2020-ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം കവി സച്ചിദാനന്ദന്. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവുമടങ്ങുന്നതാണ് പുരസ്കാരം. കഥാകൃത്ത് സക്കറിയ ചെയർമാനും നോവലിസ്റ്റ് സാറാ ജോസഫ്, കഥാകൃത്ത് സന്തോഷ് എച്ചിക്കാനം എന്നിവർ അംഗങ്ങളുമായ സമിതിയാണ് ഈ വർഷത്തെ പുരസ്കാരത്തിന് സച്ചിദാനന്ദനെ തിരഞ്ഞെടുത്തതെന്ന് മാതൃഭൂമി മാനേജിങ്ങ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ, ചെയർമാനും മാനേജിങ്ങ് എഡിറ്ററുമായ പി.വി.ചന്ദ്രൻ എന്നിവർ അറിയിച്ചു.
ദീർഘമായ തന്റെ എഴുത്തുജീവിതത്തിലൂടെ മലയാള ഭാഷയേയും ഭാവുകത്വത്തേയും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന കവിയാണ് സച്ചാദാനന്ദൻ എന്ന് പുരസ്കാര നിർണ്ണയസമിതി വിലയിരുത്തി. മലയാളത്തിന്റെ നാട്ടുമണം ഉൾക്കൊള്ളുമ്പോൾതന്നെ സച്ചിദാനന്ദന്റെ കവിതകൾ ലോകകവിതയുടെ ലാവണ്യത്തേയും ഉൾക്കനത്തേയും സ്വാംശീകരിച്ചിരിക്കുന്നു. കവിത്വം ചോരാത്ത പരിഭാഷകളിലൂടെ സച്ചിദാനന്ദൻ ലോക കവിതയെ മലയാളികളിലേക്ക് പ്രവഹിപ്പിച്ചു. ഗദ്യത്തിലും നിരൂപണത്തിലും പഠനങ്ങളിലും സ്വന്തമായി ഒരിടം സൃഷ്ടിച്ചു.
യാത്രകളെ കാവ്യതീർത്ഥാടനങ്ങളാക്കി. ഇന്ത്യൻ കവിതയുടെ വിശാലമായ ചക്രവാളത്തേയും വിവിധ ധാരകളേയും സച്ചിദാനന്ദൻ തന്റെ പരിഭാഷകളിലൂടെ മലയാളിക്ക് പരിചിതമാക്കി. കാൽപ്പനികതയുടെ ലോകത്ത് മാത്രം വിഹരിക്കാതെ കാലത്തിന്റെ തീപിടിച്ച പ്രശ്നങ്ങൾക്കെതിരെ കവിതയിലൂടെ പ്രതികരിക്കാനും സച്ചിദാനന്ദൻ ഇതപര്യന്തമുള്ള തന്റെ കാവ്യജീവിതത്തിലൂടെ നിരന്തരം ശ്രമിച്ചുകൊണ്ടേയിരുന്നു. ഇത്തരത്തിൽ സമർപ്പിതമായ ഒരു കാവ്യജീവിതമാണ് സച്ചിദാനന്ദന്റേത് -സമിതി വിലയിരുത്തി.