ഞാനറിയാതെ , അവളറിയാതെ
ഞാനവളെ കാത്തിരുന്നു
അരനാഴിക നേരം കൂടി
ഉടലിനു കൂട്ടായി നിൽക്കാൻ
പുറപ്പെട്ടു തുടങ്ങിയ
എന്റെയാത്മാവിനോട്
ഞാനന്ന് കെഞ്ചി
നടന്നു തുടങ്ങിയാൽ,
അകന്നു തുടങ്ങിയാൽ
പിന്നിലേക്കു കാലടികൾ നീങ്ങിത്തുടങ്ങിയാൽ
ഞാനത് സഹിക്കില്ലെന്നും
പറഞ്ഞു നോക്കി
ഈ മരച്ചുവട്ടിൽ നീയെത്ര
കാത്തിരുന്നു,
ഇനിയൊരു വൈകിക്കൽ സാധ്യമല്ല
ഇനിയതില്ല
ഇരുണ്ടുറങ്ങിയ എന്റെ
ഹൃദയമുറികളിലെവിടെയോ ഒരു തിരിവെളിച്ചമുണരാൻ എത്ര യുഗങ്ങളെടുത്തു
ആ കുഞ്ഞുവെട്ടം ഈ ലോകം കാണുന്നതിന് മുൻപേ അണക്കാൻ ഉള്ളതെന്നോ ?
(അങ്ങിനെയെങ്കിൽ സ്നേഹമെന്ന സത്യത്തിൽ എനിക്ക് വിശ്വാസമില്ലെന്ന് – ആത്മഗതം)
അതിഥികൾക്കാർക്കും നെഞ്ചിലിടം നൽകരുതെന്ന്, വഴിപോക്കരുടെ കൈകളിൽ നീയൊന്നും നൽകരുതെന്ന്.
നല്കിയില്ലെങ്കിലും അതു കൈക്കലാക്കി പിന്നീടൊരു പിൻനടപ്പില്ലാതെ
കടന്നു പോയവരെ കാത്തിരിക്കയല്ലാതെ മറ്റെന്തു മാർഗം
നിന്നെയൊരാൾ കാത്തിരിക്കുന്നെങ്കിലോ?
കടന്നു വന്ന വഴികളിലെവിടെ നിന്നോ
ആരോ നിനക്കെന്തോ കൈമാറിയിട്ടുണ്ടെങ്കിലോ ?
നീയതറിഞ്ഞിട്ടില്ലെങ്കിലോ ?
നിന്റെയീ ഓർമത്താളുകളിൽ
ഒരു വിളിക്കു കാതോർത്തു അതിനിയുറങ്ങുന്നെങ്കിൽ
സ്നേഹം എന്ന സത്യം ആര് ആരോട്
നിറവേറ്റുന്നില്ല?
Click this button or press Ctrl+G to toggle between Malayalam and English