മാര്‍ക്‌സില്‍ നിന്ന് മര്‍ക്കസിലേക്ക് പിന്നെ മഹാ മഹര്‍ഷിയിലേക്ക് …

രാമായണമാസമായ കര്‍ക്കിട മാസത്തില്‍ മാത്രമല്ല, എല്ലാ മാസങ്ങളിലും രാമായണമെങ്കിലും പഠിക്കാനും പഠിച്ചത് മനനം നടത്തിയ ശേഷം പഠിപ്പിക്കാനും സംഘാക്കള്‍ ശ്രമിച്ചാല്‍ തന്നെ, കേരളത്തില്‍ തീവ്രവാദവിരുദ്ധ നാടക കാമ്പയിന്‍ നടത്തേണ്ട ആവശ്യം വരില്ല.

അതുകൊണ്ട് ,രാമായണ പഠന പ്രചരണ പ്രഘോഷങ്ങള്‍ക്കിടയില്‍ ക്രിമിനല്‍ വാസനയുള്ള പ്രവര്‍ത്തകര്‍ രാമായണ പഠനം സീരിയസ്സായിഎടുക്കാതിരിക്കാനും മനുഷ്യ സ്നേഹമുള്ളവരായി മാറാതിരിക്കാനും അതു വഴി പാര്‍ട്ടിക്ക് പണി കിട്ടാതിരിക്കാനും, നേതാക്കള്‍ വല്ല ഒളി കാമറയും വെച്ച് നിരീക്ഷണം നടത്തുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ അക്രമിയും അരാജക വാദിയുമായിരുന്ന ഉമറുബ്നുല്‍ ഖത്താബ് (റ ) ഖുര്‍ആനിലെ ഏതാനും വരികള്‍ കേട്ടപ്പോള്‍ മാനസാന്തരം വന്ന് പിന്നെ ഇസ്‌ലാമിന്റെ ദൃഷ്ടാന്തമായി മാറിയപോലെ മതമില്ലാത്ത ജീവന് വേണ്ടി മരിക്കാന്‍ പോലും തയ്യാറായിരുന്നവരെ രാമായണത്തിലെ ഏതെങ്കിലും വരികള്‍ സ്വാധീനിച്ച് കമ്യുണിസത്തില്‍ നിന്ന് ഹ്യൂമണിസത്തിലേക്ക് മാനസാന്തരപ്പെടാന്‍ കാരണമായേക്കാം !

പ്രഭാത കര്‍മ്മങ്ങള്‍ക്കായി , വാല്‍മീകി മഹര്‍ഷി ശിഷ്യന്‍ ഭരദ്വാജനുമായി ,താമസാ നദീതീരത്തെത്തിയപ്പോള്‍ നദിയിലെ തെളിഞ്ഞ ജലം കണ്ട് സന്തോഷം തോന്നിയ വാല്‍മീകി പറഞ്ഞു : നോക്കൂ , ഒരു നിര്‍മ്മല മനസ്സുപോലെ എത്ര തെളിവുള്ളതാണ് ഈ നദിയിലെ വെള്ളം. ഇന്ന് ഞാന്‍ ഈ നദിയിലാണ് കുളിക്കുന്നത്…. സ്നാനത്തിനനുയോജ്യമായ സ്ഥലം തേടുന്നതിനിടയില്‍ ,പ്രണയത്താല്‍ ഉന്മത്തരായ ഇണപ്രാവുകളെ കാണുന്നു. ആ കാഴ്ച കണ്ട് സന്തോഷിച്ചു നില്‍ക്കവേ ഒരു വേടന്റെ അമ്പേറ്റ് ആണ്‍ പക്ഷി താഴെവീഴുന്നു.! തല്‍ക്ഷണം, പെണ്‍ പക്ഷിയും വിരഹവേദനയാല്‍ ഹൃദയം പൊട്ടി മരിക്കുന്നു !! ഈ ക്രൂരകൃത്യത്തിന് പിന്നിലാരെന്നറിയാന്‍ നാലുഭാഗത്തേക്കും തിരിഞ്ഞും മറിഞ്ഞും നോക്കുമ്പോള്‍ അമ്പും വില്ലുമേന്തിയ വേടന്‍ മരണമടഞ്ഞ പക്ഷിയെ എടുക്കാന്‍ ശ്രമിക്കുന്നത് കണ്ട് വിഷമവും ക്രോധവും അടക്കാന്‍ കഴിയാതെ മഹര്‍ഷി പറയുന്നു

മനുഷ്യരെ മാത്രമല്ല , മൃഗത്തെയോ പക്ഷികളെയോ ആക്രമിക്കുവാന്‍ പാടുള്ളതല്ല. പ്രത്യേകിച്ചും അവ സ്‌നേഹം പങ്കിടുമ്പോള്‍… നീ കൊടും പാപമാണ് ചെയ്തത്.

മഹര്‍ഷിയുടെ അമിത ക്രോധത്താല്‍ പ്രപഞ്ചം മുഴുവന്‍ മുഴങ്ങിയിരിക്കാവുന്ന വിഖ്യാതമായ ആ ശാപ വാക്യമുണ്ടായി :

‘മാനിഷാദ പ്രതിഷ്ഠാംത്വമഗമഃ ശാശ്വതീഃ സമാഃ യത്ക്രൗഞ്ചമിഥുനാദേകം അവധീഃ കാമമോഹിതം’

പരസ്പരം സ്‌നേഹിച്ചുകഴിഞ്ഞിരുന്ന ഇണക്കിളികളെ കൊന്ന കാട്ടാളാ, നീ ശിഷ്ടകാലം വിശ്രമ മില്ലാതെ അലയട്ടെ എന്നത്രെ ഈ സംസ്‌കൃത ശ്ലോകത്തിന്റെ അര്‍ത്ഥം ! പരസ്പരം സ്നേഹത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികളിലേക്ക് ആയുധം വീശി എത്രയോ വിധവകളെയുണ്ടാക്കിയവര്‍ക്ക് എത്രയോ വികലാംഗരെ സൃഷ്‌ടിച്ചവര്‍ക്ക് ഈ പഠന കാലത്തെങ്കിലും രാമായണമെന്ന വസന്തത്തിന്റെ സുഗന്ധമറിയാനും അതുവഴി മനുഷ്യരാകാനും കഴിയട്ടെ ! രാമായണ അധ്യാപന അധ്യായനത്തിന് ശേഷവും , നിരപരാധികളെയും, കെവിനെ പോലെ ആരുടെയൊക്കെയോ ഇണയെയും അമ്പെയ്തു വീഴ്ത്തുന്നവര്‍ക്ക് വേടന്റെ ഗതിവരട്ടെയെന്നുകൂടി രാമായണം പഠിപ്പിക്കുന്ന , വാല്‍മീകി മഹര്‍ഷിയില്‍ വിശ്വസിക്കുന്നവര്‍ പ്രാര്‍ത്ഥിക്കുകയും പഠിതാക്കള്‍ അതിന് ആമീന്‍ പറയുകയും ചെയ്യട്ടെ !

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English