നീയൊരോർമ്മയാണിന്നെനിക്കീ വന്യമാം ശൂന്യത തികട്ടിയൊതുക്കുന്ന തേങ്ങലായ്,
ആരോരുമറിയാതെ യന്തരംഗം പിളർക്കുമൊരു നഷ്ടദീപപ്രഭയായ്
നീളെ നീ വളർന്നതീ പെങ്ങൾമനസ്സിന്റെ സങ്കല്പ പൂങ്കാവനത്തിലായിരുന്നെതും
പച്ചപൂക്കുന്നൊരീ നാടിന്റെ ശീതളഛായയിലൊത്തു നടന്നതും
കുഞ്ഞാവയെന്ന് നിനച്ചെന്റെ സഖികൾ നിന്നെയുടലോട് ചേർത്തുമ്മകൾ തന്നതും
പിച്ച നടന്നൊരീ നാട്ടു വെളിച്ചത്തിൽ മികവിന്റെ നിലാപ്രതീക്ഷകൾ കുളിരണിയിച്ചതും
കായലിൽ മാസ്മര ലീലാവിലാസങ്ങളാകെ പൊതിഞ്ഞു കൗമാര കുങ്കുമം ചാർത്തിയോൻ
ആദ്യവിദ്യാലയമായൊരീ യമ്മ തന്നുയിരിനെ വാടാതെ കാക്കേണ്ടോൻ
അധ്യാനഭാരമൊറ്റക്കൈയ്യിലേന്തുമ്പൊഴും സൂര്യ തേജസായി ജ്വലിച്ചു നീയുണ്ടെന്നോർത്തൊരപ്പന്റെ പിണ്ഡമേൽക്കേണ്ട വൻ
പൊടി മീശപ്രണയമൊളിപ്പിച്ച കണ്ണുകൾ പാടേ വലിച്ചടച്ചെന്തു നീചമീവിധിയെന്ന്
വെന്ത് വെണ്ണീറായിയരക്ഷിത ഗർഭത്തിലൊറ്റയ്ക്കിരുന്നു വിലപിക്കെ
നിന്റെ നാടൊന്നിച്ചു തേങ്ങിയോ
സതീർത്ഥ്യരൊക്കെയുമായ് നീ തീർത്ത കൗതുക കളിമ്പ സന്ധ്യയും വിങ്ങി നിൽക്കുന്നിതിപ്പൊഴുമെൻ നേരാങ്ങളേ, നിന്നിടങ്ങളിൽ തനിച്ചിരിക്കുന്നു ഞാൻ
അരുതെന്നുരയ്ക്കുവാനാവുന്നതിൻ മുൻപ് വിധിയെന്റെയാശതൻ കണ്ണുപൊത്തി
ഉന്മാദ നൃത്തം ചവിട്ടിയി പാതയിലൊറ്റയ്ക്ക് നിർത്തി ചിരിച്ചകന്നു
നിന്നെയോർക്കാതൊരു മാത്രയില്ലിപ്പൊഴും ഹൃത്തുമാ ഓർമ്മയിൽ പൊട്ടിപ്പൊളിഞ്ഞിരിക്കാം…
നീളെ നീണം വീണ ചിന്തകൾ കോർത്തെന്റെ കൂടെപ്പിറപ്പി നിന്നർപ്പിക്കവേ,
വെന്തുവെണ്ണീറായൊരായിരം സ്വപ്നങ്ങൾ തൻ ചിതയി നെഞ്ചിൽ വിങ്ങിയാർക്കെ,
പകരമൊന്നൊരു പദം പകരമല്ലെന്നറിഞ്ഞൊരു ജന്മം കൂടി നിന്റെ സോദരിയാകുവാൻകൊതിച്ചു പോകുന്നിതാ…!
ബീഭത്സമാമ്യത്യുതൻ കരാള ഹസ്തങ്ങളിൽ പെട്ടടർന്നോരെൻ കൂടെപ്പിറപ്പേ…!
അരക്ഷിതത്വത്തിൽ ക്ഷയിച്ചൊരീ പാദങ്ങൾ
ഇടറാതെയെത്തണമൊരിക്കൽ നിൻ ചാരത്തായ്
വേർപിരിക്കുവാനാവാത്തതായെന്തെങ്കിലുമീ സൃഷ്ടി കർമ്മത്തിലുണ്ടെങ്കിലതിലേക്കൊളിക്കണം