നാട്ടിൽ നിന്നും താമസം മാറിയപ്പോൾ വിചാരിച്ചത് കല്യാണം വിളികൾക്കെങ്കിലും ഒരു കുറവുണ്ടാകുമെന്നാണ്.എന്നാൽ ആദ്യത്തെ അപരിചതത്വമൊക്കെ മാറിയപ്പോൾ പിന്നെ വിളികാരെ മുട്ടിയിട്ട് വഴി നടക്കാൻ വയ്യെന്നായി.പ്രത്യേകിച്ച് പരിചയമൊന്നും വേണമെന്നില്ല,, എപ്പോഴെങ്കിലും വഴിയിൽ വെച്ചൊന്ന് അയാളെ നിങ്ങൾ ചിരിച്ചു കാണിച്ചിട്ടുണ്ടോ,നിങ്ങൾ അയാളുടെ ഹിറ്റ് ലിസ്റ്റിൽ പെട്ടു കഴിഞ്ഞു.അങ്ങനെ അനിയന്ത്രിതമായി നീണ്ട വിളികൾക്ക് അവസാനമായത് കോവിഡിന്റെ വരവോടെയാണ്.സത്യത്തിൽ കോവിഡിന്റെ വരവ് ഏറ്റവും കൂടുതൽ ബാധിച്ചത് ഇങ്ങനെ അന്തവും കുന്തവുമില്ലാതെ കല്യാണം വിളിച്ചു നടന്നവരെയാണെന്ന് തോന്നുന്നു.വിളി മാത്രമല്ല,അതിന്റെ പേരിൽ അരങ്ങേറിയ ആവശ്യമുള്ളതും ഇല്ലാത്തതുമായ ആചാരങ്ങളും അനാചാരങ്ങളും കണ്ട് സഹി കെട്ടിട്ടാണെന്ന് തോന്നുന്നു കോവിഡ് ഇങ്ങോട്ട് വന്നതെന്നും സംശയിക്കാവുന്നതാണ്.
മെഹന്തി കല്യാണം,ഹൽദി കല്യാണം,മൈലാഞ്ചി. കല്യാണം എന്നിങ്ങനെ ഒരു വശത്ത്. .മഞ്ഞക്കല്യാണം,പച്ച കല്യാണം..അങ്ങനെ മറു വശത്ത്.
എല്ലാം കഴിഞ്ഞ് ഒരു ഡ്രെസ്സ് കോഡും.. കല്യാണത്തിന്റേ തലേന്ന് ബന്ധുക്കൾ എല്ലാം ഒരു കളർ ഡ്രെസ്സ്..കൂട്ടുകാർ വേറെ കളർ..കല്യാണത്തിന്റെ .അന്ന് മറ്റൊരു കളർ..എങ്ങനെ കോവിഡ് വരാതിരിക്കും.
ചൈനയിൽ നിന്നാണ് വരവെന്ന് പറഞ്ഞപ്പോൾ ആരും ആദ്യം മൈന്റ് ചെയ്തില്ല.കാരണം,ചൈനയിൽ നിന്നു വരുന്ന സാധനങ്ങൾ കൂടുതലും ഡ്യൂപ്ളിക്കേറ്റാണല്ലോ?
പക്ഷേ, പിന്നെയാണ് മനസ്സിലായത്,ചൈനക്കാരൻ ഇതു വരെ കണ്ടു പിടിച്ചതിൽ ഏറ്റവും ഒറിജിനൽ സാധനമാണ് ഇത്തവണ കയറ്റി വിട്ടത്.ഇതു വരെ അതിന്റെ ഒറിജിനാലിറ്റി നഷ്ടമായിട്ടില്ല..ഏതായാലും സത്യം പറയണമല്ലോ,ലോക്ക് ഡൗൺ കാലത്ത് മനുഷ്യന് ഒരു സമാധാനമുണ്ടായിരുന്നു.
എന്നാലും അന്ന് ചെറുതായി കല്യണം നടത്തി കോവിഡ് കഴിഞ്ഞപ്പോൾ വിപുലമായി നടത്തിയവരും കുറവല്ല..
