടെങ്കിലും പറയണം എന്നു പലവട്ടം തോന്നി എങ്കിലും സ്വതസിദ്ധമായ ഭയം അതിൽ നിന്നും അവളെ പിന്തിരിപ്പിച്ചു. പിന്നെ അവൾ എല്ലാത്തിനോടും കലഹിച്ചു തുടങ്ങി. ജീവിതത്തോടുപോലും.
കാലം കുറെ കഴിഞ്ഞപ്പോൾ അവൾ ജീവിതം തിരിച്ചുപിടിച്ചു. കോളേജ് ക്യാമ്പസ്സിൽ നിറസാന്നിധ്യമായി മാറി അവൾ. നാടകത്തിലും മറ്റും പങ്കെടുക്കാനും സദസിനെ കൈലെടുക്കാനും അവൾ പഠിച്ചു. കഴിഞ്ഞില്ല ദുർവിധി എന്നതാണ് യാഥാർഥ്യം.
ഒരുമിച്ച് ഭക്ഷണം കഴിച്ച്…ഒന്നിച്ചു കളിച്ചുവളർന്ന….ഒരുമിച്ച് സ്കൂൾ ദിനങ്ങൾ ചെലവഴിച്ച സ്വന്തം സഹോദരൻ – അമ്മാവന്റെ മകൻ പാറുകുട്ടിയേക്കാൾ രണ്ടുവയസിളപ്പം അവനെങ്ങനെ അവളെ ഇങ്ങനൊരുകണ്ണിലുടെ കാണാൻ കഴിഞ്ഞു? അവളുടെ ‘അമ്മ ചോറ് വാരിക്കൊടുത്തു വളർത്തിയതാണവനെ ? എന്തൊരു സ്നേഹമായിരുന്നു.
ഒരു പെണ്കുട്ടിയേക്കാൾ വലുപ്പത്തിലും പ്രായത്തിലും ചെറുതാണെങ്കിലും ശരീരബലത്തിന്റെ കാര്യത്തിൽ ആൺകുട്ടിയാണ് മുന്നിൽ എന്നവൾ തിരിച്ചറിഞ്ഞു. അവൾ അവന്റെ പിടിവിടുവിച്ചു കുതറിയോടി. അമ്മമ്മ തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങുമ്പോൾ അവൻ എന്ത് ധൈര്യത്തിലാണ് അവളെ കയറിപിടിച്ചത്? അമ്മമ്മയോടു യാത്രപറയാൻ പോലും നിൽക്കാതെ അവളോടി ഒന്ന് തിരിഞ്ഞു നോക്കാനുള്ള സാവകാശം പോലും അവൾക്കുണ്ടായില്ല. അവൾ പോലുമറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. വീട്ടിലെത്തിയപ്പോളേക്കും അവൾ തളർന്നു കഴിഞ്ഞിരുന്നു. അവന്റെ ദന്തക്ഷതമേറ്റ മാറു മുറിച്ചു കളയാൻ പോലും തോന്നി അവൾക്ക്. എന്താണ് തനിക്ക് സംഭവിക്കുന്നത് എന്നു തിരിച്ചറിയാൻ അവൾക്കായില്ല. അവളുടെ ശരീരം സ്വന്തമല്ല എന്നുപോലും തോന്നി എന്നതാണ്സത്യം. അവൾ സ്വയം വെറുത്തു. അവളുടെ ശരീരത്തെ വെറുത്തു. കാരണം അവളവനെ സ്വന്തം സഹോദരനായി സ്നേഹിച്ചിരുന്നു, വിശ്വസിച്ചിരുന്നു. അവൻ തകർത്തത് അവൾക്കു പുരുഷ സമൂഹത്തോടുള്ള വിശ്വാസമായിരുന്നു.
അതോടുകൂടി അവൾ ചുറ്റിനും അദൃശ്യമായ ഒരു മതിലുകെട്ടി. തനിക്കു ചുറ്റുമുള്ളവരെ അതിനു പുറത്താക്കി.
ഒരു പെൺകുട്ടി സ്വന്തം വീട്ടിൽ പോലും സുരക്ഷിതയല്ല എന്നു തെളിയിക്കുന്നതായിരുന്നു അവന്റെ അടുത്ത പ്രവർത്തി. നാലു വര്ഷങ്ങള്ക്കു ശേഷം. ഇനിയും അത്തരത്തിൽ പെരുമാറിയാൽ അവൾ നിശ്ശബ്ദയാകും എന്ന് തോന്നിയതിനാലാകാം അല്ലെങ്കിൽ എന്ത് വന്നാല് കുഴപ്പമില്ല എന്ന ധ്രാഷ്ട്യമാകാം അവനെ വീണ്ടും അത്തരത്തിലുള്ള വൃത്തികെട്ട പ്രവർത്തിക്കു പ്രേരിപ്പിച്ചത്. ഈശ്വരനുഗ്രഹംപോലെ പാറുകുട്ടിയോടൊപ്പം പി ജി ക്കു പഠിക്കുന്ന വിഷ്ണു വന്നതുകൊണ്ട് അവൾ രക്ഷപെട്ടു.
