‘’രണ്ടു ദിവസം കഴിഞ്ഞു പോയാൽ മതി..’’ പോകാൻ നേരം മറ്റേമ്മ പറഞ്ഞു. അത് എപ്പോഴും പതിവുള്ളതാണ്. ഭംഗി വാക്കായല്ല..മനസ്സിന്റെ ഉള്ളിൽ നിന്നു വരുന്ന സ്നേഹമാണ്.എത്ര നാളായി മറ്റേമ്മയെ കാണാൻ തുടങ്ങിയിട്ടെന്ന് കൃത്യമായി അറിയാം, കല്യാണം കഴിഞ്ഞതിന്റെ കണക്ക് നോക്കിയാൽ മതി.അങ്ങനെയെങ്കിൽ 23 വർഷം കഴിഞ്ഞിരിക്കുന്നു. ഭാര്യയുടെ ഉമ്മയുടെ ഉമ്മയെ അങ്ങനെയാണ് വിളിക്കുന്നത്. അന്നു മുതൽ ഇന്നു വരെ മറ്റേമ്മയ്ക്ക് ഒരേ ഭാവമാണ്.. 100 വയസ്സ് ആരും പറയുകയില്ല.അതിന്റെ ആരോഗ്യ പ്രശ്നങ്ങളുമില്ല. വയസ്സ് ചോദിച്ചാൽ അപ്പോഴുണ്ട് മറ്റേമ്മയുടെ ഉത്തരം..
’’60 കഴിഞ്ഞെന്ന് ആരോ പറയുന്നത് കേട്ടു..’’
അത് തികഞ്ഞ നിഷ്കളങ്കതയോടെയാണ് പറയുക. അത് കേട്ട് കേൾക്കുന്നവർക്ക് ഉള്ളിൽ ചിരി പൊട്ടും. പക്ഷേ, മറ്റേമ്മയ്ക്ക് ഭാവഭേദമൊന്നുമില്ല.
കല്യാണമാകട്ടെ,നിശ്ചയമാകട്ടെ ഏത് പരിപാടിയ്ക്ക് പോയാലും മറ്റേമ്മ വന്നിട്ടുണ്ടെങ്കിൽ നമ്മൾ തിരക്കി കണ്ടു കൊള്ളണം.അല്ലെങ്കിൽ എല്ലാവരോടും തിരക്കും.; അവര് കല്യാണത്തിന് വന്നില്ലേ?’’കാണാൻ പറ്റാതെ പോയാൽ പരിഭവത്തിന്റെ കാർമേഘ പടലങ്ങൾ പെയ്തിറങ്ങുകയായി
’’അവർ വന്നിട്ട് എന്നെ കാണാതെ പൊയ്ക്കളഞ്ഞോ..’’
വീട്ടിൽ വന്നിട്ട് പോയിട്ട് ഒരാഴ്ച്ച കഴിഞ്ഞിട്ടേ ഉള്ളെങ്കിലും അടുത്ത തവണ വരുമ്പോൾ മറ്റേമ്മ സ്നേഹപൂർവ്വം ചോദിക്കും..
’’എത്ര നാളായി മോളേ നിങ്ങളെ ഇങ്ങോട്ടൊക്കെ കണ്ടിട്ട്,ഇനി ഒരാഴ്ച്ച കഴിഞ്ഞിട്ട് പോയാൽ മതി.’’
പിന്നെ മറ്റേമ്മയോട് വീട്ടിൽ നിൽക്കാനുള്ള ബുദ്ധിമുട്ടൊക്കെ വിവരിച്ചാലും മറ്റേമ്മ സമ്മതിക്കില്ല. ’’എങ്കിൽ മക്കൾ ഒരു കാര്യം ചെയ്യ്,രണ്ട് ദിവസം കഴിഞ്ഞിട്ട് പോകാം..’’ അങ്ങനെയാണ് ആ സ്നേഹം.ഒടുവിൽ അന്ന് ഭക്ഷണം കഴിച്ചിട്ട് പോകാം എന്നൊരു ഒത്തു തീർപ്പ് രൂപപ്പെടുമ്പോഴേക്ക് അവിടെ മകനെ വിളിക്കുകയായി, ’’എടാ,നീ പോയി കോഴിയെ വാങ്ങിക്കൊണ്ട് വാ..’’
പെരുന്നാളൊക്കെ വരുമ്പോൾ കുട്ടികൾക്ക് കോളാണ്. മറ്റേമ്മയ്ക്ക് കൈ നിറയെ കിട്ടുന്ന പെരുന്നാൾ പൊടി വാരിക്കോരി അവർക്കായി വീതിക്കും. അത് കൊണ്ട് മറ്റേമ്മയുടെ അടുത്ത് വരാൻ കുട്ടികൾക്ക് ആവേശമാണ്. കുട്ടികൾക്ക് മാത്രമല്ല ഇത്തിരി മുതിർന്നവർക്കും മറ്റേമ്മയുടെ പെരുന്നാൾപ്പൊടി കിട്ടും. സ്വന്തക്കാർക്ക് മാത്രമല്ല അയൽവാസികൾക്കും മറ്റേമ്മയുടെ സ്നേഹം കിട്ടിയിട്ടുണ്ട്. ആരെയെങ്കിലും സംസാരിക്കാൻ കിട്ടുക മറ്റേമ്മയ്ക്ക് വലിയ സന്തോഷമുള്ള കാര്യമായിരുന്നു. പുൽക്കൊടിയോടും ചെടികളോടും വിശേഷങ്ങൾ പങ്കുവെക്കുന്ന മറ്റേമ്മ തൊട്ടപ്പുറത്തെ താമസക്കാരെ അറിയാത്ത ഇക്കാലത്ത് ചരിത്രം തന്നെയായിരുന്നു.
