മുറിവേറ്റ വാക്കുകൾ
മൗനത്തിൻ മൂടുപടത്തിലേക്കു ഓടിയൊളിക്കേ;
നിശബ്ദമായൊരന്തരീക്ഷം വാചാലമായിക്കൊണ്ടിരുന്നു .
അർത്ഥവും അർത്ഥാന്തരവുമറിയാതെ
വാക്കുകൾ ,
തൊണ്ടയിൽ കുടുങ്ങിക്കിടന്നു .
മിണ്ടാത്ത മൗനത്തിൻ കണ്ണുകളിൽ
ഭാവങ്ങൾക്കായ് പരതിപ്പരതി
നിരാശയുടെ സ്വരങ്ങൾ
മുഖം മറച്ചു.
ആകുലതകളാരവം പൊഴിക്കുന്ന മനസ്സിൻകൂടാരത്തിലൊരു കോണിൽ വാക്കുകൾ പുനര്‍ജ്ജനിക്കായി-ഉഴറിപ്പിടഞ്ഞു
ഇനിയും ജനിക്കാത്ത വാക്കുകൾ
മൗനത്തിൻ കൂടിലേയ്ക്കുറ്റുനോക്കി
വാതായനങ്ങൾക്കരികെ കാതോർത്തിരുന്നു.
ശബ്ദമപ്പോൾ;
തല താഴ്ത്തി യേതോ
വിദൂരതയിലേക്ക് കണ്ണുനട്ടിരിക്കുകയായിരുന്നു.
ശബ്ദമിനിയുമരികിലാകില്ലെ – ന്നറിയുന്നൊരാത്മാവിൻ്റെ
വിതുമ്പലും
അപ്പോൾ നിശബ്ദമായിരുന്നു .
നിശബ്ദതയെ ഭേദിക്കുന്ന
ശബ്ദത്തെ
കെട്ടിപ്പുണർന്ന
മൗനത്തിനപ്പോൾ
വിജയീഭാവമായിരുന്നെന്നറിഞ്ഞ – തെപ്പോഴായിരുന്നു!!
Click this button or press Ctrl+G to toggle between Malayalam and English