പല രാഷ്ട്രീയപാര്‍ട്ടികളിലുമായി വിഭജിച്ചു കിടക്കുന്ന ദലിത് സമൂഹം ഉണര്‍ന്നെണീക്കുകയും, സോഷ്യലിസം, കമ്മ്യൂണിസം, ഗാന്ധിസം, മാര്‍ക്സിസം, ലെനിനിസം, സ്റ്റാലിനിസം, മാവോയിസം, നാസിസം, ഫാസിസം തുടങ്ങിയ സകലമാന ഇസങ്ങളെയും വലിച്ചെറിഞ്ഞ് അംബേദ്കറിസത്തിലേക്ക് മടങ്ങുകയും ശക്തമായ പ്രതിരോധനിര തീര്‍ക്കുകയുമല്ലാതെ വേറെയൊരു ഒറ്റമൂലിയുമില്ല ഭൂമിയിലെ ഭയരഹിത ജീവിതത്തിന്.
മതങ്ങളെ ജാതികള്‍ തോല്‍പ്പിക്കുന്നത് കയ്യടിച്ച് കണ്ടു നില്‍ക്കുന്നവര്‍ക്ക് ഇസങ്ങള്‍ക്കപ്പുറം ഇരകള്‍ സ്വത്വ രാഷ്ട്രീയം തേടിപ്പോകുന്നതിനെ ആക്ഷേപിക്കാന്‍ അവകാശമേതുമില്ല.
മുസ്ലിം സമുദായ സംഘടനകളില്‍ ഭിന്നിപ്പുണ്ടാക്കിയും ഇന്ത്യന്‍ മുജാഹിദീന്‍ ത്വരീഖത്തുകള്‍ പോലുള്ള മുസ്ലിംവിരുദ്ധ സംഘടനകള്‍ക്ക് സകല സഹായങ്ങളും നല്‍കിയും സാഹോദര്യം നശിപ്പിക്കുന്നത് പോലെ ദലിതരുടെ സംഘടിത ശക്തി തകര്‍ത്തുകൊണ്ട് എക്കാലത്തുമവരെ അടിമകളാക്കി നിലനിര്‍ത്താനുമുള്ള ഉന്നത ഗൂഡാലോചനകളും വംശീയ ഉന്മൂലനങ്ങളുമാണ് നടക്കുന്നത്.
താല്‍ക്കാലിക ലാഭമുണ്ടാകാമെങ്കിലും എക്കാലത്തുമവര്‍ ഫാസിസ്റ്റ് ഭീകര ശക്തികളാല്‍ സുരക്ഷ തരായിരിക്കുമെന്നാണ് ചില ദലിത് ഒറ്റുകാര്‍ വിചാരിക്കുന്നത്. മനുവില്‍നിന്ന് മാര്‍ക്സിലേക്കുള്ള ദൂരം കുറഞ്ഞുവരുമ്പോള്‍ അംബേദ്കറിസത്തിലേക്ക് മടങ്ങിക്കൊണ്ടല്ലാതെ തങ്ങളുടെ സ്വത്വവും സ്വാതന്ത്ര്യവും രാജ്യവും സംരക്ഷിക്കാന്‍ കഴിയില്ലെന്ന വസ്തുത വികേന്ദ്രീകരിക്കപ്പെട്ടു കിടക്കുന്നത് കാരണം ഇരകളാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ദലിത് കീഴാള സമൂഹം മറന്നു പോകരുത്.
പൊതു വഴിയിലൂടെ നടന്നുപോകാനായിരുന്നു അന്ന് ചരിത്ര പ്രസിദ്ധമായ വില്ലുവണ്ടി യാത്ര നടത്തിയത് എങ്കി, സ്വന്തം കുടിലില്‍ കിടന്നുറങ്ങാനുള്ള അവകാശത്തിന് വേണ്ടിയാരിക്കും ഇനിയൊരു വില്ലുവണ്ടി യാത്ര. അതാകട്ടെ , കേരളത്തിന്റെ പ്രബുദ്ധതയെയല്ല അധഃപതനത്തെയായിരിക്കും ദ്യോതിപ്പിക്കുക.