മഷിനോട്ടം

 

 

 

 

 

അയൽവീട്ടിലെ അമ്മിണി ചേച്ചിയുടെ മോതിരം കാണാനില്ല. വിരലു ചൊറിഞ്ഞപ്പോള്‍ ഊരി മേശപ്പുറത്തു വച്ചതായിരുന്നു. കുളി കഴിഞ്ഞു വന്നു നോക്കുമ്പോൾ മോതിരമില്ല.

അരപ്പവൻ്റെ മോതിരമാണ്. അതും വിവാഹമോതിരം ….

അമ്മിണി ചേച്ചി കരച്ചിലോടു കരച്ചിൽ. ചുറ്റുവട്ടത്തുള്ളവരെല്ലാം ഓടിക്കൂടി.

“മോതിരം ആരോ എടുത്തു കൊണ്ടുപോയതാണ്. ഞാൻ കുളിക്കാൻ പോയപ്പോൾ ആരോ ഇവിടെ വന്നിട്ടുണ്ട്. ”

കരച്ചിലിനിടയിൽ അമ്മിണി ചേച്ചി പറഞ്ഞു.

ചുറ്റും കൂടിയവർ എന്തു പറയണമെന്നറിയാതെ മൗനികളായി. അമ്മിണി ചേച്ചി തുടർന്നു:

“എൻ്റെ ആള് ആറേഴു തവണ പണയം വെക്കാൻ ചോദിച്ചിട്ട് കൊടുത്തിട്ടില്ല. അങ്ങേരിതറിഞ്ഞാൽ തല്ലിക്കൊല്ലും ”

അമ്മിണി ചേച്ചി തലയിൽ കൈവച്ച് കരച്ചിൽ ഉച്ചത്തിലാക്കി.

“നീ സമാധാനിക്ക്. നമുക്ക് വഴിയുണ്ടാക്കാം.”

തൊട്ട വീട്ടിലെ അമ്മുക്കുട്ടിയമ്മ മുന്നോട്ടുവന്നു പറഞ്ഞു.

“ആരെടുത്താലും അവരെ കാലൻ പാമ്പു കൊത്തട്ടെ. തലയിൽ ഇടിത്തീ വീഴട്ടെ. നടപ്പുദീനം വന്ന് നരകിച്ച് ചാകട്ടെ…. ”

അമ്മിണി ചേച്ചി സ്വതസിദ്ധമായ ശൈലിയിൽ, നാട്ടാചാര പ്രകാരം ശപിച്ചു.

” ഒരു വഴിയുണ്ട്. ”

അമ്മുക്കുട്ടിയമ്മ എല്ലാവരോടുമായി പറഞ്ഞു.

” മഷിനോട്ടം.”

അതേ , കുനിശ്ശേരിക്കടുത്ത് മഷി നോട്ടക്കാരിയായ ഒരു മുത്തശ്ശിയുണ്ട്. അവരെ സമീപിച്ചാൽ കള്ളനെ കണ്ടെത്താം.

പിന്നെ, താമസിച്ചില്ല. അമ്മിണി ചേച്ചിയും അമ്മുക്കുട്ടിയമ്മയും ചാമിയേട്ടനും, ചെല്ലേട്ടനും കൂടി കുനിശ്ശേരിക്കു പുറപ്പെട്ടു.

” ഒരു കുട്ടിയെക്കൂടി കൊണ്ടു പോകണം. മഷി നോട്ടത്തിന് നിഷ്കളങ്കമായ കണ്ണുകൾ വേണമെന്നാണ് പ്രമാണം”

ചെല്ലേട്ടൻ (അമ്മുക്കുട്ടിയമ്മയുടെ ഭർത്താവ്) അറിയിച്ചു. മൂപ്പർ മൂന്നാലു തവണ ഇക്കാര്യത്തിനു പോയിട്ടുള്ള ആളാണ്.

“എങ്കിൽ, കണ്ണൻ കൂടി പോരട്ടെ.”

എന്നെ ചൂണ്ടിക്കൊണ്ട് ചാമിയേട്ടൻ അഭിപ്രായപ്പെട്ടു.

( അപ്പോൾ കുട്ടികളായിട്ട് അവിടെ ഞാൻ മാത്രമെ ഉണ്ടായിരുന്നുള്ളു.)

“എങ്കിൽ ഞാനും വരാം.”

അമ്മ പറഞ്ഞു.

അങ്ങനെ ഞങ്ങൾ അഞ്ചാറു കിലോമീറ്റർ അകലെയുള്ള മഷിനോട്ടം മുത്തശ്ശിയുടെ വീട്ടിലേയ്ക്കു പുറപ്പെട്ടു. തങ്കേട്ടൻ്റെ കാളവണ്ടിയിലായിരുന്നു യാത്ര.

ഞങ്ങൾ ചെല്ലുമ്പോൾ മുത്തശ്ശി മുറുക്കി തുപ്പിക്കൊണ്ട് മുറ്റത്തു നിൽക്കുകയായിരുന്നു.

