നിങ്ങളറിയണം
ഇന്നെന്‍ അവസ്ഥയെന്തെന്നറിയണം
ഇന്നീ മണിമന്ദിരത്തിനങ്കണത്തില്‍
പടുവൃദ്ധനായ് ഒരു ശാപമായി ഞാന്‍
ഇലകള്‍ പാതിയും കൊഴിഞ്ഞു
അര്‍ദ്ധനഗ്നനായവന്‍
ശാഖകളേറെ ശോഷിച്ചു
അവശനായവന്‍
എനിക്കുമുണ്ടായിരുന്നൊരു നല്ലകാലം
കളിച്ചിരികള്‍ നിറഞ്ഞൊരു ഭൂതകാലം
അന്നു കുട്ടികളായിരുന്നു എന്‍ കൂട്ടുകാര്‍
അവരൊത്തുല്ലസിച്ച സുവര്‍ണ്ണക്കാലം
അന്നു കുട്ടികള്‍ കണ്ണുപൊത്തി കളിച്ചതും
കളിവീടുണ്ടാക്കിയതും
എന്‍റെ പച്ച വിരിച്ച പന്തലിന്‍
ചോട്ടിലായിരുന്നു !
എന്‍ കൈയ്യില്‍ ഊഞ്ഞാലുകെട്ടി
അവരാടിയപ്പോളതിന്‍ താളത്തില്‍
മതിമറന്നു ഞാനുമാടി
തിളങ്ങും സ്വര്‍ണ്ണക്കനിക്കായ് അവരെന്‍
നെഞ്ചില്‍ ചവുട്ടിനിന്നപ്പോഴും
എന്‍റെനേരെ കല്ലുകള്‍ എറിഞ്ഞപ്പോഴും
വേദനിച്ചില്ല ഞാന്‍
അതിലാനന്ദിച്ചേയുള്ളൂ
പുളകം കൊണ്ടു കുലുങ്ങിച്ചിരിച്ചു ഞാന്‍
തുടുത്ത മാമ്പഴങ്ങളെത്രയോ വര്‍ഷിച്ചു
ഓര്‍ക്കുന്നുണ്ടാവുമോ എന്‍ പഴയ കളിക്കൂട്ടുകാര്‍
ആ കഥയൊക്കെ ഇപ്പോഴും
കത്തും വെയിലില്‍ നടന്നു തളരും
പഥികനുമെന്‍ പന്തലിന്‍ ചോട്ടിലെത്തുമ്പോള്‍
തണലിന്‍ പാനീയം നല്കി ഞാന്‍
അവരെ സ്വീകരിക്കുമായിരുന്നു
എന്‍ മെയ്യില്‍ കൂടൊരുക്കിയ
കിളികളെത്രയോ, കിളിപ്പാട്ടുകളെത്ര
എത്രയോ പ്രണയസല്ലാപങ്ങള്‍
എല്ലാറ്റിനും സാക്ഷി ഞാന്‍
ഇന്നു ഞാനീ ചാരുതയാര്‍ന്ന
മണിമാളികയ്ക്കിണങ്ങാത്ത പാഴ്വസ്തുവത്രേ
കൊഴിയുമെന്നിലകള്‍ സുന്ദരമാമീ-
യങ്കണത്തിനൊരു ഭംഗിക്കേടത്രേ
ഇന്നെന്‍ നേരെ അവജ്ഞയോടെ
നോക്കുന്നു കുട്ടികള്‍
വെട്ടാന്‍ മഴുവുമേന്തി
നടക്കുന്നു സര്‍വ്വരും
അതിനൊരു മാത്ര മുന്‍പെങ്കിലും
എന്‍ പഴയ കളിക്കൂട്ടുകാരെന്നെ തേടിയെത്തിയെങ്കില്‍
എന്‍ മേനിയിലൊന്നു തലോടിയെങ്കില്‍
പഴയ ഓര്‍മ്മകളിലേക്ക് ഒന്നെന്നൊപ്പം വന്നിരുന്നുവെങ്കില്‍