‘’ദേ,ചേട്ടാ,ആരോ ഇങ്ങോട്ട് വരുന്നുണ്ടെന്ന് തോന്നുന്നു..’’ അതിനിടയിലാണ് പൂ മുഖവാതിൽക്കൽ പത്രവും വായിച്ചിരുന്ന പ്രിയതമ മുന്നറിയിപ്പുമായി അകത്തേക്ക് വന്നത്.ആരായിരിക്കും? കല്യാണം വിളിക്കാരാരെങ്കിലുമാകാനാണ് സാദ്ധ്യത,അല്ലെങ്കിൽ പിരിവുകാർ ആയിരിക്കും. കോവിഡ് കാലമൊക്കെ കഴിഞ്ഞു വരുന്നതോടെ പിരിവുകാർ പുതിയ നമ്പരുമായാണ് ഇറക്കം..കഴിഞ്ഞ ദിവസം ഒരു പിരിവുകാരന്റെ നമ്പർ ഇങ്ങനെ ആയിരുന്നു..
’’ സാറേ, സാറ് വേണം പിരിവ് ഉൽഘാടനം ചെയ്യാനെന്ന് എല്ലാവർക്കും ഒരേ നിർബന്ധം..’’
അതു കേട്ടാൽ നൂറ് കൊടുക്കാനിരുന്നവൻ അഞ്ഞൂറ് കൊടുക്കും എന്നുറപ്പ്. ഇങ്ങനെ എത്ര പേരെ കൊണ്ട് ഉൽഘാടനം നടത്തിച്ചു കാണൂമെന്നത് കമ്മിറ്റിക്കാർക്ക് മാത്രമറിയാവുന്ന രഹസ്യം..
ഇനി വല്ല അവാർഡ് കമ്മറ്റിക്കാരുമാണോയെന്നും സംശയിക്കണം, കാരണം ഇക്കാലത്ത് എവിടുന്നാണ് നിങ്ങൾക്കൊരു അവാർഡ് കിട്ടുന്നതെന്ന് പറയാൻ കഴിയില്ല.കഴിഞ്ഞ ദിവസം എനിക്കും ഒരവാർഡ് കിട്ടേണ്ടതായിരുന്നു,ഭാഗ്യം കൊണ്ട് മാത്രം രക്ഷപെട്ടെന്ന് പറഞ്ഞാൽ മതിയല്ലോ? കഥയ്ക്കുള്ളത് വേണോ.കവിതയ്ക്കുള്ളത് വേണോ ഇനി ഒന്നുമല്ലെങ്കിൽ സമഗ്ര സംഭാവനയ്ക്കുള്ളത് വേണോ..ഏതായാലും അവാർഡ് റെഡിയാണ്.വേണമെങ്കിൽ,ഇതു വരെ സമൂഹത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് പ്രത്യേക അവാർഡ് നൽകാനും റെഡി.
ഒരു നിബന്ധനയേയുള്ളൂ,അവാർഡ് പരിപാടി വിജയിപ്പിക്കാൻ നമ്മുടെ വക എന്തെങ്കിലും സംഭാവന കൊടുക്കണം.
പതിനായിരം രൂപ സമ്മാന തുക പ്രഖ്യാപിക്കും,പക്ഷേ വേദിയിൽ വെച്ച് തരുമ്പോൾ കവർ മാത്രമേ കാണൂ..
ഇതൊക്കെ സമ്മതമാണെങ്കിൽ സാറിനും തരാം ഒരവാർഡെന്ന് പറഞ്ഞപ്പോൾ ഞാനോർത്തു,ഇങ്ങനെയുള്ള അവാർഡും ഇറങ്ങിയിരിക്കുന്നതു കാരണം യഥാർഥ അവാർഡുകളെയും ആളുകൾ സംശയിച്ചു തുടങ്ങിയിരിക്കുന്നു എന്നതാണ് കഷ്ടം.ഏതായാലും,നാടിന് വലിയ സംഭാവനകളൊന്നും നൽകിയതായി ഓർമ്മയില്ലാത്തതു കൊണ്ട് ഞാൻ ആ കെണിയിൽ വീണില്ല.ഇടയ്ക്കിടയ്ക്ക് ചില സൃഷ്ടികളൊക്കെ നടത്തി ആൾക്കാരെ ഉപദ്രവിച്ചിട്ടുണ്ട് എന്നതു മാത്രമാണ് എന്റെ സമഗ്ര സംഭാവനയെന്ന് പറയാവുന്നത്.