ഇനിയും മൗനമായിരുന്നാൽ തന്റെ ജീവിതം കൈവിട്ടുപോകും എന്നാണ് മനസിലായപ്പോൾ ഇക്കാര്യം അമ്മയോടുപറയാൻ അവൾ തീരുമാനിച്ചു. എന്നാൽ പറഞ്ഞു കഴിഞ്ഞപ്പോൾ വേണ്ടിരുന്നില്ല എന്നാണവൾക്കുതോന്നിയത്. അമ്മയുടെ കണ്ടുപിടുത്തം അവൻ സ്നേഹം കൊണ്ട് ചെയ്തതാകുമെന്നായിരുന്നു, ഇതിനെ സ്നേഹമെന്നു വിളിക്കാൻ പാറുകുട്ടിക്കാകുമായിരുന്നില്ല, എത്ര പറഞ്ഞിട്ടും അമ്മക്ക് വിശ്വാസം വരാത്തതുപോലെ….. അവസാനം ഒരുപദേശവും ഇക്കാര്യം നമ്മളല്ലാതെ ലോകത്തിൽ മറ്റാരും അറിയരുതെന്ന്. അപ്പോളാണവൾ ശരിക്കും തകർന്നുപോയത്. നിശബ്ദത പാലിച്ച ‘അമ്മ, മൗനം പാലിക്കാൻ ഉപദേശിച്ച ‘അമ്മ’ ഇനിയും വിശ്വസ്തമായ മുഖം അവൾ എവിടെ കണ്ടെത്താനാണ് ?
പിന്നെ അവൾ ഒരിക്കലും ഒരു തുറന്ന പുസ്തകമായിരുന്നില്ല. എല്ലാവരുടെയും മുന്നിൽ ധൈര്യശാലിയായ തന്റേടിയായ ഇപ്പോഴും സന്തോഷിക്കുന്ന ഒരു പൊയ്മുഖം ചാർത്തി തനിക്കുചുറ്റുമുള്ളവരെ വിശ്വസിപ്പിച്ചും സ്വയം വിശ്വസിച്ചും അങ്ങനെ അങ്ങനെ…..
ഇല്ല ഒന്നും നഷ്ടപ്പെടാനില്ല……
ഒന്നും നഷ്ടപ്പെട്ടിട്ടില്ല………..
മൗനമായ് പെയ്തിറങ്ങിയ മഴമേഘം പോലെ, പ്രിയപ്പെട്ടവർക്ക് തുണയാകാനും, ജീവിതത്തിന്റെ പ്രകാശം മറ്റുള്ളവര്ക്ക് കാണിച്ചു കൊടുക്കാനും അവൾ ശ്രമിച്ചു…
എങ്കിലും അവളുടെ മനസ്സിന്റെ ആഴങ്ങളില് കട്ട പിടിച്ച ഇരുട്ടുണ്ടായിരുന്നു. വിഷാദത്തിന്റെ ഇരുട്ട്, വേദനയുടെ കറുത്ത രക്തം ചാലിച്ച ഇരുട്ട്.
ബാല്യത്തിന്റെ സ്നേഹത്തെ കാമമായി മാത്രം കണ്ട അയൽക്കാരൻ ഇന്നെവിടെയോ ഭാര്യയും കുട്ടികളുമായി ജീവിക്കുന്നു. സഹോദര സ്നേഹത്തിൽ മാംസദാഹം തീർത്ത സഹോദര സ്ഥാനീയർ ഇന്നും തന്റെ മുന്നിൽ തന്റെ കുടുംബത്തിൽ എല്ലാവിധ സ്വാതന്ത്ര്യത്തോടുംകൂടി കുറ്റബോധത്തിന്റെ ലാഞ്ചനപോലുമില്ലാതെ വിരാജിക്കുന്നു.