“ആരോ വരുന്നുണ്ടെന്ന് സൂചന കിട്ടി. അതാ, ഇവിടെ വന്നു നിന്നത്.അകത്തേയ്ക്കു വരിൻ.”

മുത്തശ്ശി ഞങ്ങളെ സ്വാഗതം ചെയ്തു.

“ഈ ഉണ്ണിയും മുതലു പോയ പെണ്ണും മാത്രം എൻ്റെ കൂടെ വന്നാൽ മതി. ബാക്കിയുള്ളവർ പുറത്തു നിന്നോളൂ.”

മുത്തശ്ശി അറിയിച്ചു.

അമ്മിണി ചേച്ചിയും ഞാനും മുത്തശ്ശിയുടെ കൂടെ ചെന്നു.

മുത്തശ്ശി പൂജാമുറിയിലേക്ക് ഞങ്ങളേയും കൊണ്ടുചെന്നു. നാവു നീട്ടി, തലയോട്ടിമാലയണിഞ്ഞ്, വാളും ഉയർത്തിപ്പിടിച്ചു നിൽക്കുന്ന ഭദ്രകാളിയുടെ വലിയൊരു ഫോട്ടോ പീഠത്തിൽ ചാരി നിർത്തിയിരിക്കുന്നു. അഞ്ചു തിരിയിട്ട നിലവിളക്ക് തെളിഞ്ഞു കത്തുന്നു. ചെറിയൊരു ഓട്ടുരുളിയിൽ കുങ്കുമ വെള്ളം നിറച്ചു വച്ചിട്ടുണ്ട്. അതിൽ തെച്ചിപ്പൂക്കൾ പാറിക്കിടക്കുന്നു. നിലത്ത് പോത്തിൻ്റെ തോൽവിരിച്ചിട്ടുണ്ട്. മുത്തശ്ശി അതിൽ ഇരുന്നു. മുത്തശ്ശിക്ക് അഭിമുഖമായി ഞങ്ങളും ഇരുന്നു.

അമ്മിണി ചേച്ചി കണ്ണു തുടച്ച് കാര്യങ്ങൾ വിസ്തരിച്ചു. മുത്തശ്ശി എല്ലാം മൂളിക്കേട്ടു .

അനന്തരം, മുത്തശ്ശി ഒരു വെറ്റിലയെടുത്ത് തുടച്ചു. നിലവിളക്കിനു മുന്നിൽ ഒരു ചെപ്പിൽ സൂക്ഷിച്ചിട്ടുള്ള കറുത്ത മഷി ചൂണ്ടുവിരൽ കൊണ്ട് തോണ്ടിയെടുത്ത് വെറ്റില മധ്യത്തിൽ വലിയൊരു പൊട്ടു തൊട്ടു. അതിനു ശേഷം അല്പനേരം കണ്ണടച്ചിരുന്ന് ധ്യാനിച്ചു.

“ഉണ്ണി, അടുത്തേയ്ക്കു വരൂ.”

ധ്യാനത്തിൽ നിന്നുണർന്ന മുത്തശ്ശി അറിയിച്ചു.

ഞാൻ അമ്പരപ്പോടെ അടുത്തേയ്ക്കു ചെന്നു.

” കാളിയമ്മയെ തൊഴുതിട്ട് ഈ വെറ്റിലയിലേക്ക് നോക്ക്.”

മുത്തശ്ശി അറിയിച്ചു.

ഞാൻ അപ്രകാരം ചെയ്തു.

“എന്തു കാണുന്നു?”

മുത്തശ്ശി ചോദിച്ചു.

ഉള്ളതു പറഞ്ഞാൽ വെറ്റിലയിലെ മഷിപുരട്ടിയ പൊട്ടല്ലാതെ ഞാൻ ഒന്നും കണ്ടില്ല.

” സൂക്ഷിച്ചു നോക്ക്.”

മുത്തശ്ശി ശബ്ദമുയർത്തി.

ഞാൻ ഒന്നുകൂടി അടുത്തേക്ക് ചെന്ന് സൂക്ഷിച്ചു നോക്കി.

” കാണുന്നില്ലേ?”

മുത്തശ്ശി ചോദിച്ചു.

“ഇല്ല ”

ഞാൻ തലയാട്ടി.

“കള്ളൻ കപ്പലിൽ തന്നെ . കുട്ടിയുടെ കണ്ണുകെട്ടിയിരിക്കുന്നു. അതേ, ദൃഷ്ടി മറച്ചിരിക്കുന്നു. കട്ടത് വീട്ടിലുള്ളവർ തന്നെ.”

മുത്തശ്ശി അറിയിച്ചു.

”വീട്ടിൽ കെട്ടിയോൻ മാത്രമെ ഉള്ളൂ. അങ്ങേര് പണിക്കു പോയിരിക്കുകയാണ്.”

അമ്മിണി ചേച്ചി വിതുമ്പിക്കൊണ്ട് പറഞ്ഞു.