ഏതായാലും ഇതു കല്യാണം വിളിക്കാർ തന്നെ.
’’സറേ, വെള്ളി, ശനി, ഞായർ ദിവസങ്ങളിലായിട്ടാണ് പരിപാടി,സാറിന്റെ സൗകര്യം പോലെ ഏതു ദിവസം വേണമെങ്കിലും വരാം..’’
പഴയ കാലത്ത് നാട്ടിൻ പുറങ്ങളിൽ സിനിമ റിലീസാകുമ്പോൾ,വെള്ളി.ശനി,ഞായർ മാറ്റിനി എന്ന് പരസ്യം കൊടുക്കാറുള്ളത് ഓർത്തു പോയി.ഇപ്പോൾ കല്യാണങ്ങളും ആ സ്റ്റൈലിൽ ആയിരിക്കുന്നു.
മൂന്ന് കാർഡ് എടുത്ത് അയാൾ കാണിച്ചു.’’സാറിന് ഇതിൽ ഏതു കാർഡാ വേണ്ടത്?ഓ രോ ദിവസത്തേക്ക് ഓരോ കാർഡാണ്.മൂന്നു ദിവസം വരേണ്ടവർക്ക് കൊടുക്കാൻ വേറേ കാർഡുമുണ്ട്.’’
ഫോൺ വിളിയിലൂടെയോ വാട്സ്ആപ്പിലൂടെയോ കല്യാണം വിളിക്കാവുന്ന ഇക്കാലത്ത് ഇത്രയധികം കാർഡുമടിച്ചു കൊണ്ട് നടക്കേണ്ട കാര്യമുണ്ടോ എന്ന് ഞാൻ ചോദിച്ചില്ല .’’അതിഥി ദേവോ ഭവ.’’ എന്നാണല്ലോ?ഇനി കല്യാണത്തിന് ചെല്ലുമ്പോഴറിയാം,എന്തൊക്കെ പുകിലാണ് അതിന്റെ പേരിലുണ്ടാകുകയെന്ന്.കഴിഞ്ഞ ദിവസം ഒരു കല്യാണതിന് പോയതിന്റെ ഞെട്ടൽ ഇതു വരെ മാറിയിട്ടില്ല.വരനും കൂട്ടരെയും പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് പെട്ടൊന്നൊരു ശബ്ദം കേട്ടത്.പടക്കം പൊട്ടിയതാണ്.വരനും കൂട്ടുകാരും വന്നത് പ്രമാണീച്ച് കൂട്ടുകാർ പോട്ടിച്ചതാണ്.
പടക്കം മാറി ഇപ്പോൾ ബോംബ് തന്നെ പൊട്ടിച്ചു തുടങ്ങിയിരിക്കുന്നു.അതു കൊണ്ട് ഞാൻ ചോദിച്ചു ’’കല്യാണത്തിന് വരുന്നതു കൊണ്ട് വിരോധമില്ല.പോലീസും ബോംബ് സ്ക്കോഡുമൊക്കെ കാണുമല്ലോ അല്ലേ..’’