ഇതിനിടയിലും ദിക്റുകളും സ്വലാത്തുകളും ചൊല്ലാൻ മറ്റേമ്മ സമയം കണ്ടെത്തി. ഖുർആൻ മുഴുവൻ ഓതിയത് നൂറിലധികം വരും. ഇതെല്ലാം ഇപ്പോഴാണ് അറിയുന്നത്. ഒരു നോട്ട് ബുക്ക് മറ്റേമ്മ സൂക്ഷിച്ചിരുന്നു, അതിലാണ് ആത്മീയതയുടെ കണക്കുകൾ സൂക്ഷിച്ചിരുന്നത്. അതിൽ നിറയെ ചെറിയ ചെറിയ വരകളാണ്. ഒരോ വരയും നൂറിന്റെ കണക്കാണ്. ദിക്റുകൾ എണ്ണുന്നതിന് ദസ്ബിയോ തസ്ബീഹ് മാലയോ ഒന്നുമില്ല. ചെറിയ ചെറിയ കുറെ കല്ലുകൾ..ഓരോ നൂറാകുമ്പോൾ ഒരു കല്ലെടുത്ത് മാറ്റി വെക്കും.അതാണ് മറ്റേമ്മയുടെ കണക്ക്.
മറ്റേമ്മയുടെ കണക്കു പുസ്തകം നോക്കിയ ഉസ്താദ് അത്ഭുതപ്പെട്ടു. പതിനായിരക്കണക്കിന് ദിക്റുകൾ..നൂറുകണക്കിന് ഖത്തത്തിന്റെ രേഖകൾ..’’ഇനി ഈ ഉമ്മയ്ക്ക് വേണ്ടി നമ്മൾ എന്തു ചെയ്യാനാണ്? എല്ലാം ഉമ്മ തന്നെ ചെയ്തു വെച്ചിരിക്കുന്നു..റബ്ബുൽ ആലമീനായ തമ്പുരാനേ, എത്രയോ ഉസ്താദുമാർക്ക് വെച്ചു വിളമ്പിയ ഈ ഉമ്മയ്ക്ക് നീ സ്വർഗീയ ഭക്ഷണം നൽകണേ..’’ ഉസ്താതിദിന്റെ ആർദ്രമായ പ്രാർഥനയിൽ നനയാത്ത കണ്ണുകളില്ല.
മരിക്കുമ്പോൾ പത്രത്തിൽ കൊടുക്കുവാനുള്ള ഫോട്ടോ മകനെ ഏൽപ്പിച്ച് കുറച്ചു ദിവസം മുമ്പ് ഉമ്മ പറഞ്ഞത്രേ. ’’ഈ ഫോട്ടോ തന്നെ കൊടുക്കണം, ഇതാണ് ഇത്തിരി നല്ല ഫോട്ടോ..’’ ജീവിതയാത്രയുടെ സമയം അവസാനിക്കാറായെന്ന ഉൾവിളി മറ്റേമയ്ക്ക് ഉണ്ടായിക്കാണണം..
എപ്പോഴും ചിരിച്ച് കയ്യിൽ പിടിച്ച് സ്നേഹപൂർവ്വം രണ്ട് ദിവസം കഴിഞ്ഞ് പോകാം എന്ന് നിർബന്ധിക്കാറുള്ള മറ്റേമ്മ ഇപ്പോൾ ഒന്നുമറിയാതെ കിടക്കുകയാണ്.. സാംബ്രാണിയുടെയും കുന്തിരിക്കത്തിന്റെയും ഗന്ധം എങ്ങും പരന്നൊഴുകുന്നുണ്ട്,ഉസ്താദിന്റെ പ്രാർഥനയിൽ എല്ലാവരും ആമീൻ പറയുന്നു..നൂറ്റി രണ്ടു വർഷമായി ചരിത്രവും വർത്തമാനവുമായി മാറിയ മറ്റേമ്മ യാത്ര പറയുകയാണ്.
എല്ലാം കഴിഞ്ഞ് പോകാനിറങ്ങുമ്പോളാണ് ആ ശൂന്യത അനുഭവപ്പെട്ടത്. ’’നിൽക്ക്,രണ്ടു ദിവസം കഴിഞ്ഞ് പോയാൽ മതി…’’ എന്ന് കയ്യിൽ പിടിച്ച് നിറഞ്ഞ സ്നേഹമാകാൻ ഇനി മറ്റേമ്മയില്ല. മറ്റേമ്മയുടെ വീട്ടിൽ നിന്നിറങ്ങുമ്പോൾ അന്നാദ്യമായി കണ്ണുകൾ നിറഞ്ഞു.