തനിക്കു പിന്നിൽ വരുന്ന പെൺമക്കൾക്ക് ഈ ഗതി വരാതിരിക്കാൻ ബാല്യകാലത്ത് ഏല്ക്കേണ്ടിവന്ന അപ്രതീക്ഷിതമായ ആ ആക്രമണത്തിന്റെ മുറിവുകള് ഇപ്പോഴും മാനസികമായും ശാരീരികമായും തന്നെ വേദനിപ്പിക്കുന്നുണ്ടെന്ന്…ലോകത്തോട് വിളിച്ചു പറയണമെന്നാഗ്രഹിച്ച അവൾ അശക്തയാണ്. ആളുകളുടെ ഒറ്റപ്പെടുത്തലുകൾ കുറ്റപ്പെടുത്തലുകൾ ചോദ്യ ശരങ്ങൾ എല്ലാത്തിനും അവൾ ഭയന്നു. ഒരു ഇരയായി സ്വയം ചിത്രീകരിക്കപ്പെടാൻ ആഗ്രഹിക്കാത്തതുകൊണ്ട്, ഇതറിഞ്ഞാൽ കുടുംബത്തെയും പ്രിയപ്പെട്ടവരെയും എത്രമാത്രം വേദനിപ്പിക്കുമെന്ന അറിവും താനനുഭവിക്കുന്ന വ്യഥ അവരും അനുഭവിക്കരുതെന്നുള്ളതിനാലും,
സങ്കടങ്ങള് കൊണ്ട് ഇത്രയും അധികം മുറിവേല്പിക്കപ്പെട്ട ഒരു ഹൃദയം അവൾ ലോകത്തിന്റെ മുന്നിൽ മറച്ചുവച്ചു.
നേരിന്റെ നഗ്നത എന്താണെന്നറിയുമോ ആക്രമിച്ചവരാണ് മാനം പോയവർ, നാണംകെട്ടവർ, വിശ്വസിക്കാൻ കൊള്ളാത്തവർ… ജീർണിച്ചവർ, ജീവിതം പൂർണമായും നശിച്ചവർ…….
ഉള്ളിൽ എരിഞ്ഞു എരിഞ്ഞു നടക്കുന്ന ഒരു പെണ്ണ് അതായിരുന്നു പാർവതി. ശിവന്റെ പ്രണയത്തിനുവേണ്ടി തപസ്സനുഷ്ടിച്ചവൾ പക്ഷെ ഇവിടെ പാർവതിക്ക് പ്രണയമെന്ന വികാരത്തെ ഒരിക്കലും ആശ്ലേഷിക്കാൻ കഴിഞ്ഞില്ല. ശിവനുവേണ്ടി കാത്തിരിക്കാനും…… പ്രിയദേവന്റെ പ്രീതി നേടാനും ഒരിക്കലും അവൾ തുനിഞ്ഞില്ല.
അവൾക്കു ജീവിതം ഒരു യുദ്ധമായിരുന്നു. ഓരോതവണ പരാജയപ്പെടുമ്പോളും എന്നെങ്കിലും ജയിക്കാൻ കഴിയുമെന്നവൾ വിശ്വസിച്ചുകൊണ്ടേയിരുന്നു. തന്റെ ശരീരത്തെ പിച്ചിച്ചീന്തിയ പുരുഷജന്മ്മങ്ങളെ, ശരീരബലമാണ് നിന്റെ സ്വത്തെങ്കിൽ പെണ്ണായിപിറന്ന തന്റെ ആത്മാവിനു ബലമില്ലെന്നു പറയരുത് എന്നവൾ പുഞ്ചിരിയോടെ വിളിച്ചുപറയുന്ന കാലം വരും.
പ്രതീക്ഷയുടെ വലിയൊരു പൂക്കാലം ഹൃദയത്തിൽ സൂക്ഷിക്കുന്നുണ്ട്…
കഴിയുമോ ഉടഞ്ഞു പോയ ആ ഹൃദയത്തെ തുന്നിയെടുക്കാൻ?…
ജീവിതം മുഴുവൻ ബാക്കിയുണ്ട്.
(ഒരു വാക്ക് പ്രിയപ്പെട്ടവർക്കായി,
ഇതുപോലുള്ള പാർവ്വതിമാർ നമുക്കിടയിൽ നിരവധിയാണ്. ലോകം അറിയാതെ പോകുന്ന അവരുടെ സങ്കടങ്ങളും. അവർക്കു മുഖമില്ല പേരില്ല വിലാസമില്ല. ഒരേയൊരു വിലാസം. ഒരേയൊരു വിശേഷണം. പീഡിപ്പിക്കപ്പെട്ട പെൺകുട്ടി / ആൺകുട്ടി. ഇതിലെ കഥാപാത്രങ്ങൾ ഓരോരുത്തരും എന്റെ കൺമുന്നിൽ ജീവിച്ചിരിക്കുമ്പോൾ ഒരു പാർവതിയുടെ വേദനയെങ്കിലും ലോകം അറിയണമെന്ന് ഞാൻ ആഗ്രഹിച്ചുപോകുന്നു. പീഡനം എന്തെന്ന് അറിയാത്ത പ്രായത്തിൽ പോലും ഇഷ്ടമില്ലാത്ത പുരുഷനുമായി ശരീരം പങ്കുവയ്ക്കപ്പെടേണ്ടി വരുന്ന, അതും ഏറ്റവും ക്രൂരമായി പിച്ചിച്ചീന്തപ്പെടേണ്ടി വരുന്ന കുഞ്ഞുമനസുകൾക്ക് സമർപ്പിക്കുന്നു.)
കഥയിലെ സന്ദേശം നല്ലതാണ്