ചോദ്യം പിടി കിട്ടാത്ത മട്ടിൽ അവരെന്നെയൊന്ന് നോക്കി. ‘’അല്ല,കഴിഞ്ഞ ദിവസത്തെ പത്രത്തിൽ വായിച്ചില്ലേ,കല്യാണ വീട്ടിൽ ബോംബ് സ്ഫോടനം,രണ്ടു മരണം..എന്ന്..അതു കൊണ്ട് ചോദിച്ചു പോയതാണ്,ഏതായാലും ഏതെങ്കിലും ഒരു ദിവസം ഞങ്ങൾ വരാം.’’ എന്ന് പറഞ്ഞ് അവരെ യാത്രയാക്കി
.കല്യാണങ്ങൾക്ക് പോകുന്നെങ്കിൽ ഇൻഷുറൻസ് പോളിസി എടുത്തിട്ട് വേണം പോകാൻ എന്നതാണ് അവസ്ഥ . എന്തും സംഭവിക്കാവുന്ന സ്ഥിതിയാണ് കല്യാണ വീടുകളിൽ. ഇനി ബോംബ് സ്ഫോടനമൊന്നും ഉണ്ടായില്ലെങ്കിൽ തന്നെ വരനും വധുവും ചിലപ്പോൾ കാളവണ്ടിയിൽ വന്നെന്ന് വരാം..ഇനി ശവപ്പെട്ടിയിലും അവരെ കൂട്ടുകാർ കൊണ്ടു വന്നെന്ന് വരാം.ഇങ്ങനെയുള്ള പേക്കൂത്തുകൾ സഹിക്കാൻ കഴിവുള്ളവരേ കല്യാണങ്ങളിൽ പങ്കെടുക്കാവൂ എന്നതാണ് ഇന്നത്തെ അവസ്ഥ,
ഇനി മറ്റൊന്നും സംഭവിച്ചില്ലെങ്കിലും ഭക്ഷണം കഴിക്കാനുള്ള ഇടിയിൽ പെട്ട് പരിക്കേൽക്കാനുള്ള സാദ്ധ്യതയും ഇല്ലാതില്ല.ചില കല്യാണ ആഡിറ്റോറിയങ്ങളിലെ ഇടി കണ്ടാൽ ജീവിതത്തിൽ ഇതു വരെ ഭക്ഷണം കാണാത്തവരാണ് അതിൽ പങ്കെടുക്കുന്നതെന്ന് തോന്നും.കൊറോണ വന്നതോടെ ഇതിനെല്ലാം ഒരു ശമനം വന്നതായിരുന്നു.ആരെയും വിളിക്കാതെയും കല്യാണങ്ങൾ നടത്താമെന്ന് തെളിയിക്കപ്പെട്ട കാലമായിരുന്നല്ലോ അത്? വീണ്ടും പൂർവ്വാധികം ശക്തിയോടെ പോയ ആചാരങ്ങളെല്ലാം തിരിച്ചു വന്നു തുടങ്ങുകയാണെന്ന് തോന്നുന്നു..
‘അല്ല,ചേട്ടാ,അപ്പോൾ നമ്മൾ കല്യാണത്തിന് പൊകുന്നത് എപ്പോഴാണ്, വെള്ളിയാഴ്ച്ചയോ,ശനിയാഴ്ച്ചയോ,അതോ,ഞായറാഴ്ച്ചയോ?’’
അതിനിടയിൽ പ്രിയതമയുടെ ചോദ്യം.’’ഏതായാലും നമ്മൾ പോകണ്ട,ഞാൻ മാത്രം പോയി നോക്കാം..’’
‘’അതെന്താ,ചേട്ടാ,കുടുംബ സമേതം ചെല്ലാനല്ലേ അവർ ക്ഷണിച്ചത്..’’
‘’എന്നാലും ഇക്കാലത്ത് കല്യാണത്തിനൊക്കെ ഒറ്റയ്ക്ക് പോകുന്നത് തന്നെയാ നല്ലത്.ഇനി എനിക്ക് വല്ലതും സംഭവിച്ചാൽ തന്നെ ഇൻഷുറൻസ് പോളിസിയുടെ കാശ് വാങ്ങിക്കാനെങ്കിലും ആരെങ്കിലും വേണ്ടേ?’’
എന്റെ വിശദീകരണം കേട്ടിട്ടാകണം കല്യാണത്തിന് പോകാനുള്ള മോഹമുപേക്ഷിച്ച് പ്രിയതമ അകത്തേക്ക് നടന്നു.