ഇന്തോനേഷ്യയില്‍ നടന്ന പ്രസിഡന്റ്‌സ് കപ്പ് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍താരം മേരി കോമിന് സ്വര്‍ണം. 51 കിലോഗ്രാം വിഭാഗത്തില്‍ ഓസ്‌ട്രേലിയയുടെ ഏപ്രില്‍ ഫ്രാങ്ക്‌സിനെതിരെ 5-0 എന്ന നിലയില്‍ ഏകപക്ഷീയമായിട്ടായിരുന്നു ആറുതവണ ലോക ചാമ്പ്യനായ മേരി കോം സ്വര്‍ണം നേടിയത്. മെയില്‍ ഇന്ത്യന്‍ ഓപ്പണ്‍ ബോക്‌സിങ്ങിലും സ്വര്‍ണം നേടിയ താരം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചിരുന്നില്ല.
ലോക ചാമ്പ്യന്‍ഷിപ്പ് അടുത്തിരിക്കെ മേരി കോമിന് മികച്ച തയ്യാറെടുപ്പാണ് സ്വര്‍ണനേട്ടത്തിലൂടെ ലഭിച്ചത്. റഷ്യയില്‍ ഈ വര്‍ഷം സപ്തംബര്‍ 7 മുതല്‍ 21 വരെയാണ് ലോക ചാമ്പ്യന്‍ഷിപ്പ്. ലോക ചാമ്പ്യന്‍ഷിപ്പ് വിജയത്തോടെ ഒളിമ്പിക്‌സ് യോഗ്യത ഉറപ്പാക്കാമെന്നാണ് മേരിയുടെ പ്രതീക്ഷ. സ്വര്‍ണമെഡല്‍ വിജയത്തില്‍ സന്തോഷം അറിയിച്ച് മേരി ട്വിറ്ററില്‍ പരിശീലകനും സ്റ്റാഫിനും നന്ദി അറിയിച്ചിട്ടുണ്ട്.
ഒളിമ്പിക്‌സ് വെങ്കലമെഡല്‍ ജേത്രിയായ താരം കഴിഞ്ഞവര്‍ഷം ദില്ലിയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിൽ ആറാം തവണയും വിജയിച്ചു. ഇതോടെ ഈ നേട്ടത്തില്‍ റെക്കോര്‍ഡ് സ്വന്തമാക്കുകയും ചെയ്തു. അടുത്തവര്‍ഷം ടോക്യോയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് 36-കാരിയായ മേരി കോം.