മതത്തിനു മുന്നില്‍ സ്നേഹം തകര്‍ന്നു വീഴുമ്പോള്‍

മനുഷ്യനെ കൊല്ലാനുള്ളതാണോ മതം? മനുഷ്യനു ജീവിക്കാന്‍ മതം ആവശ്യമോ? നമ്മുടെ നാട്ടില്‍ ദൈവത്തിന്റെ സ്വന്തം നാട് എന്ന എന്ന വിശേഷണമുള്ള കൊച്ചു കേരളത്തില്‍ ജാതിയുടേയും മതത്തിന്റെയും പേരില്‍ കൊലപാതകങ്ങള്‍ കൂടി വരികയാണ്.

ലോകത്ത് ഒത്തിരി മതങ്ങളുണ്ട്. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, പാഴ്സി അങ്ങനെ നീളുന്നു മതങ്ങളുടെ എണ്ണം. ഓരോ മതത്തിനും പല ജാതികളും ഓരോ മതങ്ങളും തങ്ങളുടെ ആചാരങ്ങള്‍ ശരിയാണെന്നു പഠിപ്പിക്കുമ്പോള്‍ മറ്റു മതങ്ങളുടെ ആചാരങ്ങള്‍ തെറ്റാണെന്നു പഠിപ്പിക്കുന്നു. മതഭ്രാന്ത് അത് വല്ലാത്തൊരു പിശാച് തന്നെയാണെന്ന സത്യം നാം തിരിച്ചറിയേണ്ട സമയം വൈകിയിരിക്കുന്നു. മദ്യപിച്ച് ഭ്രാന്തിളകിയവന്റെ ഭ്രാന്ത് ലഹരി കെട്ടടങ്ങുമ്പോള്‍ മാറും. എന്നാല്‍ മതഭ്രാന്തിളകിയവന്റെ ഭ്രാന്ത് മാറ്റാന്‍ ഏത് ശക്തിക്കു കഴിയും?

വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ലോകത്ത് മതമില്ലായിരുന്നു. അന്നും ജനങ്ങള്‍ ഇവിടെ ജീവിച്ചിരുന്നു. അവരിവിടെ പ്രകൃതിയുടെ താളത്തിനൊത്ത് സന്തോഷത്തോടെ ജീവിച്ചു മരിച്ചു.

വിദ്യാഭ്യാസവും മറ്റും ഏറെ പുരോഗതിയിലെത്തിയ ഈ കാലത്ത് നാം മതത്തിന്റെ പേരില്‍ തല്ലുന്നു കൊല്ലുന്നു.

മത ഭ്രാന്തിളകിയ സ്വന്തം പിതാവിന്റെ കരങ്ങളാല്‍ ആതിരക്ക് ഈ ലോകത്തോടു വിട പറയേണ്ടി വന്ന നഗ്നന സത്യം ഒന്നോര്ത്തു നോക്കു…. എത്ര ഭയാനകം… ലാളിച്ചു വളര്‍ത്തിയ പിതാവ് അന്യ ജാതിക്കാരനെ സ്നേഹിച്ചതിന്റെ പേരില്‍ മകളെ വെട്ടിക്കൊല്ലുന്ന കൊടും ക്രൂരത സത്യത്തില്‍ മതം പഠിപ്പിക്കുന്നത് കൊല്ലാനോ?

അന്യമതക്കാരനെ /അന്യമതക്കാരിയെ പ്രേമിച്ച് മത ഭ്രാന്തന്മാരുടെ ഇടപെടല്‍ മൂലം ഒന്നിക്കാന്‍ കഴിയാതെ ആത്മഹത്യയില്‍ അഭയം തേടിയ യുവ കുസുമങ്ങളും മനോനില തെറ്റിയ പൊന്‍പൂക്കളും നമുക്കിടയിലുണ്ട്.

ഇന്ത്യ ഒരു മതേതര രാജ്യമാണ് സത്യത്തില്‍ ഇവിടെ നടക്കുന്നതെന്ത് ? മതത്തിന്റെ പേരില്‍ തല്ലും കൊല്ലും വഴക്കും സ്നേഹത്തേക്കാള്‍ വലുതാണോ മതം? മതമൈത്രിയെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്ന പണ്ഡിതന്മാര്‍ ഉള്ളിന്റെയുള്ളില്‍ മത തീവ്രത വെച്ചു പുലര്‍ത്താറുണ്ട് എന്നത് അറപ്പുളവാക്കുക്കുന്ന സത്യമാണ്.