“ഇങ്ങോട്ടു ചോദ്യം വേണ്ട. കട്ടത് കെട്ടിയവൻ തന്നെ.”

മുത്തശ്ശി തറപ്പിച്ചു പറഞ്ഞു.

“അതെങ്ങനെ? ഞാൻ കുളിക്കാൻ പോകുമ്പോൾ അങ്ങേര് വീട്ടിലില്ലല്ലോ ”

അമ്മിണിച്ചേച്ചിക്ക് മുത്തശ്ശി പറഞ്ഞതിനോട് യോജിക്കാൻ കഴിഞ്ഞില്ല.

“അതെങ്ങനെ ഇതെങ്ങനെ എന്നൊന്നും ചോദിക്കണ്ട. നിങ്ങൾക്കു പോകാം.”

മുത്തശ്ശി വെറ്റില താഴെ വച്ചു.

വീട്ടിൽ തിരിച്ചെത്തിയ അമ്മിണി ചേച്ചിയും അയൽപക്കക്കാരും കുട്ടപ്പേട്ടൻ (അമ്മിണി ചേച്ചിയുടെ ഭർത്താവ്) തിരിച്ചെത്തുന്നതും കാത്തിരുന്നു. മൂപ്പർ പതിവുപോലെ കള്ളുഷാപ്പിലൊക്കെ കയറിയിട്ടാണ് വരവ്.

” കുട്ടപ്പാ, ഉള്ളത് ഉള്ളതുപോലെ പറ. നീ അമ്മിണിയുടെ മോതിരം എടുത്തോ?”

അയാളെ കണ്ടതും ചെല്ലേട്ടൻ വളച്ചുകെട്ടാതെ ചോദിച്ചു.

കുട്ടപ്പേട്ടൻ ഒന്നും മിണ്ടാതെ മുറ്റത്തു തന്നെ നിന്നു.

” ഒന്നും മറയ്ക്കാൻ നോക്കണ്ട. നമ്മുടെ കണ്ണൻ മഷി നോട്ടത്തിൽ നീ എടുക്കുന്നതായി കണ്ടിരിക്കുന്നു. അതാ, ചോദിച്ചത്.”

ചെല്ലേട്ടൻ എന്നെ അയാളുടെ മുന്നിൽ കൊണ്ടു നിർത്തി.

കുട്ടപ്പേട്ടൻ എന്നെ ആശ്ചര്യത്തോടെ ഒന്നു തുറിച്ചു നോക്കി. (ആ നോട്ടം ഒരിക്കലും മറക്കില്ല.) പിന്നെ, തല ചൊറിഞ്ഞു കൊണ്ട് എല്ലാവരേയും നോക്കി ഒരു വിളറിയ ചിരി ചിരിച്ചു.

കുട്ടപ്പേട്ടൻ കുറ്റം സമ്മതിച്ചു. അയാൾ ഇറങ്ങാൻ നേരത്താണ് ഭാര്യ മോതിരം ഊരി വയ്ക്കുന്നതു കണ്ടത്. അല്പനേരം പുറത്തു നിന്ന അയാൾ മോതിരവുമെടുത്ത് സ്ഥലം വിടുകയായിരുന്നു.

“മോതിരം കോപ്പറേറ്റു ബാങ്കിൽ പണയം വെച്ചിട്ടുണ്ട്. മര്യാദയ്ക്കു ചോദിച്ചപ്പോൾ തന്നില്ല. കെട്ടുതാലിയൊന്നും അഴിച്ചെടുത്തില്ലല്ലോ ….”

അയാൾ ന്യായീകരിച്ചു.

അതോടെ അയൽക്കൂട്ടം പിരിഞ്ഞു.

“ഇനി നമുക്കെന്തു കാര്യം. ഇവരായി, ഇവരുടെ പാടായി.”

അമ്മുക്കുട്ടിയമ്മ എല്ലാവർക്കും വേണ്ടി അഭിപ്രായപ്പെട്ടു.

മൂന്നാലു ദിവസത്തിനു ശേഷം കുട്ടപ്പേട്ടൻ എന്നെ അടുത്തേയ്ക്കു വിളിച്ചു.

“കണ്ണാ, വെറ്റിലയിൽ ശരിക്കും നീ എന്നെ കണ്ടോ?”

അയാൾ ആരും കേൾക്കുന്നില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം ചോദിച്ചു.

ഞാൻ ഉണ്ടെന്നും ഇല്ലെന്നും അർഥത്തിൽ തലയാട്ടി.

” ശരിക്കും, സിനിമ കാണുന്നതുപോലെ!”

അയാളുടെ കണ്ണുകളിൽ ആശ്ചര്യം തുളുമ്പി നിന്നു.

ഞാൻ അപ്പോഴും തലയാട്ടി.

” ശരി, നീ പൊയ്ക്കോ.”

അയാൾ നെടുവീർപ്പോടെ പറഞ്ഞു. അനന്തരം താടിക്കു കൈ കൊടുത്ത് ഒരു കരിങ്കൽ പ്രതിമ കണക്കെ ഇരുന്നു.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here