നോട്ട് മാറാനായാണ് ജഹാംഗീര്‍ പട്ടണത്തിലെ ദേശ സാല്‍ക്കൃത ബാങ്കിന്‍റെ ശാഖയിലെത്തിയത്. ഉത്തരേന്ത്യയിലെ ഒരു ഇടത്തരം പട്ടണമാണ് വേദി.
ഒരു പെയിന്‍റ് കമ്പനിയിലെ ജോലിക്കായാണ് അയാള്‍ മാസങ്ങള്‍ക്ക് മുമ്പ് നാട്ടില്‍ നിന്ന് ഇങ്ങോട്ട് വണ്ടി കയറിയത്. ആദ്യമൊക്കെ കാര്യങ്ങള്‍ സുഗമമായി നടന്നെങ്കിലും കഴിഞ്ഞ ദിവസം പ്ലാന്‍റ് സൂപ്പര്‍വൈസറുമായുള്ള അഭിപ്രായ വ്യത്യാസം പരിധി വിട്ടതോടെ അയാളെ കമ്പനിയില്‍ നിന്ന് പുറത്താക്കി.
പൊടിപ്പിടിച്ചു കിടന്ന മലമ്പാത പിന്നിട്ട് ബാങ്കിന്‍റെ പരിസരത്തെത്തിയ ജഹാംഗീര്‍ അന്തം വിട്ടു പോയി. മണിക്കൂറുകള്‍ നിന്നാലും അവസാനിക്കാത്ത ക്യൂ. കുട്ടികള്‍ മുതല്‍ വയോധികര്‍ വരെ കൂട്ടത്തിലുണ്ട്.
ഒരു കൈ നോക്കാന്‍ ഉറച്ചെങ്കിലും നിരാശയായിരുന്നു ഫലം. ബാങ്കിലെ ധന ലഭ്യതയും ക്യൂവിന്‍റെ നീളവും കണ്ടപ്പോള്‍ നേരം ഇരുട്ടി വെളുത്താലും താന്‍ കൗണ്ടറില്‍ എത്തില്ലെന്ന് അയാള്‍ക്കുറപ്പായി. കിലോമീറ്ററുകള്‍ ചുറ്റളവില്‍ വേറെ ബാങ്കുമില്ല.
തൊണ്ട നനയ്ക്കാന്‍ ഒരു തുള്ളി വെള്ളം കൂടി എങ്ങും കിട്ടില്ല എന്നറിഞ്ഞതോടെ ജഹാംഗീര്‍ പതുക്കെ പിന്‍വലിഞ്ഞു. അടുത്ത ദിവസം സുഹൃത്തുക്കളില്‍ നിന്നും പരിചയക്കാരില്‍ നിന്നും കടം വാങ്ങിയ സാധനങ്ങളുമായി ഒരു തട്ടുകട അയാള്‍ ബാങ്കിന് മുന്നില്‍ തുറന്നു. എട്ടും പത്തും മണിക്കൂറുകള്‍ ക്യൂവില്‍ നിന്ന് വിഷമിച്ച ആളുകള്‍ ഉള്ളതെല്ലാം നുള്ളിപ്പെറുക്കി തിക്കി തിരക്കിയതോടെ കച്ചവടം പൊടി പൊടിച്ചു.
ഒരു മാസം കൊണ്ട് കമ്പനിയില്‍ നിന്ന് കിട്ടുന്ന വരുമാനം തട്ടുകടയില്‍ നിന്ന് ദിവസങ്ങള്‍ കൊണ്ടുണ്ടാക്കാം എന്നറിഞ്ഞതോടെ ജഹാംഗീര്‍ പരിസരത്ത് ഒരു കട സ്ഥിരമായി തല്ലിക്കൂട്ടി. പരിചയത്തിലുള്ള ഒരു ഗുജറാത്തി പെണ്‍കുട്ടിയെയും കല്യാണം കഴിച്ച് അവിടെ തന്നെ കൂടാനാണ് അയാളുടെ തിരുമാനം. കേരള പൊറോട്ടയാണ് അയാളുടെ ക്ലാസിക് ഐറ്റം. അതും സര്‍ക്കാരിന്‍റെ പുതിയ കറന്‍സി നയവും ഒരുപോലെയാണെന്നാണ് ജഹാംഗീറിന്‍റെ പക്ഷം. രണ്ടും ദഹിക്കാന്‍ പാടാണത്രേ.
Click this button or press Ctrl+G to toggle between Malayalam and English