വ്യത്യസ്ത മതക്കാരായ ആളൂകള്‍ പരസ്പരം കൈകൊടുക്കുന്നതും കെട്ടിപ്പിടിക്കുന്നതും മതമൈത്രിയുടെ അടയാളമായി നാം കാണുമ്പോള്‍ വ്യത്യസ്ത മതക്കാര്‍ തമ്മില്‍ വിവാഹം കഴിക്കാനൊരുങ്ങുമ്പോള്‍ മതങ്ങള്‍ പത്തി വിടര്‍ത്തി വിഷം ചീറ്റുന്നതെന്തു കൊണ്ടാണ്? അപ്പോള്‍ നമ്മുടെ മതമൈത്രി എവിടെ അസ്തമിക്കുന്നു?

മതത്തിന്റെ പേരില്‍ നീനുവിന്റെ ഭര്‍ത്താവ് കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് നീനുവിന്റെ അച്ഛനും സഹോദരനുമടങ്ങുന്ന സംഘമാണെന്ന കറുത്ത സത്യം നടന്നത് നമ്മുടെ കണ്മുന്നിലല്ലേ? മതം നമ്മെ അന്ധരാക്കിയിരിക്കുന്നു.

അന്യമതക്കാരനെ കല്യാണം കഴിച്ചതിന്റെ പേരില്‍ മകളുടെ/ പെങ്ങളുടെ ഭര്‍ത്താവിനെ കൊന്നു കളഞ്ഞ് അവളെ വിധവയാക്കുന്ന ക്രൂരത.

നീനുവും കെവിനും എന്തെല്ലാം പ്രതീക്ഷകളോടെയാവും ജീവിതത്തിലേക്കു കാലെടുത്തു വച്ചത്. എല്ലാം തകര്‍ത്തു കളഞ്ഞില്ലേ മത ഭ്രാന്തന്മാര്‍. ആസിഫ എന്ന പിഞ്ചോമനയെ അമ്പലത്തില്‍ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് കൊന്ന് കളഞ്ഞത് മത മറയാക്കിയ കാമഭ്രാന്തന്മാരാണ്.

പ്രിയപ്പെട്ടവളുടെ മരണവാര്‍ത്തയറിഞ്ഞ് അവള്‍ക്കു വേണ്ടി വാങ്ങിയ സാരിയും താലിയും കെട്ടിപ്പിടിച്ച് വിലപിക്കുന്ന ആതിരയുടെ കാമുകനും നമ്മുടെ മുന്നില്‍ അരങ്ങേറിയ ജീവിത നാടകത്തിലെ കഥാ പാത്രങ്ങളാണല്ലോ. ജാതിക്കും മതത്തിനും മുന്നില്‍ സ്നേഹത്തിനു ഒരു വിലയുമില്ലന്നോ….?

നമുക്കൊക്കെ മതങ്ങള്‍ കിട്ടിയത്, ഹിന്ദുമതത്തില്‍ ജനിച്ച ഒരാള്‍ ഹിന്ദു ആചാരങ്ങളനുസരിച്ച് ജീവിക്കുന്നു. അയാള്‍ മറ്റൊരു മതത്തിലാണ് ജനിച്ചതെങ്കില്‍ ആ മതത്തിന്റെ ആചാരങ്ങള്‍ ആയിരിക്കും അയാള്‍ അനുഷ്ഠിക്കുക. പിന്നെ എന്തിനാണ് നാം മതത്തിന്റെ പേരില്‍ തല്ലിക്കൊല്ലുന്നത്?

ചെറുപ്പത്തില്‍ തന്നെ കുട്ടികളെ മത പഠനശാലയില്‍ വിട്ട് മതം പഠിപ്പിക്കുന്നത് ഒഴിവാക്കണം. പ്രായപൂര്ത്തിയാകുമ്പോള്‍ അവര്‍ അവര്‍ക്കു വേണ്ട മതം സ്വീകരിച്ചോട്ടെ. എങ്കില്‍ മതത്തിന്റെ പേരിലുള്ള തമ്മില്‍ തല്ല് ഒരു പരിധി വരെ കുറക്കാന്‍ സാധിക്കും.

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നാണ് ശ്രീനാരായണ ഗുരു നമ്മോട് പറഞ്ഞത്. എന്നാല്‍ മനുഷ്യനെ കൊന്നും മതം സംരക്ഷിക്കുകയാണ് നാം ചെയ്യുന്നത്. ”ഇന്ത ഉലകത്തില്‍ ഒരേ ജാതി താന്‍, ഒരു മതം താന്‍, ഒരേ ഒരു കടവുള്‍ താന്‍” എന്ന തൈക്കാട് അയ്യായുടെ വാക്കുകള്‍ നാം ഓര്‍ക്കണം. മനുഷ്യനെ സ്നേഹിക്കണം, പ്രകൃതിയെ സ്നേഹിക്കണം, പ്രകൃതിയിലെ സകല ജീവജാലങ്ങളെയും സ്നേഹിക്കണം.

