ചില നേരങ്ങളില്‍ നീയൊരലങ്കാരമാണ്
മറ്റു ചിലപ്പൊഴോ ഒരാവശ്യവും
ചിലനേരങ്ങളില്‍ നീയൊരായുധമാണെങ്കില്‍
മറ്റു ചിലപ്പോള്‍ ഒരാവരണമാണ്
പ്രണയം തുറന്നു പറയുന്ന പ്രിയനു മുന്‍പില്‍
നിന്റെ നാണം അലങ്കാരമാണ്
സ്ഥായിയായ ഒരു ഭാവമില്ലാത്ത നിനക്കപ്പോള്‍
ശൃംഗാരത്തിന്‍ ഏഴഴക്
അപഹാസശരങ്ങളെന്‍ ഹൃദയഭിത്തി
തുരന്നു കയറാന്‍ ശ്രമിക്കവേ
വിവേകത്തോടെ ഞാനെടുക്കുന്ന
ഒരു തീരുമാനമാകുന്നു നീ
നിന്‍റെ രൗദ്രഭാവങ്ങള്‍
നിന്‍ നിശ്ശബ്ദമാം ഭാഷയില്‍
അവരോടെതിരിടവേ നീ
എനിക്കൊരായുധമായി തീരുന്നു
ആരും കാണാതെ ചെപ്പിനുള്ളി-
ലൊളിപ്പിച്ചുവെച്ചയെന്‍റെ നൊമ്പരങ്ങളെ
എന്‍റേതുമാത്രമാക്കി തീര്‍ത്തുകൊണ്ട്
ശോകഭാവം പൂണ്ട നീ എനിക്കൊരാവരണം
കലഹത്തിന്‍ കലുഷിതതിരമാലകള്‍ക്കിടയിൽ
അറിയാതെയകപ്പെട്ടു പോകവേ
നിന്‍ മൂടുപടം എടുത്തണിയുന്നു ഞാന്‍
അപ്പോള്‍ നീ ഒഴിച്ചുകൂടാനാവാത്തത് !