നമ്മുടെ മുന്‍ പ്രധാനമന്ത്രി , ഇന്ത്യയുടെ ഉരുക്കു വനിത പ്രിയദര്‍ശിനി ഇന്ദിരാഗാന്ധി പാഴ്സി മതസ്ഥനനായ ഫിറോസ് ഗാന്ധിയെ വിവാഹം കഴിച്ചത് ജാതിയും മതവും നോക്കിയല്ല. റസിയാ ബീവി വയസായ അന്തര്‍ജനത്തെ സംരക്ഷിക്കുന്നതും ജാതിയും മതവും നോക്കിയല്ല. നമ്മുടെ ശരീരത്തിലേക്ക് മറ്റൊരാളുടെ രക്തം കയറ്റേണ്ടി വരുന്ന സാഹചര്യത്തല് രക്തം നല്കുന്ന ആളൂടെ ജാതിയും മതവും നാം നോക്കാറില്ലല്ലോ.

ഇന്ത്യന്‍ ഭരണ ഘടനയില്‍ ആര്‍ട്ടിക്കിള്‍ 21 അനുസരിച്ച് വ്യക്തി സ്വാതന്ത്ര്യത്തിനും ജീവിക്കാനുമുള്ള അവകാശമുണ്ട്. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാനും തടസം ചെയ്യാനും മറ്റുള്ളവര്‍ക്ക് എന്തവകാശം? ഇന്ത്യന്‍ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 25 മുതല്‍ 28 വരെ മതസ്വാതന്ത്ര്യത്തിനുള്ള അവകാശമാണ് ഏത് മതം സ്വീകരിക്കാനും മതം വേണ്ടാതെ ജീവിക്കാനും ഓരോ ഇന്ത്യന്‍ പൗരനും അവകാശമുണ്ട്.

”ജാതിപ്പേര് അര്‍ത്ഥശൂന്യമാണ്. അത് പേരില്‍ നിന്ന് നീക്കിയാലെ ഹൃദയം ശുദ്ധമാകു…” സ്വാമി ആനന്ദ തീര്ത്ഥയുടെ വാക്കുകളാണിത്. ‘ ജാതി നാശനം നവയുഗ ധര്‍മ്മം’ എന്ന മുദ്രാവാക്യത്തോടെ മിശ്രവിവാഹങ്ങള്‍ക്ക് പ്രേരണ നല്കിയ മഹാനാണ് ആനന്ദ തീര്ത്ഥ.

ഇന്ന് മിശ്രവിവാഹിതര്‍ പലയിടത്തും അപമാനിക്കപ്പെടുന്നു, പരിഹസിക്കപ്പെടുന്നു. ഡല്‍ഹിയിലെ പാസ് പോര്‍ട്ട് ഓഫീസിലെ ജീവനക്കാരന്‍ മിശ്രവിവാഹിതരായ യുവാവിനേയും യുവതിയേയും പരിഹസിച്ചതും ഭീക്ഷണിപ്പെടുത്തിയതും മതേതര രാജ്യമായ നമ്മുടെ ഭാരതത്തിലാണ്.

” ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്..” സഹോദരന്‍ അയ്യപ്പന്‍ നല്കിയ സന്ദേശം തമ്മില്‍ തല്ലാനും കൊല്ലാനുമാണെങ്കില്‍ എന്തിനു ജാതിയും മതവും ദൈവവും?

താനൊരു മതവിശ്വാസിയല്ലെന്നു പ്രഖ്യാപിച്ച ശാസ്ത്രജ്ജനാണ് സ്റ്റീഫന്‍ ഹോക്കിംഗ്സ്. പ്രപഞ്ചത്തെ പൂര്‍ണ്ണമായി മനസിലാക്കാനുള്ള ശ്രമമായിരുന്നു അദ്ദേഹത്തിന്റേത്. ചലനമില്ലാത്ത ശരീരവുമായി കഴിയുമ്പോഴും ആ മസ്തിഷ്ക്കം വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ശാസ്ത്ര നിയമങ്ങളിലാണ് പ്രപഞ്ചം ഭരിക്കപ്പെടുന്നതെന്ന് അദ്ദേഹം വിശ്വസിച്ചു.

ജാതിയുടേയും മതത്തിന്റെയും പേരില്‍ തമ്മില്‍ തല്ലാത്ത ഒരു നാടാകട്ടെ നമ്മുടെ ഭാരതം. അതിനു വേണ്ടി നമുക്കേവര്‍ക്കും കൈകോര്‍ക്കാം ഒരേ മനസോടെ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here